"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 25, ശനിയാഴ്‌ച

ക്ഷേത്രപ്രവേശനവും ദളിത് വേട്ടയും - ശശിക്കുട്ടന്‍ വാകത്താനം
സവര്‍ണ്ണാധിപത്യത്തിനെതിരെ ഇന്ത്യയിലെമ്പാടും നടന്ന ദളിതു മുന്നേറ്റം പൊതു ഇടങ്ങളില്‍ സഞ്ചരിക്കുന്നതിനും പൊതു കുളങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള വിലക്കുകളായിരുന്നു. പൊതു ടാപ്പില്‍നിന്നും കുടിവെള്ളം എടുക്കുന്നതിനുപോലും അവകാശം ഉണ്ടായിരുന്നില്ല. അക്ഷരം നിഷേധിച്ച ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ അവകാശം ഉണ്ടായിരുന്നില്ല. മനുഷ്യനെന്ന പരിഗണനപോലും കൊടുത്തിരുന്നില്ല. അവരെയാണിപ്പോള്‍ ഹിന്ദുക്കളെന്നപേരില്‍ അഭിസംബോധന ചെയ്തുകൊണ്ട് വോട്ടുരാഷ്ട്രീയത്തിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഇത് സവര്‍ണ്ണാധികാരത്തെസ്ഥാപിച്ചെടുക്കാനുള്ള ചെപ്പടിവിദ്യ യാണന്ന് അധികമാര്‍ക്കും ബോധ്യംവരുന്നില്ലെന്നതാണ് അതിലെ പ്രധാന ദുരന്തവും. 

ഉത്തര്‍പ്രദേശില്‍ 90 വയസുള്ള ചിമ്മയെന്ന വൃദ്ധനെ ക്ഷേത്ര ത്തില്‍ കയറി എന്നതിന്റെ പേരില്‍ കോടാലികൊണ്ടു വെട്ടി ജീവനോടെ തീയിട്ടുകൊന്ന വാര്‍ത്ത പത്രങ്ങള്‍ പ്രസിദ്ധീകരി ച്ചിരുന്നു. പൊതുടാപ്പില്‍നിന്നും വെള്ളമെടുക്കുമ്പോള്‍ സവര്‍ണ്ണ ന്റെ മേല്‍ ദളിതന്റെ നിഴല്‍വീണു എന്നതിന്റെ പേരില്‍ മധ്യപ്രദേശില്‍ ദളിതു വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. മിശ്രവിവാഹിതരെ ഹരിയാനയിലും ബംഗാളിലും കൊലപ്പെടു ത്തിയ വാര്‍ത്തകള്‍ക്ക് അധികം പഴക്കമില്ല.


ഗുരുവായൂരില്‍ കൈമണിക്കാരനായ ബാബു ഹിന്ദുവായിരു ന്നെങ്കിലും പട്ടികജാതിക്കാരനായിരുന്നതിന്റെ പേരില്‍ അമ്പല ത്തില്‍നിന്നും പുറത്താക്കുകയുണ്ടായി എന്ന വാര്‍ത്ത കേരള ത്തില്‍ കുറേക്കാലം ചര്‍ച്ചചെയ്യുകയുണ്ടായി.

വിദ്യാഭ്യാസമേഖലയിലെ സമീപകാല സംഭവങ്ങള്‍

കോഴിക്കോടു ജില്ലയിലെ പേരാമ്പ്രയിലെ ചേര്‍മല കോളനിയിലെ പറയസമുദായത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഗവണ്മെന്റ് വെല്‍ഫയര്‍ യു പി സ്‌കൂളില്‍നിന്നും കുട്ടികള്‍ കൊഴിഞ്ഞു പോകുന്നത് സമൂഹത്തിലെ ചില ജാതി വിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സവര്‍ണ്ണബോധമാണെന്ന് ഇന്നു വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്നു. ഇത് പേരാമ്പ്രയിലെ മാത്രം സംഭവമല്ല. കോട്ടയത്ത് കടുത്തുരുത്തിയില്‍ കുട്ടികളുടെ കഴുത്തില്‍ ജാതിക്കാര്‍ഡു തൂക്കിയത് മറ്റൊരു സംഭവമായിരുന്നു.

ചാതുര്‍വര്‍ണ്ണ്യപ്രകാരം അയിത്തജാതിക്കാരനായ ശൂദ്രനും ശൂദ്രനു താഴെവരുന്നവരും(ഈഴവര്‍) ജാതിവ്യവസ്ഥയില്‍ വരാതിരുന്ന ക്രിസ്ത്യാനി, മുസ്ലീങ്ങളും സ്വയം വരേണ്യവര്‍ഗ്ഗമായി പ്രഖ്യാപി ക്കുകയും അവര്‍ സമൂഹത്തില്‍ ആധിപത്യം ചെലുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഉയര്‍ന്നു വരുന്ന പുതിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തുമാണ് ഇവര്‍ പിടിമുറുക്കിയിരിക്കുന്നത്. പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി പൊതുവിദ്യാ ഭ്യാസത്തെ കയ്യൊഴിയാനുള്ള സര്‍ക്കാരിന്റെ നീക്കമായിരുന്നു ഇവര്‍ കൂടുതലായി ഉപയോഗപ്പെടുത്തിയത്. പ്രത്യേകിച്ച് പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍. ഇതോടെ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുളച്ചുപൊന്തി. ഇവിടെ ചര്‍ച്ചയായത് പഠന മാധ്യമം എന്തായിരിക്കണം എന്നു മാത്രമായിരുന്നു. ഇതിനിടയിലൂടെ പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക് എത്താന്‍ കഴിയാതെ വളരെയധികം കുട്ടികള്‍ കൊഴിഞ്ഞുപോയി. അതോടൊപ്പം സര്‍ക്കാര്‍ സ്‌കൂളുകളുടെ അനാരോഗ്യകരമായ നിലനില്‍പും അവിടങ്ങളിലെ ജാതി ക്കുശുമ്പും പ്രധാന വിഷയ മായി ഉയര്‍ന്നു വരികയുണ്ടായി. 

2012-13 ലെ കണക്കുപ്രകാരം കേരള സര്‍ക്കാര്‍ ലാഭകരമല്ല എന്നു പറഞ്ഞുകൊണ്ട് അടച്ചുപൂട്ടാന്‍പോകുന്ന സ്‌കൂളുകളുടെ എണ്ണം 5137 ആണ്. അന്‍പതില്‍ താഴെ കുട്ടികളുള്ള സ്‌ക്കൂള്‍ 2577. ഇതില്‍ 25 ശതമാനത്തിലധികം ദളിത് , ആദിവാസി വിഭാഗങ്ങ ളില്‍ നിന്നുള്ള കുട്ടികളാണ്. പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന ദളിത് ആദിവാസികള്‍ 11.64 ശതമാനമാണ്. ഈ വിഭാഗത്തിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. ദളിതര്‍ക്ക് ആശ്രയിക്കാവുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതോടെ മുന്നോക്ക സവര്‍ണ്ണ വിഭാഗം ആഗ്രഹിക്കുന്നതുപോലെ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ അക്ഷാരാഭ്യാ സമില്ലാതെ സമൂഹത്തിന്റെ പുറംപോക്കുക ളിലേക്ക് ഒതുങ്ങിക്കൊള്ളും.