"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 18, തിങ്കളാഴ്‌ച

എങ്ങനെ നല്ലൊരു ഫുഡ്‌ബോള്‍ കളിക്കാരനാകാം? പാഠം: 9 - ഡോ. കെ എം കര്‍മചന്ദ്രന്‍


കാലുകള്‍ കൊണ്ടുള്ള അമ്മാനമാടല്‍:

സാധാരണ വലുപ്പമുള്ള (1 ആം നമ്പര്‍ മുതല്‍ മേലോട്ടുള്ളത്) ഒരു ഫുഡോബോളുമായി ഗ്രൗണ്ടില്‍ നില്ക്കുക (തീരെ ചെറിയ പന്തുകള്‍ തുടക്കക്കാര്‍ക്കു പറ്റിയതല്ല). പന്തിനടുത്തായി ാെരു കാല്‍ ഊന്നിനിന്നുകൊണ്ട് മറ്റേക്കാല്‍ പന്തിനു മുകളില്‍ വെച്ചമര്‍ത്തുക. ഇപ്രകാരം ചെറുതായി പന്തിന്മേല്‍ വെച്ചമര്‍ത്തിയ കാല്‍ പന്തിനെ ഉരുട്ടിക്കൊണ്ടു പുറകോട്ടു വലിച്ച ഉടനെതന്നെ ഉരുളുന്ന പന്തിന്റെ അടിവശത്തായി അതേകാലിന്റെ തള്ളവിരല്‍ ഭാഗംകൊണ്ടു വെച്ചു മുകളിലേക്കു തോണ്ടിയെടുക്കുക. പന്തു നിങ്ങളുടെ മുട്ടിന്റെ ഉയരത്തില്‍ പൊങ്ങിവരും. ഈ പന്തിനെ താഴേക്കു വീഴുവാന്‍ അനുവദി ക്കാതെ കാല്പാദം കൊണ്ടു പന്തിനടിയില്‍ ലഘുവായിത്തട്ടി നെഞ്ചുയരത്തില്‍ എത്തിക്കാം. ടി പന്തു താഴത്തു പതിക്കുന്നതിനു മുമ്പായി വീണ്ടും അതുപോലെ തട്ടിത്തട്ടി വായുവില്‍ത്തന്നെ നിലനിര്‍ത്താം.

ഇപ്രകാരം വീണ്ടും വീണ്ടും കാല്‌കൊണ്ടുതട്ടി പന്തു വായുവില്‍ കൂടുതല്‍ നേരം നിലനിര്‍ത്താം. ആദ്യമായി ഇതു ചെയ്യുമ്പോള്‍ ഇതില്‍ വിജയിച്ചെന്നു വരില്ല. ക്ഷമയോടെ വീണ്ടും വീണ്ടും പരിശീലിക്കുക. എത്രയും കൂടുതല്‍ സമയം പന്തു വായുവില്‍ കാല്‌കൊണ്ട് അമ്മാനമാടുന്നുവോ അത്രയും കൂടുതല്‍ പന്തു നിയന്ത്രണശേഷി നിങ്ങള്‍ക്കു കൈവരും. പന്തിന്റെ വായുവി ലുള്ള ഉയരല്‍, നിലത്തു പതിക്കുമ്പോഴുള്ള റീബൗണ്ട് എന്നിവ ശ്രദ്ധയോടെ നിരീക്ഷിക്കുക. വിജയം നിങ്ങളുടേതായിരിക്കും.

നെഞ്ചുയരത്തില്‍ പൊങ്ങിയ പന്തിനെ കാല്മുട്ടുകൊണ്ട് തട്ടിയും അമ്മാനമാടാം. കൂടുതല്‍ ഉയരത്തില്‍ പന്തുപൊങ്ങിയാല്‍ തോള്‍, തല, നെറ്റി എന്നിവകൊണ്ടും നിയന്ത്രിച്ചു അമ്മാനമാടിക്കളിക്കാം.

പ്രധാനമായും ഇത്തരം അമ്മാനമാടല്‍ പരിശീലന സമയത്താണ് വേണ്ടത്. ഗെയിം കളിക്കുമ്പോള്‍ നാം എതിര്‍ കളിക്കാരുടെ നിരീക്ഷണത്തിലായതു കൊണ്ട് ഇത്തരം അമ്മാനമാടല്‍ സാധ്യമായെ ന്നിരിക്കുകയില്ല. എന്നാല്‍ കളി തുടങ്ങുന്നതിനു മുമ്പായി പുതിയ പന്തും പുതിയ ഗ്രൗണ്ടുമായി പൊരുത്ത പ്പെടുന്നതിനും റീബൗണ്ട് മനസിലാക്കുവാനും പന്തുകൊണ്ടുള്ള അമ്മാനമാടല്‍ ഒരു കളിക്കാരനെ സഹായിക്കുന്നു.