"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 22, ബുധനാഴ്‌ച

ജാഥകളുടെ രാഷ്ട്രീയം - മോചിത മോഹനന്‍


ധനാധിപത്യത്തിന്റെ വര്‍ണ്ണപ്പൊലിമയില്‍ കേരളത്തിന്റെ തെരുവുകളില്‍ കുറെ സൈദ്ധാന്തിക തെയ്യങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി ആടിത്തിമിര്‍ക്കുകയാണ്. എല്ലാ ജാഥകളുടെയും ഉള്ളടക്കം കേരളത്തെ രക്ഷിക്കുക എന്നതാണ്. എന്നാല്‍ കേരളത്തെ അപകടത്തിലാക്കിയവര്‍ തന്നെയാണ് രക്ഷാകവചം തീര്‍ക്കാനുള്ള ജാഗ്രതയോടെ വടക്കു നിന്ന് തെക്കോട്ട് ഒഴുകുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഏകദേശം പത്തോളം ജാഥകളുടെ ''പീഡനം'' ഏറ്റു വാങ്ങാനുള്ള ഗതികേടിലാണ് കേരളീയര്‍. നടപ്പിലാക്കുന്ന കാര്യത്തിലുള്ള ചില ദുര്‍ബല വ്യത്യാസങ്ങളൊഴികെ, കഴിഞ്ഞ രണ്ടര ദശാബ്ദകാലത്തെ നവഉദാര - ആഗോളീകരണ നയങ്ങള്‍ കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയതില്‍ ജാഥകളുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ വഹിച്ച പങ്ക് ആരും മറന്നിട്ടില്ല. കുറെ കഴിയുമ്പോള്‍ ജനങ്ങളെല്ലാം മറക്കുമെന്ന സാമ്രാജ്യത്വ തന്ത്രം തന്നെയാണ് ജാഥകളുടെ ഉറവിടം. പക്ഷെ കണക്ക് കൂട്ടലുകള്‍ എപ്പോഴും ശരിയാകണ മെന്നില്ല. കേരളത്തില്‍ ഉണര്‍ന്നിരിക്കുന്ന, രാഷ്ട്രീയ സംഭവ വികാസങ്ങളെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്ന ജനങ്ങളുണ്ട് എന്ന വസ്തുത വി. എം സുധീരനും, പിണറായി വിജയനും, വെള്ളാപ്പള്ളി നടേശനും, കുമ്മനം രാജശേഖരനും കാനം രാജേന്ദ്രനും കുഞ്ഞാലിക്കുട്ടിയും മനസ്സിലാക്കണം. 

ധനിക പക്ഷ താല്‍പര്യങ്ങളുടെ സംരക്ഷകരായി ഇടത് - വലത് രാഷ്ട്രീയ നേതൃത്വങ്ങള്‍ മാറിയതുകൊണ്ട് ജാഥയുടെ ഉള്ളടക്ക ത്തില്‍ വലിയ വ്യത്യാസങ്ങളൊന്നും പ്രകടമല്ല. അധികാര ത്തോടുള്ള അടക്കാനാവാത്ത ആര്‍ത്തിയാണ് ഓരോ ജാഥയുടെയും ജീവന്‍. സ്വതന്ത്രകമ്പോളത്തെ വികസനത്തിന്റെ നട്ടെല്ലായി അവതരിപ്പിക്കുന്ന കാര്യത്തില്‍ ജാഥാനേതൃത്വങ്ങള്‍ മത്സരിക്ക യാണ്. സ്വതന്ത്ര ഇന്ത്യയെന്ന് അഭിമാനിക്കുമ്പോഴും, നെഹ്‌റു വിന്റെ കാലം മുതല്‍ തന്നെ സാമ്രാജ്യത്വം ഇന്ത്യയുടെ കഴുത്തില്‍ കുരുക്കിട്ടിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് ആ കുരുക്ക് കൂടുതല്‍ മുറുകുകയും അന്താരാഷ്ട്ര മൂലധന ഏജന്‍സികള്‍ ഇന്ത്യന്‍ ഭരണകൂടത്തില്‍ പിടിമുറുക്കുകയും ചെയ്തു. പഞ്ചവത്സരപദ്ധതികളും പൊതുബജറ്റും റെയില്‍വേ ബജറ്റും ബാങ്കിങ്ങ് - ഇന്‍ഷ്വറന്‍സ് മേഖലകളും വിദ്യാഭ്യാസ - ശാസ്ത്ര - സാങ്കേതിക സ്ഥാപനങ്ങലുമെല്ലാം സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തിലായി. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ കോര്‍പ്പറേറ്റു കളുടെ വിളനിലമായി. പ്രത്യാഘാതങ്ങള്‍ പ്രതിസന്ധിയിലാക്കിയത് ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതമാണ്. കേരളത്തില്‍ നടക്കുന്ന ഒരു ജാഥയിലും കോര്‍പ്പറേറ്റ് ഭീകരതയെക്കുറിച്ച് ഗൗരവത്തോടെയുള്ള പരാമര്‍ശങ്ങളില്ല. കുമ്മനം രാജശേഖരനും വെള്ളാപ്പള്ളി നടേശനും ഒഴികെയുള്ളവര്‍ ഇന്ത്യയുടെ പ്രധാന ഭീഷണിയായി ഉയര്‍ത്തിക്കാണിക്കുന്നത് ഹിന്ദുവര്‍ഗ്ഗീയ ഫാസിസത്തെയാണ്. ഇന്ത്യന്‍ ജനത അനുഭവിക്കുന്ന യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. 

മതനിരപേക്ഷ - അഴിമതിവിമുക്ത - വികസിത കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി മാറി ചിന്തിക്കാം, മാറ്റം സൃഷ്ടിക്കാം എന്ന ആഹ്വാനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നടത്തുന്ന നവകേരള മാര്‍ച്ച് വിലയിരുത്തി നിലപാടുകളില്‍ എത്തിച്ചേരാന്‍ യഥാര്‍ത്ഥ ഇടതുപക്ഷ ജനകീയ ബദല്‍ സ്വപ്നം കാണുന്ന ഏതൊരാള്‍ക്കും അവകാശമുണ്ട്. 

''കേരള വികസന മാതൃക അപ്രസക്തമായ പ്രയോഗമായി ചുരുങ്ങിപ്പോകുന്ന ദുഃഖകരമായ സ്ഥിതിയാണ് ഇന്ന് നാം കാണുന്നത്''

''കേരള വികസനത്തിന് ജനകീയ ബദല്‍ രൂപപ്പെടുത്താനുള്ള പാര്‍ട്ടിയുടെ കാലോചിതമായ ആ സംരംഭം സുവ്യക്തമായ കാഴ്ചപ്പാടുകളാണ് മുന്നോട്ട് വെച്ചത്. വികസനം ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ജനങ്ങളുടെ ഇടപെടലോടെ നടക്കേണ്ട പ്രക്രിയയാണ്''

(''പുതിയ കേരളം തീര്‍ക്കാന്‍'' - പിണറായി വിജയന്‍ മാതൃഭൂമി ദിനപ്പത്രം, 2016 ജനുവരി 15)

സമ്പത്തുല്‍പ്പാദനത്തില്‍ വളരെ പിന്നിലായിരുന്നിട്ടും ഉയര്‍ന്ന ജീവിത നിലവാരം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു എന്നതാണല്ലോ കേരള വികസന മാതൃകയുടെ ഉള്ളടക്കം. ഇന്നീ മാതൃക അപ്രസക്തമായ പ്രയോഗമായി ചുരുങ്ങിയിരിക്കുന്നു എന്നതാണ് പിണറായി വിജന്‍ ദുഃഖിക്കുന്നത്. ഭൂപരിഷ്‌ക്കരണത്തെ തുടര്‍ന്ന് കേരളത്തിലുണ്ടായ എല്ലാ വികസനവും ഇന്ന് പ്രതിസന്ധിയി ലാണ്. കേരളവികസന മാതൃക വെറും സോപ്പ് കുമിളയാണെന്ന് വിലയിരുത്തിയ ഇടതുപക്ഷ സാമ്പത്തിക വിദഗ്ധരെയെല്ലാം സിപിഎം സംഘം ചേര്‍ന്ന് അധിക്ഷേപിക്കയായിരുന്നു. മുതലാളിത്ത് ഉല്പാദന ബന്ധങ്ങള്‍ക്കകത്ത് ജനകീയ വികസനം സാധ്യമല്ലെന്ന ചരിത്ര പാഠത്തിന് അടിവരയിടുന്നതാണ് കേരളീയാനുഭവം. സ്വതന്ത്രകമ്പോളത്തെ ശക്തിപ്പെടുത്തിയെന്നതാണ് കേരളവികസനത്തിന്റെ യഥാര്‍ത്ഥഫലം. ഇങ്ങനെ ശക്തിപ്പെട്ട സ്വതന്ത്ര കമ്പോളത്തില്‍ നവലിബറല്‍ ചിന്തകള്‍ക്ക് വേരൂന്നാനും ആഗോളീകരണ പദ്ധതികള്‍ നടപ്പിലാക്കാനും എളുപ്പത്തില്‍ സാദ്ധ്യമായി. ആഗോളീകരണത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ പറയുന്നതിന്റെ അര്‍ത്ഥം വികസനത്തിന്റെ മേഖലയില്‍ നവഉദാരീകരണത്തിന് മുന്‍ഗണന നല്‍കുക എന്നതുതന്നെയാണ്. ''ഉദാരീകരണം അല്ലെങ്കില്‍ നാശം'' എന്ന് പരസ്യമായി പ്രഖ്യാപിച്ച് വികസന പ്രകൃയക്ക് നേതൃത്വം കൊടുത്ത ബുദ്ധദേവ് ഭട്ടാചാര്യയുടെ പശ്ചിമ ബംഗാളിലെ ഇന്നത്തെ സ്ഥിതി ഇടതുപക്ഷത്തിന്റെ മുന്നിലുണ്ടല്ലോ. ''വികസനം ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ജനങ്ങളുടെ ഇടപെടലോടെ നടക്കേണ്ട പ്രക്രീയയാണ്'' എന്ന് പിണറായി വിജയന്‍ വ്യക്തമാക്കുന്നു. ജാഥയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന വികസന കാഴ്ചപ്പാടും ഇത് തന്നെയാണ്. കമ്പോള ശക്തികളെ കെട്ടഴിച്ചു വിടുന്ന ആഗോളീകരണ നയങ്ങള്‍ക്ക് പരുക്കേല്‍പ്പിക്കാത്ത വികസന പരിപാടിയുടെ അടയാളങ്ങളാണ് ഇവ. അന്താരാഷ്ട്ര ധനകാര്യ മൂലധന സ്ഥാപനങ്ങളായ ലോകബാങ്ക്, ഐ. എം. എഫ്, ഡബ്‌ളിയു. ടി. ഒ എന്നീ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളുടെ ഗവേഷണത്തിനു ശേഷം രൂപം നല്‍കിയ പങ്കാളിത്ത വികസനവും പങ്കാളിത്ത ജനാധിപത്യവുമാണ് വികസനത്തിന്റെ ജനകീയ ബദലായി സിപിഎം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. 1996 ലെ ജനകീയാസൂത്രണം സാമ്രാജ്യത്വ ഗൂഡാലോചന യായിരുന്നുവെന്നത് ഇന്ന് പകല്‍ പോലെ വ്യക്തമാണ്. കേരളത്തിന്റെ സമസ്ത മേഖലകളിലും പ്രവേശിച്ച് കൊടിയ ചൂഷണങ്ങളിലൂടെ കോടികള്‍ തട്ടിയെടുക്കാന്‍ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ക്ക് വഴിയൊരുക്കിയത് ജനകീയാസൂത്രണ മായിരുന്നു. സാധാരണക്കാരന്റെ ജീവിതത്തില്‍ അടിസ്ഥാന പരമായ ഒരു മാറ്റത്തിനും ജനകീയാസൂത്രണം കാരണമായില്ല. മറിച്ച് സാമ്രാജ്യത്വ മൂലധനം നിയന്ത്രണങ്ങളില്ലാതെ ഒഴുകിയെത്തി. അന്നത്തെ നായനാര്‍ മന്ത്രി സഭ അതിന് പശ്ചാത്തലമൊരുക്കി. ഇതിന്റെ ഭാഗമായിട്ടാണ് മട്ടാഞ്ചേരി പാലത്തില്‍ ബി. ഒ. ടി പദ്ധതി കേരളത്തില്‍ നടപ്പിലായത്. ആ കാലഘട്ടത്തില്‍ തന്നെയാണ് കൊക്കക്കോളയും പെപ്‌സിയും കേരളത്തിലെത്തിയത്. എസ്എന്‍സി ലാവ്‌ലിനെ അവരുടെ വ്യവസ്ഥകള്‍ അംഗീകരിച്ച് വരവേറ്റതും ഇതേ കാലഘട്ടത്തില്‍ തന്നെ. 

കേരളീയ ജീവിതവും കേരളവികസനവും നേരിടുന്ന പ്രതിസന്ധിക്കിടയാക്കിയ രാഷ്ട്രീയ കാരണങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഡബ്‌ളിയു.ടി.ഒ നിലവില്‍ വന്ന ശേഷം 72ല്‍ പരം രാജ്യങ്ങള്‍ ദരിദ്രവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. വളര്‍ച്ചാ നിരക്ക് സംബന്ധിച്ച് ഭരണകൂടം നിരത്തുന്ന കണക്കുകള്‍ മാറ്റിവെച്ചാല്‍ ദരിദ്രവല്‍ക്കരിക്കപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താം. ആഗോളവല്‍ക്കരണം വികസന ത്തിന്റെ പുതുവഴികള്‍ വെട്ടിത്തുറന്നു വെന്ന് അവകാശപ്പെടുന്ന പരിഷ്‌കരണവാദികളുടെയും വര്‍ഗ്ഗ ബോധത്തിന് പകരം നവ സാമൂഹിക സ്വത്വബോധബദല്‍ ഇറക്കുമതി ചെയ്ത എന്‍ജിഒ കളുടെയും വികസന സമീപനത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല സിപിഎമ്മിന്റെ വികസനനയം. മാറിവന്ന സര്‍ക്കാരുകള്‍ മത്സരിച്ച നടപ്പിലാക്കിയ നവഉദാരീകരണ - ആഗോളീകരണ നയങ്ങളുടെ ഏറ്റവും പ്രകടമായ ഫലം കേരളത്തില്‍ പുത്തന്‍ സമ്പന്ന വര്‍ഗ്ഗം (ചലം ഞശരവ) ഉയര്‍ന്നു വന്നിരിക്കുന്നു എന്നതാണ്. പുത്തന്‍ പണക്കാരും കുത്തകകളും കയ്യടക്കി വെച്ചിരിക്കുന്ന ലക്ഷക്കണക്കിനേക്കര്‍ ഭൂമിയില്‍ നിന്ന് ഒരു പിടി മണ്ണ് പോലും ഭൂരഹിതര്‍ക്ക് നല്‍കാന്‍ സിപിഎമ്മിനായിട്ടില്ല. 1957 ലെ ഭൂപരിഷ്‌കരണ നിയമം ലക്ഷ്യമിട്ട ഭൂമിയുടെ നീതിപൂര്‍വ്വമായ പുനര്‍ വിതരണം, പാട്ടവ്യവസ്ഥ ഇല്ലാതാക്കല്‍, മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ച് കൊടുക്കല്‍ മുതലായവയൊന്നും യാഥാര്‍ത്ഥ്യമായില്ല. മാത്രമല്ല പാട്ട വ്യവസ്ഥ കേരളത്തില്‍ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. പതിനായിരക്കണക്കിന് വരുന്ന കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ പതിനായിരക്കണക്ക് ഏക്കറിന് പാട്ടകൃഷിനടത്തുന്നുണ്ട്. ഇത് വികസനമാണെന്ന് അംഗീകരി ക്കാനും അത്തരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സിപിഎമ്മിന് കഴിയുന്നത് നവലിബറലിസത്തിന്റെ ഏജന്റായി മാറിയതുകൊണ്ടാണ്. 

കേരളീയജീവിതത്തെ കീഴടക്കിയ നവ കൊളോണിയലിസത്തി നെതിരെ ശക്തിപ്രാപിച്ചു വരുന്ന സമരങ്ങള്‍ക്കൊപ്പം ഒരിക്കലും സിപിഎം നിലയുറപ്പിച്ചിട്ടില്ല. ജനങ്ങലുടെ നികുതിപ്പണവും പ്രകൃതിവിഭവങ്ങളും ഭൂമിയും പൊതുമേഖലാബാങ്കുകളിലെ ലക്ഷക്കണക്കിന് കോടി രൂപയും നിക്ഷേപങ്ങളും കോര്‍പ്പറേറ്റു കള്‍ക്ക് കൈമാറി കേരളത്തെ (ഇന്ത്യയെ) നശിപ്പിക്കുന്ന പിപിപി (പൊതുസ്വകാര്യപങ്കാളിത്തം) പദ്ധതികള്‍ക്കൊപ്പം നിന്ന് കൊണ്ട് വികസനം നടപ്പിലാക്കുമെന്ന പ്രഖ്യാപനം സിപിഎം ആര്‍ക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കുന്നു. വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച് പിണറായി വിജയന്റെ പ്രസ്താവന ഏത് തരത്തിലുള്ള വികസന സമീപനമാണ് ഭാവിയില്‍ സ്വീകരിക്കാന്‍ പോകുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ്. ആഗോള - സ്വദേശി കുത്തകകള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ച് കൊടുത്ത സെസ്സ് (ടഋദ, പ്രത്യേക സാമ്പത്തിക മേഖല) നിയമം നടപ്പിലാക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാരിനൊപ്പം നിന്ന സിപിഎമ്മിന് എങ്ങനെയാണ് ഐടി മേഖലയിലെ കൂലിയടിമ ത്തത്തിനെ എതിര്‍ക്കാനാവുക? സാമ്രാജ്യത്വ രാജ്യങ്ങളില്‍ ഐടി മേഖലയില്‍ നിലനില്‍ക്കുന്ന കൂലിയുടെ വെറും മൂന്നു ശതമാനം മാത്രമാണ് ഇന്ത്യയില്‍ (കേരളത്തിലും). തൊഴിലാളി വര്‍ഗ്ഗ ത്തിന്റെ യജമാനന്മാര്‍ ഇതൊന്നും കണ്ടിട്ടില്ല. 

ഇത് വെറും അധികാരയാത്രമാത്രം. നവകേരളത്തെ സൃഷ്ടിക്കാ നുള്ള ഒരു പദ്ധതിയും മുന്നോട്ടു വെക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സിപിഎമ്മിനില്ല. പരിഷ്‌കരണവാദത്തിന്റെ കൊടി കേരളത്തിന്റെ മണ്ണിലുറപ്പിച്ച് ആഗോളമൂലധനത്തിന്റെ നാശോന്മുഖവികസനത്തിന് ജനകീയ മുഖം നല്‍കാനുള്ള ജാഥകളെ കേരള ജനത തള്ളിക്കളയുമെന്നതില്‍ സംശയമില്ല. 

* സഖാവ് മാസിക. 2016 ഫെബ്രുവരി ലക്കം.