"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 13, ബുധനാഴ്‌ച

വിചാരധാരയുടെ പ്രത്യയശാസ്ത്രം - ശശിക്കുട്ടന്‍ വാകത്താനം


ഗോള്‍വല്‍ക്കറുടെ വിചാരധാരയും ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ന്‍കാഫും ഒരേ രീതിശാസ്ത്രമാണ് പിന്‍തുടരുന്നത്. ഹിറ്റ്‌ലറുടെ ജൂതമത വിരോധം ഗോള്‍വല്‍ക്കറില്‍ മുസ്ലീം വിരോധമായാണ് പ്രത്യക്ഷപ്പെടുന്നത് എന്നുമാത്രം. ''ഹിന്ദുസ്ഥാനിലെ വിദേശിയ വംശങ്ങള്‍ ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കാനും ഹിന്ദുമതത്തെ ബഹുമാനിക്കാനും പഠിക്കുകയും ആദരിക്കുകയും ചെയ്യണം. മറ്റൊരു ആശയത്തെയും ആചരിക്കാതെ ഹിന്ദുവംശത്തേയും സംസ്‌ക്കാരത്തെയും അതായത്, ഹിന്ദു രാഷ്ട്രത്തെ മഹത്വവല്‍ക്കരിക്കണം. തങ്ങളുടെ പ്രത്യേക നിലനില്‍പ് ഉപേക്ഷിക്കുകയും ഹിന്ദുവംശത്തില്‍ ലയിച്ചുചേരുകയും വേണം. അല്ലാത്തപക്ഷം ഹിന്ദു രാഷ്ട്രത്തിനു പൂര്‍ണ്ണമായി കീഴടങ്ങിക്കൊണ്ട് ഈ രാജ്യത്തു താമസിക്കാം. ഒന്നും ആവശ്യപ്പെടാതെ യാതൊരവകാശങ്ങള്‍ക്കും അര്‍ഹതയില്ലാതെ ഒരു മുന്‍ഗണനാ പരിഗണനകളും പൗരത്വാവകാശംപോലും ഇല്ലാതെ (പേജ് 105,106) ഇത്തരത്തില്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും നിഷേധിക്കുന്ന ആര്‍എസ്സ്എസ്സിലും അതുപോലെതന്നെ ജനാധിപത്യമില്ല. അതിന്റെ പരമോന്നത നേതാവായ സര്‍സംഘചാലകിനെ നിയമിക്കുന്നത് അയാളുടെ മുന്‍ഗാമിയാണ്. അതേപോലെ ഈ സര്‍സംഘചാലക് ബ്രാഹ്മണനും ആയിരിക്കണമെന്നത് ഒരു രഹസ്യവുമാണ്. ഇതുവരെയുള്ള സര്‍സംഘചാലക് ബ്രാഹ്മണരായിരുന്നു. ഇവര്‍ അവലംബിക്കുന്നതാകട്ടെ സൈനിക രീതിയും. 

ക്ലാസിക് അര്‍ത്ഥത്തില്‍ അല്ലെങ്കില്‍പ്പോലും ആര്‍ എസ്സ് എസ്സ് തുടര്‍ന്നുപോരുന്നത് ഹിറ്റ്‌ലര്‍ മുന്നോട്ടുവച്ച ഫാസിസം തന്നെയാണ്. ലോകംഭരിക്കാന്‍ ശുദ്ധരക്തമുള്ളവര്‍ക്കു മാത്രമാണ് അവകാശം എന്ന ആര്യവല്‍ക്കരണ സിദ്ധാന്തമാണ് ഹിറ്റ്‌ലര്‍ മുന്നോട്ടുവച്ചത്. അതേ ആര്യവല്‍ക്കരണമാണ് ആര്‍ എസ്സ് എസ്സും മുന്നോട്ടുവയ്ക്കുന്നത്. അത് ഇന്ത്യയില്‍ ഹിന്ദുത്വവല്‍ക്കരണ മായിട്ടാണ് നിലനില്‍ക്കുന്നത്. ഹിന്ദു എന്നാല്‍ സവര്‍ണ്ണഹിന്ദു എന്നുതന്നെയാണ് വ്യാഖ്യാനം. സവര്‍ണ്ണഹിന്ദുത്വത്തിന്റെ തത്ത്വശാസ്ത്രം ഇന്ത്യയില്‍ ചാതുര്‍വര്‍ണ്യമാണ്. ചാതുര്‍വര്‍ണ്ണ്യ ത്തെ ജീവിതരീതിയാക്കി മാറ്റുകയാണ് ആര്‍ എസ്സ് എസ്സ് ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് പശുവിനെ ദേശീയമൃഗ മാക്കാനും അവര്‍ണ്ണര്‍ ക്ഷേത്രത്തില്‍ കടന്നാല്‍ അവരെ കൊല്ലാനും യോഗ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും വേദഗണിതവും സംസ്‌കൃതവും പഠിപ്പിക്കാനും നിര്‍ബന്ധിക്കുന്നത്. ഇതെല്ലാം പഴയരൂപത്തില്‍ നിലനിര്‍ത്താന്‍ എന്ന വ്യാജേന ചരിത്രത്തെ ത്തന്നെ അട്ടിമറിക്കുകയാണ് സംഘപരിവാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. (ആര്യബ്രാഹ്മണ രുള്‍പ്പെടെ പശു ഇറച്ചി തിന്നിരുന്നു എന്ന് വേദങ്ങളിലും പുരാണങ്ങളിലും നിരവധി തെളിവുകളുണ്ട്).

വര്‍ഗ്ഗീയവാദികള്‍ക്കും വിശ്വാസികള്‍ക്കും ചരിത്രം എക്കാലവും പേടിസ്വപ്നമാണ്. അതുകൊണ്ട് ചരിത്രസാമഗ്രികളെല്ലാം നശിപ്പിക്കുവാന്‍ അവര്‍ പരമാവധി ശ്രമം നടത്തുകയും ചെയ്യും. അക്രമകാരികളായി കടന്നു വന്ന ആര്യന്മാരെ പിന്തുണയ്ക്കു കയും വിശുദ്ധരായി പ്രഖ്യാപിക്കുകയും വാഴ്ത്തപ്പെട്ടവരായി അവരോധിക്കുകയും ചെയ്തുകൊണ്ടാണ് ചരിത്രത്തിലേക്ക് ഇവര്‍ പ്രവേശിക്കുന്നത്. അതില്‍നിന്നു വീണ്ടും പടുകുരുപ്പുകള്‍ ഉണ്ടാകുന്നു. അത്തരം ഒരു പടുകുരുപ്പാണ് വിചാരധാര. യാതൊരു ചരിത്രബോധവും ഇല്ലാതെ സാമാന്യബുദ്ധിക്കുപോലും നിരക്കാത്ത ഈ ഗ്രന്ഥമാണ് ആര്‍ എസ്സ് എസ്സ് വേദഗ്രന്ഥമായി കണക്കാക്കി കൊണ്ടു നടക്കുന്നത്. ഗുരുജി എന്നു വിളിക്കുന്ന ഗോള്‍വല്‍ക്കര്‍ ഭാരതത്തിലെ വിശാല ജനവിഭാഗത്തെ ഉള്‍ക്കൊള്ളുന്നില്ലെന്നു മാത്രമല്ല ന്യൂനപക്ഷം വരുന്ന സവര്‍ണ്ണാധി പത്യത്തിനുവേണ്ടി നിലകൊള്ളുകയും അതിനുവേണ്ടി ഇത്തരം ഒരു വേദപ്രമാണം ചമയ്ക്കുമ്പോള്‍ സാമാന്യബുദ്ധിപോലും ഉപയോഗിക്കുന്നില്ലെന്നത് അതിന്റെ ആധികാരികതയെ ചോദ്യംചെയ്യുന്നു. കേവലം പ്രസ്താവനകള്‍കൊണ്ട് ഒരു പുസ്തകം രചിക്കുകയും അത് ഒരു പ്രസ്ഥാനത്തിന്റെ ഗ്രന്ഥമായി മാറുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ആ പ്രസ്ഥാനംതന്നെ അത്തരത്തില്‍ മൂല്യവത്തായ ഒന്നല്ല എന്നു വന്നുകൂടുന്നു. ഹിറ്റ്‌ലറിന്റെ കാലത്ത് നുണപറഞ്ഞു നേരാക്കുന്ന ഗീബല്‍സിനെയാണ് ഈ ഗ്രന്ഥത്തിലൂടെയും കാണാന്‍ കഴിയുന്നത്. 

''കഴിഞ്ഞകാലത്ത് നമ്മുടെ നാട്ടില്‍വന്ന ചില വിദേശ സഞ്ചാരികള്‍ ഇവിടെ കണ്ട കാര്യങ്ങള്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ഇന്നും കിട്ടാവുന്ന ഈ രേഖകള്‍ പറയുന്നു: ഇവിടുത്തെ ജനങ്ങള്‍ സന്തുഷ്ടരും സംതൃപ്തരുമാണ്. ഇവിടെ അവശരും അഗതികളുമില്ല. വര്‍ഷങ്ങള്‍ പിടിക്കുന്ന തീര്‍ത്ഥയാത്രയ്ക്കു പോകുമ്പോള്‍ പോലും ജനങ്ങള്‍ വീടു പൂട്ടിയിടാറില്ല. കളവിനെക്കുറിച്ച് ഭയം ലേശംപോലും അവര്‍ക്കില്ല. സന്മാര്‍ഗ്ഗച്യുതി വളരെ വിരളമാണ്.(പേജ്245) ഏതു ചരിത്രകാരനാണ് ഇതെഴുതിയതെന്നോ ഏതുകാലമായിരുന്നു ഇതെന്നോ പറയാതെ മാവേലിനാടുവാണ കഥ ചരിത്രമാക്കുക യാണ്. ഭൂമിയില്‍ ജനിച്ച ഏതൊരാളെയും ലജ്ജിപ്പിക്കുന്ന ഇത്തരം ചരിത്രത്തിലൂടെയാണ് ഹിന്ദുക്കളെ ഉദ്ധരിക്കാന്‍ പണിപ്പെടുന്നത്. ഹിന്ദുക്കളെ ഉദ്ധരിക്കാന്‍ അവര്‍ പണിപ്പെടുന്നത് ചാതുര്‍വര്‍ണ്ണ്യം നടപ്പിലാക്കലാണ്. ''സോഷ്യലിസം നടപ്പിലാകു ന്നതല്ല; ഭരണസംവിധാനം എന്നത് ചാതുര്‍വര്‍ണ്ണ്യം തന്നെയാണ്.'' (പേജ് 58)'നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷ മേന്മ വര്‍ണ്ണവ്യവസ്ഥയാണ്. വര്‍ണ്ണവ്യവസ്ഥയെന്നു പരാമര്‍ശിക്കുന്നതു തന്നെ അപഹസിക്കേണ്ട ഒന്നാണെന്നു നമ്മുടെ ആളുകള്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. അതിലടങ്ങിയിട്ടുള്ള സാമൂഹ്യ വ്യവസ്ഥയെ സാമൂഹ്യ വിവേചനമാക്കി അവര്‍ പലപ്പോഴും തെറ്റിദ്ധരിക്കുന്നു.''(പേജ് 144)

ജാതി/വര്‍ണ്ണ വ്യവസ്ഥ നിലനില്‍ക്കേണ്ടതിനെക്കുറിച്ച് തീവ്രമായി വാദിക്കുന്നവരുടെ പിന്നില്‍ മുട്ടിലിഴയാന്‍ നിര്‍ബന്ധിതരാകുന്ന ഇന്ത്യയിലെ ദരിദ്രകോടികള്‍ക്ക് ഇന്നും അവഹേളനവും ജീവഹാനിയും സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പ്രത്യയശാസ്ത്രമാണ് വിചാരധാര. അതു പറയുന്നു; അറിവും ആനന്ദവുമൊന്നും ബാഹ്യവസ്തുവില്‍നിന്നും ഉളവാകുന്നതല്ല. അതെല്ലാം ഉള്ളില്‍നിന്നുതന്നെ ഉണ്ടാകുന്നതാണ്. മറ്റുള്ളവര്‍ക്ക് സമ്പല്‍സമൃദ്ധിയും സൗഖ്യവും കൈവരുമ്പോള്‍ അസൂയപ്പെടുക യല്ലവേണ്ടത് എന്നു പതഞ്ജലി യോഗസൂത്രത്തില്‍ പറയുന്നു'' (പേജ് 43) മനുഷ്യന്റെ ബോധവും അതുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സാമൂഹികമായി രൂപംകൊള്ളുന്നതാണ് എന്ന അറിവു പതഞ്ജലിക്കുമാത്രമല്ല ഗോള്‍വല്‍ക്കറിനും ഇല്ലെന്നാണ് ഇതു തെളിയിക്കുന്നത്. സാമൂഹികാസ്തിത്വമാണ് മനുഷ്യന്റെ ബോധത്തെ നിയന്ത്രിക്കുന്നത്. അതിനെ നിഷേധിക്കു കയാണ് എല്ലാ മതവിശ്വാസികളും അടിസ്ഥാനപരമായി ചെയ്യുന്നത്. അവിടെയാണ് ദൈവത്തെ പ്രതിഷ്ഠിക്കുന്നത്. ഇവിടെയിരുന്നുകൊണ്ടാണ് 'ബ്രഹ്മസത്യം ജഗത് മിഥ്യ' എന്നുരുവിട്ടുകൊണ്ടിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് സമ്പല്‍സമൃദ്ധിയും സൗഖ്യവും കൈവരുമ്പോള്‍ അസൂയപ്പെടുകയല്ലവേണ്ടത് എന്നു പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് എങ്ങനെയാണ് സമ്പത്തുണ്ടാകുന്നത് എന്നുകൂടി പറയേണ്ടേ. അദ്ധ്വാനം കൊണ്ടാണ് സമ്പത്തുണ്ടാ കേണ്ടത്. എന്നാല്‍ ഇവിടെ അദ്ധ്വാനിക്കുന്നവന്‍ ദരിദ്രനും അവനെ ചൂഷണം ചെയ്യുന്നവന്‍ സമ്പന്നനുമായി കാണുന്നു. ഇതിനെ മറച്ചുവെയ്ക്കാനാണ് മുന്‍കൂട്ടി സോഷ്യലിസം നടപ്പിലാകുന്നതല്ല എന്നു പ്രഖ്യാപിക്കുന്നത്. 

''പണ്ടേതോ ഒരു റോമാചക്രവര്‍ത്തിക്ക് തലയ്ക്ക് അസാധാര ണമായ ഒരു രോഗം വന്നു. ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിഞ്ഞില്ല. അവസാനം ഇന്ത്യയില്‍ നിന്നും ഒരു വൈദ്യന്‍ പോയി. റോമാ ചക്രവര്‍ത്തിയുടെ തല തുരന്ന് ചികിത്സ നടത്തി'' എന്നുള്ള ഗീര്‍വാണവും നടത്തുന്നുണ്ട് ഗോള്‍വല്‍ക്കര്‍. ഇതിന്റെ പിന്തുടര്‍ച്ച എന്ന നിലയിലാണ് ഇപ്പോള്‍ പുഷ്പക വിമാനത്തെ ക്കുറിച്ചും ഗണപതിക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിനെ ക്കുറിച്ചും ജനിറ്റിക് എന്‍ജിനീയറിങ്ങിലൂടെയാണ് ഗാന്ധാരി നൂറ്റൊന്നു കുട്ടികളെ പ്രസവിച്ചതെന്നുമുള്ള പ്രസ്താവനകള്‍ വരുന്നത്. ഇതാകട്ടെ ലോക ശാസ്ത്ര സമ്മേളനത്തില്‍വച്ചാണ് പറയുന്നതെന്നോര്‍ക്കണം. ലോകത്തിലുള്ള സര്‍വ്വതും ഇന്ത്യയില്‍ നിന്നും പോയതാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണിത്. ''എന്തിനേറെ മുസ്ലീംങ്ങളുടെ ചന്ദ്രക്കലയും നക്ഷത്രവും കൂടി നമ്മുടെ ഓങ്കാരത്തിന്റെ അംശം മാത്രമാണ്.''(പേജ് 246)

''ഹിന്ദുക്കള്‍ അവര്‍ ഏതു ജാതിയായാലും വര്‍ഗ്ഗമായാലും ഒരേ സമുദായമാണെന്നും മുസ്ലീങ്ങളും ക്രിസ്ത്യാനികളും തികച്ചും ഭിന്നമായ ചിലപ്പോള്‍ ശത്രുപക്ഷത്തു നില്‍ക്കുന്നതുകൂടിയായ സമുദായങ്ങളാണെന്നും ഉള്ള ഏറ്റവും ലളിതമായ വസ്തുതകൂടി ഇക്കൂട്ടര്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് എത്രമാത്രം വിചിത്രമാണ്.'' (പേജ് 256)ഹിന്ദുരാഷ്ട്രവാദികള്‍ ബ്രാഹ്മണിസ ത്തിന് അവര്‍ പറയുന്ന അസ്പൃശ്യരെ കൂട്ടിക്കൊടുക്കാന്‍ എത്ര ശ്രമിച്ചാലും അതു വിലപ്പോവില്ല എന്നതിന്റെ തെളിവ് അടുത്ത ഖണ്ഡികയില്‍ത്തന്നെ കാണാന്‍ കഴിയും.

ഇന്ത്യന്‍ ദേശീയത എന്നാല്‍ ഹിന്ദുദേശീയതയാണ് ആര്‍ എസ്സ് എസ്സ് മുന്നോട്ടുവയ്ക്കുന്നത്. മതേതരത്വം അവരുടെ അജണ്ടയില്‍ പോലുമില്ല.(പേജ് 293) ഇന്ത്യയില്‍ മുഴുവന്‍ ഹിന്ദുക്കളായാല്‍ പിന്നെ മതേതരത്വത്തിന്റെ ആവശ്യമില്ല. ഇത്തരം ഒരു ലോകത്തെ സ്വപ്നം കാണുന്നത് ഹിറ്റ്‌ലറുടെ ജര്‍മ്മനിയെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ടാണ്. 

1950ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാണവേളയില്‍ അതിനോടു സഹകരിക്കാന്‍ ആര്‍ എസ് എസ് തയ്യാറായിരുന്നില്ല. മനുസ്മൃതി ഉള്ളപ്പോള്‍ മറ്റൊരു ഭരണഘടനയുടെ ആവശ്യം ഇല്ലെന്ന നിലപാടായിരുന്നു അവരുടേത്. നിലവിലുള്ള ഇന്ത്യന്‍ ഭരണഘടന യില്‍ നമ്മുടേതെന്നു വിളിക്കാവുന്ന ഒന്നുംതന്നെ ഇല്ല എന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യക്കകത്ത് മറ്റൊരു രാജ്യം സൃഷ്ടിക്കാനുള്ള ശ്രമം ആയിരുന്നു ഇന്ത്യയെ വിഭജനത്തിലെ ത്തിച്ചത്. 

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദുക്കളേയും മുസ്ലീങ്ങളെയും ഒരുമിച്ചുനിര്‍ത്തി ദേശീയപ്രക്ഷോഭം നയിച്ചതില്‍ വിറളിപൂണ്ട ബ്രിട്ടീഷുകാര്‍ ഇവര്‍ക്കിടയില്‍ സൃഷ്ടിച്ച കലാപമാണ് ആര്‍ എസ്സ് എസ്സ് ആയിരൂപംകൊള്ളുന്നത്. അന്നു മുതല്‍ ബ്രിട്ടന്റെ താല്‍പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് സ്വാതന്ത്ര്യ സമരത്തെ ഉള്‍പ്പെടെ സാമ്രാജ്യത്വത്തിന് ഒറ്റുകൊടുക്കുകയാ ണുണ്ടായത്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ജയിലില്‍പ്പോയ വാജ്‌പേയി സവര്‍ക്കറെപ്പോലെ മാപ്പെഴുതിക്കൊടുത്ത് ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കു ശേഷം അതേ നിലപാടുകളാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തോടും ഇവര്‍ പുലര്‍ത്തിക്കൊണ്ടിരുന്നത്. അമേരിക്ക വിയറ്റ്‌നാം ജനതയെ അടിച്ചമര്‍ത്തിയിരുന്ന 1970 കാലത്ത് അടല്‍ബിഹാരി വാജ്‌പേയിയുടെ കയ്യില്‍ ഗോള്‍വല്‍ക്കര്‍ ലിന്‍ഡന്‍ ജോണ്‍സണു ഒരു കത്തുകൊടുത്തുവിടുകയുണ്ടായി. അമേരിക്ക ധര്‍മ്മയുദ്ധ ത്തിലാണെന്നും ഹിന്ദുക്കള്‍ അതിനെ പിന്‍തുണയ്ക്കുന്നു എന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. ആര്‍ എസ്സ് എസ്സില്‍ നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റു വിരോധമായിരുന്നു ഗോള്‍വല്‍ക്കറെ ഇതിനു പ്രേരിപ്പിച്ചത്.

ആര്‍ എസ്സ് എസ്സ് ജന്മംകൊണ്ട 1920 മുതല്‍ അതു മുന്നോട്ടു വയ്ക്കുന്ന ഹിന്ദുത്വ അജണ്ട സവര്‍ണ്ണാധിപത്യമായിരുന്നു. അതിനവര്‍ കൂട്ടുപിടിക്കുന്നത് വേദങ്ങള്‍ മുതല്‍ ഇന്നത്തെ ആള്‍ദൈവങ്ങളെ വരെയാണ്. ഏതു വേഷം കെട്ടാനും തയ്യാറായിരിക്കുന്ന ഹിന്ദുവെന്ന നാമധാരികളെ ഉപയോഗപ്പെടു ത്തിക്കൊണ്ട് ചരിത്രത്തെ വളച്ചൊടിക്കുകയും പുതിയ ചരിത്ര നിര്‍മ്മിതി നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. പൊതുസ്ഥാ പനങ്ങളായ ക്ഷേത്രങ്ങളെ ആര്‍ എസ്സ് എസ്സിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയും ദേവസ്വംബോര്‍ഡ് ഭരണത്തെ കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തുകൊണ്ടാണ് അവര്‍ ലക്ഷ്യങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതിന് ഊര്‍ജ്ജം പകരാനാണ് യാതൊരടിസ്ഥാനവുമില്ലാത്ത വിചാരധാരയെ അവരുടെ വേദഗ്രന്ഥമായി കണക്കാക്കുന്നത്.

(വിചാരധാര-ഗുരുജി ഗോള്‍വല്‍ക്കര്‍ അഞ്ചാംപതിപ്പ് കുരുക്ഷേത്രപ്രകാശന്‍ കൊച്ചി)