"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 27, തിങ്കളാഴ്‌ച

ജിഷക്ക് ലഭിക്കേണ്ടത് സാമൂഹ്യനീതിയാ - രാജഗോപാല്‍ വാകത്താനം


ജിഷയുടെ ഘാതകരെ പിടികൂടുകയെന്നത് ഇനിയിപ്പോള്‍ സാങ്കേതികം മാത്രമാണ്. പിടിച്ചാലും ഇല്ലെങ്കിലും അത് ഇനി ജിഷയെ ബാധിക്കുന്ന പ്രശ്‌നമല്ല. നാളിതുവരെയുള്ള അനുഭവങ്ങള്‍ വെച്ചുനോക്കിയാല്‍ ഇത്തരം ഒരു ഇരക്കും നീതിലഭിച്ചതായി നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ അനുഭവമില്ല. സൂര്യനെല്ലി പെണ്‍കുട്ടി മുതല്‍ കിളിരൂര്‍, തിരുവല്ല, പറവൂര്‍, കാരാപ്പുഴ, കോതമംഗലം, വിതുര കേസുകള്‍ നമ്മെ നോക്കി പല്ലിളിക്കുമ്പോള്‍, അതിലെ പ്രതികളൊക്കെ യഥാവിധി വിലസിനടക്കുമ്പോള്‍ നീതിയെക്കുറിച്ചുള്ള പ്രതീഷകള്‍ക്ക് പ്രസക്തിയില്ല. 

എന്നാല്‍ ഹീനമായ ഈ കൊലപാതകം ഉന്നയിക്കുന്ന രാഷ്ട്രീയ - സാമൂഹ്യ നീതിയാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. അതിനെ ഇടതു - വലതു മുന്നണി രാഷ്ട്രീയത്തിന്റെ വോട്ടു പ്രശ്‌നമായി അധഃപതിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥവിഷയങ്ങളില്‍ നിന്ന് പതിവുപോലെ ഒളിച്ചോടുകയാണ്. ജനാധിപത്യത്തിന്റെ ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യവും ചോദ്യം ചെയ്യപ്പെടുകയുമാണ്. 

ഭരണഘടനാപരമായും നിയമപരമായും പട്ടികജാതിക്കാര്‍ക്ക് ഒരു നൂറു അവകാശങ്ങളാണുള്ളത്. ഭൂമി ഇല്ലാത്തവര്‍ക്ക് അത് വാങ്ങാന്‍ പണം, വീട് വെക്കാന്‍ മൂന്നു ലക്ഷം, ഓരോ പഞ്ചായത്തിലും അവരുടെ ക്ഷേമം അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍, ബ്ലോക്കുതലത്തില്‍ വികസനആഫീസ്, ജില്ലാ സംസ്ഥാന തലത്തില്‍ മോനിട്ടറിങ്ങ്, പ്രഫഷണല്‍ കോഴ്‌സുപഠിക്കുന്നവര്‍ക്ക് ലാപ്പ്‌ടോപ്പും പഠനമുറിയും സൗജന്യം. പഠന ഉദ്യോഗകാര്യ ങ്ങളില്‍ സര്‍വ്വത്ര സംവരണം, ത്രിതല പഞ്ചായത്തുകളില്‍ ഔദാര്യങ്ങളുടെ പെരുമഴ ....... 

ഇതില്‍ എന്തൊക്കെയാണ് ജിഷക്ക് ലഭിച്ചത്. മുപ്പത് വര്‍ഷം പുറമ്പോക്കില്‍ കിടന്ന അവള്‍ക്ക് അടച്ചുറപ്പുള്ള ഒരുവീടുണ്ടാ കാതെ പോയത് എന്തുകൊണ്ടാണ്. മൂന്നു ടേം ഇടതുപക്ഷവും മൂന്നു ടേം വലതുപക്ഷവും ഭരിച്ചുപോയി. ആറുവരി പാതകളും സ്മാര്‍ട്ട് സിറ്റികളും വിമാനത്താവളങ്ങളും മെട്രോ റെയിലു മൊക്കെ വന്നിട്ടും നിയമവിദ്യാര്‍ത്ഥിനിയായ ഒരു ദളിത് പെണ്‍കുട്ടിക്ക് കയറി കിടക്കാന്‍ ഒരു കൂര ഇല്ലാതെപോയത് എന്തുകൊണ്ട് എന്നതാണ് ജിഷവധം ഉന്നയിക്കുന്ന മുഖ്യ രാഷ്ട്രീയ പ്രശ്‌നം. സുരക്ഷിതമായൊരു വീട് ഉണ്ടായിരുന്നെങ്കില്‍ പട്ടാപ്പകല്‍ അവള്‍ പിച്ചിചീന്തപ്പെടുമായിരുന്നില്ല. പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും മാഫിയകള്‍ക്കും വേണ്ടി ആകാശവും കായലും വരെ പതിച്ചു നല്‍കുന്ന ഭരണധുരസര ന്മാര്‍ക്ക് തെരുവാധാരമാക്കപ്പെട്ടിരിക്കുന്ന ജിഷമാരോട് എന്ത് നീതിയാണ് ചെയ്യാന്‍ കഴിയുക. വീടില്ലാത്ത ഇത്തരം ജിഷമാര്‍ കേരളത്തില്‍ തന്നെ മൂന്നരലക്ഷത്തിലധികമുണ്ടെന്നു വരുമ്പോള്‍, എന്ത് സാമൂഹ്യനീതിയാണ് ഇടതുപക്ഷവും വലതുപക്ഷവും ഇത്തരക്കാരോട് ചെയ്തത്. 

ഭൂമി പ്രശ്‌നം ഉന്നയിക്കുന്നവരെ മാവോയിസ്റ്റാക്കുന്ന ജനാധിപത്യ മാണ് നമ്മുടേത്. കോളനികള്‍ സ്ഥാപിച്ചത് വികസനമാണെന്ന് കൊട്ടിഘോഷിക്കുന്നവരാണ് രാഷ്ട്രീയ വൈതാളികന്മാര്‍. ആദിവാ സികള്‍ക്കും പട്ടികജാതിക്കാര്‍ക്കും ഭൂമി ഇല്ലാതെ പോയത് അവരുടെ കുഴപ്പംകൊണ്ടാണെന്ന് സിദ്ധാന്തിക്കുന്നവരുടെ നാടാണിത്. തലക്കു കീഴെ വെട്ടരുവാളുമായുറങ്ങുന്ന ജിഷമാര്‍ക്ക് വേണ്ടി നമ്മുടെ ജനാധിപത്യത്തിന് എന്ത് ചെയ്തുകൊടുക്കാ നാകും എന്നതാണ് ജിഷ വധം ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്‌നം. 

മറ്റൊന്ന് സാമൂഹ്യ - ഭരണകൂട നീതിയുടെ പ്രശ്‌നമാണ്. അസാധാരണമായ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കൊലപാതകമാണ് നടന്നത്. പിച്ചിചീന്തപ്പെട്ട ആ ദളിത് ശരീരത്തോട് പോലീസ് കാണിച്ച അക്ഷന്തവ്യമായ നെറികേട് തികച്ചും നിയവിരുദ്ധമായിരുന്നു. സബി ഇന്‍സിപെക്ടര്‍ മുതല്‍ ജില്ലാ പോലീസ് അധികാരിവരെ ചത്ത ഒരു കില്ലപട്ടിയോടുള്ള മനോഭാവമാണ് പുലര്‍ത്തിയത്. ശരാശരി മനുഷ്യര്‍ക്ക് അറിയാവുന്ന നിയമ നടപടികള്‍ പോലും ഐപിഎസ്‌കാരന്‍ വരെ നിസാരവല്‍ക്കരിച്ചത്, പെരുവഴിയിലെ ഒരു കറുത്ത ശരീരത്തോടുള്ള പുച്ഛംകൊണ്ടുതന്നെയാണ്. ജിഷയും അമ്മയും കൊടുത്ത പരാതികള്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞവര്‍ ഈ കേസിലെ പ്രതികളാണ്. തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ചത് പോലീസാണ്. ഒരു മാസമന്വേഷിച്ചിട്ടും തുമ്പുകളില്ലാതെ പോയത് എല്ലാ തുമ്പുകളും കൂട്ടികെട്ടപ്പെട്ടതുകൊണ്ടാണ്. ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു കൊലക്കേസില്‍ ഇത്ര നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നാളിതുവരെ എന്തു നടപടിയാണുണ്ടായത്. വലതുമാറി ഇടതു വന്നിട്ടും ഇക്കാര്യത്തില്‍ എന്തു നടപടിയുണ്ടായി. കേസൊതുക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഒരു ഐപിഎസ്സിനെ നിയമിച്ചതുകൊണ്ട് ജിഷക്കു നിഷേധിക്കപ്പെട്ട സാമൂഹ്യനീതി തിരിച്ചുലഭിക്കുമോ. 

ജിഷയുടെ സ്ഥാനത്ത് മറ്റേതെങ്കിലും സമുദായത്തില്‍പെട്ട ഒരു പെണ്‍കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു കഥ. 'തെക്ക് തെക്കൊരു ദേശത്ത് ഗ്ലോറി എന്നൊരു പെണ്ണിനെ ..... ' മുദ്രാവാക്യം ആരും മറക്കുന്നുണ്ടാകില്ല. ഒരു മന്ത്രി സഭയെ തന്നെ മറിച്ചിട്ട കള്ളകഥ. അഭയയുടെ പേരില്‍ ആദ്യവും പിന്നെ പ്രതിയായ സിസ്റ്റര്‍ സെഫിയുടെ പേരിലും എത്ര ടണ്‍ മെഴുകുതിരിയാണ് കേരളത്തെരുവില്‍ ഉരുകിതീര്‍ന്നത്. സെഫിയുടെ കന്യകത്വപരിശോധനക്കെതിരെ മുന്‍ ജഡ്ജിമാര്‍, സുപ്രീംകോടതിവരെയാണ് ഓടിയെത്തിയത്. ഈ നീതിബോധം പെരുമ്പാവൂരില്‍ ഇല്ലാതെ പോയത് അവള്‍ ദളിതയായിരുന്നു എന്നതുകൊണ്ടുമാത്രമാണ്. 

പട്ടിജാതിക്കാര്‍ക്കെതിരെയുണ്ടാകുന്ന എത്ര ചെറിയ അതിക്രമവും പട്ടികജാതി അട്രോസിറ്റീസ് നിയമപ്രകാരം ഡി. വൈ. എസ്. പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനാണ് അന്വേഷിക്കേ ണ്ടത്. വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ ഒക്കെ വന്ന് ഷോ നടത്തി ദൃശ്യമാധ്യമങ്ങളില്‍ മുഖം കാണിച്ചുപോയിട്ട് എന്താണ് നടന്നത്. ഇരയുടെ സഹോദരിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യല്‍! അവളെയും ഒരു ദുര്‍നടപ്പുകാരിയായി ചിത്രീകരിക്കല്‍! പൊതുസമൂഹം ഇത്രമാത്രം പ്രതികരിച്ച ഒരു കേസിലാണ് പോലീസിന്റെ ഈ വിളയാട്ടം. ജനങ്ങളുടെ സുരക്ഷക്കാണ് പോലീസ് എന്നത് ആരോ പറഞ്ഞ തമാശയാണ്. ഭരണകൂടസേവക്കുള്ളതാണ് ഈ സേന എന്നതുകൊ ണ്ടാണ് അവര്‍ ഇരകളെ അവഹേളിക്കുന്നതും പ്രതികളെ രക്ഷിക്കുന്നതും. ഓരോ വീട്ടിലും ക്യാമറ സ്ഥാപിച്ചും പോലീസിനെ വിന്യസിച്ചും ജനസുരക്ഷ ഉറപ്പാക്കാനാവില്ല, അഥവാ 'സുരക്ഷ'യുടെ അര്‍ത്ഥം അതല്ല.

ഒരു സംഭവം ആവര്‍ത്തിക്കപ്പെടാതിരിക്കുന്നത് അതിന്മേല്‍ എടുക്കുന്ന നടപടിയെ ആശ്രയിച്ചാണ്. ധനാധിപത്യ - സവര്‍ണ്ണാധിപത്യ വ്യവസ്ഥയാണ് ജനാധിപത്യത്തിനു പകരം നിലനില്‍ക്കുന്നതു എന്നതുകൊണ്ടു തന്നെയാണ് സാമൂഹ്യനീതി ഭയാനകമായി നിഷേധിക്കപ്പെടുന്നത്. അല്ലെങ്കില്‍ കലാഭവന്‍ മണിയെപ്പോലെ പ്രസിദ്ധനായ ഒരാളുടെ കൊലപാതകം പോലും ഇത്ര ചുരുങ്ങിയ കാലയളവിനുള്ളില്‍ തേച്ചുമായ്ച്ചു കളയപ്പെടുമോ.? നിയമം അതിന്റെ വഴിക്കു നീങ്ങുമ്പോള്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും ലഭിക്കേണ്ട സാമൂഹ്യനീതിയും രാഷ്ട്രീയ അന്തസ്സുമാണ് ഭരണകൂടം ഹനിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ നിലപാടെടുക്കാന്‍ ആരുണ്ട് എന്നതാണ് പ്രശ്‌നം. കൊലയാളിയെ കണ്ടുപിടിച്ചാല്‍ (?) പോലും അവശേഷിക്കുന്ന ചോദ്യം അതുതന്നെയാണ്.