"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 21, ചൊവ്വാഴ്ച

മഹാനായ അയ്യന്‍കാളി: സാമൂഹ്യ പരിഷ്‌കരണ യജ്ഞം - ദലിത്ബന്ധു എന്‍ കെ ജോസ്


സാമൂഹ്യരംഗത്ത് അയ്യന്‍കാളി ഒരു തികഞ്ഞ വിപ്ലവകാരിയാ യിരുന്നു. അതു വിപ്ലവത്തിനുവേണ്ടിയുള്ള വിപ്ലവമായിരുന്നില്ല. തന്റെ ജനതയുടെ അവശതകള്‍ പരിഹരിച്ചുകിട്ടുക മാത്രമാ യിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുവേണ്ടി സവര്‍ണരുടെ വികാരങ്ങളെ വ്രണപ്പെടുത്തണമെന്നുള്ള മനഃപൂര്‍വ്വ ഉദ്ദേശമൊ ന്നും അദ്ദേഹത്തിനുണ്ടാ യിരുന്നില്ല. എന്നാല്‍ സവര്‍ണരുടെകൂടി സമ്മതത്തോടു മാത്രമേ തന്റെ സമുദായത്തില്‍ മാറ്റങ്ങളുണ്ടാ കാവൂ എന്ന നിര്‍ബന്ധവും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ചാന്നാര്‍സ്ത്രീകളുടെ മാറ് മറയ്ക്കാതിരിക്കുക എന്നത് ശൂദ്രരുടെ ആചാരമാണ് എന്ന വിധത്തിലുള്ള അവകാശവാദങ്ങളൊന്നും അനുവദിച്ചുകൊടുക്കുവാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. 

ഒരിക്കല്‍ അയ്യന്‍കാളി ദിവാന്‍ രാജഗോപാലാചാരിയെ കാണുവാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയില്‍ ചെന്നു. എന്നാല്‍ പാറാവുകാര്‍ അദ്ദേഹത്തെ കടത്തിവിട്ടില്ല എന്നു മാത്രമല്ല അസഭ്യം പറഞ്ഞു കളിയാക്കുകയും കൂടി ചെയ്തു. പുലയന്‍ ദിവാനെ കാണാന്‍ വന്നിരിക്കുന്നുവോ? അദ്ദേഹം ഉടനെ പുറത്തുവന്ന് കമ്പി ഓഫീസില്‍നിന്ന് വിവരം കാണിച്ച് ദിവാനു കമ്പിയടിച്ചു. തനിക്ക് കാണുവാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ദിവാന്‍ അയ്യന്‍കാളിയെ ആളയച്ചു വരുത്തി. പാറാവുകാര്‍ കാണിച്ച മര്യാദകേടിന് അവരെക്കൊണ്ട് ക്ഷമ ചോദിപ്പിച്ചു. അയ്യന്‍കാളി അവരോടു ക്ഷമിച്ചു. അവര്‍ക്കുള്ള ശിക്ഷ നിശ്ചയിക്കാന്‍ ദിവാന്‍ അയ്യന്‍കാളിയോടുതന്നെ ആവശ്യപ്പെട്ടു. സവര്‍ണരായ അവരെ സര്‍ക്കാര്‍സര്‍വീസില്‍ നിന്നും നീക്കംചെയ്യുവാന്‍ അപ്പോള്‍ അയ്യന്‍കാളിക്കു കഴിയുമായിരുന്നു. അദ്ദേഹം അതു ചെയ്തില്ല. വ്യക്തിയോടായിരുന്നില്ല അയ്യന്‍കാളിയുടെ എതിര്‍പ്പ്. സമൂഹത്തിലെ അര്‍ത്ഥശൂന്യമായ ആചാരങ്ങളോടായിരുന്നു; സങ്കല്പങ്ങളോടും ചിന്താഗതികളോടുമായിരുന്നു. ബ്രാഹ്മണരോ ടായിരുന്നില്ല, ബ്രാഹ്മണി സ്റ്റുകളോടായിരുന്നു എതിര്‍പ്പ്.

എം.എം. വര്‍ക്കി 'ദാസന്‍' പത്രം നടത്തിക്കൊണ്ടിരുന്ന കാലത്ത് ഒരിക്കല്‍ പത്രമാഫീസില്‍വച്ച് ശ്രീ അയ്യന്‍കാളി അദ്ദേഹത്തെ കണ്ടത് വര്‍ക്കി തന്റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. ഓഫീസില്‍ കയറിച്ചെന്ന അയ്യന്‍കാളിയോട് ഇരിക്കുവാന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഇരുന്നില്ല.4 അയ്യന്‍കാളി തങ്ങളുടെ മുമ്പില്‍ ഇരിക്കുന്നത് പല സവര്‍ണര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യമായിരുന്നു. അതിനാല്‍ വീട്ടില്‍നിന്നും പുറത്തിറങ്ങിയാല്‍ ഒരിടത്തും ഇരിക്കുന്ന സ്വഭാവം അയ്യന്‍കാളിക്കി ല്ലായിരുന്നു. സവര്‍ണരെ കാണുമ്പോള്‍എഴുന്നേല്‍ക്കേണ്ട ബാധ്യത ഇരുന്നാല്‍ മാത്രമേ ഉണ്ടാകുകയുള്ളു.

സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സമരം സാമൂഹ്യ പരിഷ്‌കരണത്തിനുള്ള യജ്ഞത്തിന്റെ ആദ്യഘട്ടമാ യിരുന്നു. സാമൂഹ്യപരിഷ്‌കരണം തന്നെ രണ്ടു വിധത്തിലുണ്ടാ കാവുന്നതാണ്. അയ്യന്‍കാളി ഉള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗ ങ്ങളുടെ സമൂഹത്തിന കത്തെ പരിഷ്‌കരണം അഥവാ മാറ്റം ഒന്ന്. അടിസ്ഥാനവര്‍ഗങ്ങളുടെ സമൂഹവും മുന്നോക്കവിഭാ ഗങ്ങളുടെ സമൂഹവും തമ്മിലുള്ള ബന്ധത്തിലെ മാറ്റം മറ്റൊന്ന്. ഈ രണ്ടു രംഗത്തും അയ്യന്‍കാളിക്ക് വ്യക്തമായ നയമുണ്ടാ യിരുന്നു.

ആരുടെ മുന്നിലും നിവര്‍ന്നു നില്‍ക്കുവാനുള്ള അഭിമാനബോധ മാണ് അതില്‍ പ്രധാനപ്പെട്ടത്. ആ അഭിമാനബോധത്തിന്റെ സാക്ഷ്യമാണ് അദ്ദേഹത്തിന്റെ തലയിലെ വിട്ടുപിരിയാത്ത തലക്കെട്ട്. അത് അയ്യന്‍കാളിയുടെ ശരീരത്തിന്റെ ഒരു ഭാഗം പോലെ നിലനിന്നു. ഇന്ത്യയുടെ ഒരുകാലത്തെ ഉടമാവകാശികള്‍ ഇവിടുത്തെ ആദിമ ജനതയായ അടിസ്ഥാനവര്‍ഗങ്ങളായിരുന്നു എന്ന ചരിത്രബോധ മൊന്നും അയ്യന്‍കാളിക്കുണ്ടായിരുന്നില്ല. പക്ഷെ അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ മനുഷ്യരാണ് എന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. മറ്റ് ഏതൊരു മനുഷ്യനെയുംപോലെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ളവരാണ്. അതുകൊണ്ട് അവര്‍ക്കും ഇവിടെ ജീവിക്കണം. അത് മറ്റാരുടെയും അനുവാ ദമോ ദയാദാക്ഷിണ്യമോ കൂടാതെ ജീവിക്കണം. അന്തസ്സായി ജീവിക്കണം. അഭിമാനത്തോടെ ജീവിക്കണം. ദിവാന്റെ മുമ്പില്‍പോലും അയ്യന്‍കാളിയുടെ തലക്കെട്ട് ഉണ്ടായിരുന്നു. നൂറുവര്‍ഷം മുമ്പ് വൈകുണ്ഠ സ്വാമികള്‍ ആത്മാഭിമാനത്തിന്റെ ചിഹ്നമായി തലേക്കെട്ട് സ്വീകരിക്കുകയും അത് പ്രചരിപ്പിക്കു കയും തങ്ങളുടെ ക്ഷേത്രങ്ങളി ലേയ്ക്കുള്ള പ്രവേശനത്തിന്റെ ഉപാധിയാക്കി മാറ്റുകയും ചെയ്തു. അത് അറിഞ്ഞിട്ടാണെങ്കിലും അല്ലെങ്കിലും തലേക്കെട്ട് അയ്യന്‍കാളിക്ക് പ്രധാനമായിരുന്നു. തല്‍സ്ഥാനത്ത് ഹൈന്ദവര്‍ തങ്ങളുടെ ആരാധനാലയങ്ങളിലെ പ്രവേശനത്തിന് ഏറ്റവും കുറച്ചുമാത്രം വസ്ത്രം ഉപയോഗിക്കുക എന്നതായിരുന്നല്ലോ ആചാരം. ഷര്‍ട്ടും ചുരിദാറുമൊന്നും ഇന്നും പല ക്ഷേത്രങ്ങളിലും പ്രവേശിക്കാന്‍ കൊള്ളാവുന്നവയല്ലല്ലോ.

പുലയ സ്ത്രീകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്നു സവര്‍ണ്ണര്‍ ആവശ്യപ്പെടുന്ന കല്ലയും മാലയും പൊട്ടിച്ചെറിഞ്ഞത് ആ അഭിമാനബോധത്തെ കാണിക്കുന്ന മറ്റൊരു തെളിവാണ്. ആഴ്ചയില്‍ ഒരു ദിവസം പണിചെയ്യാതെ വിശ്രമിക്കുക. അന്നേദിവസം ഒരുമിച്ചുകൂടി തങ്ങളുടെ ഇടയിലുള്ള തര്‍ക്കങ്ങള്‍ തങ്ങള്‍തന്നെ പരിഹരിക്കാന്‍ശ്രമിക്കുക തുടങ്ങിയവ തന്റെ ജനത്തെ ഒരു പുതിയ ജനതയാക്കി മാറ്റുവാന്‍ ഉപകരിച്ചു. അതിനാവശ്യമായ പുതിയ രീതികളും പ്രസ്ഥാനങ്ങളും അദ്ദേഹം ഏര്‍പ്പെടുത്തി. വൃത്തിയായി വസ്ത്രങ്ങള്‍ ധരിക്കുക, ദേഹശുദ്ധി വരുത്തുക, ഗൃഹവും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കുട്ടികള്‍ക്കു പുതിയ കേരളീയ നാമങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ അയ്യന്‍കാളി വേണ്ട ഉദ്‌ബോധനം നടത്തി.