"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 20, ബുധനാഴ്‌ച

എങ്ങനെ നല്ലൊരു ഫുഡ്‌ബോള്‍ കളിക്കാരനാകാം? പാഠം: 10 - ഡോ. കെ എം കര്‍മചന്ദ്രന്‍



പന്തു സ്വീകരിക്കല്‍:

ഗ്രൗണ്ടില്‍ നിങ്ങളുടെ നേര്‍ക്ക് വരുന്ന പന്ത് സ്വീകരിക്കേണ്ടത് എങ്ങിനെയെന്ന് ഇവിടെ വിശദീകരിക്കാം. ഒരു ഗോള്‍കീപ്പറുടെ നേരേ പാഞ്ഞുവരുന്ന പന്ത് അയാള്‍ കൈകൊണ്ട് എങ്ങനെ സ്വീകരിച്ചു പിടിച്ചെടുക്കുന്നു എന്നു ശ്രദ്ധിക്കുക. പാഞ്ഞുവരുന്ന പന്തില്‍ കൈകൊണ്ടു ബലമായി തടുത്താല്‍ പന്ത് കയ്യില്‍ത്തട്ടി തെറിച്ചുപോകും. എന്നാല്‍ പന്തിന്റെ നേരേ കയ്യുകള്‍ നീട്ടി പന്തു കയ്യില്‍ തൊടുന്ന അവസരത്തില്‍ത്തന്നെ പന്തുമായി കൈ പുറകോട്ടു വലിച്ചുകൊണ്ട് കയ്യുടെ / കൈകളുടെ ബലം വര്‍ധിപ്പിച്ചു പന്തു പിടിച്ചാല്‍ ഗോള്‍കീപ്പറുടെ ശരീരത്തിനടുത്ത് / നെഞ്ചിനടുത്ത് പന്തെത്തുമ്പോഴേക്കും പന്തു നിശ്ചലാവസ്ഥയിലായി എളുപ്പം കരസ്ഥമാക്കുവാന്‍ കഴിയുന്നു.

കാല്‍കൊണ്ടു പന്തുസ്വീകരിക്കുമ്പോഴും പന്ത് ഇതേരീതിയില്‍ ത്തന്നെ പ്രതികരിക്കുന്നു. പാഞ്ഞുവരുന്ന പന്ത് നിങ്ങളുടെ അടുത്തെത്തുമ്പോള്‍ കാലേക്കൂട്ടി പന്തിനുനേരേ കാല്‍നീട്ടിക്കൊണ്ട് സ്പര്‍ശനമാത്രയില്‍ത്തന്നെ കാല്‍ ആദ്യം നീട്ടിയതിന്റെ എതിര്‍വശത്തേക്കു സാവധാനം ചലിപ്പിച്ചാല്‍ പന്തു തെറിച്ചു പോകാതെ നിങ്ങളുടെ അടുത്തായിത്തന്നെ നില്ക്കുന്നു. ( ഇപ്രകാരം ചെയ്യുമ്പോള്‍ മറ്റേക്കാല്‍ ശരിക്കൂന്നി നിങ്ങളുടെ ശരീരത്തിന്റെ ബാലന്‍സു നിലനിര്‍ത്തണം) ഉടനെതന്നെ ആ പന്ത് നിങ്ങള്‍ക്കു നിയന്ത്രിച്ചെടുക്കാം. പന്തു നിങ്ങളുടെ അടുത്തേക്കു വരുന്ന വേഗത്തിന് അനുസരിച്ചായിരിക്കണം നിങ്ങളുടെ കാല്‍ പ്രവര്‍ത്തിക്കേണ്ടത്. ഇപ്രകാരം സ്വീകരിക്കുന്ന പന്ത് വലിയ ശബ്ദമൊന്നും കൂടാതെ നിങ്ങളുടെ കാലില്‍ത്തട്ടി നില്ക്കുന്നു വെങ്കില്‍ അതിനെ നല്ലതരം പന്തുസ്വീകരണം എന്നു വിളിക്കാം.

പന്തിന്റെ വരവ് അനുസരിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ കാല്‍മുട്ട്, തുട, വയറ്, അരക്കെട്ട്, തോള്‍, തല, നെറ്റി എന്നീ ശരീരഭാഗ ങ്ങള്‍കൊണ്ട് പന്തിനെ സ്വീകരിച്ചു നിര്‍ത്താം. ഭുജം, കൈത്തണ്ട, കൈപ്പത്തി എന്നിവ കൊണ്ടുള്ള സ്വീകരണം ഒഴിവാക്കുക. (റഫറി ഹാന്‍ഡ്‌ബോള്‍ വിളിക്കുവാന്‍ ഇത് ഇടയാക്കും) എന്നാല്‍ ഗോള്‍കീപ്പര്‍ക്ക് സ്വന്തം പെനാള്‍ട്ടി ബോക്‌സിനകത്തുവെച്ച് കൈകള്‍ പ്രയോഗിക്കാവുന്നതാണ് (മൈനെസ് പാസ് ഒഴികെ).

സ്വീകരിച്ചെടുത്ത പന്തിനെ സമയം അല്പംപോലും കളയാതെ നിങ്ങള്‍ ഉദ്ദേശിച്ചിടത്തേക്ക് എത്തിക്കുകയാണെങ്കില്‍ അത് സ്വന്തം ടീമിന് ഗുണം ചെയ്യും. പന്തു സ്വീകരിക്കുന്ന സമയത്ത് നിങ്ങളുടെ ശ്രദ്ധയും പൂര്‍ണമായും പന്തിന്മേല്‍ ഉണ്ടായിരിക്കണം. കൂടാതെ അടുത്തുള്ള എതിര്‍ കളിക്കാരന്റേയും സഹകളിക്കാരന്റേയും മേല്‍ ഒരു കണ്ണുണ്ടായിരിക്കണം.

നെഞ്ചുകൊണ്ടുള്ള പന്തുസ്വീകരണം (ചെസ്റ്റ് ട്രാപ്പിങ്): 



പന്ത് നിങ്ങളുടെ നെഞ്ചിന് നേരേ വരുമ്പോള്‍ ശ്രദ്ധാപൂര്‍വം നെഞ്ചു വിരിച്ചുകൊണ്ടു പന്തുസ്വീകരിക്കണം. ഇതിനായി അല്പസമയം കൊണ്ടുതന്നെ (പെട്ടെന്ന്) ശ്വാസം ഉള്ളിലേ ക്കെടുത്തു നെഞ്ചു വികസിപ്പിക്കുക. പന്തു നെഞ്ചില്‍ തട്ടുന്ന മാത്രയില്‍ത്തന്നെ ഒരു കാല്‍ പുറകോട്ടു വലിച്ചുകൊണ്ട് പെട്ടെന്ന് അല്പം ശ്വാസം പുറത്തേക്കു വിട്ട് നെഞ്ച് അല്പം കുഴിച്ചും കൊണ്ട് ചെറുതായി മുന്നോട്ട് അനക്കുക. ഇപ്പോള്‍ നിങ്ങളുടെ നെഞ്ചിന്റെ ഭാഗം അല്പം കുഴിഞ്ഞുകൊണ്ട് പന്തിനെ സ്വീകരിക്കുകയും ഒരു ഇലാസ്റ്റിക് പോലെ പ്രവവര്‍ത്തിച്ചു കൊണ്ട് പന്ത് തെറിച്ചുപോകാതെ നിര്‍ത്തുകയും ചെയ്യുന്നു. തുടര്‍ച്ചയായ പരിശീലനം കൊണ്ട് ഇക്കാര്യം സ്വായത്തമാക്കാവു ന്നതേയുള്ളൂ. ശ്രദ്ധിക്കുക: നെഞ്ചിനകത്ത് ആവശ്യത്തിന് വായു ഇല്ലെങ്കില്‍ പന്തിന്റെ ആഘാതം നെഞ്ചിന്‍കൂടിന് ഏറ്റേക്കാം. ആദ്യം വേഗത കുറച്ചും, പിന്നീട് വേഗത്തില്‍ വരുന്ന പന്തിനെ തിരെ വേഗത്തിലും പരിശീലിക്കുക (നിങ്ങള്‍ ഒരു ഗോള്‍കീപ്പറാ ണെങ്കില്‍ നെഞ്ചിനു നേരെ വരുന്ന പന്ത് സ്വന്തം പെനാല്‍റ്റി ബോക്‌സിനകത്തു വെച്ചു കൈകള്‍കൊണ്ടു പിടിച്ചൊതു ക്കാവുന്നതാണ്. ശ്രദ്ധിക്കുക: സഹകളിക്കാരന്റെ മൈനെസ് പാസില്‍ നിന്നു വരുന്ന പന്ത് ഗോള്‍കീപ്പര്‍ കൈകൊണ്ടു പിടിക്കുവാന്‍ പാടുള്ളതല്ല)