"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 1, വെള്ളിയാഴ്‌ച

എസ്എന്‍ഡിപി - ബിജെപി ബാന്ധവം; അധിനിവേശത്തിന്റെ ചിരിയും സിപിഎമ്മിന്റെ നിലവിളിയും - മോചിത മോഹനന്‍


കെട്ടിക്കിടക്കുന്ന ജലം ഏറെ നാളുകള്‍ക്ക് ശേഷം മലിനമാവു കയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. ആശയങ്ങളെ സംബന്ധിച്ചും ഈ നിരീക്ഷണം ശരിയാണ്. ജാതി - ജന്മി - നാടുവാഴിത്തത്തിന് മാരകമായ പ്രഹരമേല്‍പ്പിച്ച നവോത്ഥാന ആശയങ്ങളും ഇടതു മതനിരപേക്ഷ പ്രസ്ഥാനങ്ങളും തുടര്‍പഠനമില്ലാതെ കെട്ടിക്കിടന്ന് മലിനമായപ്പോഴാണ് അവയെതള്ളിമാറ്റി വലത് പക്ഷ ആശയങ്ങള്‍ കേരളത്തില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചത്. കേരളീയ സമൂഹത്തിന്റെ വിപ്ലവ ബോധത്തിന് സംഭവിച്ച ഒയനീയമായ അപചയത്തെ മറച്ചു വെച്ചുകൊണ്ടാണ് രാഷ്ട്രീയ - സാംസ്‌കാരിക ബുദ്ധിജീവികള്‍ വലതുപക്ഷ ആശയങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തരം പ്രതിരോധങ്ങള്‍ ദുര്‍ബലമായിപ്പോകുന്നതും വെറും കക്ഷി രാഷ്ട്രീയത്തിന്റെ ഞാണിന്‍മേല്‍ കളിയായി മാറുന്നതും. രാഷ്ട്രീയ നിലപാടുകളെ അട്ടിമറിച്ച് കമ്പോളനിയമങ്ങള്‍ ആഴത്തില്‍ വേരുകള്‍ പടര്‍ത്തിയ സമൂഹമാണിന്ന് കേരളം. ജാതികളിലെ ധനപ്രമാണിമാരും പൊതുസമൂഹം മതനിരപേക്ഷമാകണമെന്ന് ഉദ്‌ഘോഷിക്കുന്ന സമ്പന്നരും തീരുമാനിക്കുന്നപോലെ കേരളരാഷ്ട്രീയം കറങ്ങാന്‍ തുടങ്ങിയത് പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമല്ല. ധനകാര്യ മൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും യോജിപ്പും എപ്പോഴും ഒരു സമൂഹത്തില്‍ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അത്തരത്തിലുള്ള പ്രത്യഘാത ത്തിന്റെ ചുഴികളില്‍ ഒന്നു മാത്രമാണ് എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയും ബിജെപി ബന്ധവും സിപിഎമ്മിന്റെ വിഭ്രാന്തിയും. കേരളീയ സമൂഹത്തില്‍ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന യഥാര്‍ത്ഥ വിപ്ലവമുന്നേറ്റങ്ങളുടെ കൂട്ടായ്മകളെ ചെറുത്തുതോല്പിച്ച് ധനകാര്യമൂലധനത്തെയും അതിന്റെ കവചമായ വലത് പക്ഷ രാഷ്ട്രീയത്തെയും തിരിച്ചടികളില്‍ നിന്ന് രക്ഷിക്കാനുള്ള പാഴ് വേലയുടെ തിരക്കഥയാണ് എസ്എന്‍ഡിപി - ബിജെപി നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. തങ്ങള്‍ കുറെക്കൊല്ലങ്ങളായി കൈകാര്യം ചെയ്യുന്ന തിരുത്തല്‍ വാദ - നവലിബറല്‍ രാഷ്ട്രീയത്തിന്റെ അടിത്തറയായ ''വോട്ട് ബാങ്ക്'' തകരുമെന്ന പേടിയാണ് സിപിഎ മ്മിന്റേത്. ഇത് കണ്ട് അധിനിവേശ രാഷ്ട്രീയം പൊട്ടിച്ചിരിക്കുമ്പോള്‍ മതനിരപേക്ഷതയെ തകര്‍ക്കുന്നുവെന്ന് വിലപിച്ച് സിപിഎം നിലവിളിക്കുകയാണ്. 

യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണ് ? സിപിഎം നിലവിളിക്കുന്നപോലെ നവോത്ഥാന ആശയങ്ങളും മതനിരപേക്ഷതയും അപകടത്തിലാണോ ? ആണെങ്കില്‍ എസ്എന്‍ഡിപിയെ പോലെ തന്നെ സിപിഎമ്മിനും അതില്‍ പങ്കില്ലേ ? ഉണ്ടെന്ന് തന്നെയാണ് ചരിത്രം നല്‍കുന്ന പാഠം. എസ്എന്‍ഡിപിയെ തീവ്രഹിന്ദുത്വ ആശയങ്ങളുമായി ബന്ധിപ്പിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ആദ്യ ശ്രമമല്ല ഇപ്പോഴുണ്ടായത്. എസ്എന്‍ഡിപി രൂപീകരിക്കപ്പെട്ടതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 2003 ല്‍ സംഘചിപ്പിച്ച പ്രത്യേക സമ്മേളനത്തില്‍ അന്ന് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍. കെ അദ്ധ്വാനിയെയും മനുഷ്യവിഭവശേഷി മന്ത്രിയായിരുന്ന മുരളീമനോഹര്‍ ജോഷിയേയും ആയിരുന്നു മുഖ്യാതിഥികളായി വെള്ളാപ്പള്ളി നടേശന്‍ കൊണ്ടു വന്നത്. മതാധിഷ്ഠിത സമൂഹത്തിന്റെ നിര്‍മ്മിതിയെ അജണ്ടയുടെ ഭാഗമായി തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് സംഭവത്തിലെ പ്രതികളായിരുന്നു ഈ രണ്ടു പേരും. അന്നുണ്ടാകാതിരുന്ന കോലാഹലങ്ങള്‍ ഇന്നത്തെ അന്തരീക്ഷത്തില്‍ പ്രബലമായതിന്റെ ഒരു പ്രധാന കാരണം ഇന്ന് എസ്എന്‍ഡിപി കോടികള്‍ ആസ്തിയുള്ള കോര്‍പ്പറേറ്റ് സ്ഥാപനമായി വളര്‍ന്നുകഴിഞ്ഞു എന്നതാണ്. കോടികളുടെ ആധിപത്യവും നിയന്ത്രണവും നിലനിര്‍ത്തി രാഷ്ട്രീയ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി അധികാരം പങ്കിടുക എന്ന ധനകാര്യ മൂലധന താല്‍പ്പര്യമല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രവും ഇതിന്റെ പിന്നിലില്ല. വെള്ളാപ്പള്ളി നടേശന്റെ വളര്‍ച്ചയുടെ പിന്നിലെ രാഷ്ട്രീയ നേതൃത്വം സിപിഎം ആയിരുന്നു എന്നറിയാത്ത ഒരു കൊച്ചുകുട്ടി പോലും കേരളത്തിലുണ്ടാവില്ല. എസ്എന്‍ഡിപിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇതര കേന്ദ്രങ്ങളിലും കൊടികുത്തി വാഴുന്ന അഴിമതിയും കൈകൂലിയും കോഴപ്പണവും തൊഴിലാളി വിരുദ്ധ നടപടികളും ചൂഷണവും അടിച്ചമര്‍ത്തലുകളും ജീവനക്കാരെ പിരിച്ചുവിടലും ഇന്നലെ ഉണ്ടായതല്ല. ഇത്തരം വിഷയങ്ങളിലെല്ലാം കുറ്റകരമായ അനാസ്ഥയും മൗനവും പാലിച്ച സിപിഎം നേതൃത്വം, പ്രത്യേകിച്ച് വി എസ് അച്ചുതാനന്ദനും പിണറായി വിജയനും മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. ആ തുപ്പല്‍ വീണ് സിപിഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമായിരിക്കു കയാണ്. കേരളത്തിലെ പാവപ്പെട്ടവരുടെ ജീവിതത്തിന്റെ നട്ടെല്ലൊടിക്കുകയും ആത്മഹത്യയിലേക്ക് എത്തിക്കുകയും ചെയ്ത സാമ്പത്തിക ചൂഷണസംവിധാനമാണ് മൈക്രോ ഫൈനാന്‍സിന്റേത്. അന്താരാഷ്ട്ര സാമ്പത്തിക ചൂഷണ സ്ഥാപനങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നടപ്പിലാക്കിയിരി ക്കുന്ന മൈക്രോ ഫൈനാന്‍സിന്റെ ഏറ്റവും വലിയ മേച്ചില്‍പ്പുറമാണ് കേരളം. ഇവിടെ ഈ സാമ്പത്തിക ചൂഷണം വിജയ പതാക പറപ്പിച്ചത് കുടുംബശ്രീയിലൂടെയും എസ്എന്‍ഡിപിയിലൂടെയുമാണ്. പിന്നോക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്ന് 15 കോടി രൂപയും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് 600 കോടിയും നിസ്സാര പലിശക്ക് കടമെടുത്തിരിക്കുന്ന എസ്എന്‍ഡിപി അതിന്റെ യൂണിറ്റു കളിലൂടെ വായ്പ നല്‍കുന്നത് 12 മുതല്‍ 15 ശതമാനം വരെ പലിശയ്ക്കാണ്. ബാങ്കില്‍ നിന്ന് കടമെടുത്ത തുകയുടെ ചെറിയ ശതമാനം മാത്രമാണ് ലോണായി നല്‍കുന്നത്. ബാക്കിയുള്ള കോടികള്‍ വെള്ളാപ്പള്ളി നടേശന്റെ സ്വകാര്യ നിയന്ത്രണ ത്തിലാണ് എന്നാണ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി യിരിക്കുന്നത്. കൊടും ചൂഷണത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ കൃത്യമായി അറിയാമായിരുന്നിട്ടും അഞ്ച് കൊല്ലം കേരളത്തെ നയിച്ച് അധികാരം കൊയ്ത അച്ചുതാനന്ദന്‍ ഒരു നടപടിയും എടുക്കാതിരുന്നത് എന്തുകൊണ്ടാണ് ? അധികാര വികേന്ദ്രീകര ണത്തിന്റെ പൊന്നോമനകളായ സ്വാശ്രയ - അയല്‍ക്കൂട്ട സംഘങ്ങളിലൂടെ ലോകബാങ്ക് നിര്‍ദ്ദേശിക്കുന്ന ചെറുതും വലുതുമായ വികസന പദ്ധതികള്‍ ഭംഗിയായി നടപ്പിലാക്കാമെന്ന് വാക്ക് നല്‍കി ഏറ്റെടുത്തത് 1996 ലെ നയനാര്‍ സര്‍ക്കാരാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൈക്രേ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിച്ച ചെറുകിട നിര്‍മ്മാണ യൂണിറ്റുകള്‍, കുടില്‍ വ്യവസായം, ഇടത്തരം വ്യവസായങ്ങള്‍, മത്സ്യം വളര്‍ത്തല്‍, പച്ചക്കറി കൃഷി, കേറ്ററിംഗ് യൂണിറ്റുകള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയ നൂറ് കണക്കിന് കേന്ദ്രങ്ങളിലൂടെ കോടികളാണ് ബാങ്കുകളുടെ പെട്ടിയില്‍ വീണത്. അതിന് ചുക്കാന്‍ പിടിച്ച സംഘടനകളില്‍ ഒന്ന് മാത്രമായിരുന്നു എസ്എന്‍ഡിപി. സിപിഎമ്മില്‍ നിന്ന് ലഭിച്ച പൂര്‍ണ്ണ പിന്തുണ കൂടിയായപ്പോള്‍ കോടികളുടെ ലാഭമുണ്ടായി. ഇതിന്റെയെല്ലാം നിയന്ത്രണം ആര്‍എസ്എസ് - ബിജെപി നേതൃത്വത്തിലേക്ക് മാറുന്നത് സിപിഎമ്മിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. 

കീഴാള സമൂഹത്തോട് സംഘടിച്ച് ശക്തരാകാന്‍ ശ്രീനാരായണ ഗുരു ആഹ്വാന്‍ ചെയ്യുമ്പോള്‍ അതിന്റെ കേന്ദ്രം ജാതിയോ മതമോ ആയിരിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടാ യിരുന്നു. അതുകൊണ്ട് തന്നെയാണ് കുറെ കാലമെങ്കിലും എസ്എന്‍ഡിപിക്ക് അതിന്റെ മതനിരപേക്ഷ ജീവിതം നയിക്കാനായത്. 1903 ല്‍ എസ്എന്‍ഡിപിയുടെഉത്ഭവകാലം മുതല്‍ അതിന്റെ ജീവവായുവായി വര്‍ത്തിച്ച മതനിരപേക്ഷ കാഴ്ച്ചപ്പാടും ജാതി - ജന്മി - നാടുവാഴിത്തത്തിനെതിരെ നടത്തിയ കലാപങ്ങളും അധിനിവേശ പോരാട്ടങ്ങളും ഇന്ന് വേദികളില്‍ മുഴങ്ങുന്ന വെറും ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം. കേരളത്തെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയില്‍ നിന്ന് മോചിപ്പിക്കാനുള്ള ധീരമായ പ്രവര്‍ത്തനങ്ങളിലൊ ന്നായിരുന്നു അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ. സവര്‍ണ്ണ മേധാവിത്വത്തിന്റെ ശിരസ്സിലാണ് ശ്രീനാരായണ ഗുരു ശിലകൊണ്ട് അടിച്ചത്. പക്ഷെ ഇത് വെറുമൊരു പ്രതിഷ്ഠയായി രുന്നില്ല. ആധുനിക കേരളമായി മാറ്റാനുള്ള പോരാട്ടത്തിന്റെ പുതിയൊരു ഭൂമിക സൃഷ്ടിക്കുകയായിരുന്നു. സ്വന്തം പ്രതിബിംബം കണ്ട് ആത്മവീര്യവും അഭിമാന ബോധവും ഉണര്‍ത്താന്‍ ആഹ്വാനം ചെയ്ത വൈകുണ്ഠ സ്വാമികളും ഇനി ക്ഷേത്രങ്ങളല്ല വിദ്യാലയങ്ങളാണ് വേണ്ടതെന്ന് പ്രഖ്യാപിച്ച് ശ്രീനാരായണ ഗുരുവും ''ഞങ്ങടെ മക്കളെ സ്‌കൂളീ ചേര്‍ത്തില്ലെങ്കി,ങ്‌ടെ വയല് ഞങ്ങള്‍ കൊയ്യൂല'' എന്ന് ഗര്‍ജ്ജിച്ച അയ്യങ്കാളിയും പുലയന്‍ സഹോദരനെന്ന് അറിയപ്പെടാനാണ് ആഗ്രഹമെന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പനും, ഗ്രാമീണ കേരളത്തിന്റെ മുക്കിലും മൂലയിലും കാല്‍നടയായി എത്തി വര്‍ഗ്ഗ സമരത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ച പി. കൃഷ്ണപിള്ളയും, കേരളത്തിന്റെ സ്വന്തം കേളപ്പനും ഏതെങ്കിലും കെട്ടിപ്പടുത്ത മതനിരപേക്ഷ കേരളത്തെ ധനകാര്യ മുതലാളിത്തത്തിന്റെയും നവലിബറലിസത്തിന്റെയും ഇഷ്ടകേന്ദ്രമാക്കി മാറ്റിയെടുക്കാന്‍ ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന സംഘടിത ശ്രമങ്ങളുടെ വിവിധ രൂപങ്ങളും ഭാവങ്ങളുമാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. നിയമസംവിധാനങ്ങളുപയോഗിച്ച് ജനതീവ്ര ഹിന്ദുത്വ - വലതുപക്ഷ അജണ്ടയെ നേരിടാനാവില്ല. മുഴുവന്‍ ജനങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രീയ സമര കൊടുങ്കാറ്റില്‍ മാത്രമേ ഈ അധിനിവേശത്തെ കടപുഴക്കാന്‍ കഴിയൂ. സിപിഎം നേതൃത്വത്തിന്റെ കപടമായ നിലവിളികള്‍ക്ക് അപ്പുറത്ത് നിന്ന് ആ രാഷ്ട്രീയ കൊടുങ്കാറ്റ് ആരംഭിക്കുക തന്നെ ചെയ്യും. ചരിത്രം എപ്പോഴും വെറും കാഴ്ചയുടെ പക്ഷത്തല്ല.