"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 13, ബുധനാഴ്‌ച

1893 ലെ പുലയര്‍ - ദലിത്ബന്ധു എന്‍ കെ ജോസ്


തല്‍സ്ഥാനത്തു അതിനു മുപ്പത്തിയൊന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് 1893 ല്‍ അയ്യന്‍കാളി തന്റെ പ്രസിദ്ധമായ വില്ലുവണ്ടിയില്‍ ദലിതര്‍ക്കു നിരോധിക്കപ്പെട്ടിരുന്ന വഴികളിലൂടെ സഞ്ചരിച്ച് സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുമ്പോള്‍ ആ സമുദായത്തിന്റെ നില തുലോം ദയനീയമായിരുന്നു. അവര്‍ണ്ണര്‍ക്കു സഞ്ചാരസ്വാതന്ത്ര്യം വേണം എന്നുപറയുവാന്‍ രാജ്യത്ത് ആരുമുണ്ടായിരുന്നില്ല. ദലിതര്‍ക്കെന്നല്ല ഈഴവര്‍ക്കുപോലും അങ്ങനെ ഒരുബോധമുണ്ടായിരുന്നില്ല. അതിനു മൂന്നുവര്‍ഷ ത്തിനുശേഷം 1896 ല്‍ ഈഴവര്‍ സര്‍ക്കാരിലേയ്ക്ക് നല്‍കിയ മെമ്മോറാണ്ടത്തില്‍ തങ്ങള്‍ക്കു രാജ്യത്തുള്ള എല്ലാ പൊതു നിരത്തുകളി ലൂടെയും സഞ്ചരിക്കാനുള്ള അവകാശം നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുക പോലും ചെയ്തിരുന്നില്ല.16 ആലുംമൂട്ടില്‍ ചാന്നാരെപ്പോലുള്ളവര്‍ക്കുപോലും മാവേലിക്കര ക്ഷേത്രത്തിനു സമീപത്തുചെല്ലുമ്പോള്‍ കാറില്‍ നിന്നിറങ്ങി വയല്‍വരമ്പിലൂടെ നടക്കേണ്ട ഗതികേടുണ്ടായിരുന്നു. എന്നിട്ടും ഈഴവ മെമ്മോറിയലില്‍ അതു പരാമര്‍ശിതമായില്ല. ഈഴവര്‍ക്ക് അന്ന് ക്ഷേത്രസാമീപ്യമോ സവര്‍ണ്ണഗൃഹ സാമീപ്യമോ ഇല്ലാത്ത നിരത്തുകളിലൂടെ സഞ്ചരിക്കാം. ദലിതര്‍ക്ക് ഒരു പൊതുവഴിയും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. 1850കളിലാണ് തിരുവിതാം കൂറില്‍ പൊതുവഴികളുണ്ടായത്. കൊല്ലം-ചെങ്കോട്ട റോഡ്, കോട്ടയം-കുമളി റോഡ് തുടങ്ങിയവയെല്ലാം അന്ന് വ്യാപാരാവശ്യ ത്തിനുവേണ്ടി നിര്‍മ്മിക്കപ്പെട്ട വയായിരുന്നു. അവപോലും ദലിതര്‍ക്കു നിഷേധിക്കപ്പെട്ടിരുന്നു.

നിയമസഭയില്‍ അവരെ പ്രതിനിധീകരിക്കാന്‍ ആരുമുണ്ടാ യിരുന്നില്ല. 1911 ലാണ് അയ്യന്‍കാളി ആദ്യമായി പ്രജാസഭയില്‍ എത്തുന്നത്. അതിനുമുമ്പ് പുലയരുടെ പ്രതിനിധിയായി അസംബ്ലിയിലുണ്ടായിരുന്നത് ഒരു നായരായിരുന്നു; സുഭാഷിണി പത്രാധിപര്‍ പി.കെ.ഗോവിന്ദപ്പിള്ള. അയ്യന്‍കാളിയുടെ സഞ്ചാര സ്വാതന്ത്ര്യസമരകാലത്ത് അതുമുണ്ടായിരുന്നില്ല. തിരുവിതാം കൂറില്‍ പ്രജാസഭ നിലവില്‍ വന്നിട്ട് 5 വര്‍ഷം മാത്രമേ അന്ന് കഴിഞ്ഞിരുന്നുള്ളൂ. 1888 ലാണ് ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി തിരുവിതാംകൂറില്‍ നിയമസഭ സ്ഥാപിക്കപ്പെടുന്നത്. രാജാവ് നാമനിര്‍ദ്ദേശം ചെയ്ത രണ്ടു നായരാണ് ആദ്യ നിയമസഭയില്‍ അനൗദ്യോഗിക മെമ്പറന്മാരായി ഉണ്ടായിരുന്നത്.17 ആകെകൂടി അയ്യന്‍കാളി ഒരാള്‍ക്ക് മാത്രമാണ് അന്ന് പൊതുവഴിയിലൂടെ നടക്കണമെന്ന ആഗ്രഹമുണ്ടായിരുന്നത്.

എഴുത്തും വായനയും അറിയാവുന്നവര്‍ ആ സമുദായത്തില്‍ അന്ന് വിരളമായിരുന്നു. അവരിലാരും ഒരു ശിപായിപോലു മായിരുന്നില്ല. 44 വര്‍ഷത്തിനുശേഷം 1937 ല്‍ അയ്യന്‍കാളി പ്രകടിപ്പിച്ച ആഗ്രഹം തന്റെ സമുദായത്തില്‍ പത്തു ബി.ഏ.ക്കാരുണ്ടാകണമെന്നായിരുന്നു. തോമസ് വാധ്യാരും ഹാരീസു വാധ്യാരും പോലെ മിഷനറിസ്‌കൂളുകളില്‍ നിന്നും അക്ഷരാഭ്യാസം ലഭിച്ച ചില സഹപ്രവര്‍ത്തകരുണ്ടായിരുന്നു എന്നതില്‍ കവിഞ്ഞ ഒരു നേതൃസംഘം അന്നെങ്ങും അവര്‍ക്ക് ഉണ്ടായിരുന്നില്ല. പതിനാലു വര്‍ഷത്തിനുശേഷം 1907 ലാണ് അവര്‍ക്ക് ഒരു സംഘടനയുണ്ടാകുന്നത് സാധുജനപരിപാലന സംഘം.

ആ രണ്ടു സമുദായങ്ങളും, ഈഴവസമുദായവും ദലിത് സമുദായവും, അവയുടെ നേതൃത്വങ്ങളും തമ്മില്‍ താരതമ്യ പ്പെടുത്തു മ്പോഴാണ് 1924 ലെ വൈക്കം സത്യാഗ്രഹത്തേക്കാള്‍ അതിന് 31 വര്‍ഷം മുമ്പു നടന്ന വില്ലുവണ്ടി സമരം എത്രയോ അടിസ്ഥാനപരമായതും എത്രയോ മടങ്ങ് ശക്തമായതുമാണ് എന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. ജനം ബോധവല്‍ക്കരണം നേടി ഒന്നിനുവേണ്ടി ശ്രമിക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ അതിനു നേതൃത്വം കൊടുക്കാന്‍ രംഗത്തു വരുന്നതും ജനത്തിന് അറിവില്ലാത്തതും അതിനാല്‍ ആഗ്രഹമില്ലാത്ത തുമായ ഒന്നിനുവേണ്ടി അവരെ ബോധവല്‍ക്കരിച്ച് താല്‍പര്യമുണ്ടാക്കി നേതൃത്വം കൊടുത്തു സമരം ചെയ്തു നേടിയെടുക്കുന്നതും തമ്മിലുള്ളവ്യത്യാസം കടലും കടലാടിയും തമ്മിലുള്ളതാണ്. അതാണ് അയ്യന്‍കാളി നേതൃത്വം കൊടുത്ത വിപ്ലവത്തിന്റെ പ്രത്യേകത. വിപ്ലവ കാരിയായ അയ്യന്‍കാളിയെ ഇതര വിപ്ലവമ്മന്യന്മാരുമായി താരതമ്യപ്പെടുത്തുന്നതുതന്നെ തെറ്റാണ്.

അയ്യന്‍കാളിയുടെ സഞ്ചാരസ്വാതന്ത്ര്യ സമരം വെറും മുട്ടാളത്തം മാത്രമാണെന്നും വൈക്കം സത്യാഗ്രഹം നിയമാനുസൃതമുള്ള ഒരു സമരമായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. അവരോടു ചോദിക്കുവാനു ള്ളത് ഒന്നുമാത്രമാണ്. ഏതു നിയമമനുസരിച്ചാണ് അവര്‍ക്ക് പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചത്. ഒരുകാലത്ത് ഈ രാജ്യത്തെ ആദിവാസി-ദ്രാവിഡ സങ്കരജനത സാമൂഹ്യാടിസ്ഥാനത്തില്‍ സ്വന്തമായി ഉപയോഗിച്ചു കൊണ്ടിരുന്ന ഭൂമി ബ്രാഹ്മണരുടെ പേരിലായത് ഏത് നിയമമനുസരിച്ച് എങ്ങിനെയാണ്? അതു മുട്ടാളത്തരമല്ലേ? സത്യാഗ്രഹം യഥാര്‍ത്ഥത്തില്‍ ഒരു വഞ്ചനയല്ലേ? വൈക്കത്തെ നിരത്തുകളിലൂടെ ഒരു ഈഴവനും ഒരു പുലയനും സഞ്ചരിച്ചപ്പോള്‍ അവിടെ വേലികെട്ടിതടഞ്ഞു പോലീസ് കാവല്‍ നിന്നു. പോലീസു സര്‍ക്കാരിന്‍േറതാണ്. അത് സര്‍ക്കാര്‍ നിയമത്തിലുള്ള കാര്യമല്ല. പോലീസ് അവിടെ വന്നത് നിയമസമാധാന സംരക്ഷണത്തിനു വേണ്ടിയാണ് എന്നാണല്ലോ പറയുന്നത്. വഴിതടഞ്ഞത് പോലീസോ സര്‍ക്കാരോ അല്ല വൈക്കത്തെ ബ്രാഹ്മണരാണ്. അവര്‍ക്കതിന് എന്തവകാശം? അവകാശമില്ലെങ്കിലും തടഞ്ഞപ്പോള്‍ അവിടെ നിന്നതിന്റെ അര്‍ത്ഥം അത് അംഗീകരിച്ചു എന്നല്ലേ? അവകാശമില്ലാ ത്തവന്‍ തടഞ്ഞാല്‍ നില്‍ക്കേണ്ടതില്ല എന്നാണ് അയ്യന്‍കാളിയും ശ്രീനാരായണഗുരുവും പറഞ്ഞത്. ഗാന്ധിമാത്രം പറഞ്ഞു അവിടെകുത്തിയിരിക്കാന്‍. ഗാന്ധി ബ്രാഹ്മണിസ്റ്റാണ്. സനാതന ഹിന്ദുവാണ്. പരശുരാമനെയും കോടാലിയേയും അംഗീകരി ക്കുന്നവ നാണ്. ഈഴവരേയും ദലിതരേയും കൊണ്ട് അവര്‍ അറിയാതെ അത് അംഗീകരിപ്പിക്കുകയാണ് ഗാന്ധി ചെയ്തത്. അതാണ് വഞ്ചന.