"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 14, വ്യാഴാഴ്‌ച

1924 ലെ അയ്യന്‍കാളി - ദലിത്ബന്ധു എന്‍ കെ ജോസ്


വൈക്കത്ത് സത്യാഗ്രഹം നടക്കുമ്പോള്‍ അയ്യന്‍കാളിക്ക് 60 വയസ്സുണ്ടായിരുന്നു. അദ്ദേഹം ജനിച്ചത് 1863 ആഗസ്റ്റ് 28-ാം തീയതിയാണ് അദ്ദേഹം മരിച്ചത് വൈക്കം സത്യാഗ്രഹത്തിനു ശേഷം പിന്നെയും 17 വര്‍ഷങ്ങള്‍ കഴിഞ്ഞ് 1941 ജൂണ്‍ 18-ാം തിയതിയിലാണ്. എന്നാല്‍ അദ്ദേഹം വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തില്ല. പങ്കെടുക്കാതിരുന്നതാണോ പങ്കെടുപ്പിക്കാതി രുന്നതാണോ? പങ്കെടുത്തു എന്നവകാശപ്പെടുന്ന ചിലരെങ്കിലും ഇന്നുണ്ട്. അദ്ദേഹത്തിന്റെ ആധികാരികമായ ജീവചരിത്രം എഴുതിയ ടി.എച്ച്.പി. ചെന്താരശ്ശേരിയെ പ്പോലുള്ളവര്‍ അയ്യന്‍കാളിക്ക് വൈക്കം സത്യാഗ്രഹവുമായി ഒരു ബന്ധവുമില്ലാ എന്ന് പ്രസ്താവിക്കുന്നവരാണ്. അയ്യന്‍കാളിയെ ആധുനികവല്‍ക്ക രിക്കാന്‍ ശ്രമിക്കുന്നവരാണ് അദ്ദേഹം ഹിന്ദുവാണെ ന്നും, ഹിന്ദുമത പരിഷ്‌ക്കരണവാദിയായിരുന്നു എന്നും ഹിന്ദുമത പരിഷ്‌ക്കരണ പ്രസ്ഥാനമായ വൈക്കം സത്യാഗ്രഹത്തില്‍ (ഗാന്ധി അങ്ങനെയാണല്ലോ വിശേഷിപ്പിച്ചത്) പങ്കെടുത്തുവെന്നും ക്ഷേത്രപ്രവേ ശനാനുവാദത്തിനുവേണ്ടി സമരം ചെയ്തുവെന്നു മെല്ലാം അവകാശപ്പെ ടുന്നത്. ഇന്ന് ആരേയും എന്തിനേയും ഹിന്ദുവാക്കാന്‍ വെമ്പല്‍ കൊള്ളുന്ന കാലമാണല്ലോ. അതുകൊ ണ്ടുള്ള പ്രയോജനം എന്താണ് എന്ന് ആരും വ്യക്തമാക്കുന്നില്ല. വീണ്ടും അടിമയാകാം.

വൈക്കം സത്യാഗ്രഹകാലത്ത് അദ്ദേഹം കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗക്കാരുടെ അനിഷേധ്യ നേതാവായിരുന്നു. ആരാധനാപുരുഷനായിരുന്നു, അയ്യന്‍കാളി യജമാനനായിരുന്നു. ഇതര ജാതിക്കാര്‍ക്കും വര്‍ഗ്ഗക്കാര്‍ക്കും അദ്ദേഹം അജ്ഞാത നല്ലായിരുന്നു. അതിനകം 14 വര്‍ഷക്കാലം തുടര്‍ച്ചയായി അദ്ദേഹം പ്രജാസഭാ മെമ്പറായിരുന്നു. പ്രജാസഭാമെമ്പറെന്ന നിലയിലും സാധുജനപരിപാലന സംഘത്തിന്റെ ജനറല്‍സെക്രട്ടറി എന്ന നിലയിലും തിരുവിതാം കൂറിലും കൊച്ചിയിലും മലബാറിലും അന്നദ്ദേഹം പരക്കെ അറിയപ്പെട്ടി രുന്നു. അദ്ദേഹത്തിന്റെ തിരുവിതാംകൂറിലെ പ്രവര്‍ത്തനങ്ങളെ അനുകരിച്ച് കൊച്ചിയിലും പുലയര്‍ക്കിടയില്‍ കെ.പി.വള്ളോനെ പ്പോലു ള്ളവര്‍ സംഘടന കെട്ടിപ്പടുക്കാന്‍ തുടങ്ങിയിരുന്നു. അദ്ദേഹം ജനറല്‍സെക്രട്ടറിയായിരിക്കുന്ന സാധുജനപരിപാലന സംഘത്തിന് അപ്പോള്‍ തിരുവിതാംകൂറില്‍ ആയിരത്തിലധികം ശാഖകളും സാധുജനപരിപാലിനി എന്ന ഒരു മാസികയുമുണ്ടാ യിരുന്നു. അങ്ങനെ അന്ന് അദ്ദേഹം തിരുവിതാംകൂറിലെ പൊതുരംഗത്ത് നിറഞ്ഞുനിന്നി രുന്നു. വൈക്കത്ത് സത്യാഗ്രഹം നടക്കുമ്പോള്‍ വൈക്കത്തുകാരനായ ഫാദര്‍ സിറയക് വെട്ടിക്കാപ്പള്ളി അദ്ദേഹത്തോടൊപ്പം ശ്രീമൂലം പ്രജാസഭയിലു ണ്ടായിരുന്നു. സാധുജനപരിപാലനസംഘത്തിന് അധികം താമസിയാതെ ചങ്ങനാശ്ശേരിപ്രദേശത്ത് ഒട്ടേറെശാഖകളുണ്ടായി. ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍, വാഴപ്പള്ളി പടിഞ്ഞാറുഭാഗം വില്ലേജില്‍ സാധുജനപരിപാലനസംഘത്തിന് എം.സി.റോഡിന്റെ സൈഡില്‍രണ്ടര ഏക്കര്‍ സ്ഥലം ലഭിച്ചു. സംഘടനയുടെ പ്രധാനശില്‍പിയും ജനറല്‍സെക്രട്ടറിയും എന്ന നിലയില്‍ അയ്യന്‍കാളി ആണ്ടുവട്ടത്തില്‍ കൂടുതല്‍ സമയവും ചങ്ങനാശ്ശേ രിയിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്നു. സാധുജന പരിപാലിനി എന്ന മാസിക പ്രസിദ്ധീകരിക്കപ്പെ ട്ടിരുന്നത് ചങ്ങനാശ്ശേരിയില്‍ നിന്നുമാണ്. എന്നിട്ടും അയ്യന്‍കാളി വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടിട്ടില്ല. സത്യാഗ്രഹ ഭാരവാഹികള്‍ അദ്ദേഹത്തെ സമീപിക്കാതിരുന്നതോ അതില്‍ പങ്കെടുക്കേണ്ടിതില്ലാ എന്നു അദ്ദേഹം സ്വയം തീരുമാനിച്ചതോ?

ഒരു പുലയന് സ്വന്തം വീട്ടില്‍ ഭക്ഷണം കൊടുക്കുകയും എച്ചില്‍ എടുക്കകയും ചെയ്തത് ഒരു വലിയ വീരസാഹസിക കൃത്യമായി പ്രത്യേകം എടുത്ത് ആത്മകഥയില്‍ എഴുതിയ മന്നത്തു പത്മനാഭ പിള്ളയും ചങ്ങനാശ്ശേരിക്കാരനായിരുന്നു. സത്യാഗ്രഹകാലത്ത് വൈക്കത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് നടത്തിയ സവര്‍ണ്ണ കാല്‍നടജാഥയുടെ ക്യാപ്റ്റന്‍ അദ്ദേഹമാ യിരുന്നു. ആ ജാഥ കടന്നുപോയത് സാധുജനപരിപാലനസംഘം ഓഫീസിന്റെ മുന്‍വശത്തുകൂടിയാണ്. എന്നിട്ടും വൈക്കം സത്യാഗ്രഹഭാരവാഹികള്‍ അദ്ദേഹത്തെ അറിഞ്ഞില്ല. മന്നത്തു പത്മനാഭപിള്ളയുടെ പുലയപ്രേമം അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ 657-ാം പേജില്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയെ വിമര്‍ശിക്കുന്നിടത്തുണ്ട്.

പെരിനാട്ടു നടന്ന നായര്‍-പുലയ സംഘട്ടനം അവസാനിപ്പിക്കു വാന്‍വേണ്ടി മുന്‍സൂചിപ്പിച്ചതുപോലെ 1915ല്‍ കൊല്ലത്ത് നടന്ന അനുരഞ്ജന സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചത് ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയായിരുന്നു. അവിടെവച്ച് പുലയസ്ത്രീകള്‍ ധരിക്കാറുള്ള കല്ലയും മാലയും പൊട്ടിച്ചുകളയുവാന്‍ ആജ്ഞാ പിക്കു കയും മേലില്‍ അവ ധരിക്കേണ്ടതില്ല എന്ന് നിര്‍ദ്ദേശി ക്കുകയും ചെയ്തതു അയ്യന്‍കാളിയായിരുന്നു. പരമേശ്വരന്‍ പിള്ള അധ്യക്ഷനെന്ന നിലയില്‍ അതിനെ എതിര്‍ത്തില്ല. നായര്‍ പുലയരുടെ വീടുകള്‍ക്കു തീവച്ചതും അവരെ മര്‍ദ്ദിച്ചതും തെറ്റാണെന്ന് ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള പ്രസംഗിച്ചു. അതുരണ്ടും ശരിയായില്ലാ എന്നായിരുന്നു മന്നത്തിന്റെ ആക്ഷേപം. സംഭവം നടന്നത് വൈക്കം സത്യാഗ്രഹത്തിന് 9 വര്‍ഷം മുമ്പായിരുന്നുവെങ്കിലും ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള ഒരു ലഘുവിമര്‍ശനം'എന്ന ഗ്രന്ഥം മന്നം എഴുതിയത്.18 വൈക്കം സത്യാഗ്രഹത്തിനും അനേകവര്‍ഷങ്ങള്‍ക്കു ശേഷം 1938 ലെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രക്ഷോഭണങ്ങള്‍ക്കും ശേഷമാണ്.

വൈക്കം സത്യാഗ്രഹത്തിന്റെ അദ്യദിവസം സത്യാഗ്രഹം അനുഷ്ഠിക്കാനായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരില്‍ ഒരാളായ കുഞ്ഞാപ്പി അയ്യന്‍കാളിയുടെ സമുദായക്കാരനായിരുന്നു. കുഞ്ഞാപ്പിയെ പുലയനെന്ന കാരണത്താല്‍ തന്നെയാണ് സത്യാഗ്രഹത്തില്‍ പങ്കെടുപ്പിച്ചത്. അദ്ദേഹം വൈക്കംകാര നായിരുന്നില്ല. കോട്ടയത്തുനിന്നും ഈ ആവശ്യത്തിനായി പ്രത്യേകം കൊണ്ടുവരപ്പെട്ട ആളായിരുന്നു. പിന്നെ ഒരിക്കലും സത്യാഗ്രഹത്തിനു പുലയരുണ്ടായിരുന്നില്ല. രണ്ടാമത്തെ ദിവസം ഒരു നായരും രണ്ട് ഈഴവരുമാണ് സത്യഗ്രഹം നടത്തിയത്. അയ്യന്‍കാളി ബന്ധപ്പെട്ടിരുന്നുവെങ്കില്‍ 603 ദിവസത്തേയ്ക്ക് 603 ദലിതരെയോ നാലു നടയിലേയ്ക്കുംവേണ്ടി 2412 ദലിതരെയോ നിഷ്പ്രയാസം ലഭിക്കുമായിരുന്നു. അന്ന് അദ്ദേഹം അയ്യന്‍കാളി യജമാനനായിരുന്നു.