"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 30, വ്യാഴാഴ്‌ച

സാര്‍വ്വദേശിയ വനിതാ ദിനം ഓര്‍മ്മപ്പെടുത്തുന്നത് - ജ്യോതി നാരായണന്‍2015 മാര്‍ച്ച് 8 സാര്‍വ്വദേശിയ വനിതാദിനം പതിവുപോലെ അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമായി കടന്നുപോയി. മാര്‍ച്ച് എട്ടാം തീയതി ബി ബി സി ചാനല്‍ പ്രദര്‍ശിപ്പിക്കുമെന്നു പറഞ്ഞ 'ഇന്ത്യയുടെ മകള്‍ (India's daughter) എന്ന ലെസ്ലി ഉഡ്‌വിന്‍ (Lesiee udwin)ന്റെ ഡോക്യുമെന്ററി ഡിസംബര്‍ 6-ാം തീയതി ബി ബി സി പ്രക്ഷേപണം ചെയ്തു. 2013 ഡിസംബറില്‍ ഡല്‍ഹിയില്‍ ബസില്‍ ഒരു പെണ്‍കുട്ടിയെ ആക്രമിച്ച് ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊന്ന 'നിര്‍ഭയ' സംഭവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയതാണ് ഈ ഡോക്കുമെന്ററി. പ്രതികളി ലൊരാളായ മുകേഷ്‌സിംഗ്, പ്രതികളുടെ രണ്ട് അഭിഭാഷകര്‍ വളരെ മനുഷ്യത്വവിരുദ്ധമായി ഡോക്കുമെന്ററിയില്‍ അഭിപ്രായപ്രകടനം നടത്തിയതിനെതിരെ പ്രതിഷേധം ഉയരുകയും ഇന്ത്യാഗവണ്‍മെന്റ് ആ ഡോക്കുമെന്ററിതന്നെ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കുകയും ചെയ്തു. ഡോക്കുമെന്ററി യുടെ പ്രദര്‍ശനം നിരോധിച്ചതിനാല്‍ ഞാന്‍ അതു കണ്ടില്ല. ഡോക്കുമെന്ററിയെ കുറിച്ചു തുടര്‍ന്നുണ്ടായ സംവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ എഴുതുന്നത്. ഡോക്കുമെന്ററി നിരോധിച്ചതിനുശേഷവും ലെസ്ലി ഉഡ്‌വിന്‍ ഡോക്കുമെന്ററിയില്‍ ഉള്‍പ്പെടുത്താത്ത ഒരുകാര്യംകൂടി പറഞ്ഞതായി പത്രവാര്‍ത്ത കണ്ടു. ബലാല്‍സംഗം ചെയ്തത് അറിയാതിരിക്കാനായി സ്‌ക്രൂഡ്രൈവറില്‍ തുണിചുറ്റി പെണ്‍കുട്ടിയുടെ ലൈംഗികാവയ വത്തില്‍ കടത്തി. ഇത്ര നീചപ്രവര്‍ത്തിചെയ്ത ഒരു പ്രതി ആത്മഹത്യചെയ്തു. ഒരാള്‍ പതിനെട്ടു വയസു തികയാത്തതി നാല്‍ ജുവൈനല്‍ കോര്‍ട്ടിന്റെ പരിധിയിലാണ്. ഈ കുറ്റകൃത്യ ത്തിനുശേഷം ജെ ജെ ആക്ട് (ജുവനൈല്‍ ജസ്റ്റിസ് ആക്ട്) 16മുതല്‍ 18 വരെയുള്ള കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് പരോള്‍ ഉള്‍പ്പെടെ ജൂവപര്യന്തം ശിക്ഷവരെ കൊടുക്കാമെന്ന് നിയമ ഭേദഗതിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പരിഗണനയിലാണ്.

മുകേഷ് സിംഗ് എന്ന പ്രതി ഇപ്പോഴും കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് ഡോക്യുമെന്ററിക്കുവേണ്ടി സംസാരിച്ചു വത്രെ. ഞാന്‍ അങ്ങനെ ചെയ്തത് പെണ്‍കുട്ടി രാത്രിപോയിട്ടാ ണെന്നും അന്യപുരുഷനോടൊപ്പം പോയതുകൊണ്ട,് നല്ല സ്ത്രീ അല്ലാത്തതുകൊണ്ട് അത് അര്‍ഹിക്കുന്നു. ബലാല്‍സംഗത്തിനോട് സഹകരിക്കാതെ എതിര്‍ത്തുനിന്നതുകൊണ്ടാണ് കൊലനടത്തി യതെന്ന ന്യായീകരണങ്ങള്‍ ഉന്നയിക്കുന്നു. പ്രതിമാത്രമല്ല രണ്ട് അഭിഭാഷകരും കുറ്റം നിഷേധിക്കുകയോ പശ്ചാത്തപിക്കുകയോ അല്ല സ്ത്രീകളോടുള്ള ക്രൂരമായ പ്രവര്‍ത്തിയെ ന്യായീകരിക്കു കയാണ്. അഭിഭാഷകര്‍ക്കെതിരെ സെന്‍ട്രല്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്വമേധയാ കാരണം കാണിക്കാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ഗവണ്മന്റ് ഈ ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിക്കുകയാണുണ്ടായത്. കുറ്റം തടയാനല്ല, മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒറ്റക്കോ തങ്ങള്‍ക്കിഷ്ടപ്പെട്ട ആളുകളുടെ കൂടെയോ ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലെ ഓരോ സ്ത്രീക്കുമുണ്ട്. അതു സംരക്ഷിക്കാനുള്ള ബാധ്യത ജനാധിപത്യപരമായി തെരഞെടുക്കപ്പെട്ട ഗവണ്‍മെ ന്റിനുണ്ട്. ഗവണ്‍മെന്റ് ഇതില്‍നിന്നും ഒഴിഞ്ഞുമാറുന്നത് പ്രതികളെ സഹായിക്കാനും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനും കാരണമാകും. യഥാര്‍ത്ഥത്തില്‍ ഭരണാധികാരികളും പ്രതികളുടെ മാനസികാവസ്ഥയില്‍നിന്ന് വ്യത്യസ്ഥമല്ലെന്ന് സംശയംതോന്നും. രണ്ടാമതായി നാം ശ്രദ്ധിക്കേണ്ടത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെയും ശിക്ഷാരീതികളുടേയും നിഷ്ഫലതയാണ്. ശിക്ഷിക്കപ്പെട്ട് ജയിലില്‍കിടക്കുന്ന വ്യക്തിക്ക് ചെയ്ത കുറ്റകൃത്യം തെറ്റാണെന്നുപോലും ബോധ്യപ്പെടുന്നില്ല. ഇനിയും കുറ്റകൃത്യം ആവര്‍ത്തിക്കും എന്ന മാനസികാവസ്ഥയാണ്. ഡല്‍ഹിയില്‍ മാത്രമല്ല ഇന്ത്യയില്‍ ഒട്ടാകെ ഇത്തരത്തിലുള്ള ലൈംഗികപീഡ നങ്ങള്‍ ആവര്‍ത്തിക്കുന്നു. സമൂഹത്തിനെയോ പ്രതിയെപ്പോലുമോ തിരുത്താന്‍ ഈ ശിക്ഷാരീതിക്ക് കഴിയുന്നില്ല. പ്രതികള്‍ക്ക്, ഭരണാധികാരികള്‍ക്ക്, നീതിന്യായം നടപ്പിലാക്കുന്നവര്‍ക്ക്, നാളെ അതിക്രമങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുള്ള സ്ത്രീകള്‍ക്ക് പോലും സ്ത്രീകളെക്കുറിച്ചുള്ള ധാരണ എന്താണ്? സ്ത്രീവിരുദ്ധപ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് നേരിടുന്നത്?

കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ അഴിമതിയും ജനവിരുദ്ധ പ്രവര്‍ത്തികളും ആരു കൂടുതല്‍ ചെയ്യുമെന്ന് മത്സരിച്ചുകൊണ്ടിരിക്കുകയാണ്. 2015 മാര്‍ച്ച് 13-ാം തീയതി കേരള നിയമസഭയില്‍ നടന്നത്, സോളാര്‍ കേസിലെ അഴിമതിക്കെതിരെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ എല്‍ ഡി എഫ് സമര നാടകത്തെക്കാള്‍ മികച്ചതായി രുന്നു. ഇത്രയധികം സാമ്പത്തിക അഴിമതി ആരോപിക്കപ്പെട്ട യാള്‍ക്ക് ഒരു സംസ്ഥാനത്തെ ബഡ്ജറ്റ് അവതരിപ്പിക്കാനുള്ള യോഗ്യത ഇല്ല എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഈ ബഡ്ജറ്റ് ധനകാര്യമന്ത്രി മാറി മുഖ്യമന്ത്രി അവതരിപ്പിച്ചാല്‍ പ്രശ്‌നം തീരുമോ? മന്ത്രിമാരേയും എം എല്‍ എ മാരെയും കായികമായി തടയുകയാണോ സമരരീതി. 

നിയമസഭ തടസങ്ങളില്ലാതെ പ്രവര്‍ത്തിപ്പിക്കാനാണ് വാച്ച് ആന്റ് വാര്‍ഡറന്മാരെ ശമ്പളംകൊടുത്ത് നിയമിച്ചിരിക്കുന്നത്. എല്‍ ഡി എഫ് എം എല്‍ എ മാര്‍ മന്ത്രിമാരെ തടഞ്ഞാല്‍ അവരെ മാറ്റി നിയമസഭ സുഗമമായി പ്രവര്‍ത്തിപ്പിക്കേണ്ടത് വാര്‍ഡറന്മാരെ ഉപയോഗിച്ചാണ്. മന്ത്രിമാരെ കായികമായി സംരക്ഷിക്കുക, സീറ്റിലെത്തിക്കുക എന്നത് യു ഡി എഫ് എം എല്‍ എ മാരുടെ പണിയല്ല. സ്ത്രീ എം എല്‍ എ മാര്‍ മന്ത്രിമാരെ തടഞ്ഞാല്‍ വനിതാ വാര്‍ഡറന്മാരെ ഉപയോഗിച്ച് അവരെ മാറ്റണം. ഇവിടെ പുരുഷബോധ കേന്ദ്രീകൃതരായ സമരവും തടസവുമാണ് നാം കണ്ടത്. അതിലെ ഭാഷയും ശരീരഭാഷയും ശൈലിയും പുരുഷ കേന്ദ്രീകൃതം തന്നെ. അത് തിരിച്ചറിയുകയും പരാതിപ്പെടുകയും തിരുത്തുകയും അനിവാര്യമാണ്. എന്നാല്‍ പുരുഷനാകട്ടെ സ്ത്രീയാകട്ടെ ഒരു എം എല്‍ എ മറ്റൊരു എം എല്‍ എ പ്രതിരോധിച്ചു എന്നതിലുപരി ഒരു ലൈംഗിക പീഡനം നടന്നുവെന്ന വിധത്തില്‍ പ്രചരണവും ആരോപണവും പരിശോധിക്കപ്പെടേണ്ടതാണ്. സരിത, ശോഭജോണ്‍, ശ്രീദേവി, റുക്‌സാന തുടങ്ങിയവരുടെ പേരിലുള്ള കേസുകള്‍ക്കിടയില്‍ സൗമ്യയുടെയും ജ്യോതിയുടെയും മറ്റ് സാധാരണ സ്ത്രീകളുടെ പോലുള്ള കേസുകള്‍ പോലും കള്ളക്കേസുകളെന്ന ജനറലൈ സേഷന് വിധേയമാകേണ്ടിവരുന്ന സമൂഹത്തില്‍ നിയമസഭയില്‍ നടന്നത് ലൈംഗികപീഡനം എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് പരിശോധിക്കേണ്ടതാണ്. പുരുഷന്‍ സ്ത്രീയെ തൊടുന്നതെല്ലാം ലൈഗികപീഡനമല്ലെന്നും തൊടുന്നതിന്റെ പുറകിലെ ഉദ്ദേശം (intention) ആണ് പരിഗണിക്കേണ്ടതെന്ന് എനിക്കു തോന്നുന്നു. ഇവിടെ മറ്റൊരു പ്രധാന പ്രശ്‌നം നാളെ എല്‍ ഡി എഫ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ഒരു സമവായത്തിലെത്തിയാല്‍ ഈ വനിതാ എം എല്‍ എ മാര്‍ക്കെതിരെ നടന്നെന്നു പറയുന്ന ലൈംഗിക പീഡനകേസ് എന്താവും. അതുകൊണ്ട് കാര്യസാദ്ധ്യത്തിനായി സ്ത്രീയെന്ന അവസ്ഥയെ സ്വന്തം മുന്നണി ആയാലും ഉപയോഗിക്കുന്നു ണ്ടെങ്കില്‍ തിരിച്ചറിയാന്‍ രാഷ്ട്രീയ ഭരണനേതൃത്വത്തിലുള്ള സ്ത്രീകള്‍ തയ്യാറാവണം. ഇപ്പോള്‍ നടക്കുന്ന സമരരീതികളും പരിശോധിക്കണം. കുറച്ചുനാളുകളായി ഇടതുപാര്‍ട്ടികള്‍ പ്രത്യേകിച്ച് സി പി ഐ (എം) തങ്ങള്‍ക്കു താല്‍പര്യമില്ലാ എന്നു പറയുന്ന വ്യക്തികളെ, ഗ്രൂപ്പുകളെ, എതിര്‍ പാര്‍ട്ടിക്കാരെ സ്റ്റേജിലും റോഡിലും വീട്ടിലും ഭരണസ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനുകളിലും സംഘടിത ശക്തി ഉപയോഗിച്ച് കായികമായി നേരിടുന്നതായി കാണുന്നു. ഇത് മുന്‍കാലങ്ങളില്‍ ആര്‍ എസ് എസി ന്റെ രീതിയായിരുന്നു. എന്നാല്‍ ആര്‍ എസ് എസിന് കേരളത്തില്‍ അധികാരമില്ലാത്തതുകൊണ്ടും അതിനേക്കാള്‍ ജനകീയ അടിത്തറയുള്ള മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടും ഇത് പ്രാദേശികവും ഒറ്റപ്പെട്ടതുമായി രുന്നു. എന്നാല്‍ അധികാരം കയ്യാളുന്ന ഒരു പാര്‍ട്ടിയുടെ ഈ ഫാസിസ്റ്റു പ്രവണത ആ പാര്‍ട്ടിയെ മാനസികമായി ജനങ്ങളില്‍നിന്ന് അകറ്റുമെന്നുമാത്രമല്ല ജാതി, മത, ഗുണ്ടാ, മാഫിയ സംഘങ്ങള്‍ ശക്തിപ്രാപിക്കാനും സാധാരണക്കാരുടെ സൈ്വര്യജീവിതത്തെ തകര്‍ക്കാനും കാരണമാകുന്ന പൊതുമണ്ഡലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ഭരണകൂടത്തിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നിയന്ത്രണം നഷ്ടമാകുകയും ചെയ്യും. ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ ജാതി- മത- ഭീകര ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷ മായും തടഞ്ഞു നിര്‍ത്തിയിരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാ യിരുന്നു. ഇടതുപക്ഷ ആശയങ്ങളുടെ ദൗര്‍ബല്യം പലവിധ അക്രമികള്‍ക്ക് വഴിതുറന്നുകൊടുക്കുകയും ധൈര്യം നല്‍കുകയും ചെയ്യുന്നു. 

നിയമസഭയില്‍ ഇടതുവലതുപക്ഷ എം എല്‍ എ മാരുടെ കയ്യാങ്കളിക്കിടയില്‍ കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്ന ബഡ്ജറ്റ് ആരും ചര്‍ച്ച ചെയ്യപ്പെട്ടില്ല. പ്രതിഷേധം ഉന്നയിച്ചവര്‍ അതിലെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സമരം ചെയ്യേണ്ടവര്‍ അടുത്തദിവസം ജനങ്ങളുടെ മേല്‍ മറ്റൊരു ഹര്‍ത്താല്‍ വിധിക്കുകയായിരുന്നു. അടുത്തകാലത്തായി ഹര്‍ത്താല്‍ പത്രം, പാല്‍, മാധ്യമങ്ങള്‍, ഐ ടി മേഖല, സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അമ്പലം, പള്ളി, വിവാഹം, രാഷ്ട്രീയ നേതാക്കള്‍ ഇവരെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലീവ് അല്ലെങ്കില്‍ അടുത്ത ദിവസം ഹാജര്‍വയ്ക്കാം. കാറും മറ്റ് സ്വകാര്യ വാഹനമുള്ളവര്‍ക്ക് അതുപയോഗിച്ച് അത്യാവശ്യങ്ങള്‍ നടത്താം. പിന്നെ ആരെയാണ് ഹര്‍ത്താല്‍ ബാധിക്കുക. അന്നന്ന് ജോലിചെയ്ത വരുമാനംകൊണ്ട് ഉപജീവനം നടത്തുന്ന സാധാരണ മനുഷ്യരെ മാത്രം അവരാണോ ഈ അഴിമതിക്കും അക്രമത്തിനും കാരണക്കാര്‍? ഞാന്‍ സമരത്തിനെതിരല്ല.