"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 20, തിങ്കളാഴ്‌ച

ആരാണ് ഹിന്ദു: രാമക്ഷേത്രവും സംവരണവും - ശശിക്കുട്ടന്‍ വാകത്താനം


സ്വാതന്ത്ര്യ സമരകാലത്തുതന്നെ മുസ്ലീങ്ങള്‍ക്കെതിരെ ഒരു ആയുധമെന്ന നിലയില്‍ ആര്‍ എസ്സ് എസ്സ് ഉയര്‍ത്തിക്കൊണ്ടു വന്നതായിരുന്നു ബാബറിമസ്ജിദ് വിഷയം. ബാബറിപള്ളി ഇരിക്കുന്നത് രാമക്ഷേത്രം നശിപ്പിച്ച് അതിനു മുകളില്‍ പണിതതാണെന്നും അതുപൊളിച്ച് അവിടെ രാമക്ഷേത്രം പണിയണമെന്നും ഹിന്ദുത്വ തീവ്രവാദികള്‍ തീരുമാനിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും അവകാശവാദം ഉന്നയിച്ചിരുന്ന പള്ളി നെഹ്രുവിന്റെ കാലത്ത് അടച്ചിടുകയും അവിടേക്ക് ആരെയും കടത്തിവിടാതിരിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും കാലത്ത് ഹിന്ദുവോട്ടിനുവേണ്ടി ഉണ്ടാക്കിയ ചില നീക്കുപോക്കുകളിലൂടെ യാണ് ഹിന്ദുക്കള്‍ക്ക് അവിടെ ആരാധന നടത്താനുള്ള അനുവാദം കൊടുക്കുകയും അത് പള്ളിപൊളിക്കലില്‍ എത്തിയതും.

ഇന്ത്യന്‍ ജാതിവ്യവസ്ഥയെ നിലനിര്‍ത്താന്‍ സവര്‍ണ്ണാധിപത്യം ഒളിപ്പിച്ചുവച്ചിരുന്ന രണ്ടു മര്‍മ്മപ്രധാന രാഷ്ട്രീയ കാര്യങ്ങളില്‍ ഒന്ന് രാമക്ഷേത്രവും മറ്റൊന്ന് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു മായിരുന്നു. ഇതു രണ്ടും സവര്‍ണ്ണാധിപത്യത്തിന്റെ അടിത്തറയെ സ്ഥാപിച്ചെടുക്കാനും അതുവഴി അസ്പൃശ്യരുടെ കടന്നു വരവിനെ തടയിടാനുമുള്ള അജണ്ടയുടെ ഭാഗവുമായി. അതിനെവിടംവരെ പോകാന്‍ കഴിയുമോ അവിടംവരെ പോകാന്‍ ഹിന്ദുവിന്റെ പേരില്‍ നിലകൊള്ളുന്നവര്‍ തയ്യാറാണെന്നുള്ള താണ് ഇന്ത്യ നേരിടുന്ന ദുരന്തങ്ങളില്‍ പ്രധാനമായ ഒന്ന്. രാമന്‍ ദൈവമായിരുന്നോ, അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നോ എന്നതല്ല വിഷയം. ഹിന്ദു ദേശീയതയ്ക്കു വേണ്ടത് രാമക്ഷേത്ര മായിരുന്നു. അതിന് ഏതറ്റംവരെപോകാനും അവര്‍ തയ്യാറാണ്. പ്രശ്‌നബാധിത സ്ഥലത്ത് ശിലാന്യാസം നടത്തി രാമക്ഷേത്രം പണിയാന്‍ കല്ലും കട്ടയുമായി അവര്‍ എത്തിക്കഴിഞ്ഞു. ക്ഷേത്രത്തിന്റെ പണി പുറത്തുവച്ച് ഏതാണ്ട് പൂര്‍ത്തീകരിച്ചി രിക്കുന്ന അവസ്ഥയിലാണിപ്പോള്‍. മസ്ജിദ് പൊളിച്ചതുപോലെ ഒരു കര്‍സേവയിലൂടെ രാമക്ഷേത്രം പണിയും. 

പിന്നോക്ക ദളിതു ജനവിഭാഗങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമാണെങ്കില്‍ ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യം ലഭിക്കുന്നതിനെ ഇവര്‍ എതിര്‍ക്കുന്നത് ഏതിന്റെ അടിസ്ഥാന ത്തിലാണ്. നൂറ്റാണ്ടുകളായി ജാതിയുടെ പേരില്‍ അടിച്ചമര്‍ത്ത പ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതു പാടില്ലന്നു പറയുന്നത് സവര്‍ണ്ണന്റെ പഴയ വ്യവസ്ഥയെ നിലനിര്‍ത്താനുള്ള വ്യഗ്രതയാണ്. സംവരണംവഴി മറ്റാരുടെയും അവകാശം കവര്‍ന്നെടുക്കുന്നില്ലന്ന് അറിയാവുന്ന സ്ഥിതിക്ക് സംവരണത്തിനെതിരായസമരം സാമ്പത്തിക താല്‍പര്യം മാത്രമല്ല ജാതിയെ നിലനിര്‍ത്താനുള്ള വ്യഗ്രത കൂടിയാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ബി ജെ പി നേതാവായ അദ്വാനി രാമജന്മഭൂമിപ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് രഥയാത്രയിലൂടെ രാജ്യത്താകെ വര്‍ഗ്ഗീയ ദ്രുവീകരണം നടത്താന്‍ ശ്രമിച്ചത്. സംവരണം പുനഃപരിശോധിക്കണമെന്ന് ആര്‍ എസ്സ് എസ്സ് മേധാവി മോഹന്‍ ഭഗവത് ആവശ്യപ്പെടുകയുണ്ടായി. ഗുജറാത്തില്‍ 1981 ലും 1985ലും നടന്ന സംവരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ജനസംഖ്യയില്‍ പതിനഞ്ചുശതമാനം വരുന്ന പട്ടേലുകളായിരുന്നു. അവര്‍തന്നെ യാണ് സമീപകാലത്തും സംവരണ വിരുദ്ധ മുദ്രാവാക്യവുമായി രംഗത്തു വന്നത്. ഡല്‍ഹിയില്‍ നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്ത ആളാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന കെജെരിവാള്‍. സംവരണം നിര്‍ബന്ധമാണെങ്കില്‍ അതു സാമ്പത്തിക സംവരണം ആകട്ടെ എന്നാണ് ആര്‍ എസ്സ് എസ്സിന്റെയും വിശ്വഹിന്ദുപരിഷത്തി ന്റെയും നിലപാട്. സംവരണം ജാതീയമായതിനാല്‍ സംവരണം ഇല്ലാതാക്കാന്‍ ജാതി ഇല്ലാതാക്കുകയാണ് വേണ്ടത്. അതിന് ഇവര്‍ തയ്യാറാകുന്നില്ല.

മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന സംസ്‌കാരം

സാംസ്‌കാരിക പരിപാടി എന്ന പേരില്‍ ദൃശ്യമാധ്യമങ്ങള്‍ കാണിക്കുന്നത് ഉത്സവങ്ങളും പെരുന്നാളുകളും അതിനോടനുബ ന്ധിച്ച പരിപാടികളുമാണ്. പാഠപ്പുസ്തകം മുതല്‍ ഈടുറ്റ ചരിത്രഗ്രന്ഥങ്ങളില്‍ വരെ സംസ്‌കാരം എന്ന തലക്കെട്ടിനുതാഴെ മതങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും മതങ്ങളെ സഹായിച്ച ഭരണാധികാരികളുടെ മഹത്വവും പ്രഖ്യാപിക്കുകയാണ്. അക്രമകാരികളായ മുസ്ലീം രാജാക്കന്മാര്‍ (അങ്ങനെ അല്ലാത്ത ഏതുരാജാവാണുള്ളത്) ഹിന്ദുക്കളുടെ ക്ഷേത്രം ആക്രമിച്ചു എന്നു രേഖപ്പെടുത്തിക്കൊണ്ട് ഒരു കൂട്ടരെ ആദര്‍ശവല്‍ക്കരിക്കുകയും ഒരുകൂട്ടരെ അക്രമകാരികളുമാക്കി തീര്‍ക്കുകയുമായിരുന്നു ചെയ്തത്. ക്ഷേതത്തിലെ സ്വത്തുക്കള്‍ ഇവിടെ പണിയെടുത്തവരെ കൊള്ളയടിച്ചുണ്ടാക്കിയതാണെന്നോ കൊള്ളചെയ്യപ്പെട്ടവര്‍ക്ക് ഈ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നു എന്ന ചരിത്രവസ്തുതയെ തമസ്‌കരിക്കുകയാണ് ചെയ്തത്. സഹിഷ്ണു തയില്‍ വിശ്വസിക്കുന്നവരെന്നു പ്രചരിപ്പിക്കപ്പെട്ട ഹിന്ദുക്കളാണ് ബാബറിമസ്ജിദ് തകര്‍ത്തത് എന്നതൊന്നും മാധ്യമങ്ങള്‍ക്കു വിഷയമല്ല.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരം വരെയും ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചുനിന്നാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത്. ബഹദൂര്‍ഷായും ഝാന്‍സിറാണിയും ഇതില്‍പ്പെടും. ഇവിടം മുതല്‍ക്ക് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ ഛിദ്രവാസന വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ ശ്രമം ഇന്ത്യയെവിഭജിക്കു ന്നിടംവരെ കൊണ്ടെത്തിച്ചതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് കുറച്ചുകാണുന്നത് വലിയൊരു തെറ്റാണ്. അവിടംകൊണ്ട് അതവസാനിച്ചില്ല. ബാബറിമസ്ജിദ് തകര്‍ക്കുന്നതിന് അതിലേക്ക് കര്‍സേവകരെ കൊണ്ടെത്തിക്കുമ്പോള്‍ നിശശ്ശബ്ദരായിരുന്ന മാധ്യമങ്ങള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. സമൂഹ ത്തില്‍ ഉയര്‍ന്നു വരുന്ന വര്‍ഗ്ഗവൈരുദ്ധ്യത്തെ തമസ്‌കരിക്കുകയും വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ചെന്നായ്ക്കളുടെ റോളിലാണ് പല ജനപ്രിയ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. 

ജീവിതത്തിനാവശ്യമായിവരുന്ന ഉല്‍പാദന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കൂട്ടായ അദ്ധ്വാനത്തിന്റെയും വിതരണത്തിന്റെയും സംസ്‌കാരം എല്ലാക്കാലത്തും എവിടെയും നിലനിന്നിരുന്നു. മനുഷ്യനും പ്രകൃതിയുമായി കൂട്ടുചേര്‍ന്നു നിന്ന നൂറ്റാണ്ടുകളുടെ ചരിത്രം കൊണ്ടും കൊടുത്തും വളര്‍ന്നുവന്ന ജീവിതത്തിന്റെ 'പൂരപ്പറമ്പുകളില്‍' അവര്‍ ഒന്നിച്ച് ആടുകയും പാടുകയും ചെയ്തിരുന്നു. എന്റേതും നിന്റേതും എന്നു പറഞ്ഞുവന്ന കാലത്തും കയ്യോടു കയ്യും മെയ്യോടു മെയ്യും ചേര്‍ന്നു നിന്ന് അദ്ധ്വാനിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും അവരെ വേര്‍തിരിക്കുകയായിരുന്നില്ല ഐക്യപ്പെടുത്തുകയായിരുന്നു. ഇതിനായിരുന്നല്ലോ സംസ്‌കാരം എന്നു പറഞ്ഞിരുന്നത്. 

യാതൊന്നാണോ ഈ സമൂഹത്തെ ശിഥിലീകരിക്കാന്‍ ഉപയുക്ത മായി നിലവിലുള്ളത് അതിനെ തെരഞ്ഞുപിടിക്കാനും ഏതിനെ ഉപയോഗിച്ചാല്‍ സമൂഹത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കാന്‍ കഴിയുന്നത് എന്ന മാധ്യമ ഗവേഷണത്തിലൂടെ നടത്തിക്കൊണ്ടി രിക്കുന്ന പ്രചരണങ്ങളാണ് വര്‍ഗ്ഗീയതയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിക്കൊണ്ടിരിക്കുന്നത്. അതിലൂടെ മതങ്ങളെ തൊട്ടു തലോടുകയും മതങ്ങളെ മാനവ മൂല്യത്തിന്റെ പരമകാഷ്ഠയില്‍ പ്രതിഷ്ഠിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നു. ഇതിലൂടെയാണ് ഫാസിസത്തെ വരവേല്‍ക്കുന്നത്. ഫാസിസമെ ന്നാല്‍ വംശാധിപത്യത്തിലധിഷ്ഠിതമായ മതാധിപത്യം തന്നെയാ ണ്. ഇതെല്ലാം പ്രത്യക്ഷവല്‍ക്കരിക്കാന്‍ മടിക്കുന്നത് ഇതെല്ലാം ഒരേ കോര്‍പ്പറേറ്റ് അജണ്ടയുടെ ഭാഗമായതിനാലാണ്. അവിടെ മതവും രാഷ്ട്രീയവും കുത്തക മൂലധനവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനോടു ബന്ധമില്ലാത്ത ജനങ്ങള്‍ നിസസ്സഹാ യരായി മാറ്റപ്പെടുകയാണ്.