"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 21, ചൊവ്വാഴ്ച

പ്രബുദ്ധതയുടെ രാഷ്ട്രീയം - സജി വള്ളോത്യാമല


യഥാര്‍ത്ഥ നവോത്ഥാന പോരാട്ടങ്ങളെ തഴഞ്ഞു കൊണ്ട് ഫ്യൂഡല്‍ വ്യവസ്ഥയ്ക്കു ഇളക്കം സംഭവിക്കാത്ത പോരാട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിനാണ് കാലാകാലങ്ങളായുള്ള ഇവിടുത്തെ ചരിത്രകാരന്മാര്‍ ശ്രദ്ധിക്കാറുള്ളത്. അതുകൊണ്ടാണ് നാം പല ചരിത്ര സംഭവങ്ങളെക്കുറിച്ച് അറിയാതെ പോവുന്നത്. ശ്രീനാരായണഗുരു ദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയ്ക്കു മുമ്പ് 36 വര്‍ഷം മുന്‍പ് അദ്ദേഹം ജനിക്കുന്നതിന് 4 വര്‍ഷം മുമ്പ് ആലപ്പുഴ ആറാട്ടു കടവില്‍ ശിവക്ഷേത്രം പണിതു പ്രതിഷ്ഠ നടത്തിയ, കാര്‍ഷിക പണിമുടക്കു നടത്തിയ (കാര്‍ത്തികപള്ളി താലൂക്കില്‍) മുക്കുത്തി ലഹളയ്ക്കു നേതൃത്വം കൊടുത്ത വേലായുധപണിക്കരെയും (1809-1851) അരുവിപ്പുറം പ്രതിഷ്ഠ യ്ക്കു മുമ്പ് കണ്ണാടി പ്രതിഷ്ഠ നടത്തിയ വൈകുണ്ഠ സ്വാമിയും ചരിത്രത്തിലാദ്യമായി പന്തിഭോജനം നടത്തിയ തൈക്കാട് അയ്യാസ്വാമിയും ഇവിടെ ചരിത്രത്തില്‍ ആരാലും അറിയപ്പെടാ ത്തവരാണ്. കേരളജനതയുടെ നവോത്ഥാന കാലഘട്ടത്തില്‍ അരങ്ങേറിയ പ്രധാന സമരങ്ങള്‍ ഇവയായി രുന്നു. 

1. ചാന്നാന്‍ ലഹള (1822-29, 1859)
2. മുക്കുത്തി ലഹള (1852)
3. മലയാളി മെമ്മോറിയല്‍ (1891)
4. ഈഴവമെമ്മോറിയല്‍ (1836) 
5. ബൈബിള്‍ കത്തിയ്ക്കല്‍ (1899) 
6. കാര്‍ഷിക സമരം (1907) 
7. കായല്‍ സമരം (1912)
8. കല്ലുമാല ബഹിഷ്‌ക്കരണം (1915)
9. മിശ്രഭോജനം (1917) 
10. വൈക്കം സത്യാഗ്രഹം (1924-25) 
11. ഗുരുവായൂര്‍ സത്യാഗ്രഹം (1931) 
12. നിവര്‍ത്തന പ്രക്ഷോഭം (1932) 
13. പാലീയം സത്യാഗ്രഹം (1948) 

മുകളില്‍ പ്രസ്താവിച്ചിരിക്കുന്ന പല ചരിത്ര സംഭവങ്ങളും ഇവിടുത്തെ സവര്‍ണ്ണ ചരിത്രകാരന്‍മാര്‍ അംഗീകരിക്കാന്‍ ശ്രമിക്കാതിരുന്നതിന്റെ കാരണം ഇവിടുത്തെ വര്‍ണ്ണവ്യവസ്ഥ യാണ്. അടിസ്ഥാന ജനതയുടെ പൊതുവേദിയായി മഹാത്മ അയ്യന്‍ങ്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റെ കാലം മുതലാണ് ഇവിടുത്തെ നവോത്ഥാനയുഗം ആരംഭിക്കുന്നത്. (കടപ്പാട്, രാജഗോപാല്‍ വാകത്താനം, ആദിയല്‍ദീപം 2006, ജ-46) 

അന്നു മുതലിന്നുവരെയുണ്ടായ നേട്ടമെന്നുപറയപ്പെടുന്നതും അവര്‍ മാത്രം നേടിതന്ന നേട്ടങ്ങളെ അടിസ്ഥാന ജനതയ്ക്കുള്ളൂ.

1976 - ലെ പട്ടികജാതി-വര്‍ഗ്ഗഭേദഗതി ഉത്തരവിലൂടെ 68 പട്ടികജാതിയും 35 പട്ടിക വര്‍ഗ്ഗവും 77 പിന്നോക്ക വിഭാഗ സമുദായ ലിസ്റ്റുംമാണ് കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. 2001 ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം 9.81 എന്ന ശതമാനകണക്കില്‍ 3123941 പട്ടിക ജാതിക്കാരും 1.41 ശതമാന കണക്കു പ്രകാരം 364189 പട്ടികവര്‍ഗ്ഗക്കാരും ദലിത്‌ക്രൈസ്തവ വിഭാഗത്തില്‍ 191048 (6%) ജനങ്ങളും നാടാര്‍ വിഭാഗത്തില്‍ 318414 (1%) ജനങ്ങളുള്ളതായി സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രൈസ്തവദലിതരെയും കൂടി പട്ടികജാതി ലിസ്റ്റില്‍ പെടുത്തി കണക്കെടുക്കുകയാണെങ്കില്‍ 2001 ലെ കണക്കനുസരിച്ച് ജനസംഖ്യ 18 % ശതമാനമായി വര്‍ദ്ധിക്കും അതിന്റെ അര്‍ത്ഥം 5717028 ജനങ്ങള്‍ ഈ വിഭാഗത്തില്‍ ഉണ്ടെന്നുള്ളതാണ്. ഇതിന്റെയടിസ്ഥാ നത്തില്‍ 28 നിയമസഭാമണ്ഡലങ്ങളും സംസ്ഥാന കേന്ദ്രമന്ത്രിമാ രുടെ എണ്ണത്തിലും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ബഡ്ജറ്റ് തുകയുടെ വിഹിതത്തിലും ഉന്നത സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകളിലെ സീറ്റിന്റെ വിഹിതത്തിലും വികസന പ്രവര്‍ത്തനങ്ങളുടെ ആനുപാതികമായുള്ള വീതംവയ്ക്കലിന്റെ കാര്യത്തിലും ഉദ്ദ്യോഗസ്ഥനിയമനത്തിലുംഎം. പി. എം. എല്‍ എ മാരുടെ ഫണ്ടിന്റെ വിഹിതവും അവകാശപ്പെടുവാന്‍ നമുക്കവകാശമുണ്ട്. ഇത് 2014 ലെ കണക്കെടുപ്പു പ്രകാരമുള്ള താണ്. 2015 ആകുമ്പോള്‍ ഈ ജനതയുടെ വര്‍ദ്ധനവു നാം കണക്കാക്കേണ്ടതാണ്. എന്നാല്‍ ജാതി, ഉപജാതിയുടെ പേരുപറഞ്ഞ് മതത്തിന്റെ പേരുപറഞ്ഞ് പരസ്പരം ഭിന്നിപ്പിച്ച് 103 ജാതികളായി കഴിയുന്ന ഈ സമുദായങ്ങള്‍ക്ക് 207 സംഘടനകള്‍ ഉണ്ടാക്കി പരസ്പരം മത്സരിക്കുന്നു. 2012 ആഗസ്റ്റ് 31 വരെയുള്ള കണക്കു പ്രകാരം ദലിത് ക്രൈസ്തവര്‍ തന്നെ 21 സംഘടനകളായി ചിതറികിടക്കുന്നു. പുലയവിഭാഗത്തിന് കടലാസില്‍ ഒതുങ്ങാതെ പ്രവര്‍ത്തനമുള്ള 19 ജാതി സംഘടന കളും പറയ വിഭാഗത്തിന് 9 സംഘടനകളും തണ്ടാര്‍ സമുദായത്തിന് 5 സംഘടനകളും സിദ്ധനര്‍ക്ക് 4 സമുദായ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2012 ആഗസ്റ്റ് 31 വരെയുള്ള അന്വേക്ഷണത്തില്‍ കടലാസു സംഘടനകളല്ലാതെ ചെറിയ രീതിയിലെങ്കിലും പ്രവര്‍ത്തനമുള്ള സംഘടനയുടെ കണക്കു താഴെ ചേര്‍ക്കുന്നു.

1. പട്ടികജാതി സംഘടനകള്‍ - 88
2. പട്ടിക വര്‍ഗ്ഗ സംഘടനകള്‍ - 19
3. പട്ടിക ജാതി/വര്‍ഗ്ഗ സംയുക്ത സംഘടന - 47
4. ദലിത് സാംസ്‌കാരിക സംഘടന - 44
5. ദലിത് ക്രിസ്ത്യന്‍ സംഘടന - 20
6. മത നിയന്ത്രിത ദലിത് സംഘടന - 6
7. രാഷ്ട്രീയ പാര്‍ട്ടി പോഷക സംഘടന - 7
8. ഐക്യസമര സമിതി - 16
ആകെ 247 

(ദലിത് സംഘടനകള്‍ കേരളത്തില്‍, വി. ഐ. ബോസ്, വാകത്താനം ജ 24;31)

ഇത്രയധികം സാമുദായിക സംഘടനകളുണ്ടായിട്ടും ഈ വിഭാഗം ഒരു സമുദായിക, രാഷ്ട്രീയ സംഘടിത ശക്തിയായി മാറാത്ത തിന്റെ കാരണമാണ് നാം പഠിക്കേണ്ടത്. അശുദ്ധിയുടെയും മതപരമായുള്ള വിവേചനത്തെക്കുറിച്ചും, പ്രത്യയ ശാസ്ത്ര ത്തിന്റെ നിലപാടുകളും പഠിക്കുമ്പോള്‍ നാം അവയില്‍ നിന്നും എന്തുപഠിച്ചു എന്നുള്ളതും ഇവിടെ പ്രസക്തമാണ്.