"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 11, തിങ്കളാഴ്‌ച

1924 ലെ ഈഴവര്‍ - ദലിത്ബന്ധു എന്‍ കെ ജോസ്


വൈക്കത്ത് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം നടത്തിയത് 1924-25 വര്‍ഷങ്ങളിലാണ്. അതിനുവേണ്ടി പ്രധാനമായും മുന്‍നിന്നു പ്രവര്‍ത്തിച്ചത് ഈഴവസമുദായമാണ്. ഈ ഈഴവസമുദായം അന്ന് ഏറെ പുരോഗമന വാഞ്ഛന യുള്ളവരുടെ ഒരു സമൂഹമായിരുന്നു. അവര്‍ക്ക് ഒരു സമുദായ സംഘടന ഉണ്ടായിട്ട് അന്ന് രണ്ടു ദശാബ്ദത്തിലേറെയായി; അത് അനുദിനം പുരോഗമിച്ച് സാമൂഹ്യമായ ബോധവല്‍ക്കരണം ജനങ്ങളിലൊട്ടാകെ നടത്തിയിരുന്നു. സാമ്പത്തിക രംഗത്തും അവര്‍ ഒട്ടേറെ മിഴിവ് നേടിയിരുന്നു. 1903 ല്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പി.യോഗത്തിന് ഒരുവര്‍ഷംകൊണ്ട് 500 മെമ്പറന്മാരെ സമ്പാദിക്കുവാന്‍ കഴിഞ്ഞു എന്ന് ഒന്നാം വാര്‍ഷികസമ്മേളനത്തില്‍ ഡോ: പല്‍പ്പു ചെയ്ത പ്രസംഗത്തില്‍ നിന്നും മനസ്സിലാക്കാം.13 അന്ന് ഒരു മെമ്പറുടെ ഓഹരി വില 100 രൂപയായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ നൂറുരൂപാ എന്ന വലിയ തുക മുമ്പ് സൂചിപ്പിച്ചതു പോലെ ഒരു സര്‍ക്കാര്‍ അദ്ധ്യപകന്റെ മൂന്നുവര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുകയാണ്. അത് നിഷ്പ്രയാസം എടുത്തു പ്രയോഗിക്കാന്‍ കഴിവുള്ള അഞ്ഞൂറുപേരെങ്കിലും അന്ന് ഈഴവ സുദായത്തി ലുണ്ടാ യിരുന്നു എന്നാണ് അത് കാണിക്കുന്നത്.

തിരുവിതാംകൂര്‍ നിയമസഭയില്‍ അന്ന് ഒന്നിലേറെ ഈഴവ പ്രതിനിധികളുണ്ടായിരുന്നു. അവരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്താണെങ്കിലും തങ്ങളുടെ അവശതകള്‍ സഭാസമക്ഷം അവതരിപ്പി ക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചിരുന്നു. നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രതിനിധികള്‍ക്കുപകരം തെരഞ്ഞെ പ്പെടുന്ന പ്രതിനിധികള്‍ ഉണ്ടാകത്തക്കവിധം നിയമസഭാ സംവിധാനം പരിഷ്‌കരിക്കണമെന്ന് അന്നവര്‍ ആവശ്യപ്പെട്ടിരുന്നു. ഒന്‍പതുവര്‍ഷത്തിനുശേഷം നടന്ന നിവര്‍ത്തനപ്രക്ഷോഭണം അതിനുവേണ്ടിയുള്ളതാണ്.

ഈഴവരില്‍ അന്ന് വിദ്യാഭ്യാസം സിദ്ധിച്ചവര്‍ ഏറെയുണ്ടായി രുന്നു. 28 വര്‍ഷം മുമ്പ് 1896 ല്‍ ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചകാലത്ത് 25000 ഈഴവര്‍ വിദ്യാഭ്യാസമുള്ളവരായി ഉണ്ടായിരുന്നു എന്ന് മെമ്മോറിയലില്‍ തന്നെ പറയുന്നുണ്ട്. പത്തുവര്‍ഷത്തിനുശേഷം 1906 ല്‍ കുമാരനാശാന്‍ അസംബ്ലിയില്‍ ചെയ്ത പ്രസംഗത്തില്‍ അന്ന് പതിനായിരം ഈഴവര്‍ വിദ്യാഭ്യാസം ഉള്ളവരുണ്ട് എന്നും പറയുന്നുണ്ട്. അവരില്‍ 1359 പേര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ളവരുമായിരുന്നുവത്രേ.14 1908 ല്‍ എം.ഗോവിന്ദന്‍ ബി.എ.ബി.എല്‍. എന്ന ഈഴവന്‍ മുന്‍സിഫായി നിയമിക്കപ്പെട്ടു. അഞ്ചുരൂപായില്‍കൂടുതല്‍ ശമ്പളം വാങ്ങുന്ന ആദ്യത്തെ ഈഴവ ഉദ്യോഗസ്ഥന്‍ അദ്ദേഹമായിരുന്നു. 1924 ആയപ്പോള്‍ ഏറെ ഉദ്യോഗസ്ഥന്മാരും വക്കീലന്മാരും ഡോക്ടര്‍മാരും ബി.എ.ക്കാരുമെല്ലാം ആ സമുദായത്തിലുണ്ടായി.

അവരെ നയിക്കാന്‍ നാരായണഗുരു മുതല്‍ സഹോദരന്‍ അയ്യപ്പന്‍ വരെയുള്ള ഒരുപറ്റം നേതാക്കന്മാരുമുണ്ടായിരുന്നു. ടി.കെ. മാധവന്‍, സി.വി.കുഞ്ഞുരാമന്‍, മഹാകവി കുമാരനാശാന്‍ തുടങ്ങിയവരുടെ പേരുകള്‍ എടുത്തുപറയേണ്ടതുണ്ട്. സമൂഹത്തെ അറിഞ്ഞവര്‍, സമൂഹത്തിന്റെ പ്രശ്‌നങ്ങളെപ്പറ്റി ബോധമുള്ളവര്‍, സ്വന്തമായി വ്യക്തിത്വമുള്ളവര്‍, നേതൃത്വത്തിന് കഴിവുള്ളവര്‍ അങ്ങനെയുള്ള നേതാക്കന്മാരായിരുന്നു അവര്‍. വൈക്കം സത്യാഗ്രഹ ത്തിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നത് ആ സമുദായത്തിലെ ടി.കെ.മാധവനാണ്.

അങ്ങനെയെല്ലാമുള്ള ഒരു സമുദായമാണ് വൈക്കത്ത് സഞ്ചാര സ്വാതന്ത്ര്യസമരം നടത്തിയത്. എന്നിട്ടും അത് 603 ദിവസം നീണ്ടുനിന്നു. അവരെ സഹായിക്കാന്‍ നായര്‍ സമുദായത്തില്‍ നിന്നും കെ.പി.കേശവമേനോന്‍ തൊട്ടു മന്നത്തു പത്മനാഭപിള്ള വരെയുള്ള ഒരുവ്യൂഹമുണ്ടായിരുന്നു. ശൂദ്രര്‍ മാത്രമല്ല കറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനെപ്പോലുള്ള ബ്രാഹ്മണരും സജീവമായി രംഗത്തെത്തി. നായര്‍ മുന്‍നിന്ന് ഒരു സവര്‍ണ്ണജാഥ വൈക്കത്തുനിന്നും തിരുവനന്തപുരത്ത് എത്തി അന്നത്തെ റാണി റീജന്റായി ഭരണം നടത്തുന്ന സേതുലക്ഷ്മീഭായിയെ കണ്ടു നിവേദനം നടത്തി. അതുപോലെ നെയ്യാറ്റിന്‍കരയില്‍നിന്നും ഡോ: എം.ജി.നായിഡുവിന്റെ നേതൃത്വത്തില്‍ മറ്റൊരു ജാഥയുമുണ്ടാ യിരുന്നു. തിരുവിതാംകൂറിനു പുറത്തുനിന്നും ഈ.വി.രാമസ്വാമി നായ്ക്കരെപ്പോലുള്ള അഖിലേന്ത്യാ പ്രശസ്തര്‍ വൈക്കത്ത് എത്തി ക്യാമ്പ് ചെയ്തു സമരത്തിനു നേതൃത്വം കൊടുത്തുകൊണ്ടിരുന്നു. ഇതിനെല്ലാം പുറമെ ഗാന്ധിയുടെ പരസ്യമായ പിന്തുണയും സത്യാഗ്രഹത്തിനുണ്ടായിരുന്നു. എന്നുപറഞ്ഞാല്‍ വൈക്കം സത്യാഗ്രഹകാലത്ത് അവര്‍ണ്ണരുടെ സഞ്ചാരസ്വാതന്ത്ര്യം ഒരു ദേശീയാവശ്യമായി വളര്‍ന്നു കഴിഞ്ഞിരുന്നു. അതിനൊരു മൂര്‍ത്തരൂപം ലഭിക്കുകയാണ് വൈക്കത്ത് നടന്നത്. എന്നിട്ടും 603 ദിവസംവേണ്ടി വന്നു സത്യാഗ്രഹത്തിന് ഒരു അന്ത്യം കാണാന്‍, വിജയിക്കുവാനല്ല. എന്തുകൊണ്ട്?15