"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 27, തിങ്കളാഴ്‌ച

തെരഞ്ഞെടുപ്പുഫലം പ്രകടമാക്കുന്നത് ക്രിമിനല്‍ - മാഫിയ വാഴ്ചക്കെതിരായ ജനരോഷം


കോര്‍പ്പറേറ്റ് മാഫിയയുടെയും ക്രിമിനല്‍ സംഘങ്ങളുടെയും കാല്‍ക്കീഴില്‍ ഭരണസംവിധാനം അപ്പാടെ അടിയറവെച്ച്, പൊതുഖജനാവ് കൊള്ളയടിച്ച്, അഴിമതിയും കെടുകാര്യസ്ഥതയും മൂലം പുഴുത്തുനാറിയ ഉമ്മന്‍ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ രോഷവും അമര്‍ഷവുമാണ് സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. അധികാരം കയ്യാളുന്ന 4 മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരടക്കം 28 സിറ്റിങ്ങ് എംഎല്‍എമാര്‍ നിലംപൊത്തിയെന്ന അപൂര്‍വ പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. സ്വന്തം കാര്യസാധ്യത്തി നായി ഏത് അവിഹിത ബാന്ധവത്തിനും തയ്യാറുള്ള മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ മേധാവികളുടെയും രാഷ്ട്രീയ ധാര്‍മികത ലവലേശം തീണ്ടിയിട്ടില്ലാത്ത ബിജെപി - ബിജെഡിഎസ് അവിശുദ്ധബാന്ധവത്തിന്റെയും നിര്‍ലോഭമായ സഹായമില്ലായിരുന്നില്ലെങ്കില്‍ തൃപ്പുണിത്തുറയിലെ ബാബു വിന്റെ ഗതിതന്നെ ഉമ്മനും മാണിക്കും തിരുവഞ്ചൂരിനും കോന്നിയിലെ അടൂര്‍ പ്രകാശിനും വരുമായിരുന്നുവെന്ന കാര്യത്തിലും സംശയിക്കേണ്ട. സംഘപരിവാര്‍ പിന്തുണയില്ലാ തിരുന്നെങ്കില്‍ ഹരിപ്പാട് ചെന്നിത്തല തറപറ്റുമായിരുന്നു. 'തുടരണം ഈ ഭരണം' എന്ന മുദ്രാവാക്യവുമായി നാണമോ മാനമോ ഇല്ലാതെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനിറങ്ങിയ കടുംവെട്ടുകാര്‍ക്കും കള്ളന്മാര്‍ക്കും കനത്ത പ്രഹരമാണ് ജനങ്ങള്‍ നല്‍കിയത്. 

അതേസമയം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജനവിരുദ്ധ ഉമ്മന്‍ഭരണം നെറികെട്ട രീതിയില്‍ തുടര്‍ന്നപ്പോള്‍ ഒരു ബൂര്‍ഷ്വാ പ്രതിപക്ഷത്തിന്റെ റോള്‍ പോലും വഹിക്കാതെ കാഴ്ചക്കാ രായി തങ്ങളുടെ ഊഴവും കാത്തു നിന്ന എല്‍ഡിഎഫ് പോലും പ്രതീക്ഷിക്കാത്ത വിജയമാണ് അതിനുണ്ടായിരിക്കുന്നത്. യുഡിഎഫിന്റെ നവഉദാര - കോര്‍പ്പറേറ്റ് പ്രീണന നയങ്ങളുടെ കാര്യത്തില്‍ അടിസ്ഥാനപരമായ ഒരു വിയോജിപ്പും ഇല്ലാതിരു ന്നിട്ടും 90 ലധികം സീറ്റുകള്‍ നേടാന്‍ എല്‍ഡിഎഫിനായത് ഉമ്മന്‍ ഭരണത്തിനെതിരായ പ്രതിഷേധത്തോടൊപ്പം ഫാസിസിറ്റ് സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിയ ഭീഷണിക്കെതിരായ ജനങ്ങളുടെ പ്രതികരണം നിമിത്തവുമാണ്. വാസ്തവത്തില്‍, ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളിലും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന ജാതിയടക്കമുള്ള സാമൂഹ്യ വിഷയങ്ങളിലും പരിസ്ഥിതിയുടെ കാര്യത്തിലും, ഒട്ടുമൊത്ത ത്തില്‍ ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും മണ്ഡലത്തില്‍ ഒരു ജനപക്ഷബദല്‍ വളര്‍ത്തിക്കൊണ്ടു വരേണ്ടതിലും നിലപാടുകള്‍ ഇല്ലാതിരിക്കെ, യുഡിഎഫിനും എന്‍ഡിഎക്കുമെതിരായ നിഷേധാത്മക വോട്ടുകളാണ് സിപിഐ(എം) നേതൃത്വത്തിലുള്ള എല്‍ഡിഎഫിന് ഈ വിജയം നേടികൊടുത്തിരിക്കുന്നതെന്ന് സുവ്യക്തമാണ്. 

എന്നാലതേസമയം, സംസ്ഥാനത്ത് ആദ്യമായി താമര വിരിയി ക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കഴിഞ്ഞിരിക്കുന്നുവെന്നത് ഗൗരവപൂര്‍വ്വം കാണേണ്ടതുണ്ട്. മോദിയും കേന്ദ്രമന്ത്രി പദവിയിലുള്ള ഒരു ഡസന്‍ മന്ത്രിമാരും അമിത്ഷായുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് വന്‍തോക്കുകളും കേന്ദ്രഭരണ ത്തിന്റെ പിന്‍ബലത്തില്‍ പണവും പ്രലോഭനങ്ങളും ഉപയോഗപ്പെടുത്തി പ്രചണ്ഡമായ പ്രചരണം നടത്തിയിട്ടും അരവര്‍ഷം മുമ്പു നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒരു ശതമാനം വോട്ടുവിഹിതം വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്. അതേസമയം കേരളത്തില്‍ ഏഴു നിയമസഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ബിജെപിക്കു കഴിഞ്ഞിരിക്കുന്നുവെന്നത് ഇതരമേഖലകളിലെപോലെ ഇവിടെയും ഹിന്ദുത്വവോട്ടുകള്‍ ഏകീകരിക്കപ്പെടുന്നുവെന്നതിന്റെ തെളിവാണ്. തെരഞ്ഞെടു പ്പാനന്തരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാ ക്കപ്പെട്ടിട്ടുള്ള ആര്‍എസ്എസ് - സിപിഐ(എം) സംഘട്ടനങ്ങളെ, സിപിഐ(എം)ന്റെ രാഷ്ട്രീയദൗര്‍ബല്യങ്ങളില്‍ നിന്നും മുതലെടുത്തുകൊണ്ട് സ്വന്തം സംഘടനാവിപുലീകരണത്തിന് പ്രയോജനപെടുത്താനുള്ള കരുനീക്കങ്ങളും ബിജെപി നടത്തു ന്നുണ്ട്. അതോടൊപ്പം കോണ്‍ഗ്രസ്സ് ജീര്‍ണ്ണിച്ച് അഴുകി ഇല്ലാതായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം മുതലാക്കി കേരളത്തിലെ ബൂര്‍ഷ്വാ പ്രതിപക്ഷമായി സ്വയം പ്രതിഷ്ഠിക്കാനുള്ള നീക്കവും ബിജെപി നടത്തുമെന്നുറപ്പാണ്. 

ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുള്ള ശരിയായ പരിഹാരത്തെ സംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളുമെല്ലാം കൈയൊഴിച്ച് കേരളത്തിന്റെ വര്‍ത്തമാന ദുരവസ്ഥയിലേ ക്കെത്തിച്ച നവഉദാരനയങ്ങള്‍ കൂടുതല്‍ ഫലപ്രദമായി തുടരാന്‍ 'വികസനവാദി'കളായുള്ള ചക്കളത്തിപോരാട്ടമാണ് ഇടതു - വലതു - ബിജെപി മുന്നണികള്‍ തെരഞ്ഞെടുപ്പില്‍ നടത്തിയത്. ഈ പ്രക്രിയയില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം കോര്‍പ്പറേറ്റുകളും മതജാതിശക്തികളും തിമിര്‍ത്താടി ജനങ്ങളെ പരമാവധി അരാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് അരങ്ങേറിയത്. ഈ സ്ഥിതി വിശേഷത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്താവശ്യപ്പെടുന്ന തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തില്‍ സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ മത്സരിച്ച ഇടങ്ങളില്‍ ശക്തമായ രാഷ്ട്രീയ ക്യാമ്പയിന്‍ നടത്താനും ജനശ്രദ്ധയാകര്‍ഷിക്കാനും കഴിഞ്ഞെങ്കിലും അതിനനുസൃതമായി വോട്ടുകള്‍ സമാഹരിക്കാനുള്ള സംഘടനാശക്തി പാര്‍ട്ടിക്കില്ലാ യിരുന്നു. വരും ദിനങ്ങളില്‍ ഈ വെല്ലുവിളി ഏറ്റെടുത്തു മുന്നേറാനാണ് പാര്‍ട്ടി തീരുമാനം.