"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 1, വെള്ളിയാഴ്‌ച

ഹിന്ദുത്വവും ഹിന്ദുമതവും - ശശിക്കുട്ടന്‍ വാകത്താനം


ഹിന്ദുത്വവും ഹിന്ദുമതവും രണ്ടാണെന്ന വ്യാഖ്യാനം ഇന്നു പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 1923 ല്‍ സവര്‍ക്കര്‍ 'ഹിന്ദുത്വ' എന്നു പ്രയോഗിക്കുന്നത് 'ആരാണ് ഹിന്ദു' എന്ന സവര്‍ക്കറുടെ കൃതിയിലാണ്. സവര്‍ക്കറുടെ ഹിന്ദുത്വ, ഹിന്ദുത്വ ദര്‍ശന്‍, എം എസ് ഗോള്‍വല്‍ക്കറുടെ വിചാരധാര, നാം അഥവാ രാഷ്ട്രത്വം നിര്‍വ്വചിക്കപ്പെടുന്നു. (We or Nationalhood Defined) ഇവയാണ് ഹിന്ദുത്വം സൃഷ്ടിക്കാനുള്ള പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങള്‍. വിചാരധാരയില്‍ ഗോള്‍വല്‍ക്കര്‍ നാസിസത്തെ പിന്‍താങ്ങുന്നു. ഹിന്ദുസംസ്‌കാരത്തെ ദേശീയ സംസ്‌കാരമായി ഉയര്‍ത്തിപ്പിടി ക്കുന്നു. ഇതിനവര്‍ സ്വീകരിച്ച ഊര്‍ജ്ജം ബ്രിട്ടീഷ് ഭരണത്തില്‍ നിന്നായിരുന്നു. വിഘടിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രത്തെയായിരുന്നു ഇവരും ഉപയോഗപ്പെടുത്തിയത്. ഇതിലൂടെ മുസ്ലീങ്ങളെ പുറംതള്ളാനാണ് ദ്വിരാഷ്ട്രവാദം കൊണ്ടുവന്നത്. ഹിന്ദുമതത്തിന്റേത് മഹത്തായ ദര്‍ശനമാണെന്നും ഹിന്ദുത്വം അതല്ലെന്നും പറയുന്നുണ്ടെങ്കിലും രണ്ടും ഒന്നുതന്നെയാണ്. സവര്‍ക്കര്‍ പ്രകടിപ്പിച്ച ദേശസ്‌നേഹം ഇന്ത്യന്‍ ദേശീയത ആയിരുന്നില്ല. ഹിന്ദുദേശീയതയായിരുന്നു. 1979 ല്‍ മൊറാര്‍ജി ദേശായി ഗവണ്‍മെന്റ് സവര്‍ക്കറുടെ തടവുമുറി ദേശീയസ്മാരക മായി പ്രഖ്യാപിച്ചു. അവിടുത്തെ സ്മാരക ഫലകത്തില്‍ 'രാജ്യത്തിന് ഹിന്ദുത്വമന്ത്രം സംഭാവന ചെയ്ത ഹിന്ദുക്കളുടെ ഇടയില്‍ സമത്വം സമ്മാനിച്ച അഖണ്ഡഭാരതം എന്ന ഹിന്ദു രാഷ്ട്രത്തിനുവേണ്ടി പ്രയത്‌നിച്ച' എന്ന് എഴുതിവച്ചിരിക്കുന്നു. 

1947 ജൂലൈ 22 ന് ഭരണഘടനാ - നിര്‍മ്മാണ സമിതി പാസ്സാക്കിയ ഇന്ത്യന്‍ ദേശീയ പതാകയെ സവര്‍ക്കര്‍ അംഗീകരിച്ചിരുന്നില്ല. ജൂലായ് 29 ന് സവര്‍ക്കര്‍ ഇറക്കിയ ഒരു പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു;'നമ്മുടെ ഹിന്ദുസ്ഥാനത്തി ന്റെയും അവിഭക്ത മാതൃഭൂമിയുടെയും പുണ്യഭൂമിയുടെയും പതാക, കുണ്ഡലിനിയും കൃപാണവും അടയാളപ്പെടുത്തിയ കുങ്കുമ വര്‍ണ കൊടിയാണ്. ഹിന്ദുചരിത്രത്തിന്റെ വിശാലത മുഴുവന്‍ അതു പ്രതിഫലിപ്പിക്കുന്നു'. 1991 മെയ് 16 ന് പൂനയില്‍ വെച്ച് ശിവസേന നേതാവ് ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ ന്യായീകരിച്ചുകൊണ്ട് പ്രഖ്യാപിച്ചതിങ്ങനെ യായിരുന്നു. 'ഞങ്ങള്‍ നാഥൂറാമിന്റെ പേരില്‍ അഭിമാനം കൊള്ളുന്നു....... ഹിന്ദുത്വത്തിനു മാത്രമേ രാഷ്ട്രത്തെ കൂടുതല്‍ നാശത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയൂ.'

ഇവര്‍ പ്രചരിപ്പിക്കുന്ന ഹിന്ദുത്വം എന്നത് അക്രമത്തിന്റെയും കൊലപാതകത്തിന്റെയും രാഷ്ട്രീയം തന്നെയാണ.് ഈ ഹിന്ദുത്വ ആശയം രാഷ്ട്രീയമായി രൂപം കൊള്ളുന്നത് 1914 ല്‍ സ്ഥാപിക്കപ്പെട്ട ഭാരതീയ ഹിന്ദു മഹാസഭയിലൂടെയാണ്. പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയും ലാലാലജ്പതറായിയും ആയിരുന്നു ഇതിനു നേതൃത്വം നല്‍കിയത്. 1920 കള്‍ ആകുമ്പോഴേക്കും സവര്‍ക്കറുടെ നേതൃത്വത്തില്‍ അത് കൂടുതല്‍ തീവ്രസ്വഭാവം കൈവരിച്ചു. മുസ്ലീം പിന്തുണ കോണ്‍ഗ്രസിനുള്ളതിനാല്‍ കോണ്‍ഗ്രസിനെ ഇവര്‍ ശക്തമായി വിമര്‍ശിച്ചു. ദ്വിരാഷ്ട്രവാദവും വിദ്വേഷവും പ്രചരിപ്പിക്കാന്‍ തുടങ്ങിയത് ഇവിടം മുതല്‍ക്കാ യിരുന്നു. 1923 ല്‍ ആരാണ് ഹിന്ദു എന്ന ഉപന്യാസം സവര്‍ക്കര്‍ എഴുതി. 1920 ല്‍ തിലകന്റെ മരണശേഷം ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പത്തില്‍ നിന്നും അകന്നുപോയ ഇന്ത്യയെ പുനഃസംഘടി പ്പിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് 1925ലെ ദസറാ നാളില്‍ ഹെഡ്ഗവാര്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപീകരിക്കുന്നത്. ഇതിന്റെ പഴയ രൂപം 1905 - 06 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടില്‍ സവര്‍ക്കറും ശ്യാംജി കൃഷ്ണ വര്‍മ്മയും നേതൃത്വം കൊടുത്ത ഹിന്ദുത്വത്തിന്റെ അജണ്ട തന്നെയായിരുന്നു. 

1939 ഒക്‌ടോബര്‍ 9ന് സവര്‍ക്കര്‍ ബോംബെയില്‍ വച്ച് ഇന്ത്യാ 
വൈസ്രോയി ആയ ലിന്‍ലിത്‌ഗോ പ്രഭുവിനെ സന്ദര്‍ശിച്ച് കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബ്രിട്ടീഷുകാരുമായി സഹകരിക്കാ മെന്ന് വാഗ്ദാനം ചെയ്തു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ ആര്‍. എസ്സ്. എസ്സ് എതിര്‍ത്തു. 2-ാം ലോക യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ പിന്തുണച്ച ആര്‍ എസ്സ് എസ്സിന്റെ രാഷ്ട്രീയ മുഖം ജനസംഘ ത്തിലൂടെയും ഭാരതീയ ജനതാപാര്‍ട്ടിയിലൂടെയും പ്രത്യക്ഷപ്പെട്ടു. 1930 മുതല്‍ ഇന്ത്യയിലുണ്ടായ എല്ലാ ബ്രിട്ടീഷ് വിരുദ്ധപ്രസ്ഥാന ങ്ങളില്‍നിന്നും അവര്‍ വേര്‍പെട്ടു നിന്നു. 1030-31 ലെ സിവില്‍നിയമ നിഷേധപ്രസ്ഥാനം, 1942ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം, 1954-56 ല്‍ ഐഎന്‍എ വിചാരണയുമായി ബന്ധപ്പെട്ട പ്രക്ഷോഭം, ബോംബെയിലെ നാവിക കലാപം ഇവയില്‍നി ന്നെല്ലാം ആര്‍ എസ്സ് എസ്സ് മാറിനിന്നു. എന്നാല്‍ 1946-47ലെ വര്‍ഗ്ഗീയകലാപത്തില്‍ മുഖ്യപങ്കുവഹിക്കുകയും ചെയ്തു. 

1915 ഏപ്രില്‍ 9 ന് ഹരിദ്വാരില്‍ വെച്ച് ഹിന്ദുമഹാസഭ സ്ഥാപിതമായതിന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍ മഹാരാജ മണീന്ദ്ര ചന്ദ്ര നന്ദിയായിരുന്നു. 1923 ആഗസ്തില്‍ വാരണാസിയില്‍ വച്ച് മദന്‍മോഹന്‍ മാളവ്യയുടെ നേതൃത്വത്തില്‍ ഹിന്ദുമഹാസഭ പുനഃസംഘടിപ്പിച്ചു. 1925ല്‍ എട്ടാം സമ്മേളനത്തില്‍ ലാലാലജ്പത റായി ആയിരുന്നു അദ്ധ്യക്ഷന്‍. ഹെഡ്ഗവാര്‍ ഹിന്ദു മഹാസഭ യുമായി ബന്ധം പുലര്‍ത്തിപ്പോരുകയും ചെയ്തു. 

ഹിന്ദുവിന്റെ പേരില്‍ ഊറ്റം കൊണ്ടിരുന്നവര്‍ നൂറ്റാണ്ടുകള്‍ ഇന്ത്യയെ കൊള്ളയടിച്ച ബ്രിട്ടീഷുകാരെ ആകാവുന്നിടത്തോളം സഹായിക്കുകയും സേവിക്കുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത് അധികാരം കൈയ്യേറാനും ഇന്ത്യയെ വിഭജിച്ച് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുമാണ് എല്ലാക്കാലവും ശ്രമം നടത്തിയിരുന്നത്. അവിടെ മുസ്ലീമിനും ക്രിസ്ത്യാനിക്കും മാത്രമല്ല ദളിതനും പിന്നോക്കക്കാരനും ആദിവാസിക്കും ഒന്നും അവകാശമില്ല. അവകാശം പ്രഖ്യാപിക്കു ന്നവരെ കൊന്നു മാറ്റുകയാണ് ഈ ഹിന്ദുത്വത്തിന്റെ അജണ്ട. സമീപകാലത്തെ ഏറ്റവും വലിയ കൂട്ടക്കുരുതി നടത്തിയ ഗോധ്ര സംഭവം മുതല്‍ രോഹിത് വെമുലയുടെ മരണംവരെ ചൂണ്ടിക്കാട്ടുന്നത് ഇതാണ്.