"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 12, ഞായറാഴ്‌ച

ആരാണ് ഹിന്ദു? : സംസ്‌കാരം, മതം, ആത്മീയത - ശശിക്കുട്ടന്‍ വാകത്താനം


ഏതൊരു രാജ്യത്തിന്റെയും ഏതൊരു പ്രദേശത്തിന്റെയും ചരിത്ര പഠനത്തില്‍ സാംസ്‌കാരിക ചരിത്രം പ്രധാനമാണ്. സാംസ്‌കാരിക ചരിത്രപഠനം സാമ്പത്തിക ആധിപത്യത്തിന് അനുബന്ധമായി വരുന്നതോടെ അത് വരേണ്യവല്‍ക്കരിക്കപ്പെട്ട ഒന്നായി മാറുന്നു. അതുവഴി വരേണ്യ സംസ്‌കാരം പരിഷ്‌കൃത വും മറ്റുള്ളത് അപരിഷ്‌കൃതവുമാകുന്നു. സംസ്‌കാര പഠനം തുടങ്ങുന്നത് ഇവിടെ നിന്നായതിനാല്‍ നൂറ്റാണ്ടുകളുടെ ചരിത്രം അപ്രത്യക്ഷമാകുകയാണുണ്ടായത്. തന്മൂലം അധിനിവേശത്തിന്റെ വഴികള്‍ തിരിച്ചറിയാതെപോയി. അതുവഴി ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥയും ആദര്‍ശവല്‍ക്കരിക്കപ്പെട്ടു. ഉല്‍പ്പാദന മേഖലകളെ ഒന്നടങ്കം കൈപ്പിടിയിലൊതുക്കുകയും ഉല്‍പാദകരെ അടിമകളാക്കി വയ്ക്കുകയും ചെയ്തു. സമ്പത്തും അധികാരവും കയ്യാളിയവരുടെ സംസ്‌കാരത്തെ വ്യാവര്‍ത്തിച്ചെടുത്ത് സമൂഹത്തില്‍ പ്രക്ഷേപിച്ചു.

ഉല്‍പാദന പ്രവര്‍ത്തനവുമായി ബന്ധമില്ലാത്തതും മിച്ചമൂല്യത്തി ലൂടെ സമ്പന്നരായവരുമായ വിഭാഗത്തിന്റെ സാമൂഹിക ബന്ധം മറ്റു ജനവിഭാഗങ്ങളുടെ ബന്ധങ്ങളില്‍ നിന്നും ഉയര്‍ന്നതായി തീര്‍ന്നു. ഇത്തരക്കാരെ പണിയെടുക്കുന്നവരെക്കാള്‍ ഉയര്‍ന്ന മൂല്യമുള്ളവരായി കല്‍പ്പിക്കപ്പെട്ടുപോന്നു. സംസ്‌കാരം മൂലധന മായി മാറുന്ന ഇത്തരം സവിശേഷത ഭരണത്തിന്റെ സ്വാധീന ത്തിലൂടെ ആധിപത്യത്തിലെത്തുന്നു. അതുവഴി ഉല്‍പാദകര്‍ സൃഷ്ടിച്ച സാംസ്‌കാരിക ഭൂമിശാസ്ത്രം അവരുടെ കൈപ്പിടിയില്‍ ഒതുങ്ങി. ചരിത്രത്തില്‍ രാജവംശങ്ങളും നാടുവാഴിത്തങ്ങളും കുടുംബങ്ങളും അവരുടെ കുടിയേറ്റ സ്ഥലങ്ങളും അടയാള പ്പെടുത്തുന്നത് ഇവിടെ നിന്നാണ്. കേരളത്തില്‍ നമ്പൂതിരിമാരുടെ 32 ഗ്രാമങ്ങളും ക്രിസ്ത്യാനികളുടേതായി പറയുന്ന ഏഴരപ്പള്ളി കളും അടയാളപ്പെടുത്തുന്നത് ഈ ഭൂമിശാസ്ത്രത്തിന്മേലാണ്. ചരിത്രത്തില്‍ സാംസ്‌കാരിക പഠനങ്ങള്‍ തുടങ്ങുന്നത് ഇവിടെ നിന്നായതുകൊണ്ടുതന്നെ ചരിത്രം സൃഷ്ടിച്ചവര്‍ പുറത്താവുകയും ചെയ്തു. ഏതൊരു സമൂഹത്തിന്റെ തൊഴിലും ജീവിത രീതിയും ആചാരവും വിശ്വാസവും ഭക്ഷണക്രമവും ഭാഷയും എല്ലാമായി ബന്ധപ്പെട്ടിരിക്കുന്ന ആകത്വമാണ് സംസ്‌കാരം. ഇത് ഭൂമിശാസ്ത്ര വും കാലാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷി, കാര്‍ഷികോപകരണങ്ങളുടെ നിര്‍മ്മിതി, ഉല്‍പ്പന്നങ്ങള്‍, മറ്റു കൈത്തൊഴിലുകള്‍, കൈമാറ്റങ്ങള്‍ ഇവയാണ് സംസ്‌കാര ത്തെ രൂപപ്പെടുത്തിയ ഘടകങ്ങള്‍. തൊഴില്‍ ഉടമസ്ഥതയും വിപണിയും നിലവിലില്ലാതിരുന്ന കാലത്തെ മനുഷ്യന്റെ കൂട്ടായ അദ്ധ്വാനവും വിളവെടുപ്പും ആഘോഷവും മറ്റൊരിടപെടലു മില്ലാതെ നൂറ്റാണ്ടുകളോളം നിലനിന്നിട്ടുണ്ട്. മനുഷ്യത്വത്തിന്റേ തായ സംസ്‌കാരത്തിലേക്ക് മതമോ മറ്റു സംഘടിത രൂപമോ കടന്നുവന്നിരുന്നില്ല. അന്നും മനുഷ്യന്‍ ജനിക്കുകയും ജീവിക്കുക യും ചെയ്തിരുന്നു. വിവാഹം നടക്കുകയും കുട്ടികള്‍ ഉണ്ടാവുക യും ചെയ്തിരുന്നു. കുലവും ഗോത്രവുമായി കഴിഞ്ഞിരുന്ന കാലത്ത് ഗോത്രമൂപ്പന്മാരും കുലാധിപന്മാരും ഉണ്ടായിരുന്നു. പ്രകൃതി സ്തുതികള്‍ക്കപ്പുറത്തേക്ക് ആരാധനയ്ക്ക് പ്രാമുഖ്യം ഉണ്ടായിരുന്നില്ല. ഋഗ്വേദത്തിന്റെ ആദ്യഭാഗത്തുപോലും ഇത്തരം സ്തുതികളാണുണ്ടായിരുന്നത്. ഇവിടെ എവിടെയും സംഘടിത മായ ഒരു ആധിപത്യശക്തി നിലനിന്നിരുന്നില്ല. ദൈവത്തിന് യാതൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ല.സംസ്‌കാരത്തിന്റെ ഭാഗമായ കലയും സാഹിത്യവും സ്വതന്ത്ര മായി നിലനില്‍ക്കുകയും അത് ജീവിതത്തിന്റെയും തൊഴിലി ന്റെയും ഭാഗമാകാതെ ജീവിതവുമായിത്തന്നെ ഇണങ്ങിപ്പോരു കയും ചെയ്തിരുന്നു. പ്രകൃതിയെ അതിനായി ഉപയോഗപ്പെടു ത്തുകയായിരുന്നില്ല പകരം പ്രകൃതിയില്‍ത്തന്നെ നിമജ്ജനം ചെയ്യുകയായിരുന്നു. അവരുടെ ജീവിതത്തില്‍നിന്നും നമുക്കു കണ്ടെത്താന്‍ കഴിഞ്ഞത് കുറെ നന്നങ്ങാടികളും ചെങ്കല്ലറകളും കുടക്കല്ലുകളും മാത്രമായിരുന്നു. ഗുഹകളിലെ ചിത്രങ്ങളും റിലീഫുകളും പ്രകൃതിയോടുള്ള സമീപനത്തെയും പ്രകൃതിയെ നോക്കിക്കണ്ടതിലൂടെയും രൂപപ്പെടുത്തിയതായിരുന്നു. പ്രകൃതി തന്നെയായിരുന്നു അവരുടെ പാഠശാലകള്‍. അക്കാലത്തെ ജനസംഖ്യക്കനുസരണമായി പ്രകൃതിയെ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നിടത്തുനിന്ന് ജനസംഖ്യാ വര്‍ദ്ധനവോടെ പ്രകൃതി യെത ങ്ങള്‍ക്കായി പുനഃസൃഷ്ടിക്കേണ്ടതായി വന്നു. കൃഷിക്കാ വശ്യ മായി ഭൂമി പരുവപ്പെടുത്താനും വിത്തു സൂക്ഷിക്കാനും വിത്തിറക്കാനും വെള്ളം കയറ്റി ഇറക്കുന്നതിനും കാലാവസ്ഥ നിരീക്ഷിച്ചു മനസ്സിലാക്കാനും നടന്ന ശ്രമത്തിലൂടെയാണ് കാര്‍ഷിക സംസ്‌കാരം രൂപംകൊള്ളുന്നത്. കൃഷിക്കനുസരണമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു ആദ്യകാലത്തെ തൊഴില്‍. ഇരുമ്പു കണ്ടെത്തിയതോടെ ചരിത്രത്തില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങളുണ്ടായി. ചരിത്രപരമായ ഈ പരിവര്‍ത്തന ത്തിലെവിടെയും മതത്തിന്റേയോ മറ്റേതെങ്കിലും ബാഹ്യ ശക്തികളുടെയോ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. മനുഷ്യന്റെ ജീവിതചര്യകള്‍ക്ക് മതത്തിന്റെയോ ജാതിയുടെയോ ആവശ്യമില്ല എന്നതാണ് ഇതു നല്‍കുന്ന പാഠങ്ങള്‍. ആധുനികമായ ഏതെങ്കിലും കണ്ടുപിടുത്തങ്ങള്‍ക്ക് ഒരിക്കലും മതത്തിന്റെ ഒത്താശകള്‍ ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല എല്ലാത്തരം ആധുനികതയ്ക്കും ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്കും മതം എതിരുമായിരുന്നു. മതം പഠിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെ ചോദ്യംചെയ്യാതെ ശിരസാ വഹിച്ചുകൊള്ളണമെന്നാണ് എല്ലാക്കാലത്തും മതം പഠിപ്പിച്ചിരുന്നതും. അതിനായി മത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ഭക്ഷണ ശീലത്തിലും വസ്ത്രധാരണത്തിലും വരെ മാറ്റം വരുത്തി. സമൂഹത്തില്‍ ഉച്ചനീചത്വങ്ങള്‍ കല്‍പ്പിക്കപ്പെട്ടു. അവനവന്റെ മതത്തിനാണ് മാന്യതയെന്നു കല്‍പ്പിച്ച് മറ്റുള്ളവരെ മാറ്റി നിര്‍ത്തി. സമൂഹ ത്തില്‍ രൂപപ്പെട്ട സൗന്ദര്യ സങ്കല്‍പ്പങ്ങളെ സ്വാംശീകരിക്കുകയും അതിനെ തങ്ങളുടേതാക്കി മാറ്റുകയും ചെയ്തു. ഇത്തരത്തില്‍ എന്തിനേയും മതത്തിന്റെ കീഴില്‍ കൊണ്ടുവരികയും മേലേത്ത ട്ടില്‍ നിന്നും താഴേക്കു താഴേക്ക് അടിച്ചമര്‍ത്തലുകള്‍ ഉണ്ടാകു കയും ചെയ്തു. എല്ലാത്തിനും മുകളില്‍ മതം പിടിമുറുക്കി. ഇത് സമാധാനപരമായിരുന്നില്ല. ലോകത്തെവിടെയും ഉണ്ടായിട്ടുള്ള കലാപങ്ങളില്‍ ഏറ്റവും കൂടുതല്‍ മനുഷ്യന്‍ കൊല്ലപ്പെട്ടിട്ടുള്ളത് മതങ്ങള്‍ തമ്മിലുള്ള കലാപങ്ങളിലൂടെയായിരുന്നു. ദൈവത്തിന്റെ പേരില്‍ സാഹോദര്യവും സമത്വവും ഉദ്‌ഘോഷിക്കുന്നവര്‍ ദൈവത്തിനുവേണ്ടിയാണ് കുരിശു യുദ്ധങ്ങളും വിശുദ്ധ യുദ്ധവും (ജിഹാദ്) നടത്തിയത്. രാഷ്ട്രമെന്നാല്‍ ഒരു കാലത്ത് മതരാഷ്ട്രമായിരുന്നു.

മതവും ദൈവവും

മതവും ദൈവവും തമ്മില്‍ എന്താണു ബന്ധം. ഒരു ബന്ധവും ഇല്ല. ദൈവത്തിനുവേണ്ടിയായിരുന്നില്ല മതങ്ങള്‍. ദൈവമില്ലാത്ത മതങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. ബുദ്ധ- ജൈന മതങ്ങളില്‍ ദൈവം ഉണ്ടായിരുന്നില്ല. ചാര്‍വ്വാക മതം ദൈവത്തിന്റെ അസ്ത്വിത്വത്തെ ചോദ്യം ചെയ്തിരുന്ന മതമായി രുന്നു. സെമിറ്റിക് മതങ്ങളിലെ ദൈവങ്ങള്‍ മനുഷ്യ രൂപികളായി രുന്നില്ല. ഒരു ജനസമൂഹത്തെ ദൈവത്തിന്റെ ഇച്ഛയ്ക്കനുസരണ മായി വാര്‍ത്തെടുക്കാന്‍ മോശയ്ക്കുകൊടുത്ത പത്തുകല്‍പ്പനയു മായി മോശ ചെല്ലുമ്പോള്‍ മോശയുടെ ഗോത്രക്കാര്‍ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുന്നതായി കാണുന്ന ഒരു സന്ദര്‍ഭം ബൈബി ളില്‍ കാണുന്നു. ഇവിടെ വിശ്വാസത്തിന് ദൈവം ആവശ്യമില്ലെ ന്നാണ് കാണിക്കുന്നത്. (ഇവരെ പിന്നീട് കാരുണ്യവാനായ യഹോവ തീയിറക്കി കൊല്ലുകയാണു ചെയ്തത്). കേരളത്തിലെ ചാത്തനും ചാമുണ്ടിയും ഘണ്ടാകര്‍ണ്ണനും ചിത്തനും അരത്തനും പറക്കുട്ടിയും എന്നിങ്ങനെയുള്ള നൂറുകണക്കിനു ദൈവങ്ങള്‍ക്ക് എന്തു രൂപമാണെന്നുപോലും അറിയില്ല. മനുഷ്യന്റെ സൗന്ദര്യ സങ്കല്‍പ്പത്തിനനുസരണമായി പിന്നീടാണ് ദൈവങ്ങള്‍ രൂപം കൊള്ളാന്‍ തുടങ്ങിയത്. ഭക്തിപ്രസ്ഥാനത്തിന്റെ കാലത്തോടെ യാണ് വിഷ്ണുവും ശിവനും വിഷ്ണുവിന്റെ അവതാരങ്ങളും അവരുടെ ഭാര്യമാരും ദൈവങ്ങളായിത്തീരുന്നത്. ഈ ദൈവങ്ങള്‍ തുണി ഉടുക്കാന്‍ തുടങ്ങുന്നതുതന്നെ ചിത്രകാരനായ രവിവര്‍മ്മ യുടെ കാലത്താണ്. ഇത്തരത്തില്‍ ഇന്നത്തെ പുതിയ ആള്‍ ദൈവങ്ങള്‍ നാളെ ആരാധനാ മൂര്‍ത്തികളായി മാറും. നാരായണ ഗുരു ഇന്ന് ദൈവമായിത്തീര്‍ന്നതുപോലെ പുതിയ ദൈവങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ സ്ഥാപിക്കപ്പെടും.

മതം അധികാരത്തിന്റെ ഘടനയാണ്. അധികാരത്തെ സ്ഥാപിച്ചെടു ക്കാനും നിലനിര്‍ത്താനും മനുഷ്യന്‍ കണ്ടുപിടിച്ച ഉപാധിയായി രുന്നു മതം.സമൂഹത്തിലെ ആദ്യത്തെ സംഘടിത രൂപവും മതമായിരുന്നു. മതാധിപത്യം സ്ഥാപിച്ചെടുത്തതിലൂടെയാണ് പോര്‍ട്ടുഗീസുകാരും തുടര്‍ന്ന് ബ്രിട്ടീഷുകാരും ഇന്ത്യയില്‍ അവരുടെ അധികാരകേന്ദ്രങ്ങള്‍ സ്ഥാപിച്ചത്.

മതവും ആത്മീയതയും

ആത്മീയത വിശ്വാസത്തില്‍നിന്നല്ല ആചാരങ്ങളില്‍നിന്നുമാണ് രൂപംകൊണ്ടത്. മരണം മരണാനന്തര കര്‍മ്മങ്ങള്‍ പൂര്‍വ്വ പിതാക്കന്മാരുടെ ഓര്‍മ്മ നിലനിര്‍ത്താനുള്ള കര്‍മ്മങ്ങള്‍ ഇവയാണ് ആചാരങ്ങളായിരുന്നത്. ഇതൊരാവര്‍ത്തന പ്രക്രിയ എന്ന നിലയില്‍ ചെയ്തുപോന്നതല്ലാതെ അതിന് ദൈവരൂപ ത്തിലുള്ള വിശ്വാസം ഉണ്ടായിരുന്നില്ല. മതങ്ങള്‍ രൂപം കൊള്ളാതിരുന്ന കാലത്ത് കുടുംബങ്ങളിലോ കുടുംബ സ്ഥാപന ങ്ങളിലോ ആണിതു ചെയ്തിരുന്നത്. പരേതാത്മ വിശ്വാസമാണ് പിന്നീട് മതത്തിന്റെ മുഖമുദ്രയായിത്തീര്‍ന്നത്. ഇതിനെ ഉപയോഗപ്പെടുത്തി ക്കൊണ്ടാണ് മതം സ്ഥാപന വല്‍ക്കരിക്ക പ്പെടുന്നത്. മതം പിന്നീട് അധികാരത്തിന്റെ ചെങ്കോലായി ത്തീരുകയും ചെയ്തു. മതങ്ങള്‍ക്കു തന്നെ ഏകത്വമില്ലാത്തതിനാല്‍ ഘടനാപരമായി അതെവിടെയെങ്കിലും ഒരുമിച്ചു ചേരുന്നില്ല എന്നതിനാല്‍ത്തന്നെ അത് ജനങ്ങളെ വഞ്ചിക്കുന്നതിനുള്ള ഒരു സ്ഥാപനം മാത്രമാണെന്ന് സിദ്ധിക്കുന്നു. വിഗ്രഹങ്ങളെ ആരാധിക്കാത്ത ഇസ്ലാംമതം മറ്റുമതങ്ങളില്‍നിന്നും വ്യത്യസ്ത മാകുന്നത് അത് ഏകദൈവത്തില്‍ വിശ്വസിക്കുന്നു എന്നതു കൊണ്ടാണ്. അപ്പോള്‍പ്പോലും ഗോത്രത്തിന്റെപേരില്‍ വേര്‍തിരി ഞ്ഞ് പരസ്പരം കലാപങ്ങള്‍ അഴിച്ചുവിടുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ബൈബിളില്‍ ദൈവം മണ്ണുകൊണ്ട് സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്നെഴുതിയത് മനുഷ്യനാണ്. ഹിന്ദുമതവും ഇസ്ലാം മതവും അങ്ങനെ വിശ്വസിക്കുന്നില്ല. ഭാരതസംസ്‌കാരമെന്നു വിശേഷിപ്പിക്കുന്ന സംസ്‌കാരത്തില്‍ ഭാരതത്തിലെ സ്ത്രീകളടക്കം ജനസംഖ്യയില്‍ മുക്കാല്‍ ശതമാനം വരുന്നവരും ദൈവം അറിയാതുണ്ടായവരാണ്. നാലുവര്‍ണ്ണങ്ങള്‍ മാത്രമാണ് ദൈവ ത്തിന്റേതായിട്ടുള്ളു. ഇവരൊഴികെ ആരും സ്വര്‍ഗ്ഗത്തില്‍ പോകുകയില്ല. ഇതൊന്നും തിരിച്ചറിയാന്‍ ശേഷിയില്ലാത്തവരാണ് പൊങ്കാലയ്ക്കും സപ്താഹ യജ്ഞത്തിനും ക്ഷേത്ര ദര്‍ശനത്തിനും പോകുന്നത്.

മതവും വിശ്വാസവും ദൈവവും പരസ്പരപൂരകമാണെന്നു പറയുമ്പോഴും ഇവ തമ്മില്‍ യാതൊരുവിധത്തിലും പൊരുത്ത പ്പെടുന്നില്ലെന്നുകാണാം. എന്നു മാത്രമല്ല, പരസ്പരം സ്പര്‍ദ്ധ വളര്‍ത്തുന്നതായും കാണാം. യാതൊരുവിധ സഹിഷ്ണുതയും പുലര്‍ത്താന്‍ ഇവര്‍ക്കാകുന്നില്ല. ദൈവത്തിന്റെ പേരില്‍ വിശ്വാസികള്‍ കൊലചെയ്യപ്പെടുകയാണ്. ജനങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും കലഹത്തിലും യുദ്ധത്തിലും ചെന്നെത്ത പ്പെടുന്നു. മതങ്ങള്‍ എല്ലാക്കാലത്തും ചെയ്തതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. ഇന്ത്യ വിഭജിക്കപ്പെട്ടതും ഇന്നും ഇന്ത്യാമഹാരാജ്യത്തിനുള്ളില്‍ കലാപം നടക്കുന്നതും മതങ്ങള്‍ തമ്മിലാണ്. ഇന്ത്യ ഹിന്ദുക്കളുടേതാണെന്നു യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ മുസ്ലീംങ്ങളെയും ദളിതു കളെയും ആദിവാസികളെയും കൊന്നൊടുക്കുകയാണ്. വളരെ ന്യൂനപക്ഷം വരുന്ന ഒരു ജനവിഭാഗത്തിന്റെ അധികാരസ്ഥാപ നത്തിനായി മതത്തെ ഉപയോഗപ്പെടുത്തുകയാണ് ഹിന്ദുത്വ ത്തിന്റെ പേരില്‍. ഇന്ന് ഇന്ത്യ നേരിടുന്ന വലിയൊരു വെല്ലുവിളിയാണിത്. ലോകത്തിന്നു നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകള്‍ മതാധിപത്യത്തെ നിലനിര്‍ത്താന്‍ വേണ്ടി നടത്തുന്നതാണ്. ഇവിടെ സാമ്രാജ്യത്വം മതത്തെ ഉപയോഗ പ്പെടുത്തി ക്കൊണ്ടാണ് ലോകാധിപത്യത്തിനുവേണ്ടി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഹിന്ദുത്വ തീവ്രവാദം ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതും. ലോക ത്തുനിന്നുതന്നെ മതങ്ങളെ നിഷ്‌കാസനം ചെയ്തുകൊണ്ടല്ലാതെ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് വര്‍ത്തമാനകാലം നമ്മോടു പറയുന്നത്.