"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 22, ബുധനാഴ്‌ച

രോഹിത് വെമുലയുടെ അവസാനത്തെ കുറിപ്പ്



ഗുഡ് മോണിങ്.

ഈ കത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കില്ല. എനിക്കറിയാം നിങ്ങളില്‍ ചിലരെന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്, പ്രത്യേക പരിഗണന നല്‍കുന്നുണ്ട്, ഇഷ്ടപ്പെടുന്നുണ്ട്, നന്നായി പെരുമാറുന്നുണ്ട്. എനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല. എല്ലാം എന്റെ കുറവുകളാല്‍ എനിക്കുണ്ടായ പ്രശ്‌നങ്ങളാണ്. എന്റെ ആന്തരാത്മാവും ശരീരവും തമ്മിലുള്ള അകലം വര്‍ധിക്കുന്നതായി എനിക്ക് തോന്നുന്നുണ്ട്. ഞാനൊരു ഭീകരജീവിയായി മാറി. ഒരു എഴുത്തുകാരനാകണമെന്നായിരുന്നു എന്റെ എല്ലായ്‌പ്പോഴ ത്തേയും ആഗ്രഹം. കാള്‍ സാഗനെപ്പോലെ ശാസ്ത്രകൃതികളെ ഴുതാന്‍. ഒടുവില്‍ എനിക്ക് എഴുതാന്‍ കഴിഞ്ഞത് ഈ കത്ത് മാത്രമാണ്. 

ഞാന്‍ ശാസ്ത്രത്തേയും നക്ഷത്രത്തേയും പ്രകൃതിയേയും സ്‌നേഹിച്ചു. മനുഷ്യര്‍ പ്രകൃതിയില്‍ നിന്ന് അകന്ന് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളായെന്നറിയാതെ. നമ്മുടെ വികാരങ്ങള്‍ രണ്ടാം തരമാണ്. നമ്മുടെ സ്‌നേഹം നിര്‍മിതമാണ്. നമ്മുടെ വിശ്വാസങ്ങളെല്ലാം നിറം പിടിച്ചവയാണ്. കൃത്രിമ കലകളിലൂടെ യാണ് നമ്മുടെ മൗലികത സാധുവായിത്തീരുന്നത്. വ്രണപ്പെടാതെ സ്‌നേഹിക്കാന്‍ കഴിയുകയെന്നത് തീര്‍ത്തും വിഷമമുള്ള കാര്യമായിക്കഴിഞ്ഞു.

പുറമെ കാണുന്ന വ്യക്തിത്വത്തിലേക്കും ഏറ്റവും അടുത്ത സാധ്യതകളിലേക്കുമായി ഒരു മനുഷ്യന്റെ മൂല്യം ചുരുങ്ങിക്ക ഴിഞ്ഞു. ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, ഒരു വസ്തുവിലേക്ക് എന്ന നിലയ്ക്ക് മാത്രമാണ് മനുഷ്യനെ എണ്ണുന്നത്. ഒരിക്കലും മനുഷ്യനെ ഒരു മനസ്സെന്ന നിലയില്‍ അടയാളപ്പെടുത്തുന്നതേയില്ല. നക്ഷത്രധൂളികളില്‍ നിന്നാണ് എല്ലാം സൃഷ്ടിക്കപ്പെടുന്നത്, എല്ലാ മേഖലകളിലും - പഠനത്തിലും തെരുവിലും രാഷ്ട്രീയത്തിലും ജീവനുള്ളതും അല്ലാത്തതുമായ എല്ലാ രംഗങ്ങളിലും

ഞാന്‍ ആദ്യമായാണ് ഇത്തരത്തിലൊരു കത്തെഴുതുന്നത്. ഞാന്‍ ആദ്യമായെഴുതുന്ന എന്റെ അവസാന കത്ത്. ഇതില്‍ വ്യക്തത കുറവാണെങ്കില്‍ എന്നോട് ക്ഷമിക്കൂ. 

ഒരു പക്ഷേ, എനിക്ക് തെറ്റു പറ്റിയിരിക്കാം. എപ്പോഴും ഈ ലോകത്തെ മനസ്സിലാക്കുന്നതില്‍. സ്‌നേഹം, വേദന, ജീവിതം, മരണം എന്നിവയെ മനസ്സിലാക്കുന്നതില്‍. തിടുക്കപ്പെടേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. പക്ഷേ, ഞാനെപ്പോഴും തിടുക്കത്തിലായിരുന്നു. ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ നെട്ടോട്ടത്തിലായിരുന്നു. എല്ലായിപ്പോഴും ചിലയാളുകള്‍ക്ക് ജീവിതമെന്നത് ഒരു ശാപമാണ്. എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ ബാല്യകാല ഏകാന്തതയില്‍ നിന്ന് എനിക്കൊരിക്കലും മോചനം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഭൂതകാലത്തിലെ അഭിനന്ദിക്കപ്പെടാത്ത എന്റെ ഉള്ളിലെ കൊച്ചുകുട്ടിയില്‍ നിന്നും. ഈ സമയത്ത് ഞാന്‍ വ്രണിതഹൃദയനല്ല. എനിക്ക് സങ്കടമില്ല. പക്ഷേ, ഞാന്‍ പൊള്ളയായ ഒന്നാണ്. എന്നെക്കുറിച്ചുപോലുംചിന്തിക്കാനാവാത്ത വിധം ശൂന്യന്‍. ഈ അവസ്ഥ പരിതാപകരമാണ്. അതു കൊണ്ടാണ് ഞാനിത് ചെയ്യുന്നത്. 

ഞാന്‍ വിടവാങ്ങിയതിനുശേഷം ആളുകളെന്നെ ഭീരുവെന്ന് വിളിച്ചേക്കാം, സ്വാര്‍ത്ഥനെന്നും ഒരുപക്ഷേ, വിഡ്ഢിയെന്നും വിളിച്ചേക്കാം. എന്ത് വിളിക്കപ്പെട്ടേക്കുമെന്നോര്‍ത്ത് ഞാന്‍ അസ്വസ്ഥനല്ല. മരണാനന്തര കഥകളിലും പ്രേതങ്ങളിലും ആത്മാക്കളിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഇത്തരത്തിലെന്തെങ്കിലും എന്നെ ബാധിക്കുന്നുണ്ടെങ്കില്‍ അത്, എനിക്ക് നക്ഷത്രങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നുള്ളതാണ്. മറ്റ് ലോകങ്ങളെ അടുത്തറിയാന്‍ കഴിയുമെന്നുള്ളതും. 

ഈ കത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇത് ചെയ്യുക. ഏഴുമാസത്തെ ഫെല്ലോഷിപ്പ് ഒരു ലക്ഷത്തിഎഴുപത്തയ്യായിരം രൂപ എനിക്ക് കിട്ടാനുണ്ട്. അത് എന്റെ കുടുംബത്തിന് ലഭിച്ചോയെന്ന് നോക്കണം. രാംജിക്ക് നാല്‍പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും അത് തിരിച്ച് ചോദിച്ചിട്ടില്ല. ആ കാശില്‍ നിന്ന് അദ്ദേഹത്തിനുള്ളത് കൊടുക്കണം. 

എന്റെ സംസ്‌കാര ചടങ്ങുകള്‍ ശാന്തമായും നിശ്ശബ്ദമായും നടത്തുക. ഞാന്‍ വന്നതായും മടങ്ങിയതായും മാത്രം കരുതുക. എനിക്കായ് ആരും കണ്ണീര്‍ പൊഴിക്കരുത്. ഓര്‍ക്കുക, ജീവിച്ചിരിക്കുന്നതേക്കാള്‍ മരണത്തിലായിരിക്കും സന്തോഷവാന്‍.

'നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്'

ഉമ അണ്ണ, നിങ്ങളുടെ മുറി ഇതിനായി തെരഞ്ഞെടുത്തതില്‍ ക്ഷമിക്കുക.

എ. എസ്. എ കുടുംബത്തിനായി, നിങ്ങളെ നിരാശരാക്കിയതില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളെന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു. ഭാവിക്കായി എല്ലാ നന്മകളും നേരുന്നു. 

അവസാനമായി ഒരുക്കല്‍ കൂടി,

ജയ് ഭീം

ഞാന്‍ ഔപചാരികമായ കാര്യങ്ങള്‍ എഴുതാന്‍ വിട്ടുപോയി. ഒരാള്‍ക്കും ഞാന്‍ എന്നെ സ്വയം ഇല്ലാതാക്കുന്നതില്‍ പങ്കില്ല. ഒരാളും എന്നെ പ്രേരിപ്പിച്ചിട്ടില്ല, പ്രവൃത്തിയാലോ വാക്കിനാലോ ഈ കൃത്യത്തിലേക്ക് നയിച്ചിട്ടില്ല. ഇതെന്റെ തീരുമാനമാണ്, ഉത്തരവാദി ഞാന്‍ മാത്രമാണ്. എന്റെ സുഹൃത്തുക്കളേയോ ശത്രുക്കളേയോ ഞാന്‍ രംഗമൊഴിയുന്നതിനു ശേഷം ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കരുത്. 

* സഖാവ് മാസിക 2016 ഫെബ്രുവരി ലക്കം.