"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 9, വ്യാഴാഴ്‌ച

അജ്ഞാതനായ അയ്യന്‍കാളി; വര്‍ത്തമാനകാലം - ദലിത്ബന്ധു എന്‍ കെ ജോസ്


അയ്യന്‍കാളി നടത്തിയത് സ്വാതന്ത്ര്യസമര പോരാട്ടങ്ങളാണ്. യഥാര്‍ത്ഥത്തില്‍ നാമിന്നു സ്വതന്ത്രരാണോ? അവിടെ തൊട്ടുവേണം ചര്‍ച്ച തുടങ്ങേണ്ടത്. 1947 ആഗസ്റ്റ് 15 ന് ഇംഗ്ലീഷുകാര്‍ ഈ രാജ്യം വിട്ടുപോയത് നാം കണ്ടതാണ്. ഇന്നത്തെ പലരും കണ്ടില്ലെങ്കിലും എന്നെ പോലുള്ള കഴിഞ്ഞ തലമുറ അതിന് ദൃക്‌സാക്ഷികളാണ്. അതാണ് സ്വാതന്ത്ര്യമെങ്കില്‍ നാമിന്ന് സ്വതന്ത്രരാണ്. 

എന്നാല്‍ ആ സ്വാതന്ത്ര്യം വെറും രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണ്. തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യത്തില്‍ കവിഞ്ഞ ഒന്നും അതുകൊണ്ട് ലഭിച്ചിട്ടില്ല. ആ 'തമ്പ്രാനെ''ജയിപ്പിക്കണോ ഈ 'തമ്പ്രാനെ''ജയിപ്പിക്കണോ? അല്ലെങ്കില്‍ ആ തമ്പ്രാന്റെ അടിമയെ ജയിപ്പിക്കണോ ഈ തമ്പ്രാന്റെ അടിമയെ ജയിപ്പിക്കണോ എന്നു തീരുമാനിക്കാനുള്ള അവസരം. ഒരു സ്ഥാനാര്‍ത്ഥിയായി നില്‍ക്കണമെന്നുണ്ടെങ്കില്‍ പോലും ഏതെങ്കിലും തമ്പ്രാന്റെ രാഷ്ട്രീയപാര്‍ട്ടി കനിയണം. രാഷ്ട്രീയ പാര്‍ട്ടികളെല്ലാംസവര്‍ണ്ണമേധാവിത്വമുള്ളതാണ്. ഉത്തരേന്ത്യയില്‍ പലസ്ഥലത്തും വോട്ടുചെയ്യുക എന്ന കടമയില്‍ നിന്നുപോലും ദലിതര്‍ ഒഴിവാക്കപ്പെട്ടു കൊണ്ടിരി ക്കുകയാണ്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഗുണ്ടകള്‍ ആ ജോലി ദലിതര്‍ക്കു വേണ്ടി ചെയ്തുകൊള്ളും. തങ്ങളൊന്നും അറിയേണ്ടാ.

ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും ഏതുവിധത്തിലാണ് ഭരിക്കപ്പെടേണ്ടത് എന്നു തീരുമാനിക്കുന്നിടത്ത് ദലിതര്‍ക്കും എന്തെങ്കിലും പങ്കാളിത്തം ഇന്നുണ്ടോ? നിയമനിര്‍മ്മാണ സഭകളിലും ഉദ്യോഗവൃന്ദങ്ങളിലും നിതിന്യായ തലത്തിലും ഇപ്പോഴും ദലിതര്‍ക്കുള്ള പങ്കാളിത്തം സംശയാസ്പദമാണ്. സംവരണത്തിലൂടെ പോലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധി കളാല്ലാത്ത യഥാര്‍ത്ഥ ദലിത് സമൂഹത്തിന്റെ പ്രതിനിധികളാരും ഇവിടുത്തെ ജനപ്രതിനിധി സഭകളില്‍ ഒരിടത്തും പങ്കെടുക്കുന്നില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തന്നെ ദലിത്‌വിരുദ്ധവിഭാഗങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലു ള്ളവയാണ്. ആ സംവിധാനം നടപ്പാക്കുന്നതിനുവേണ്ടി എം.കെ. ഗാന്ധി 1932 സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ പൂനായിലെ യര്‍വാദാ ജയിലില്‍ ഉപവാസ മനുഷ്ഠിച്ചു. വിജയം നേടി.

ഉദ്യോഗനിയമനരംഗത്ത് ആറ് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ സംവരണക്വോട്ടാ പോലും തികയ്ക്കാന്‍ കഴുഞ്ഞിട്ടില്ല. സംവരണക്വോട്ടായുടെ അഞ്ചു ശതമാനം മാത്രമാണ് ഇന്ന് ദലിതര്‍ക്കു ലഭിച്ചിരിക്കുന്ന ഉദ്യോഗം. അതില്‍തന്നെ ഭൂരിഭാഗവും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് നിയമാനുസൃതം സംവരണം ചെയ്തിട്ടുള്ള ഉദ്യോഗങ്ങളില്‍ 40 ലക്ഷം സീറ്റുകളാണ് ഇന്ന് ഒഴിഞ്ഞു കിടക്കുന്നത് എന്ന് ഈ അടുത്തദിവസം ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി./എസ്.റ്റി. ഓര്‍ഗനൈ സേഷന്റെ ദേശീയ ചെയര്‍മാന്‍ ശ്രീ രാംരാജ് പാറ്റ്‌നായില്‍വച്ചു പ്രസ്താവിക്കുകയുണ്ടായി. രണ്ടായിരാമാണ്ടു ഏപ്രില്‍ മാസം 28-ാം തീയതി കേരളകൗമുദി ദിനപ്പത്രം അതേപ്പറ്റി എഡിറ്റോ റിയല്‍ എഴുതുകയും ചെയ്തു. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസു ഉദ്യോഗങ്ങളാണ് അങ്ങനെ ഒഴിഞ്ഞു കിടക്കുന്നത്. അതാണ് കഴിഞ്ഞ അന്‍പത് വര്‍ഷത്തെ സവര്‍ണ്ണ വര്‍ഗ്ഗ ഭരണത്തിന്റെ സേവനം. റേഡിയോയിലും ടെലിവിഷനിലും പത്രങ്ങളിലും ഉദ്യോഗപ്പരസ്യം വരുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം പ്രത്യേകം കാണിച്ചി രിക്കും. അതിലൂടെ സര്‍ക്കാര്‍ ഉദ്യോഗ ങ്ങളുടെ ഒരു നല്ല ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ കൈയടക്കുന്നു എന്ന ധാരണ സവര്‍ണ്ണ ഉദ്യോഗാര്‍ത്ഥി കള്‍ക്കു ണ്ടാ കുകയും ചെയ്യും. അവരോടുള്ള അമര്‍ഷം സവര്‍ണ്ണ യുവാക്കളില്‍ നുരച്ചുപൊങ്ങും. അങ്ങനെ അടുത്ത തലമുറയും കിട്ടുന്ന ഏതുസന്ദര്‍ഭമുപയോഗിച്ചും ദലിതരെ അടിച്ചമര്‍ത്താനുള്ള ആവേശത്തോടെ വളരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ദലിത് ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തുകയും ദ്രോഹിക്കു കയും മറ്റും ചെയ്യുന്നതിന്റെ പശ്ചാത്തലം അതാണ്. ആ പ്രവണത ഇന്നും ഏറികൊണ്ടിരിക്കുകയാണ്. നീതിന്യായവകുപ്പില്‍ ദലിതര്‍ക്കുകൂടി പ്രാതിനിധ്യം നല്‍കണമെന്നുള്ള ആരോപണത്തില്‍ കഴമ്പുണ്ടെ ന്നുള്ള ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ശ്രീ.കെ.ആര്‍. നാരായണന്‍ തന്റെ ഔദ്യോഗിക കാലഘട്ടത്തില്‍ നടത്തിയ പരാമര്‍ശനം ആ രംഗത്തെ സ്ഥിതി വ്യക്തമാക്കുന്നുണ്ട്.

ദലിത് മാതാപിതാക്കന്മാരില്‍ നിന്നും ജനിച്ച നൂറ്റിയിരുപതുപേര്‍ ഈ രാജ്യത്തിന്റെ പരമാധികാരസഭയായ പാര്‍ലമെന്റില്‍ കാലാകാലങ്ങ ളില്‍ പോകുന്നുണ്ട്. അത് ഭരണഘടനാ വ്യവസ്ഥ യാണ്. അവരെല്ലാം ദലിത് സ്ത്രീകളില്‍ നിന്നും ജനിച്ചു എന്നതില്‍ കവിഞ്ഞ ഒരു ദലിതത്വവും അവരില്‍ ആരിലുമില്ല. ഉണ്ടായിരുന്നുവെങ്കില്‍ സിന്ദൂരും നാഗപ്പൂരും ബല്‍ചിയും പിപ്രയും ലക്ഷ്മണ്‍പൂരും ശങ്കര്‍ബിഹായും ദലേല്‍ചൗക്കും ഒന്നും ഇവിടെ ഉണ്ടാകുമായിരുന്നില്ല. അതെല്ലാം സംഭവിച്ചിട്ടും അവരവിടെത്തന്നെ ഇരിക്കുന്നു എന്നതിന്റെയര്‍ത്ഥം അവരാരും രണ്‍വീര്‍സേന കൊന്നവരുടെ വംശത്തില്‍പ്പെട്ടവരല്ലാ എന്നതാണ്. സ്വന്തം സഹോദരീസഹോദരന്‍മാര്‍ അകാരണം നിഷ്‌ക്ക രുണം ബലാല്‍സംഗപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് എങ്ങനെ കണ്ണടയ്ക്കാന്‍ കഴിയും? അവരുടെ രക്തം എങ്ങനെ ചൂടാകാതിരിക്കും? ചോര ചോരയെ നോക്കി നിലവി ളിക്കുകയില്ലേ? മനുഷ്യവംശത്തില്‍ എവിടെയും നടന്നിട്ടുള്ളത് അതാണ്. മൃഗങ്ങളിലും.

മൂവായിരം കൊല്ലംകൊണ്ട് നമ്മുടെ രക്തം ഉറഞ്ഞു കട്ടിയായി പ്പോയോ? എന്നിട്ടും അയ്യന്‍കാളിയുടെയും അംബേദ്ക്കറു ടെയും രക്തം ആ വിധത്തില്‍ ഉറഞ്ഞു കട്ടിയായില്ലല്ലൊ. അംബേദ്ക്കര്‍ രക്തം വിയര്‍ത്ത് പിടിച്ചുവാങ്ങി ഭരണഘടനയില്‍ രേഖപ്പെടുത്തി വച്ചിരി ക്കുന്ന അവകാശങ്ങള്‍ നടപ്പാക്കിക്കാന്‍ പോലും എത്ര ദലിത് എം.പി.മാര്‍ ശ്രമിച്ചു? എം.എല്‍.എമാര്‍ ശ്രമിച്ചു? ശ്രമിച്ചി രുന്നുവെങ്കില്‍ നാല്പതു ലക്ഷം ഉദ്യോഗങ്ങള്‍ ഒഴിഞ്ഞുകിട ക്കുമായിരുന്നുവോ? അവ നികത്തപ്പെട്ടി രുന്നുവെങ്കില്‍ നാല്പതു ലക്ഷം കുടുംബങ്ങള്‍ രക്ഷപ്പെടു മായിരുന്നു. കുറഞ്ഞത് 240 ലക്ഷം ദലിതര്‍ മോചിക്കപ്പെ ടുമായിരുന്നു. 8 ശതമാനം ദലിതര്‍. അതിനുപോലും തയ്യാറാകാത്തവരുടെ ദലിതത്വത്തിന് എന്താ ണര്‍ത്ഥം? എന്തുകൊണ്ട് പത്തു യുവാക്കള്‍ എല്ലാം വെടിഞ്ഞ്‌ സമുദായത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ വരുന്നില്ലാ.

ആരാണ് യഥാര്‍ത്ഥ ദലിതര്‍ എന്നറിയാന്‍ പാടില്ലാത്തവരാണ് ഇന്നത്തെ സംവരണ എം.പി.മാരിലും എം.എല്‍.എ.മാരിലും പലരും. ഇവിടുത്തെ സവര്‍ണ്ണര്‍ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി കളിലേ തിലെങ്കിലും അംഗങ്ങളാണവര്‍. അവരുടെ പാര്‍ട്ടി വിപ്പ് പറയുന്നിടത്തെല്ലാം കൈപൊക്കാന്‍ വേണ്ടിയാണ് അവരെ അവിടെ കൊണ്ടു വന്നിട്ടുള്ളത്. ദലിതര്‍ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക ളൊന്നും ഇന്നുവരെ ഇവിടെയില്ല. ഒരുപക്ഷെ കാന്‍ഷിറാമി ന്റെയും മായാവതിയുടെയും ബഹുജന്‍സമാജ് പാര്‍ട്ടി ഒഴിച്ച്. ദലിതരുടെ താല്പര്യവും സവര്‍ണ്ണ പാര്‍ട്ടികളുടെ താല്പര്യവും തമ്മില്‍ വിരുദ്ധമാകുമ്പോള്‍ സവര്‍ണ്ണര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടികളിലൂടെ തെരെഞ്ഞെടുക്കപ്പെട്ട പ്രസ്തുത എം.പി. മാരും എം.എല്‍.എ മാരും തങ്ങളുടെ തനിനിറം കാണിക്കും. അവര്‍ ദലിതരെ വഞ്ചിച്ചുകൊണ്ട് സ്വന്തം പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ കൈപൊക്കും. കേരള നിയമസഭയിലെ ആദിവാസി ഭൂസംരക്ഷണ നിയമത്തിന്റെ പേരില്‍ നടന്നതു മറക്കാന്‍ കാലമായിട്ടില്ലല്ലൊ.

അവിടെ 1975 ലെ ആദിവാസി ഭൂസംരക്ഷണനിയമവും 1995ലെ ആദിവാസി ഭൂസംരക്ഷണഭേദഗതിനിയമവും ഏകകണ്ഠമായി പാസ്സാക്കിയപ്പോള്‍ കൈപൊക്കാന്‍ ദലിതരുണ്ടായിരുന്നു. അവരില്‍ ഒരാള്‍പോലും കൈപൊക്കാതിരുന്നില്ല. അവയില്‍ ഒന്നു മറ്റൊന്നിനെ ഇല്ലാതാക്കുകയായിരുന്നു. പരസ്പരവിരുദ്ധമായ കാര്യത്തില്‍ ഒരേ കൈതന്നെ പൊക്കേണ്ടിവരുന്ന ഗതികേടിനെ പ്പറ്റിപോലും അവരിലാരും ചിന്തിച്ചില്ല. ഇന്ത്യന്‍ പ്രസിഡന്റ് കെ.ആര്‍. നാരായണന്റെ ഓഫീസിലെ സവര്‍ണ്ണ ഉദ്യോഗസ്ഥന്‍മാര്‍ കേരളത്തിലെ ആദിവാസികളോട് കാണിച്ചത്ര നീതി കാണിക്കാന്‍ പോലും ഈ ദലിത് എം.എല്‍.എമാരാരും തയ്യാറായില്ല. ശ്രീ.കെ. ആര്‍. നാരായണന്റെ പ്രസിഡന്റ് സ്ഥാനം പട്ടിക ജാതിക്കാര്‍ക്കു വേണ്ടി സംവരണം ചെയ്തിട്ടുള്ളതല്ല. സവര്‍ണ്ണര്‍ക്കു പറ്റിയ ഒരു കൈയബദ്ധമാണത്. അതിന് അന്നവര്‍ പിഴ മൂളി. പക്ഷെ ശ്രീ.കെ.ആര്‍.നാരായണന്‍ ഉറച്ചു നിന്നതുകൊണ്ടാണ് കേരളത്തിലെ ആദിവാസികള്‍ തല്‍ക്കാലം ഉന്‍മൂലനം ചെയ്യപ്പെ ടാതെ വന്നത്. പക്ഷെ മുത്തങ്ങായിലൂടെയും ചെങ്ങറ യിലൂടെയും മറ്റും അത് സംഭവിച്ചു കൊണ്ടിരിക്കുക യാണിപ്പോള്‍.

ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് മനുഷ്യനായി ജീവിക്ക ണമെന്നുണ്ടെങ്കില്‍ ആ രാജ്യത്ത് മറ്റു ജനങ്ങള്‍ക്കൊപ്പമുള്ള അധികാരപങ്കാളിത്തവും കര്‍ത്തവ്യബോധവും ആവശ്യമാണ്. അതിന്നും ദലിതര്‍ക്കില്ല. ഇന്ത്യ ഇന്നും ബി.സി നൂറ്റാണ്ടിലെ ഗ്രീസ്സിലെ സിറ്റി സ്റ്റേറ്റുകളുടെ തലത്തില്‍ നിന്നും വളര്‍ന്നിട്ടില്ല. അന്ന് അവിടെ പൗരന്മാരെല്ലാം തുല്യരായിരുന്നു. രാജ്യഭരണം അവരുടെ പൊതുതീരുമാനമനുസരിച്ചായിരുന്നു. എന്നാല്‍ അടിമകള്‍ അവിടെ പൗരന്മാരായിരുന്നില്ല. അവര്‍ ഏറെ ഉണ്ടായിരുന്നുതാനും. അവരെ കൂടാതെയുള്ള ജനാധിപത്യമാണ് അവിടെ നിലനിന്നിരുന്നത്. ദലിതര്‍ ഇന്നും ഇവിടെ മനുഷ്യരല്ല, സ്വാതന്ത്ര്യമുള്ള മനുഷ്യരല്ല. 1855 ല്‍ അടിമത്തം നിര്‍ത്തലാക്കി യത് കടലാസില്‍ മാത്രം. അതുകൊണ്ടാണ് ഇന്നും ആ വിളംബ രത്തിന്റെ അനുസ്മരണം പോലും സര്‍ക്കാര്‍ നടത്താത്തത്. അതിന് എട്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം നടത്തിയ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ അനുസ്മരണം വര്‍ഷം തോറും സര്‍ക്കാര്‍ മുടങ്ങാതെ നടത്തുന്നതും അതുകൊണ്ടാണ്. അടിമത്വ നിരോധന വിളംബരം മൂലം അടിമ മനുഷ്യനായി. ക്ഷേത്രപ്രവേശന വിളംബരം മൂലം അവന്‍ ഹിന്ദുവായി. അങ്ങനെ വീണ്ടും അടിമയായി.12

1947 നു ശേഷം ഉണ്ടായ ചില ചെറിയ മാറ്റങ്ങളെ ചൂണ്ടിക്കാ ണിച്ചുകൊണ്ട് ദലിതരോട് സര്‍ക്കാരും സവര്‍ണ്ണരും നീതികാട്ടി എന്നവകാശപ്പെടുന്നു. അങ്ങനെ അവകാശപ്പെടുന്ന സവര്‍ണ്ണരുടെ ജീവിതത്തില്‍ ആ കാലഘട്ടത്തില്‍ അനുഭവപ്പെട്ട മാറ്റങ്ങളെ മനസിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ ദലിതരുടെ ജീവിതത്തില്‍ അനുഭവപ്പെടുന്ന മാറ്റങ്ങളെ താരതമ്യം ചെയ്യുകയും ചെയ്താല്‍ ദലിതന് ഇവിടെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാവുന്നതാണ്. 

ഇന്നിവിടെ അയിത്തം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. പക്ഷെ അത് കടലാസില്‍ മാത്രം. ജാതി മതവിശ്വാസത്തിന്റെ ഒരു ഭാഗമായിരിക്കുന്ന ജനം ജീവിക്കുന്ന രാജ്യത്ത് ആ മതവിശ്വാസ ത്തില്‍പ്പെട്ടവര്‍ ഭൂരിപക്ഷ മുള്ളപ്പോള്‍ എത്ര നിയമം പാസ്സാക്കി യാലും ഇവിടെ അയിത്തവും ഉച്ചനീചത്വവും നശിക്കുകയില്ല. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പുത്രന് ഗുരവായൂര്‍ ക്ഷേത്ര ത്തില്‍ ലഭിച്ച അനുഭവം മാത്രം മതിയല്ലോ ഇപ്പോഴും ഇവിടെ ജാതിയും അയിത്തവും ത്രസ്സിച്ചു നില്‍ക്കുക യാണ് എന്ന് ബോധ്യപ്പെടാന്‍. അയിത്തം തൊട്ടുകൂടായ്മയും തൊട്ടാല്‍ കുളിക്കണം എന്നതും മാത്രമല്ല. ഒരു നായര്‍ ഒരു പുലയ സ്ത്രീയെ പ്രേമിച്ച് വിവാഹം കഴിച്ചാല്‍ ആ നായരുടെ ബന്ധുക്കള്‍ ആ പുലയ സ്ത്രീയോട് തങ്ങളുടെ ബന്ധത്തില്‍പെട്ട മറ്റ് നായര്‍ സ്ത്രീകളോട് എന്നപോലെ വര്‍ത്തിക്കാ തിരിക്കു ന്നതും അയിത്തമാണ്. ഒരു ബ്രാഹ്മണ കാപ്പി ശാപ്പാട് ഹോട്ടല്‍ എത്ര വൃത്തിഹീനമായിരു ന്നാലും അവിടെ കയറി ഭക്ഷണം കഴിക്കാന്‍ഒരു ദലിതന് മാനസികമായ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുകയില്ല. എന്നാല്‍ ഒരു പറയ ഹോട്ടല്‍ എത്ര വൃത്തിയുളളതായിരുന്നാലും ഒരു നമ്പൂതിരി അവിടെക്കയറി ഇന്നും ഭക്ഷണം കഴിക്കുമോ? കേരളത്തിലെ വളരെ ഈഴവ-ദലിത് യുവാക്കള്‍ പാണ്ടിയില്‍ പോയി തോളില്‍ ഒരു പൂണൂല്‍ ധരിച്ച് ബ്രാഹ്മണനാണെന്ന നാട്യത്തില്‍ ഹോട്ടല്‍ ജോലി നോക്കാറുണ്ട്. എന്നാല്‍ പൂണൂല്‍ ഇല്ലാതെ ദലിതനാണ് എന്ന സത്യവും പറഞ്ഞു ചെന്നാല്‍ ജോലി ലഭിക്കുകയില്ല. അയിത്ത ജാതിയില്‍ ജനിക്കുന്നതിന്റെ കാരണം കഴിഞ്ഞ ജന്മത്തിലെ തിന്മയുടെ ഫലമാണ് എന്ന മതവിശ്വാസം നിലനില്‍ക്കുമ്പോള്‍ ഉയര്‍ന്ന ജാതിക്കാരോടെന്ന പോലെ താഴ്ന്ന ജാതിക്കാരോട് പെരുമാറുക സാധ്യമല്ല. കുഷ്ഠരോഗം ദൈവശിക്ഷയുടെ ഫലമാണ് എന്ന് വിശ്വസിച്ചിരുന്ന കാലത്ത് അവരെ ഗ്രാമത്തിനു പുറ ത്തേയ്ക്ക് തള്ളിക്കളയാതെ അവരെ ചികിത്സിച്ചു സുഖപ്പെടുത്തി സമുദായത്തില്‍ ഉള്‍ക്കൊള്ളാന്‍ വേണ്ടി ആദ്യം ചെയ്യേണ്ടത് ആ അന്ധവിശ്വാസം ഇല്ലാതാക്കുക എന്നതാണ്. അതിനാല്‍ അയി ത്തവും ജാതിയും ഇല്ലാതാക്കുന്നതിന് ജന്മപുനര്‍ജന്മ വിശ്വാസവും കര്‍മ്മ സിദ്ധാന്തവും തള്ളിക്കളയുകയാണ് വേണ്ടത്. കഴിഞ്ഞ ജന്മവും ഈ ജന്മവുമായി ഒരു ബന്ധവുമില്ല എന്ന സത്യം ബോധ്യപ്പെടണം. കഴിഞ്ഞ ജന്മവും വരും ജന്മവും വെറും ഭാവന മാത്രമാണെന്ന് മനസ്സിലാക്കണം. ഇവിടത്തെ സാംസ്‌കാരിക നായകര്‍ എന്ന അവകാശ പ്പെടുന്നവര്‍പോലും 'മുജ്ജന്മസുകൃതം'' എന്നെല്ലാം പറയുമ്പോള്‍ അവര്‍ സാംസ്‌ക്കാരിക നായകരല്ലെന്നും സംസ്‌ക്കാരം അവരെ തൊട്ടു തീണ്ടിയിട്ടില്ലെന്നുമുള്ള സത്യം മനസിലാക്കണം.13 ജന്മ ജന്മാന്തര സിദ്ധാന്തം കൂടാതെ ഹിന്ദുമതം നിലനില്‍ക്കുമോ? ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥയും കര്‍മ്മസിദ്ധാന്തവും ഇല്ലാത്ത ഹിന്ദുമതം ഹിന്ദുമതമാണോ? ഋഗ്വേദവും ഭഗവത്ഗീതയും മനുസ്മൃതി യുമില്ലാതെ ഹിന്ദുമതം നിലനില്‍ക്കുമോ? അപ്പോള്‍ ഹിന്ദുമതത്തെ ഉപേക്ഷിക്കുക; അതാണ് അംബേദ്ക്കറും അയ്യന്‍കാളിയും ചെയ്തത്. എന്നിട്ട് അവരെയാണ് ഇന്ന് ഹിന്ദുമത പരിഷ്‌ക്കരണവാദികള്‍ എന്ന് മുദ്രയടിക്കുന്നത്.

ചണ്ഡാലരുടെ ശത്രുക്കള്‍ ബ്രാഹ്മണരാണ്. ചണ്ഡാലരെ ചൂഷണം ചെയ്യുന്നത് ബ്രാഹ്മണരാണ്. ആ ബ്രാഹ്മണരുടെ ദൈവങ്ങളെ ആരാധിക്കുന്ന ചണ്ഡാലര്‍ക്ക് എങ്ങനെ ബ്രാഹ്മണരുടെ ചൂഷണ ത്തില്‍ നിന്നും മോചനം നേടാന്‍ കഴിയും. തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളെ നിയന്ത്രിക്കുന്നവര്‍ക്ക് തങ്ങളുടെ ശരീരത്തെയും പണസഞ്ചിയേയും നിയന്ത്രിക്കാന്‍ കഴിയും. അങ്ങനെ ബ്രാഹ്മണര്‍ ചണ്ഡാലരുടെ ദൈവങ്ങളെ മാത്രമല്ല അവരുടെ ജീവിതത്തേയും പണസഞ്ചിയേയുംനിയന്ത്രിക്കുന്നു. അതു നടക്കുന്നിടത്തോളം കാലം ചണ്ഡാലരുടെ മോചനം അസാധ്യമാണ്. 

ഈ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ടു വേണം അയ്യന്‍കാളിയെ കാണേണ്ടത്, അദ്ദേഹത്തെപ്പറ്റി പഠിക്കേണ്ടത്, അദ്ദേഹം നയിച്ച സ്വാതന്ത്ര്യസമരങ്ങളെ വിലയിരുത്തേണ്ടത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലമായ 1893 മുതല്‍ 1941 വരെ യുള്ള അരനൂറ്റാണ്ടിനുള്ളില്‍ കേരളത്തിലെ ദലിതര്‍ക്കുണ്ടായ മാറ്റവും അതിനു ശേഷം 1947 മുതല്‍ 2009 വരെയുള്ള കാലത്തു ണ്ടായ മാറ്റവും ഒന്ന് താരതമ്യം ചെയ്യുമ്പോഴാണ് അയ്യന്‍കാളി യുടെ മഹത്വം വെളിവാകുന്നന്; വര്‍ത്തമാനകാലത്തെ ആ രംഗത്തെ പാപ്പരത്തം മനസ്സിലാകുന്നത്.