"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 11, തിങ്കളാഴ്‌ച

സ്ത്രീകളുടെ അവസ്ഥ - ശശിക്കുട്ടന്‍ വാകത്താനം


ചരിത്രത്തില്‍ സ്തീയുടെ സ്ഥാനം പുരുഷന്മാരില്‍ നിന്നും ഒട്ടും പുറകിലായിരുന്നില്ല. കാര്‍ഷികവൃത്തിയിലേക്ക് ആദ്യം എത്തുന്നത് സ്ത്രീകളായിരുന്നു. വേട്ടയാടാന്‍ പുരുഷന്മാര്‍ പോയിക്കഴിഞ്ഞാല്‍ കുടുംബകാര്യങ്ങള്‍ നോക്കുന്നതും സ്ത്രീകളായിരുന്നു. കുട്ടികളെ വളര്‍ത്തുന്നതുള്‍പ്പെടെയുള്ള എല്ലാ ഉത്തരവാദിത്വങ്ങളും സ്ത്രീകളുടെ ചുമതലയിലായിരുന്നു. മതങ്ങളുടെ ആധിപത്യം നിലവില്‍ വരുന്നതോടെയാണ് സ്ത്രീകളെ അടിമകളാക്കി മാറ്റാന്‍ തുടങ്ങിയത്. സ്ത്രീകളെ അടിമകളാ ക്കിയും, ഉപഭോഗവസ്തുക്കളാക്കി മാറ്റുന്നതില്‍ എല്ലാമതങ്ങളും ഒരേപോലെ മത്സരിച്ചുകൊണ്ടിരുന്നു. ക്രിസ്തുമതം സ്ത്രീയെ പാപിയെന്നു പ്രഖ്യാപിച്ചുകൊണ്ട് 'പാപീ പാപി ' എന്നുരുവിട്ടു കൊണ്ടിരിക്കുന്നു. മറ്റു സമുദായങ്ങളിലെ സ്ത്രീകളില്‍നിന്നും എത്രയോ ഭീകരമാണ് മുസ്ലീം സ്ത്രീകളുടെ അവസ്ഥ. ഇത്തരം അടിമത്വത്തെ സ്വയംവരിക്കുകയും മതത്തിന്റെ ഇഷ്ടത്തിനനുസ രണമായി വേഷംകെട്ടുകയും മാത്രമാണ് സ്ത്രീകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ശൂദ്രന്മാര്‍ക്കും അവര്‍ക്കു താഴെ വരുന്ന ജനവിഭാഗങ്ങള്‍ക്കും ഒപ്പമാണ് സവര്‍ണ്ണര്‍ സ്ത്രീകളെയും കണ്ടിരുന്നത്. ഭാരതത്തില്‍ മതാധിപത്യത്തിനു മുന്‍പ് സ്ത്രീകളുടെ നിലമെച്ചമായിരുന്നതിന്റെ സൂചനകള്‍ നിരവധിയായിട്ടുണ്ട്.

യത്രനാര്യസ്തുപൂജ്യന്തേ രമന്തേ തത്രദേവഃ
യത്രൈതാസ്തുനപൂജ്യന്തേ സര്‍വ്വസ്തത്രാ ഫലാഃ ക്രിയാഃ എന്നാണ് പ്രചരിച്ചിരുന്നത്.

(എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നോ അവിടെയെല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ അപ്രകാരം പൂജിക്കപ്പെടുന്നില്ലയോ അവിടെ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം നിഷ്ഫലങ്ങളായിത്തീരുന്നു.)അമ്മദൈവങ്ങളും ദേവന്മാര്‍ക്കൊപ്പം ദേവീ പ്രതിഷ്ഠകളും നടത്തിയിരുന്ന ഇന്ത്യയുടെ ഗ്രാമീണ സംസ്‌കൃതിയില്‍നിന്നും സവര്‍ണ്ണാധിപത്യ ത്തിലേക്കുണ്ടായ മാറ്റത്തിലൂടെയാണ് സ്ത്രീയുടെ സ്ഥിതിയും താഴേക്കാവുന്നത്. 

അപാസോ മമസ്തമിന്ദ്ര പ്രയാഹി
കല്യാണീര്‍ജ്ജായാ സൂരണം ഗൃഹേതേ (ഋക് 3. 53. 6)
ഋഗ്വേദ കാലഘട്ടത്തിന്റെ ആദ്യഘട്ടത്തില്‍ ഭാര്യയെ വീടിന്റെ ഐശ്വര്യമായാണ് കരുതിയിരുന്നത്.

സവര്‍ണ്ണപ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ആപസ്തംബന്‍, യാജ്ഞവല്‍ക്യന്‍, ഗൗതമന്‍, മനു തുടങ്ങിയ നിയമ നിര്‍മ്മാതാക്ക ളുടെസ്ത്രീകളോടുള്ള സമീപനം നൂറുശതമാനവും ജനവിരുദ്ധമാ യിരുന്നു. വേദം കേള്‍ക്കുന്നതിനും വേദം ചൊല്ലുന്നതിനും സ്ത്രീകള്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ മനഃശുദ്ധി ഇല്ലാത്തവരാണ് അതുകൊണ്ടുതന്നെ അവര്‍ക്ക് പാപത്തെ പോക്കുന്ന മന്ത്രവുമില്ല. അവര്‍ അസത്യംപോലെ അപരിശുദ്ധ കളുമാകുന്നു എന്നാണ് മനു പറയുന്നത്. 

നാസ്തി സ്ത്രീണാം ക്രിയാ മന്ത്രൈരിതി ധര്‍മ്മോവ്യവസ്ഥിതിഃ
നിരിന്ദ്രിയാഹ്യ മന്ത്രാശ്ച സ്ത്രിയോ ന്യതമിതിസ്ഥിതിഃ

വസിഷ്ഠ ധര്‍മ്മസൂത്രത്തില്‍ സ്ത്രീ പുരുഷന്റെ സ്വകാര്യ സ്വത്താണ് മറ്റുള്ളവരാല്‍ ഭുജിക്കപ്പെടാതെയും നഷ്ടപ്പെടാതെയും സൂക്ഷിക്കേണ്ടത് പുരുഷന്റെ ചുമതലയാണ് എന്നു പറയുന്നു. 

അധിഃസീമാ ബാലധനം നിക്ഷേപോപനിധിര്‍സ്‌ക്രിയഃ
രാജസ്വംശ്രോത്രിയദ്രവ്യം ന സംഭോഗേനഹീലതേ

ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യ ചാടി മരിക്കണം(സതി) അല്ലെങ്കില്‍ ഭാര്യയെ അതിലേക്ക് വലിച്ചെറിയണം. ഇതൊരാ ചാരമായി ഇന്ത്യയില്‍ സവര്‍ണ്ണര്‍ക്കിടയില്‍ നിലനിന്നിരുന്നു. കാലഹരണപ്പെട്ട ഈ അനാചാരത്തെക്കുറിച്ച് ബി ജെ പി യുടെ നേതാവായിരുന്ന വിജയരാജ സിന്ധ്യ പറഞ്ഞത് ഇത് സ്ത്രീകളുടെ മൗലികാവകാശമാണെന്നാണ്. സതിക്കെതിരെ രാജാറാം മോഹന്‍ റോയ് നടത്തിയ പ്രചരണവും ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിരോ ധനവും അതവസാനിപ്പിക്കാന്‍ ഇടയാക്കി.

ഇന്നും മുസ്ലീങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബാലവിവാഹം ഒരുകാലത്ത് നമ്പൂതിരിമാര്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്നു. ചെറുപ്പത്തിലേ വിധവകളാകുന്ന സ്ത്രീകള്‍ക്ക് പിന്നീട് പുറംലോകം കാണാന്‍ കഴിയുമായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ വിധവാ വിവാഹം ഒരു വിപ്ലവമായി മാറിയത്. അതേ സമയം ഏതു സ്ത്രീയെ പ്രാപിക്കുന്നതിനും പുരുഷന്മാര്‍ക്കു തടസ്സമുണ്ടായിരുന്നില്ല. വേശ്യാഗൃഹത്തില്‍ പോകാന്‍ താല്‍പര്യപ്പെട്ട ഭര്‍ത്താവിനെ ചുമന്നുകൊണ്ടുപോയ സാവിത്രിയും ഭര്‍ത്താവിന്റെ അന്ധതയെ സ്വയംവരിച്ച ഗാന്ധാരിയും ഭര്‍ത്താവിന്റെ സല്‍പ്പേരു നിലനിര്‍ത്താന്‍ തീയില്‍ ചാടിയ സീതയും പുരാണങ്ങളിലെ മാതൃകാ സ്ത്രീകളായിട്ടാണ് എടുത്തു കാണിക്കുന്നത്. 

ഭാരതത്തെ ഭാരതമാതാവെന്നു വിളിക്കുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് സംഘപരിവാര്‍ ശക്തികള്‍. മനു പറയുന്നതുപോലെ' ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നു പ്രഘോഷിച്ചുകൊണ്ട് സദാചാര പോലീസിന്റെ വേഷംകെട്ടിയ ഹനുമാന്‍സേന എന്ന സാമൂഹ്യ വിരുദ്ധന്മാരെ രംഗത്തിറക്കി സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യ ത്തെവരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ് സംഘപരി വാറുകള്‍.

എല്ലാ മത നിയമങ്ങളും മത കോടതികളും നൂറ്റാണ്ടുകള്‍ക്കു മുന്‍പു മുതല്‍ക്കുതന്നെ സ്ത്രീകള്‍ക്കെതിരായിരുന്നു. ഇക്വിസിഷന്‍ എന്നപേരില്‍ ക്രിസ്തീയ കോടതികള്‍ സ്ത്രീകളെ പീഢിപ്പിച്ചി രുന്നതിന്റെ ചരിത്രം ലോകത്തിനുമുന്നില്‍ വെളിവാക്കപ്പെട്ടിട്ടുണ്ട്. അതില്‍നിന്നും ഭാരതത്തിലെ സ്ത്രീകള്‍ ഒട്ടും വ്യത്യസ്തരാ യിരുന്നില്ല. അതിന്റെ തുടര്‍ച്ച അവസാനിക്കുന്നത് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ്. എന്നാല്‍ സ്ത്രീകളുടെ വിവാഹത്തെ സംബന്ധിച്ചും സ്വത്തവകാശത്തെ സംബന്ധിച്ചുമുള്ള ഹിന്ദുകോഡ്ബില്ലിനെ ആര്‍ എസ്സ് എസ്സ് ഇപ്പോഴും എതിര്‍ക്കുകയാണു ചെയ്യുന്നത്.