"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 19, ഞായറാഴ്‌ച

പ്രത്യയ ശാസ്ത്രത്തിന്റെ നിലപാടുകള്‍ - സജി വള്ളോത്യാമല


'യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു. കമ്മ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തെ ആട്ടിപ്പുറത്താക്കുവാന്‍ യൂറോപ്പിലെ പഴമയുടെ ശക്തികളെല്ലാം, പോപ്പും സര്‍ ചക്രവര്‍ത്തിയും മെറ്റര്‍നിക്കും ഗിസോവും ചാരന്‍മാരുമെല്ലാം ഒരു പാവന സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്.' സാമ്പത്തികോത്പാദന വിനിമയങ്ങളുടെ രീതിയും അതില്‍ നിന്നും അനിവാര്യമായി ഉടലെടുക്കുന്ന രാഷ്ട്രീയ സാംസ്‌ക്കാരിക അടിത്തറയിലൂന്നിയുള്ള വര്‍ഗ്ഗ സമരങ്ങളുടെ ആകെത്തുകയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ഗ്രന്ഥം. 1847- നവംബറില്‍ ലണ്ടനില്‍ വച്ചു കൂടിയ പുരോഗമനവാദികളായ കമ്മ്യൂണിസ്റ്റുലീഗിന്റെ സമ്മേളനം മാനിഫെസ്റ്റോ തയ്യാറാക്കുവാന്‍ മാര്‍ക്‌സിനെയും എംഗല്‍സിനെയും ചുമതലപ്പെടുത്തി. 1848- ജൂണ്‍മാസം സായുധകലാപത്തിന്റെ അല്പം മുമ്പ് പാരീസില്‍ ഇതിന്റെ ഫ്രഞ്ചുഭാഷയിലുള്ള കരടുരൂപം പുറത്തുവന്നു. സായുധ കലാപം പരാജയമായി മാറിയതോടുകൂടി മുതയാളിത്വവര്‍ഗ്ഗം അധികാരത്തെ കൂട്ടുപിടിച്ചുകൊണ്ട് മേധാവിത്ത്വത്തിനായുള്ള കിടമത്സരവും കമ്മ്യൂണിസ്റ്റുലീഗിന്റെ കേന്ദ്രബോര്‍ഡിനെ തേടി പിടിച്ച് തടവിലാക്കുന്നതിനും, ഇല്ലാതാക്കാന്‍ ശ്രമിക്കുകകൂടി ചെയ്തതോടുകൂടി യൂറോപ്പിലെ രാഷ്ട്രീയ, സംസ്‌കാരിക, മാതാധിഷ്ഠിത മണ്ഡലങ്ങള്‍ പ്രശ്‌നബാധിതമായി മാറി. 1852-ല്‍ പ്രസിദ്ധമായ ' കോളോണ്‍ കമ്മ്യൂണിസ്റ്റു വിചാരണ' യെത്തുടര്‍ന്ന് തൊഴിലാളി വര്‍ഗ്ഗവിമോചന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമാവുകയും മുതലാളിത്ത്വവര്‍ഗ്ഗവും മതവും കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ഒരുമിച്ച് ഞങ്ങളുടെ ചെയ്തികള്‍ക്കു മൂര്‍ച്ചകൂട്ടി. 1874- ആയപ്പോഴെയ്ക്കും ലാറ്റിന്‍ രാജ്യങ്ങളിലെ പ്രദോണ്‍ വാദഗതികള്‍ അവസാനിച്ചു എങ്കിലും അതിലെ സോഷ്യലിസം തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രത്യാശയായി മാറുന്നതാണ് 1887 വരെയുള്ള കാലഘട്ടത്തില്‍ കാണുവാന്‍ കഴിയുന്നത്. പ്രാകൃതസാമൂഹിക ഘടനയില്‍ ഭൂമി പൊതുസ്വത്തായി നിലനിര്‍ത്തപ്പെട്ടപ്പോഴുണ്ടായിരുന്ന മനുഷ്യ ചരിത്രമൊഴിച്ചുള്ള ചരിത്രമെല്ലാം തന്നെ ചൂക്ഷകരുടെയും ചൂക്ഷിതരുടെയും മര്‍ദ്ദകരുടെയും മര്‍ദ്ദിതരുടെയും ചരിത്രമാണെന്നും ഇവയില്‍നിന്നുള്ള മോചനമാണ് ലക്ഷ്യമെന്നും മാനിഫെസ്റ്റോ വിലയിരുത്തി. ലോകത്താകെയുള്ള സാമൂഹിക രാഷ്ട്രീയ ക്രമക്കേടുകള്‍ക്കെതിരെ ഭരണവര്‍ഗ്ഗ മുതലാളിത്ത്വ പ്രീണന ആശയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളെ പിന്തുണയ്ക്കുമെന്നുള്ളതാണ് ഇതിന്റെ ആത്യന്തികമായുള്ള ലക്ഷ്യം. അധികാര മാനവികതയ്ക്കുള്ളിലുളള സോഷ്യലിസ്റ്റു വഞ്ചനയുടെ പൊയ്മുഖം തുറന്നു കാണിച്ചുകൊണ്ട് ബൂര്‍ഷ്വാസ്വത്തിന്റെ അവസാനമാണ് വിപ്‌ളവത്തിന്റെ പരിസമാപ്തിയെന്ന് പ്രഖ്യാപിക്കപ്പെട്ടു. 'പ്രഭുവിന്റെ ഹൃദയവേദനകളെ ശൂദ്ധീകരിക്കുവാന്‍ പുരോഹിതന്‍ തളിയ്ക്കുന്ന തീര്‍ത്ഥജലം മാത്രമാണ് ക്രിസ്ത്യന്‍ സോഷ്യലിസ മെന്ന് ' മാര്‍ക്‌സും വിലയിരുത്തി. എന്നാല്‍ ആഗോളസാമൂഹിക ക്രമത്തില്‍ മര്‍ദ്ദിത തൊഴിലാളിവര്‍ഗ്ഗ പ്രശ്‌നങ്ങളെ അപഗ്രഥി ക്കുവാന്‍ കഴിഞ്ഞ അദ്ദേഹത്തിന് ഇന്‍ഡ്യയിലെ സങ്കീര്‍ണ്ണമായ ജാതിഘടനയാണ് അടിസ്ഥാനമെന്നും തൊഴിലാളിവര്‍ഗ്ഗഘടന അതിനുള്ളിലെ ഘടകം മാത്രമാണ് എന്നു മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. അധികാര പങ്കാളിത്ത്വം ലക്ഷ്യമാക്കി മുമ്പോട്ടു വന്ന സമാനപ്രതിഭാസങ്ങളായ മാക്‌സിന്റെ സിദ്ധാന്തവും ഡോ.അംബേദ്ക്കറുടെ പ്രവര്‍ത്തനവും സമാന്തരപാതയില്‍ പരസ്പരം കൂട്ടിമുട്ടാതെ സഞ്ചരിക്കുന്നതിന് ഇതു കാരണമായി. ബ്രാഹ്മണിസം ചമച്ചെടുത്ത രാഷ്ട്രീയ, സംസ്‌ക്കാര, ആത്മിയ അധികാരപരിധികളെ ജനനം,വ്യക്തി, കുടുംബം, തൊഴില്‍, ജീവിതം, മനസ്സ്, ആത്മാഭിമാനം, മരണം എന്ന മനുഷ്യാവസ്ഥയെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നും അവയെ സൂക്ഷ്മമായി നിരിക്ഷിക്കുകയും വിശകലനം ചെയ്യുകയുമായിരുന്നു ഡോ. അബേദ്ക്കര്‍ ചെയ്തത്.

ലോകത്തുണ്ടായിരിക്കുന്ന പുരാതനവും നവീനവുമായ എല്ലാ പ്രത്യയശാസ്ത്രങ്ങളും, ഇസങ്ങളും മതമായി രൂപം പ്രാപിക്കു മെന്നുള്ളതൊരു സത്യമാണ്. 1920- ല്‍ ഇന്‍ഡ്യയില്‍ നിലവില്‍വന്ന
വൈരുദ്ധ്വാധിഷ്ഠിത ഭൗതികവാദപ്രസ്ഥാനമായ കമ്മ്യൂണിസം വിശ്വാസമതാത്മീയതയിലൂന്നിയാണ് ഇവിടെ നിലനില്‍ക്കുന്നത്. മതത്തിലുള്ളതുപോലുള്ള വിശ്വാസമാണ് ഇതിന്റെ ആധാരശില. പൗരോഹിത്വ പരമാധികാരമായി മാറപ്പെടുന്ന പാര്‍ട്ടി നേരൃത്ത്വങ്ങളും വ്യക്തികുടുംബ വിഷയ പരിഹാരത്തിനായുള്ള കോടതിയായി പാര്‍ട്ടി ഓഫീസ് മാറപ്പെടുമ്പോള്‍ ജാതിയവര്‍ണ്ണ വ്യവസ്ഥയുടെ നിഴല്‍രൂപങ്ങളാക്കപ്പെടുന്ന ബുദ്ധിജീവി, കര്‍ഷകതൊഴിലാളി, ട്രേഡ് യൂണിയന്‍, ആദിവാസി, തരംതിരി വുകള്‍. ഉത്സവങ്ങളായി മാറപ്പെടുന്ന കപ്പിയും, കയറും, കൊടിമര, പതാകഘോഷയാത്രാ പ്രകടനങ്ങള്‍ ക്രിസ്തുമതത്തിലെ (കുരിശ്, വിഗ്രഹാരാധനയുടെതിനുതുല്യമായി മൃതവസ്തുക്കളുടെ വിശ്വാസാധിഷ്ഠിതമായുള്ള ദൈവികപരിവേഷങ്ങള്‍ പതിച്ചു കൊടുക്കപ്പെടുമ്പോള്‍. മാര്‍ക്‌സും, ലെനിന്‍, മാവോ തുടങ്ങിയ വയ്ക്കുള്ള ത്രിത്ത്വതുല്യതയും (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) വീരാരാധനയുടെ പരിവേഷമായി (വി. ഗീവര്‍ഗ്ഗീസ്) ചെഗുവേരയും മാറപ്പെടുമ്പോള്‍ ഇന്‍ഡ്യയിലെ പ്രത്യകിച്ച് കേരളത്തിലെ വിപ്‌ളവ പ്രസ്ഥാനങ്ങള്‍ ആത്മീയതയി ലേയ്ക്കു വഴിമാറുന്നതായാണ് ഇവിടെ ചരിത്രം പഠിപ്പിക്കുന്നത്. ഇവിടെ ബൗദ്ധിക മണ്ഡലത്തിലുന്നിയുള്ള ചിന്തയ്ക്കും മനസ്സാക്ഷിക്കും ഇടമില്ലാതെ യാന്ത്രികമായി ചലിക്കപ്പെടുന്ന വിശ്വാസികള്‍ ആകപ്പെടുമ്പോള്‍ ഇവരില്‍ ഭൂരിപക്ഷവും അടിസ്ഥാനജനതകള്‍ തന്നെയാണെന്നുള്ളതാണ് ദു:ഖകരമായ വസ്തുത. ആയുധങ്ങള്‍ ഇരുവശത്തും ജീവനാശം വരുത്തുമെന്നും പ്രത്യയശാസ്ത്രം ഉപയോഗിക്കാനറിയാത്തവന്റെ കൈയ്യില്‍ കുത്തിനടക്കുവാനുള്ള വെറും ഉന്നുവടി മാത്രമാണെന്നുള്ള തിരിച്ചറിവ് ഇവിടുത്തെ നക്‌സലിസത്തെ മുളയിലെ നുള്ളികളഞ്ഞു.

'ജന്‍മിത്ത്വത്തെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ മനോഭാവം മാറ്റണമെന്നാണ് ഞാന്‍ പറയുന്നത്. ജന്‍മി സമ്പ്രാദായത്തില്‍നിന്ന് കൃഷിക്കാരെ രക്ഷിക്കാനല്ല. അതിനായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെയല്ല മറിച്ച് കൃഷിക്കാരെയാണ് സമീപിക്കുക. തങ്ങള്‍ ജന്‍മികളാണെന്നും ജന്‍മി സമ്പ്രാദായത്തിന്റെ നിലനില്‍പ്പാണ് തങ്ങളുടെ രക്ഷയെന്നും ധരിച്ചിരുന്നാല്‍ നമ്പൂതിരിമാരാണ് നശിക്കുന്നത് എന്നതുകൊണ്ടാണ് ജന്‍മി മനോഭാവം കളയണമെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്,'
(ശ്രീ. നാരായണഗുരു അന്ത്യോളജി, പി. കെ ബാലക്യഷ്ണന്‍ P 113121)

കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കാലഘട്ടത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് 1945- ല്‍ ഓങ്ങല്ലൂരില്‍ വച്ചു നടന്ന യോഗക്ഷേമ സഭയില്‍ ചെയ്ത പ്രസംഗമാണ് ഇത്. അതിനുശേഷം പൂമുള്ളി ഇല്ലത്തുവച്ചു ചേര്‍ന്ന യോഗക്ഷേമസഭയുടെ യോഗത്തില്‍ അദ്ദേഹം ഇങ്ങിനെ പറയുന്നു . 'ഇനി പാട്ടം പിരിച്ചു ജീവിക്കാം എന്നു പ്രതീക്ഷിക്കേണ്ട. കൃഷിക്കാര്‍ ഇളകിത്തുടങ്ങിയിരിക്കുന്നു. ഉള്ളതെല്ലാം വിറ്റ് വ്യവസായത്തില്‍ മുടക്കികൊള്ളൂ.'
(മനോരമ സപ്‌ളിമെന്റ് 2001 ,ഡിസംബര്‍ 23 P 2)

കമ്മ്യൂണിസ്റ്റ് ആചാര്യനെന്നറിയപ്പെടുന്ന ഇ.എം.എസ് നമ്പൂതിരി പ്പാടിന്റെ മനോഭാവം നമ്പൂതിരി മനസ്സുള്ള,അവര്‍ക്കുവേണ്ടി മാത്രം ചിന്തിക്കപ്പെടുന്ന സവര്‍ണ്ണ മാര്‍ക്‌സിസത്തിന്റെ എടുത്തുകാണിക്കവാന്‍ പറ്റിയ ഒരു ഉദാഹരണമായിരുന്നു എന്നും, അദ്ദേഹം 1964 മുതല്‍ മുന്‍കാലപ്രാബല്യം കൊടുത്തു കൊണ്ട് 1970-ല്‍ പാസാക്കപ്പെട്ട കേരള ഭൂപരിഷ്‌ക്കരണ നിയമം വളരെ വിജയമെന്നു കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ മണ്ണിലദ്ധ്വാ നിക്കുന്ന മണ്ണിന്റെ ഉടമകള്‍ക്കു ഏറെ നിബന്ധനകള്‍ മറികടന്ന് പഞ്ചായത്തില്‍ 10 സെന്റും മുനിസിപ്പാലിറ്റിയില്‍ 5 സെന്റും കോര്‍പറേഷനില്‍ 3 സെന്റും നല്‍കി ജനതയുടെ അവകാശസ മരത്തെ ഇല്ലായ്മ ചെയ്യപ്പെട്ടതാണ് മഹത്തായ 'സാമൂഹിക വിപ്‌ളവവും കുടുംബട്രസ്റ്റുരൂപികരണവും' എന്നും നാം മനസ്സിലാക്കണം. 

1972 ല്‍ ബില്ലില്‍ ഭേദഗതിവരുത്തി ഇഷ്ടദാനത്തിനു സാധ്യതയു ണ്ടാക്കി ജന്‍മികളെ തല്‍സ്ഥാനത്തുതന്നെ നില നിര്‍ത്തി പ്രത്യക്ഷ രാഷ്ടീയത്തെ പഠിക്കാതെ നേതൃത്വം പറയുന്നത് കണ്ണുമടച്ച് വിഴുങ്ങുന്ന അടിസ്ഥാന ജനതയുടെ അജ്ഞതയെയാണ് ഇവിടു ത്തെ സവര്‍ണ്ണവിപ്‌ളവകാരികള്‍ മുതലെടുത്തത്.

രാഷ്ടീയ നേതൃത്വം പറയുന്നത് അപ്പടി അനുസരിച്ച് പാര്‍ട്ടിയുടെ നയവൈകല്യങ്ങളെ പാര്‍ട്ടി മീറ്റിങ്ങുകളില്‍ തുറന്നെതിര്‍ത്ത് ആരുടെയും കാലുപീടിക്കാന്‍ വശമില്ലാതെ കാക്കിയിട്ടവരുടെ ക്രൂരമര്‍ദ്ദനം മൂലം ക്ലേശീച്ച് ഒരു തെണ്ടിയെപ്പോലെ മരിച്ച്, ആ കറുത്തദ്ദേഹത്ത് ചെങ്കൊടി പൂതപ്പിക്കാതെ, ആരും മൂദ്രാവാക്യം മുഴക്കാതെ, മംഗലം ചുടുകാട്ടില്‍ ആരോരുമറിയാതെ എരിഞ്ഞട ങ്ങിയ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ആദ്യകാല സംസ്ഥാന സെക്രട്ടറിയും പുന്നപ്ര-വയലാര്‍ സമരത്തിന്റെ സമരനായകനു മായിരുന്ന കാട്ടുങ്കല്‍ കണ്ടത്തില്‍ വള്ളുവന്റെയും അന്നറോ സയുടെയും മകനും ' കുന്തക്കാരന്‍ പത്രോസ്', 'കേരളസ്റ്റാലില്‍' എന്നറിയപ്പെട്ടിരുന്ന കെ. വി. പത്രോസ് എന്ന അടിസ്ഥാന ജനതയുടെ കഥ ചരിത്രത്തില്‍ ഒരു കണ്ണു നീര്‍ത്തുള്ളിയായി ഇന്നും അവശേഷിക്കുന്നു.

1948-1951-ല്‍ കല്‍ക്കട്ട തീസീസ്സിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെടുത്ത തീരുമാനങ്ങള്‍ അക്ഷരം പ്രതി അനുസരിച്ച ആദര്‍ശ ധീരനും കളങ്കമില്ലാത്ത നേതാവുമായിരുന്ന ഇദ്ദേഹത്തെ അനന്തരകാലത്ത് നാലുകെട്ടില്‍നിന്നും വിപ്‌ളവം നടത്താനെ ത്തിയവര്‍ വിധി കര്‍ത്താക്കളായപ്പോള്‍ പലരും കൈകഴുകിപഴി ചാരി രക്ഷപ്പെട്ടപ്പോള്‍ പാപഭാരമെല്ലാം സ്വയം വഹിച്ച് 'പാര്‍ട്ടിക്ക് അനഭിമതരായ പെറ്റി ബൂര്‍ഷ്വാനേതാക്കന്‍മാര്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി' രാഷ്ട്രീയ നിലനില്‍പ്പിനായി ശ്രമിക്കുമ്പോള്‍ അതിനു ശ്രമിക്കാതെ തന്റെ ജീവിതം മുഴുവന്‍ ഇതിനുവേണ്ടി ഉഴിഞ്ഞുവച്ചു ജീവിക്കാന്‍ പോലും മറന്നുപോയ മനുഷ്യനാ യിരുന്നു. കെ.വി.പത്രോസ്.

1948- ല്‍ തിരുവതാംകൂറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആലപ്പുഴ യില്‍ മാത്രം സ്ഥാനര്‍ത്ഥികളെ നിര്‍ത്തുകയും ബാക്കിയുള്ള മണ്ഡലത്തില്‍ പ്രസ്ഥാനത്തെ കോണ്‍ഗ്രസിനു വില്‍ക്കുവാനും ശ്രമിച്ച ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശത്തെ നഖശീഖാന്തമെതിര്‍ത്തുകൊണ്ട് സ്വാധീനമുള്ള മണ്ഡലങ്ങളിലെല്ലാം സ്ഥാനര്‍ത്ഥിയെ നിര്‍ത്തണമെന്നു വാശിപിടിച്ച് ഇടതുപക്ഷത്തിനു രാഷ്ട്രീയത്തില്‍ ചരിത്രപരമായുള്ള ഒരു നല്ല നയരേഖ സ്വീകരി ക്കുവാന്‍ പ്രേരിപ്പിച്ച ഘടകം കെ..വി.പത്രോസായിരുന്നു .(അദ്ദേഹം മാത്രം) എന്ന് സി.അച്ച്യൂതമേനോന്‍ പിന്‍കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്.

കമ്പനികളില്‍ നിന്നുതള്ളികളയുന്ന കയര്‍ തടുക്കുകള്‍ വാങ്ങി കച്ചവടം നടത്തിയും, മീന്‍കച്ചവടം നടത്തിയും, ചെറുനാരാ ങ്ങായും മാങ്ങയും വാങ്ങി അച്ചാറുണ്ടാക്കി കടകളില്‍ വില്‍പ്പന നടത്തിയും തോണ്ടര്‍ കുളങ്ങരയ്ക്ക് കിഴക്ക് തത്തംപള്ളിയില്‍ ചായക്കട നടത്തിയും പാനിശര്‍ക്കരക്കച്ചവടം നടത്തിയും സോവിയറ്റ്ഗ്രന്ഥങ്ങളുടെ വില്‍പ്പനക്കാരനായും പായ് , മുറം, മുതലായവ ഉണ്ടാക്കി വില്‍പ്പനക്കാരനായും ജന്‍മനാട്ടിലൂടെ കീറിയഷര്‍ട്ടുമിട്ട് ഏന്തിവലിഞ്ഞുനടക്കുന്ന കറുത്ത ദീര്‍ഘകായ നായ ഒരുകാലത്ത് കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായ, കെ.വി. പത്രോസിന്റെ ദയനീയചീത്രം അധികാരത്തിന്റെ സുഖശീതളിമയില്‍ കഴിയുന്ന ഇന്നത്തെ പുതുനേതാക്കന്‍മാര്‍ക്കു ചിന്തിയ്ക്കുവാന്‍ കഴിയില്ല.

ആദ്യത്തെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ കാലത്ത് തിരുവന്തപുര ത്തുനടന്ന കാര്‍ഷിക വ്യവസായ പ്രദര്‍ശന വേദിയില്‍ കെ.വി.പത്രോസിന് കയര്‍ തടുക്കുകളുടെയും കൊട്ട, മുറം, പായ തുടങ്ങിയവയുടെയും ഒരു സ്റ്റാള്‍ ഉണ്ടായിരുന്നു.പാര്‍ട്ടിയെ എല്ലാമായിക്കണ്ടു ജീവിക്കാന്‍ മറന്നുപോയതിനാല്‍ ഭാര്യയും മക്കളും ഉപേക്ഷിച്ചുതോടുകൂടി ജീവിക്കാന്‍ തിരഞ്ഞെടുത്ത വഴിയായിരുന്നു ഇത്. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് ആ സ്റ്റാളില്‍ എത്തുകയും ഓരോ സ്റ്റാള്‍ സന്ദര്‍ശിച്ച് ഇദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോള്‍ ശ്രദ്ധിക്കാതെ നടന്നുപോവുകയുമാണ് ഉണ്ടായത്. കൂടെ വന്നവര്‍ കെ.വി. പത്രോസിന്റെ കാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നെങ്കിലും മുമ്പു ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് കെ.വി.പത്രോസിന്റെ അമ്മ അന്നറോസ പുഴുങ്ങിക്കൊടുത്ത കപ്പയുടെ രൂചിനാവില്‍ തുമ്പില്‍ നിന്നു നഷ്ട പ്പെട്ടുപോയതിനാലായിരിക്കാം. അതുമ ല്ലെങ്കില്‍ ശൂദ്രരാദികളടക്കമുള്ള പോലീസുകാര്‍ പുലയ കുടിലുകളില്‍ അയിത്തം കല്പിച്ചു കടന്നുവരില്ല എന്ന ധൈര്യത്തില്‍ അദ്ദേഹത്തിന്റെ കുടിലിനെ ഒളിസങ്കേതം മാത്രമായി കണ്ടതുകൊണ്ടോ, മുഖ്യമന്ത്രി കസേരയിലേയ്ക്കുള്ള ചവിട്ടുപടിയായി കറുത്ത വിപ്‌ളകാരിയെ കരുതിയതുകൊണ്ടോ കെ. വി. പത്രോസ് എന്ന വര്‍ണ്ണബാഹ്യനായ വിപ്‌ളവകാരിയെ തിരിച്ചറിയുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതു ഒരു കഥയല്ല നടന്നതും ഇനിയുമിവിടെ അരങ്ങേറുവാനുമുള്ള ജീവിത കഥ.