"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 10, ഞായറാഴ്‌ച

അയ്യന്‍കാളിയും വൈക്കം സത്യാഗ്രഹവും - ദലിത്ബന്ധു എന്‍ കെ ജോസ്


അയ്യന്‍കാളിയുടെ നേട്ടങ്ങളില്‍ വളരെ പ്രധാനമായ ഒന്ന് അടിസ്ഥാന ജനവര്‍ഗ്ഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യ സമ്പാദനമാണ്. അതിനുവേണ്ടി അദ്ദേഹം 1893 ല്‍ സമരം ചെയ്തു. എന്നാല്‍ കേരളത്തില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം എന്നുകേള്‍ക്കുമ്പോള്‍ ആദ്യം ആരുടെയും സ്മരണയില്‍ ഉദിക്കുന്നത് വൈക്കം സത്യാഗ്രഹ മാണ്. 1924-25 വര്‍ഷങ്ങളില്‍ 603 ദിവസം വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുനിരത്തു കളിലൂടെ അവര്‍ണ്ണര്‍ക്ക് സഞ്ചരിക്കാനുള്ള അവകാശ ത്തിനു വേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിയുടെ അനുവാദത്തോടുകൂടി ടി.കെ.മാധവ ന്റെയും കേളപ്പന്‍േറയും മറ്റ് അനവധി നേതാക്കളുടെയും ഈ. വി. രാമസ്വാമി നായ്ക്കറുടെയും നേതൃത്വത്തില്‍ ഈഴവ സമുദായം മുന്‍നിന്നു നടത്തിയ പരാജയപ്പെട്ട സമരമാണ് വൈക്കം സത്യാഗ്രഹം. എന്നാല്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ വെങ്ങാനൂരിലെയും പരിസര പ്രദേശങ്ങളിലെയും പുലയയുവാ ക്കള്‍ നടത്തിയ വിജയകരമായ സമരമാണ് അയ്യന്‍കാളിയുടെ സഞ്ചാരസ്വാതന്ത്ര്യ സമരം.

കൊട്ടും കുരവയുമായി നടത്തിയ വൈക്കംസത്യാഗ്രഹം നേടിയതെന്താണ്? വൈക്കം ക്ഷേത്രത്തിന്റെ മതിലിനുപുറത്തുള്ള നാലുനടകളില്‍ മൂന്നിലൂടെ അവര്‍ണ്ണര്‍ക്ക് നടക്കാനുള്ള സ്വാതന്ത്ര്യം 603 ദിവസം നീണ്ടുനിന്ന ഈ സമരംമൂലം സാധിച്ചു. കിഴക്കേനട അപ്പോഴും ബാലികേറാമലയായിരുന്നു. തിരുവിതാംകൂറിലെതന്നെ മറ്റുക്ഷേത്രങ്ങളുടെ സമീപത്തുള്ള റോഡുകളിലൂടെ സഞ്ചരിക്കാ നുള്ള അനുവാദവും ലഭിച്ചിരുന്നില്ല. എന്നാല്‍ വൈക്കം സത്യാഗ്രഹം ഇന്നും അനുസ്മരിക്കപ്പെടുന്നുണ്ട്. അതിന്റെ പ്ലാറ്റിനം ജൂബിലി നാഷണല്‍ കോണ്‍ഗ്രസ്സും എസ്.എന്‍.ഡി.പി. യോഗവും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും കത്തോലിക്കാ കോണ്‍ഗ്രസ്സും, മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും വേറെ വേറെ മത്സരിച്ച് ആഘോഷിച്ചു. അയ്യന്‍കാളി നടത്തിയ സമരം വിസ്മൃതമാ യിക്കഴിഞ്ഞു. പൊതുവഴി എല്ലാവര്‍ക്കും നടക്കുവാനുള്ളതാണ് എന്ന് ആദ്യം പ്രഖ്യാപിച്ചത്-പ്രഖ്യാപിക്കുകമാത്രമല്ല ധീരമായി നടന്നുകാണി ക്കുകയും അതിനായി ഒരു തമ്പുരാന്‍ പടിക്കലും കുത്തിയിരിപ്പു നടത്താതെ, ഒരു മഹാ ബ്രാഹ്മണനുമായും വാദപ്രതിവാദത്തിന് തയ്യാറാകാതെ തന്റെ അനുയായികളെക്കൊണ്ടു നടത്തിക്കുകയും ചെയ്ത അയ്യന്‍കാളി ചരിത്രത്തില്‍നിന്നുപോലും തൂത്തുമാറ്റ െപ്പട്ടിരിക്കുന്നു.1


അയ്യന്‍കാളിക്ക് തിരുവിതാംകൂറിലെ അടിസ്ഥാനവര്‍ഗ്ഗ ജനതയ്ക്കിടയിലുണ്ടായ സ്വാധീനത അംഗീകരിച്ചുകൊടുക്കുവാന്‍ വൈക്കം സത്യാഗ്രഹനേതാക്കള്‍ തയ്യാറായില്ല എന്നതാണ് അതിന്റെ അര്‍ത്ഥം. സത്യാഗ്രഹത്തില്‍ പങ്കെടുക്കുവാനോ അതിനോട് ബന്ധപ്പെടുവാനോ അതിന്റെ ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം സഹകരിക്കാതിരുന്നതാണ് എന്നു വാദിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. ഗാന്ധിയുടെ അനുവാദത്തോടെ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ അയിത്തജാതിക്കാരുടെ താല്‍പര്യ ങ്ങള്‍ക്ക് വിരുദ്ധമായ താല്‍പര്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന സവര്‍ണ്ണരുടെ സംഘടനയാണ് കോണ്‍ഗ്രസ്സ് എന്നു ബോധ്യമുള്ള അയ്യന്‍കാളി- ക്ഷണിക്കപ്പെടാതെ ചെന്നു സഹകരിക്കുക എന്നത് ശരിയാണ് എന്നുചിന്തിച്ചില്ല. ആ സമരത്തില്‍ നിന്നും അയിത്തജാതി ക്കാര്‍ക്ക് ഗുണകരമായ എന്തെങ്കിലും ലഭിക്കും എന്ന പ്രതീക്ഷ അയ്യന്‍കാളിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. 

1925 മാര്‍ച്ച് 17-ാം തീയതി വൈക്കത്തു ചേര്‍ന്ന പുലയ സമ്മേളനത്തില്‍ ഗാന്ധി പങ്കെടുത്തു. അഥവാ ഗാന്ധിക്ക് പങ്കെടുക്കാന്‍ വേണ്ടിയാണ് അന്നവിടെ ഒരു പുലയ സമ്മേളനം സംഘടിപ്പിച്ചത്. ആയോഗത്തില്‍പോലും അയ്യന്‍കാളിയെ പങ്കെടുപ്പിക്കാന്‍ സത്യാഗ്രഹ ഭാരവാഹികള്‍ തയ്യാറായില്ല. 1907 ല്‍ അയ്യന്‍കാളി സാധുജനപരിപാലന സംഘം സ്ഥാപിച്ചതിനു ശേഷം അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പരോക്ഷമായിട്ടെങ്കിലും ഇല്ലാതിരുന്ന, തന്റെ ആശയങ്ങളുമായി തന്റെ അനുയായികള്‍ പങ്കെുടുക്കാതിരുന്ന ഒരു പുലയ സമ്മേളനം തിരുവിതാംകൂറില്‍ നടക്കുന്നത് 1925 മാര്‍ച്ച് 17-ാം തീയതിയിലെ പ്രസ്തുത സമ്മേളനമാണ്. അതിന്റെ പരിഹാരമാണ് 1937 ജനുവരി 14-ാം തീയതി അയ്യന്‍കാളി ക്ഷണിക്കാതെ തന്നെ ഗാന്ധി വെങ്ങാനൂരില്‍ ചെന്നത്.

വൈക്കം സത്യാഗ്രഹത്തെപ്പറ്റി എഴുതിയ ഗ്രന്ഥങ്ങളിലൊ ന്നിലും അതിന്റെ നേതാക്കള്‍ എഴുതിയ ആത്മകഥകളിലോ ജീവചരിത്ര ഗ്രന്ഥങ്ങളിലോ വിവരണങ്ങളിലോ ഒന്നിലും സത്യാഗ്രഹം സംബന്ധിച്ച് അയ്യന്‍കാളിയുമായി ഏതെങ്കിലും വിധത്തില്‍ ചര്‍ച്ച നടത്തിയതായി ഒരു സൂചനപോലുമില്ല. വൈക്കം സത്യാഗ്രഹം അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു. ഈഴവര്‍മാത്രമല്ല ദലിതരും അയിത്തജാതി ക്കാരാണ്. ഈഴവരേക്കാള്‍ ഏറെ അയിത്തം ദലിതര്‍ക്കാണ്. ഈഴവര്‍ മാത്രമായി വൈക്കത്ത് സഞ്ചാരസ്വാതന്ത്ര്യം ആവശ്യ പ്പെട്ടിരുന്നുവെങ്കില്‍ ഒരു പക്ഷെ അതംഗീകരിക്കപ്പെടുമായിരുന്നു. സത്യാഗ്രഹം വേണ്ടിവരില്ലായിരുന്നു. 1919 ല്‍ ശ്രീനാരായണഗുരു വിന്റെ ജന്മദിനത്തില്‍ കൊല്ലത്തുവച്ചു ചേര്‍ന്ന സമ്മേളനത്തില്‍ ജസ്റ്റീസ് സി. രാമന്‍തമ്പി സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കു വാന്‍ ആഹ്വാനം ചെയ്തത് ഈഴവരെ മാത്രമാണ്.2 സവര്‍ണ്ണര്‍ മാത്രമല്ല ഈഴവരും ദലിതരെ അയിത്തജാതി ക്കാരാക്കി മാറ്റി നിറുത്തിയിരുന്നു. വൈക്കത്തെ ഇപ്പോഴത്തെ (2009) മുനിസിപ്പല്‍ കൗണ്‍സിലും ആ അഭിപ്രായക്കാരാണ്. വൈക്കം സത്യാഗ്രഹ ത്തില്‍ പുലയര്‍ക്ക് യാതൊരു പങ്കാളിത്തവുമില്ല എന്നാണ് അവര്‍ അവകാശപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ അവര്‍ പുലയരെ അതില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വൈക്കം സത്യാഗ്രഹം തുടങ്ങാനുണ്ടായ കാരണംപോലും അവര്‍ക്കജ്ഞാ തമാണ്.3 വൈക്കം സത്യാഗ്രഹ ത്തിന് രണ്ട് വര്‍ഷം മുമ്പ് ഈഴവരായ ടി.കെ.മാധവനും സഹോദരന്‍ അയ്യപ്പനും മറ്റും വൈക്കത്തെ നിരോധിത നിരത്തുകളിലൂടെ നടക്കുകയും വിവരം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിട്ടും നടപടി ഒന്നുമുണ്ടായില്ല. അക്കൂട്ടത്തില്‍ പുലയരാരും ഉണ്ടായിരുന്നില്ല എന്നതാണ് കാരണം.

തിരുവിതാംകൂറില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി ആദ്യം സമരം നടത്തിയത് അയ്യന്‍കാളിയാണ്, കേരളത്തിന്റെ ഇതര ഭാഗങ്ങളില്‍ ഒരിടത്തും അന്ന് അത്തരം ഒന്നുണ്ടായിട്ടില്ല. എന്നിട്ടും അതേപ്പറ്റിയുള്ള ഒരു പരാമര്‍ശനം പോലും സത്യാഗ്രഹ നേതാക്ക ന്മാരുടെ കൃതികളില്‍-കെ.പി. കേശവമേനോന്‍, കെ. കേളപ്പന്‍, മന്നത്തു പത്മനാഭപിള്ള തുടങ്ങിയവരുടെ കൃതികളില്‍-ഉണ്ടായിട്ടില്ല. വൈക്കം സത്യാഗ്രഹത്തില്‍ അയ്യന്‍കാളി പങ്കെടുക്കാതിരുന്നതു മൂലമാണ് അത് സംബന്ധിച്ചുള്ള കൃതികളിലും ലേഖനങ്ങളിലും അയ്യന്‍കാളിയുടെ പേര് വിട്ടുപോയത് എന്നു സമ്മതിക്കാം. എന്നാല്‍ സഞ്ചാരസ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളിയായ അയ്യന്‍കാളിയെ ആ വിധത്തില്‍പ്പോലും പരാമര്‍ശിക്കാതിരുന്നത് മനഃപൂര്‍വ്വമാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. കേരളത്തിലെ സ്വാതന്ത്ര്യസമര ത്തെപ്പറ്റി ദീര്‍ഘമായി പ്രതിപാദിക്കുന്ന ചരിത്രകാര ന്മാരും (എ. ശ്രീധരമേനോനെപ്പോലുള്ളവര്‍) അയ്യന്‍കാളിയെ ആ രംഗത്തുപോലും തമസ്‌കരിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തെപ്പറ്റി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമ്പോള്‍ അതിന് മുക്കാല്‍ നൂറ്റാണ്ടുമുമ്പ് നടത്തിയ ശിപായിലഹളയെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രതിപാദിക്കു ന്നവരാണ് ഈ വിവേചനം കാണിക്കുന്നത്. ഗാന്ധി നയിച്ച സ്വാതന്ത്ര്യസമര മാര്‍ഗ്ഗത്തില്‍ നിന്നു് തികച്ചും വ്യത്യമായ ഒരു മാര്‍ഗ്ഗമാണു ശിപായി ലഹളയില്‍ അനുവര്‍ത്തിച്ചത് എന്ന വസ്തുതപോലും വിസ്മരിച്ചു കൊണ്ടാണ് ആ പരാമര്‍ശനം അവര്‍ നടത്തുന്നത്. ശിപായിലഹള നടത്തിയ ശിപായികളും ദലിതരാണ് എന്ന സത്യം ഒരു പക്ഷെ അവര്‍ അറിഞ്ഞു കാണുകയില്ലായിരിക്കാം.4 ശിപായിലഹളയുടെ പേരില്‍ അവര്‍ പൊക്കിക്കാണിക്കുന്നത് ശിപായികളെയോ ദലിതരെയോ അല്ല, ജാന്‍സിറാണിയെയും നാനാസാഹിബ്ബിനെയും താന്തിയാതോപ്പി യെയും അതുപോലുള്ളവരെയുമാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ ശിപായ ിലഹളയെ നശിപ്പിച്ചത്, പരാജയപ്പെടുത്തിയത്. വില്ലുവണ്ടി സമരത്തില്‍ അങ്ങനെ ഉയര്‍ത്തിക്കാട്ടാന്‍ ഒരു സവര്‍ണ്ണന്റെയോ ഈഴവന്റെ പോലുമോ പേരില്ല. ശിപായി ലഹള പ്രസ്തുത മുന്റാണിമാരും പേഷ്വാമാരുമല്ലാ നടത്തിയത്. അവര്‍ തങ്ങളുടെ രാജ്യം ഇംഗ്ലീഷുകാര്‍ നഷ്ടപ്പെടുത്തിയതിലുള്ള അമര്‍ഷം തീര്‍ക്കാന്‍ ലഹളയുടെ ഇടയ്ക്കു ചെന്നു ചേര്‍ന്നതാണ്. അതുകൊണ്ടാണ് ലഹളക്കാര്‍ തങ്ങളുടെ ചക്രവര്‍ത്തിയായി ബഹദൂര്‍ഷാ രണ്ടാമനെ പ്രഖ്യാപിച്ചത് എന്ന ചരിത്രസത്യം വെളിച്ചത്തുവരേണ്ടിയിരിക്കുന്നു.

അതിനാല്‍ ഇവിടെ പ്രശ്‌നം അയ്യന്‍കാളിയാണ്. അയ്യന്‍കാളിയുടെ ദലിതത്വമാണ്. 1893 ലെ സമരത്തില്‍ ഒരു മന്നത്തുപത്മനാഭ പിള്ളയോ ആറാട്ടുപുഴ വേലായുധപ്പണിക്കരോ ആരെങ്കിലും ആ വഴി കടന്നുപോയിരുന്നുവെങ്കില്‍ വില്ലുവണ്ടി സമരം കേരളത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുമായിരുന്നു. ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ അധികാരമുറപ്പിച്ച 1757 ലെ പ്ലാസിയുദ്ധത്തിനും 36 വര്‍ഷം മുമ്പ് ഇവിടെ ഇംഗ്ലീഷുകാര്‍ക്ക് യാതൊരു അധികാരവുമില്ലാതിരുന്ന കാലത്ത് 1721 ല്‍ ആറ്റിങ്ങല്‍ റാണിക്ക് സമ്മാനവുമായി പോയ 140 ഇംഗ്ലീഷുകാരെ വഴിക്ക് തടഞ്ഞുവച്ച് അവരുടെ സാധനങ്ങള്‍ കൊള്ള ചെയ്ത് അവരെ കൊന്ന സംഭവത്തെപ്പോലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചേര്‍ത്തു.5 ഏ. ശ്രീധരമേനോനെപ്പോലുള്ളവര്‍പോലും 1893-ലെ വില്ലുവണ്ടി സമരം കണ്ടില്ല. അത് ചെയ്തത് സവര്‍ണ്ണരായി രുന്നില്ല, നായരായിരുന്നില്ല. അയ്യന്‍കാളിയുടെ വില്ലുവണ്ടി സമരത്തിനു നേതൃത്വം കൊടുക്കാനോ സഹകരിക്കാനോ ദൃക്‌സാക്ഷിയാകാന്‍ പോലും ഒരു സവര്‍ണ്ണനും ഉണ്ടായില്ല. അയ്യന്‍കാളിയുടെ വില്ലുവണ്ടി വന്നപ്പോള്‍ അവരെല്ലാം ഓടി രക്ഷപ്പെടുകയായിരുന്നു.

വൈക്കത്തെ പൊതുനിരത്തിലൂടെ മനുഷ്യനു സഞ്ചരിക്കാന്‍ ബ്രാഹ്മണരുടെ അനുവാദം വേണമെന്ന ധാരണ അവര്‍ണ്ണരിലു റപ്പിക്കാന്‍ നടത്തിയ ശ്രമമാണ് വൈക്കം സത്യാഗ്രഹം. ആ അനുവാദം കൂടാതെ വൈക്കം നിരത്തിലൂടെ സഞ്ചരിക്കാന്‍ അയ്യന്‍കാളിയുടെ അനുയായികള്‍ നടത്തിയ ശ്രമത്തെ ധൃതരാഷ്ട്രാലിംഗനത്തിലൂടെ ഗാന്ധിയുടെ അന്നത്തെ ഇവിടത്തെ അനുയായികളുടെ നേതാവായിരുന്ന കെ.പി.കേശവമേനോന്‍ വഞ്ചിച്ചശേഷം ബ്രാഹ്മണമേധാവിത്വത്തെ ഉറപ്പിക്കാന്‍ വേണ്ടിയാണ് സത്യാഗ്രഹം ആരംഭിച്ചത്.6 ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളെ കഴിഞ്ഞ മൂന്നു സഹസ്രാബ്ദങ്ങളായി ബ്രാഹ്മണരുടെ അടിമകളാക്കി നിലനിറുത്തിയത് ആ ധാരണയാണ്. അയ്യന്‍കാളി തെക്കന്‍ തിരുവിതാംകൂറില്‍ അതിനെതിരായി നടത്തിയ വിപ്ലവത്തിനു മൂന്നു ദശാബ്ദങ്ങള്‍ക്കുശേഷം നടത്തിയ പ്രതിവിപ്ലവമാണ് വൈക്കത്ത് അരങ്ങേറിയ സത്യാഗ്രഹം. അയ്യന്‍കാളി വിപ്ലവകാരിയും ഗാന്ധി പ്രതിവിപ്ലവകാരിയുമാണ്. അതാണ് അവര്‍ തമ്മിലുള്ള ബന്ധം.

സഞ്ചാരസ്വാതന്ത്ര്യം പ്രകൃതി-ജഗന്നിയന്താവ് മനുഷ്യനു നല്‍കിയ ഒരു ദാനമാണ്. സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും അതു നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവ സഞ്ചരിക്കുന്നില്ല. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും അതു നല്‍കിയിട്ടുണ്ട്. മൃഗങ്ങള്‍ അതു വിനിയോഗിക്കുന്നു. ഇവിടെ മനുഷ്യന് അതു വിനിയോഗിക്കു ന്നതിന് മറ്റു മനുഷ്യരുടെ അനുവാദം വേണംപോലും. അയിത്തക്കാരെ മൃഗങ്ങളെക്കാള്‍ താഴെയാണ് ബ്രാഹ്മണര്‍ പരിഗണിച്ചിരുന്നത്. വൈക്കത്തെ ബ്രാഹ്മണ മേധാവികളോടുള്ള ഗാന്ധിയുടെ ആ ചോദ്യത്തിന് അങ്ങനെയായിരിക്കാം എന്ന് ആ ബ്രാഹ്മണര്‍ പറഞ്ഞത് അംഗീകരിക്കുകയാണു ഗാന്ധി ചെയ്തത്.7

ആ തത്വശാസ്ത്രത്തെ ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ് ഗാന്ധി രാജ്യത്തിന്റെ പരമാധികാരിയായ റാണിയെ കാണുന്നതിനു മുമ്പുതന്നെ ബ്രാഹ്മണരെ കണ്ടത്.8 ബ്രാഹ്മണരെ മാര്‍ച്ച് 10-ാം തീയതി കണ്ടു; മഹാറാണിയെ 12-ാം തീയതിയും. ബ്രാഹ്മണരുടെ സമ്മതം ലഭിച്ചാല്‍ പിന്നെ റാണി പ്രശ്‌നമായിരുന്നില്ല. റാണിയല്ല അധികാരി. ബ്രാഹ്മണരാണ് യഥാര്‍ത്ഥ അധികാരികളും അവകാ ശികളും. പരശുരാമന്‍ ക്ഷത്രിയരെയല്ല ബ്രാഹ്മണരെയാണ് ഇവിടെ കൊണ്ടുവന്ന് കുടിപാര്‍പ്പിച്ച് ഭൂമി നല്‍കിയത്. അതു ചെയ്തതു തന്നെ ക്ഷത്രിയരെ സമൂലം നിര്‍മ്മാര്‍ജ്ജനം ചെയ്തതിനു ശേഷമാണ്. ഭൂമിയും ഭൂമിയിലുള്ള ജനങ്ങളും ഉള്‍പ്പെടുന്ന രാജ്യം തങ്ങള്‍ക്കുവേണ്ടി ഭരിക്കുവാന്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ തിരുനാവായില്‍ യോഗം കൂടി നിശ്ചയിച്ചു കൊണ്ടുവന്ന പെരുമാക്കന്മാരുടെ പിന്‍തലമുറയാണു രാജാക്കന്മാര്‍. അതാണ് ഗാന്ധി ആദ്യം ഇണ്ടംതുരുത്തിയില്‍ പോയതിന്റെ പൊരുള്‍. ഗാന്ധിയെ ആദ്യം ഇണ്ടംതുരുത്തിയിലേയ്ക്ക് നയിച്ചവരുടെ ലക്ഷ്യവും അതായിരുന്നു.

വൈക്കത്തെ പൊതുനിരത്തുകളില്‍ കുറുകെ വേലികെട്ടിയത് ബ്രാഹ്മണരായിരുന്നില്ല. സര്‍ക്കാരാണ്. ആ വേലിക്കു കാവല്‍നിന്ന പോലീസും ബ്രാഹ്മണരുടേതായിരുന്നില്ല. സര്‍ക്കാരിന്‍േറതാ യിരുന്നു. അവര്‍ണ്ണരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു എന്നെഴുതിയ തീണ്ടല്‍ പ്പലക അവിടെ സ്ഥാപിച്ചതു പേഷ്‌കാ രായിരുന്നു. സര്‍ക്കാരായിരുന്നു. എന്നാല്‍ അതെല്ലാം നീക്കം ചെയ്യുവാന്‍ ഗാന്ധി കണ്ടത് ബ്രാഹ്മണരെ യാണ്. റാണിക്കും റാണിയുടെ സര്‍ക്കാരിനും മുകളിലാണ് ബ്രാഹ്മണര്‍ എന്നു ഗാന്ധിക്കറിയാമായിരുന്നു. ഗാന്ധി അത് അംഗീകരിച്ചതോടൊപ്പം മറ്റുള്ളവരെക്കൊണ്ട് അംഗീകരിക്കാന്‍ ശ്രമിക്കുകയും കൂടിചെയ്തു. നടത്തുകാരന്‍ ചെയ്ത പ്രവര്‍ത്തിയ്‌ക്കെ തിരെ ഉടമസ്ഥനോട് പരാതിപറയുകയാണ് ഗാന്ധി ചെയ്തത്. വൈക്കത്തെ ബോട്ടുജട്ടിക്കു സമീപത്തുവച്ച് 1925 മാര്‍ച്ച് 10-ാം തീയതി ഗാന്ധി പറഞ്ഞത് സര്‍ക്കാര്‍ വെറും ഒരു മദ്ധ്യസ്ഥന്‍ മാത്രം. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച ബ്രാഹ്മണര്‍ക്കും അതനുവദിക്കണമേ എന്ന് അഭ്യര്‍ത്ഥിക്കുന്നഅവര്‍ണ്ണര്‍ക്കും മധ്യേ സമാധാനസംരക്ഷണ ത്തിന്റെ ചുമതല വഹിക്കുന്ന ഒരു മദ്ധ്യസ്ഥന്‍. '...ദിവാന്റെ പ്രസംഗത്തില്‍ നിന്നും മനസ്സിലാക്കാ വുന്നത് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് നിഷ്പക്ഷത പാലിക്കു ന്നുണ്ടെന്നാണ്. ദിവാന്റെ പ്രസ്താവനയില്‍ എതിര്‍ക്കാനൊ ന്നുമില്ലെന്ന് ഞാന്‍ പറഞ്ഞത് എന്റെ സത്യാഗ്രഹ സുഹൃത്തു ക്കള്‍ക്ക് ഹിതകരമായിട്ടില്ല...'9 സഞ്ചാരസ്വാതന്ത്ര്യം അനുവദി ക്കേണ്ടത് ബ്രാഹ്മണരാണ് എന്നാണ് അദ്ദേഹം ആ പ്രസംഗ ത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിച്ചത്.10

അയ്യന്‍കാളി വൈക്കം സത്യാഗ്രഹത്തോട് ബന്ധപ്പെടാതിരുന്നത് അതുമൂലമാണ്. അതെല്ലാം കാലേകൂട്ടി കാണാന്‍ അയ്യന്‍കാളിക്കു കഴിഞ്ഞു, സത്യാഗ്രഹംതന്നെ അയ്യന്‍കാളിയുടെ ദര്‍ശനത്തിനു വിപരീതമാണ്. 'സ്വന്തം അവകാശങ്ങളുടെമേലുള്ള അനധികൃത കയ്യേറ്റക്കാരന്റെ അതിരുകടന്ന അവകാശവാദങ്ങളെ അംഗീകരിച്ച ശേഷം അതിന്റെ ഒരു ഓഹരിക്കുവേണ്ടി അവന്റെ ദയാദാക്ഷിണ്യ ത്തോടു നടത്തുന്ന നാണംകെട്ട യാചനയാണ് സത്യാഗ്രഹം.'11 വൈക്കത്തെ പൊതുവഴി ബ്രാഹ്മണരുടേതല്ല. പൊതുജനങ്ങളുടേതാണ്. പിന്നെ അതിന്റെ ഉടമസ്ഥത അവകാ ശപ്പെ ടാവുന്നതാണ് പൊതുജനങ്ങളുടെ സര്‍ക്കാരിന്റേതാണ്. അന്നത്തെ സര്‍ക്കാര്‍ പൊതുജനങ്ങളുടേതായിരുന്നില്ലെങ്കിലും നാടിന്റെ അന്നത്തെ അംഗീകരിക്കപ്പെട്ട അധികാരിയായിരുന്നു. ആ അധികാരത്തിനും മുകളില്‍ ബ്രാഹ്മണനുള്ള അധികാരം എന്താണ്? എവിടെനിന്നും ലഭിച്ചതാണ്? ബ്രാഹ്മണര്‍ യഥാര്‍ത്ഥ ത്തില്‍ ഭൂമിയുടെമേല്‍ അനധികൃത കയ്യേറ്റക്കാരാണ്. ആ കയ്യേറ്റത്തെ സാധൂകരിക്കാന്‍ അവര്‍ മെനഞ്ഞ സങ്കല്‍പ്പങ്ങളാണ് ഭൂമി ബ്രാഹ്മണരുടേതെന്നും പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് നല്‍കിയതാണെന്നും തുടങ്ങിയവ. വൈക്കത്തെ നിരത്തുകളി ലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചത് ആ നിരത്തുകള്‍ ക്ഷേത്രം വകയായതുകൊണ്ടോ ക്ഷേത്രം അടുത്തുള്ളതു കൊണ്ടോ ആയിരുന്നില്ല. 31 കൊല്ലം മുമ്പ് അയ്യന്‍കാളിക്കും കൂട്ടര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം നിരോധിച്ച വഴിയില്‍ ക്ഷേത്രങ്ങളൊന്നുമുണ്ടാ യിരുന്നില്ല. ആ നിരത്തുകള്‍ ഒരു ക്ഷേത്രം വകയായിരുന്നു എന്ന് ആരും അവകാശപ്പെട്ടിട്ടുമില്ല. അതിനാല്‍ യഥാര്‍ത്ഥത്തില്‍ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിന്റെ ഉത്ഭവം ചാതുര്‍വര്‍ണ്യവും മനുസ്മൃതിയുമാണ്, ക്ഷേത്രസാമീപ്യമല്ല. ഭൂമി മുഴുവന്‍ ബ്രാഹ്മണരുടേതാണ് എന്ന സങ്കല്‍പത്തിന്റെ ബാക്കിയാണ് വൈക്കത്തെ പൊതുവഴി ബ്രാഹ്മണരുടേതാണ് എന്ന അവകാ ശവാദം. പ്രസ്തുത വഴികളിലൂടെ അവര്‍ണ്ണര്‍ക്കു നടക്കാന്‍ ബ്രാഹ്മണരുടെ അനുവാദം വേണമെന്ന്ബ്രാഹ്മണരോട് ആവശ്യപ്പെടുമ്പോള്‍ ആ സങ്കല്‍പത്തെ അംഗീകരി ക്കുകയാണ്. ഗാന്ധിയും ബ്രാഹ്മണരും തമ്മിലുള്ള ചര്‍ച്ചയിലെ ചില ഭാഗങ്ങള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കും. 

ഗാന്ധി: അവര്‍ക്ക് ഈ റോഡിലൂടെ കടന്നുപോകണം'' 

നമ്പ്യാതിരി: കടന്നുപോകാന്‍ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം.12

നീ ആരാണ് ആ അനുവാദം നല്‍കാന്‍ എന്ന മറുചോദ്യമാണ് അവിടെ പ്രസ്‌ക്തമായിട്ടുള്ളത്. പത്തു നൂറ്റാണ്ടിനു മുമ്പ് ബ്രാഹ്മണര്‍ കേരളത്തില്‍ വരുമ്പോള്‍ ഭൂമി ഇവിടെ ആരുടെയും സ്വകാര്യ സ്വത്തായിരുന്നില്ല. സമൂഹത്തിന്റെ പൊതുസ്വത്താ യിരുന്നു. ആ ഭൂമി ചതിയിലൂടെ ബ്രാഹ്മണര്‍ അവരുടേതു മാത്രമാക്കി. ആ അനീതിയെ അംഗീകരിച്ചുകൊണ്ടുള്ള ഒരു സമരവും വിജയിക്കുകയില്ല. അതിനെ അനുകൂലിക്കാന്‍ അയ്യന്‍കാളിക്കു സാധ്യമല്ല. അയ്യന്‍കാളി വൈക്കം സത്യാഗ്രഹ ത്തില്‍നിന്നും വിട്ടുനിന്നു.