"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 14, വ്യാഴാഴ്‌ച

നശീകരണത്തിന്റെ തത്ത്വശാസ്ത്രം - ശശിക്കുട്ടന്‍ വാകത്താനം


മനുഷ്യസമൂഹത്തിലെ ആദ്യത്തെ സംഘടിത രൂപവും അധികാര ഘടനയുമായിരുന്നു മതങ്ങള്‍. ആത്മീയതയെ അടിത്തറയാക്കി ആശയവാദത്തില്‍ നിലനിന്ന മതത്തെ സാമാന്യാര്‍ത്ഥത്തില്‍ നിര്‍വ്വചിക്കാന്‍ കഴിയുന്നതല്ല. സമൂഹത്തില്‍നിന്നും വളരെ വേഗത്തിലൊന്നും അതിനെ മാറ്റാനും കഴിയുകയില്ല. ആശയ വാദത്തിലെ അപ്രമാദിത്വം മൂലം ആദ്യകാല ശാസ്ത്രീയ വിശകലനത്തെപ്പോലും മതത്തിനുകീഴില്‍ നിലനിര്‍ത്താന്‍ അതിനു കഴിഞ്ഞു. ഇന്ത്യയിലും പാശ്ചാത്യനാട്ടിലേതുപോലെ മതനിയമ ങ്ങള്‍ക്കായിരുന്നു പ്രാധാന്യം. മറ്റു സ്മൃതികള്‍ നിലവിലുണ്ടായി രുന്നെങ്കിലും മനുസ്മൃതിക്കായിരുന്നു പ്രാധാന്യം. ബ്രാഹ്മണിസ ത്തെ സ്ഥാപിച്ചെടുക്കാന്‍ ഉപയോഗിച്ച നിയമ സംഹിത എന്ന നിലയില്‍ മനുസ്മൃതി പ്രാധാന്യമര്‍ഹിച്ചിരുന്നു. ഒരേ കുറ്റം ചെയ്ത ബ്രാഹ്മണനും താണജാതിക്കാരനും ശിക്ഷ വ്യത്യസ്ത മായിരുന്നു. പാശ്ചാത്യനാടുകളില്‍ മതകോടതികള്‍ സ്ഥാപിച്ച് മതനിന്ദക്കെതിരെ ക്രൂരവും പൈശാചികവുമായ വിധികളാണ് നടപ്പിലാക്കിക്കൊണ്ടിരുന്നത്. പോപ്പിന്റെ ഭരണം ഏതൊരു ക്രൂരനായ ഭരണാധികാരിയേയും വെല്ലുന്നതായിരുന്നു. ഇത്തര ത്തില്‍ മതം ഒരു മര്‍ദ്ദനോപകരണമായിട്ടാണ് സാധാരണക്കാരുടെ ഇടയില്‍ നിലനിന്നിരുന്നത്. ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമാ യിരുന്നില്ല ഇന്ത്യയില്‍ നിലനിന്നിരുന്ന മത ഭരണങ്ങളുടേതും.

മതത്തെക്കുറിച്ച് കൃത്യമായൊരു നിര്‍വ്വചനം മുന്നോട്ട് വച്ചത് മാര്‍ക്‌സ് ആയിരുന്നു. ''മനുഷ്യനാണ് മതത്തെ സൃഷ്ടിക്കുന്നത്. അല്ലാതെ മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്യുന്നത് - ഇനിയും സ്വയം കണ്ടെത്താനോ കണ്ടെത്തിയിട്ട് വീണ്ടും നഷ്ടപ്പെടുവാനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം. പക്ഷേ, ലോകത്തിനു പുറത്ത് തമ്പടിച്ചിട്ടുള്ള അമൂര്‍ത്ത ജീവിയല്ല മനുഷ്യന്‍. മാനവലോകമാണ്, ഭരണകൂടമാണ്, സമൂഹമാണ് മനുഷ്യന്‍. ഈ സമൂഹം തലകുത്തിനിറുത്തപ്പെട്ട ലോകബോധമായ മതത്തെ സൃഷ്ടിക്കുന്നത്. അവ സ്വയം തന്നെ തലകുത്തിനിര്‍ത്തപ്പെട്ട ലോകമായതുകൊണ്ടാണ്. മതം ഈ ലോകത്തിന്റെ സാമാന്യ സിദ്ധാന്തമാണ്. അത് അതിന്റെ സര്‍വ്വവിജ്ഞാനകോശതുല്യമായ സംഗ്രഹമാണ്. സരളരൂപത്തി ലുള്ള അതിന്റെ യുക്തിയാണ്. അതിന്റെ ആത്മീയാഭിമാന സ്തംഭമാണ്. അതിന്റെ ഉത്സാഹമാണ്. അതിന്റെ ധാര്‍മ്മിക വിലക്കാണ്. അതിന്റെ പരിപാവനമായ അനുബന്ധമാണ്. ആശ്വാസത്തിനും ന്യായീകരണത്തിനുമുള്ള അതിന്റെ സാര്‍വ്വത്രിക മായ ഉറവിടമാണ്. മാനവസത്തയുടെ അയഥാര്‍ത്ഥമായ സാക്ഷാത്കാരമാണത് ... മതപരമായ സന്താപമെന്നത് അതേ സമയം തന്നെ യഥാര്‍ത്ഥ സന്താപത്തിന്റെ ഒരു ബഹിര്‍സ്ഫുര ണവും യഥാര്‍ത്ഥ സന്താപത്തിനെതിരെ പ്രതിഷേധവും കൂടിയാണ്. മതം മര്‍ദ്ദിതജീവിയുടെ വിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. അതുപോലെതന്നെ ഉന്മേഷരഹി തമായ സാഹചര്യങ്ങളിലെ ലഹരിയാണത്. ജനങ്ങളുടെ മയക്കുമരുന്നാണത്. (മാര്‍ക്‌സ് - എംഗല്‍സ് : മതത്തെപ്പറ്റി - പ്രോഗ്രസ് പബ്ലിഷേഴ്‌സ് മോസ്‌കോ 1983, പുറം 46 - 47)

ആദ്യകാലത്ത് മതം സംഘടിത ശക്തിയായിരുന്നതിനാല്‍ അതിനെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറായിരുന്നില്ല. മതവിശ്വാസവും വിശ്വാസത്തെ നിലനിര്‍ത്തിയിരുന്ന ആചാരങ്ങളും കീഴ്‌വഴക്ക മായി തുടര്‍ന്നു പോന്നിരുന്നതിനാല്‍ അതില്‍നിന്നും ഒഴിവാകാന്‍ കഴിഞ്ഞിരുന്നില്ലെന്നു മാത്രമല്ല അതു ചില ആശ്വാസങ്ങളായി മാറുകയും ചെയ്തിരുന്നു. അതിലെ നിയമങ്ങള്‍ പാലിക്കാതി രുന്നാല്‍ നരകത്തില്‍പ്പോകും എന്ന ഭീതിയും പരത്തിയിരുന്നു. ചൂഷിതമായൊരു സമൂഹത്തില്‍ ആശ്വാസമായിരുന്നത് മതം മാത്രമാണ് എന്നു ധരിച്ചുവച്ചിരുന്നു. 

നൂറ്റാണ്ടുകള്‍ മുന്‍പുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും കൊണ്ടുനടക്കുന്ന കാര്യത്തില്‍ 21-ാം നൂറ്റാണ്ടിലെ പരിഷ്‌കൃത സമൂഹത്തിനും മടിയില്ല. അതൊരപരാധമായും കണക്കാക്കാറു മില്ല. കാരണം നൂറ്റാണ്ടുകള്‍ക്കു മുന്‍പു മുതല്‍ നിലനിന്നിരുന്ന ജാതീയമായ വിഭജനത്തിന്റെ അടിത്തറ തകരാതിരിക്കുന്നതിനാല്‍ ആ അടിത്തറയില്‍ത്തന്നെയാണ് പരിഷ്‌കൃതരെന്നഭിമാനി ക്കുന്നവരുടെ തലമുറ കെട്ടപ്പെട്ടിരിക്കുന്നത്. ദൈവങ്ങള്‍ക്കും അധികാരിവര്‍ഗ്ഗത്തിനും അവരുടെ പരിഷ്‌കാരങ്ങള്‍ക്കും ആധിപത്യത്തിനും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവര്‍ കൈവശം വച്ചുപോന്ന എല്ലാ അധീശത്വവും അധീശത്വ പ്രത്യയശാസ്ത്രവും അതേപോലെ തുടര്‍ന്നുപോരുന്നു. ഈ പ്രത്യയശാസ്ത്രത്തെയാണ് വ്യാഖ്യാനിക്കുന്നതും അധികാരത്തെ നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നതും. ഈ പ്രവണതയെ അവധാരണം ചെയ്യുന്നതിനുള്ള മനുഷ്യ പ്രയത്‌നമാണ് തത്ത്വശാസ്ത്രം എന്നു പറയുന്ന ഡോ. രാധാകൃഷ്ണന്‍ ആദ്ധ്യാത്മികതയാണ് ഇന്ത്യന്‍ തത്വചിന്തയുടെ ആന്തര സ്വഭാവമെന്നും ഇന്ത്യയുടെ വികസനത്തിനു കാരണം ആത്മീയതയാണെന്നും പ്രസ്താവിക്കുന്നു. ഭാരതീയ തത്ത്വചിന്ത എന്ന ബൃഹത്തായ രണ്ടു വാള്യം എഴുതിയിട്ടും ചാതുര്‍വര്‍ണ്ണ്യ ത്തെക്കുറിച്ചു മിണ്ടിയിട്ടില്ല. ഇവരെപ്പോലുള്ളവരാണ് (ഗാന്ധിജി ഉള്‍പ്പെടെ) ഹിന്ദുമതത്തിന്റെ പ്രയോക്താക്കള്‍. ഇന്ത്യന്‍ ആത്മീയത വര്‍ണണ്ണത്തിലും ജാതിയിലും അധിഷ്ഠിതമായിരുന്നു. അതാണ് ഹിന്ദുമതത്തിന് അടിത്തറയായിത്തീര്‍ന്നത്. അതിന്റെ പ്രത്യയശാസ്ത്രവും അര്‍ത്ഥശാസ്ത്രവുമാണ് ഭഗവത്ഗീതയും മനുസ്മൃതിയും. ഇവയില്‍ പ്രതിപാദിക്കുന്ന തത്വശാസ്ത്രവും യഥാര്‍ത്ഥതത്വശാസ്ത്രവും രണ്ടാണ്. മതത്തിന്റെ തത്വശാസ്ത്രം ഭൗതീകതയുടെ നിഷേധമാണ്. തത്വശാസ്ത്രം ഭൗതികവും.

ഭൗതികയാഥാര്‍ത്ഥ്യങ്ങളാണ് പ്രകൃതിയേയും മനുഷ്യനെയും നിലനിര്‍ത്തുന്നതെങ്കിലും ദൈവത്തെ അതിന്റെ കാവലാളായി നിര്‍ത്തുന്നതില്‍ മനുഷ്യന്‍ വൃഥാ വ്യയപ്പെടുന്നു. അതൊരാശ യമായി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതോടെ സമൂഹത്തില്‍ വേരൂന്നിക്കഴിയും. പിന്നീടത് ഒരു ഭൗതീക ശക്തിയായി മാറും. ഇതിനെ നിഷേധിക്കുന്നതിനോളം തന്നെ ശക്തിയായി അത് സമൂഹത്തില്‍ വേരുറപ്പിക്കുകയും ചെയ്യും. ഭൗതിക ദര്‍ശനങ്ങളും യുക്തിചിന്തയും വിശ്വാസത്തോടൊപ്പം തന്നെ വളര്‍ന്നു വന്നെങ്കിലും ഭൗതിക വാദത്തെക്കാള്‍ എത്രയോ ഇരട്ടി ശക്തിയിലാണ് ആശയവാദം ആധിപത്യം ചെലുത്തിയതും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതും. 

പ്രാകൃത ഉല്‍പാദന വ്യവസ്ഥയിലെ ലാളിത്യത്തില്‍ നിന്നും (ലഘുവായ ഉല്‍പാദനോപകരണങ്ങള്‍) മാറിവന്ന ഉല്‍പാദനവ്യ വസ്ഥയില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി മിച്ചം ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയതോടുകൂടി അധികാരഘടന രൂപംകൊണ്ടു. ഇതിനിട യിലെ ജീവിതവൃത്തിക്കിടയിലൂടെ വളര്‍ന്നുവന്ന സാംസ്‌കാരി കമായൊരു പശ്ചാത്തലംകൂടിയുണ്ട്. അത് പൂര്‍ണ്ണമായും ഉല്‍പാദത്തിന്റെതന്നെ മറ്റൊരുല്‍പ്പന്നം കൂടിയായിരുന്നു. സംസ്‌കാരം രൂപംകൊള്ളുന്നത് ഉല്‍പാദനവ്യവസ്ഥയ്ക്ക കത്തുതന്നെയാണ്. ഉല്‍പാദനം നടത്തുന്നവന്‍ അപരിഷ്‌കൃതനാകു മ്പോഴും അവന്റെ ഉല്‍പ്പന്നം ശ്രേഷ്ഠതരമായി മാറുന്നിടത്താണ് സംസ്‌കാരം ഉരുത്തിരിയുന്നത്. പട്ടുനെയ്ത്തുകാരന്റെ വിരല്‍ ചൂടുവെള്ളത്തില്‍ കിടന്ന് വെന്ത് കുഷ്ടരോഗിയുടെ വിരല്‍പോലെ ആകുന്നതിനൊപ്പം അവന്‍ ഉല്‍പാദിപ്പിക്കുന്ന പട്ട് ഒരു കാലത്തിന്റെയും സമൂഹത്തിന്റെയും സംസ്‌കാര ചിഹ്നങ്ങളായി മാറുകയാണ്. കലകളും അതിലൂടെ രൂപപ്പെടുത്തിയ ചിന്തകളും ദൈവങ്ങളും എല്ലാംഅവന്റെ അദ്ധ്വാനത്തില്‍ നിന്നും ഉരുത്തി രിഞ്ഞ ഉപോല്‍പ്പന്നങ്ങളായിരുന്നു. ഇതിനെ അദ്ധ്വാനത്തില്‍ നിന്നും വേര്‍പെടാതിരിക്കുവാന്‍ ആകുമായിരുന്നില്ല. ഇതിനെ സമാഹരിക്കാന്‍ കഴിയാത്തവിധം ചരിത്രപരമായൊരു വസ്തുതയായി അതു സമൂഹത്തില്‍ വ്യാപരിക്കപ്പെട്ടു.

മതവിശ്വാസം എല്ലാക്കാലത്തും ഒരുപോലെയായിരുന്നില്ല. ജീവിതത്തിന്റെ നിലവാരം മാറുന്നതിനനുസരിച്ച് മതവും പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരുന്നു. മതത്തിനു പുതിയ ദൈവങ്ങളിലേക്കു പരിണമിക്കാന്‍ കഴിയാതിരുന്നതിനാലാണ് ആള്‍ദൈവങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. തട്ടിപ്പുകാരായ ആള്‍ദൈവങ്ങളുടെയും പ്രാര്‍ത്ഥാനാലയങ്ങളുടെയും ആസ്ഥാനത്തു നടക്കുന്ന കൊലപാതകങ്ങള്‍, അനധികൃത സ്വത്തുസമ്പാദനങ്ങള്‍, പെണ്‍വാണിഭങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, ലഹരിമരുന്നു കച്ചവടങ്ങള്‍ ഒന്നും തന്നെ അന്വേഷണവിധേയമാകുന്നില്ല. ഭരണകൂടത്തിന്റെ ഒത്താശയും സംരക്ഷണവുമാണ് ഇത്തരക്കാരെ എല്ലാക്കാലത്തും സഹായിച്ചുകൊണ്ടിരുന്നത്. അതിലൊന്നാണ് മത നിന്ദാനിയമം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നടപ്പിലാക്കപ്പെട്ട മതനിന്ദാനിയമം പാക്കിസ്ഥാനിലും ഇന്ത്യയിലും ഇന്ന് ഒരേപോലെ നിലനില്‍ക്കുന്നു. ഈ നിയമം പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ ഗവര്‍ണര്‍ ആയിരുന്ന സല്‍മാന്‍ തസീര്‍, പാക്കിസ്ഥാനിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രിയായിരുന്ന ഫഹബാസ് ഭട്ടി എന്നിവര്‍ 2011 ല്‍ മതഭ്രാന്തന്മാരാല്‍ കൊല്ലപ്പെടാന്‍ ഇടയായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295(എ) വകുപ്പ് മത വിമര്‍ശകരെ പീഡിപ്പിക്കാന്‍ മതാധികാരികള്‍ക്ക് അവസരം നല്‍കുന്നതാണ്. ഈ വകുപ്പിന്റെ പിന്‍ബലത്തിലാണ് എം. എഫ് ഹുസൈന്‍ വേട്ടയാടപ്പെട്ടതും തസ്ലിമ നസ്രിന്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നതും. 

മതത്തിനോ വിശ്വാസത്തിനോ തടസസ്സമില്ലാതെ വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പിനെ ചോദ്യംചെയ്തുകൊണ്ട് ദഭോല്‍ക്കര്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന നിലയില്‍ ദുര്‍മന്ത്രവാദി കളെയും ആത്മീയതട്ടിപ്പുകാരെയും അത്ഭുതരോഗശാന്തിക്കാരെയും തുറുങ്കില്‍ അടയ്ക്കാന്‍ നിയമം കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട ആളാണ് നരേന്ദ്ര ദഭോല്‍ക്കര്‍. മഹാരാഷ്ട്ര എറാഡിക്കേഷന്‍ ഓഫ് ബ്ലാക്ക് മാജിക് ആന്റ് ഈവിള്‍ ആന്റ് അഹോരി പ്രാക്ടീസ് ആക്റ്റ് 2005 എന്ന പേരില്‍ ഒരു ബില്ലു തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചതും അതിനു പ്രചരണം നടത്തിയതും ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടന യില്‍ പൗരന്റെ മൗലിക കര്‍ത്തവ്യങ്ങള്‍ IV A, Article 51A(h) പ്രകാരമുള്ള ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണ ത്വരയും പരിഷ്‌ക്കരണ ബോധം വളര്‍ത്തുക എന്ന ഓരോ ഇന്ത്യന്‍ പൗരന്റെയും കര്‍ത്ത്യവ്യമായിരുന്നു. ഈ കര്‍ത്ത്യവ്യ മായിരുന്നു ദഭോല്‍ക്കര്‍ നിര്‍വ്വഹിച്ചത്. ഇതിലൂടെയാണ് അദ്ദേഹം 2013 ആഗസ്ത് 20 ന് രക്തസാക്ഷിയാവുന്നത്. പ്രസ്തുത ബില്‍ ഓര്‍ഡിനന്‍സ് വഴി അസംബ്ലിയില്‍ അവതരിപ്പിച്ച് നിയമമാക്കി. മഹാരാഷ്ട്രയിലും ഝാര്‍ഘണ്ടിലും അന്ധവിശ്വാസ ദുരാചാര നിര്‍മ്മാര്‍ജ്ജന നിയമം കൊണ്ടു വന്നു. നിയമം കൊണ്ടു വന്നെങ്കിലും ഗോവിന്ദ പന്‍സാരയുടെയും എം. കെ കല്‍ബുര്‍ഗി യുടെയും കൊലപാതകം ഈ നിയമത്തെ വെല്ലുവിളിക്കുന്നതാ യിരുന്നു. 

മതങ്ങള്‍ എല്ലാക്കാലത്തും കൊലപാതകങ്ങളെയും, കൂട്ടക്കുരുതി കളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ലക്ഷങ്ങളെ കൊന്നൊ ടുക്കിയ കുരിശു യുദ്ധവും മതകോടതികള്‍ സ്ഥാപിച്ചുകൊണ്ടു നടത്തിയ പീഢനങ്ങളും (ഇക്വിസിഷന്‍) ചരിത്രത്തിലെ ഭീകരത യുടെ നൂറ്റാണ്ടായിരുന്നു. ഇന്ന് സാമ്രാജ്യത്വം നടപ്പിലാക്കുന്ന പദ്ധതികളും ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന (IS) അരുംകൊലകളും സംഘപരിവാര്‍ ശക്തികള്‍ മോദിയുടെ തണലില്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സവര്‍ണാധിപത്യ ശ്രമങ്ങളും ദലിതു കൊലപാതകങ്ങളും തുടര്‍വാര്‍ത്തകളായി മാറിക്കൊണ്ടിരിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണെന്നി രിക്കെ അതിനെ മറികടന്ന് മതത്തെ തൊട്ടുകളിക്കാന്‍ പാടില്ല എന്ന നിലയിലേക്ക് മതാന്ധന്മാരും ഭരണാധികാരികളും എത്തിയിരിക്കുന്നു ഘര്‍വാപസിയും ബീഫ് നിരോധനവും യോഗയും എല്ലാം മതാന്ധന്മാരുടെ ആയുധമായി മാറിക്കഴിഞ്ഞി രിക്കുന്നു. 

മതം ഒരിക്കലും വിശ്വാസം മാത്രമായിരുന്നില്ല. അത് അധികാര ത്തിന്റെയും ഭൂമിയുടെയും മേലുള്ള ആധിപത്യമായിരുന്നു. അതുകൊണ്ടുതന്നെ ഇതിനു പുറത്തുള്ളവര്‍ എല്ലാക്കാലത്തും മര്‍ദ്ദനത്തിനു വിധേയരായിക്കൊണ്ടിരുന്നു. അടിമപ്പണിക്കു വിധിക്കപ്പെട്ടവരായി മുദ്രകുത്തപ്പെട്ടു. ഹിന്ദുമതത്തിന്റെ ഈ ഹീനപ്രവര്‍ത്തിയില്‍ നിന്നും രക്ഷപ്പെടാന്‍ ക്രിസ്തുമതം സ്വീകരിച്ചവര്‍ക്കും നീതിലഭിച്ചില്ലെന്നു മാത്രമല്ല കൂടുതല്‍ പീഢനങ്ങള്‍ ഏല്‍ക്കേണ്ടിയും വന്നു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കുന്ന മതങ്ങള്‍ ആദിവാസികളുടെയും ദളിതരുടെയും സര്‍ക്കാരിന്റെയും ഭൂമി തട്ടിയെടുത്ത് അധികാരം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ മുന്‍നിര്‍ത്തി പുറത്തു വന്ന ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ കത്തോ ലിക്ക സഭയും മറ്റു മതസംഘടനകളും നടത്തിയ കൊലവിളിയും ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമണവും വാഹനം കത്തിക്കലും ഹൈറേഞ്ചിനെ സംരക്ഷിക്കാനായിരുന്നില്ല, സഭ കൈവശം വച്ചനുഭവിക്കുന്ന അനധികൃതസമ്പത്തു സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ഇതിന് കേരളത്തിലെ സാമ്പ്രദായിക ഇടതുപക്ഷവും കോണ്‍ഗ്രസും ബിജെപിയും പിന്തുണയ്ക്കുകയും ചെയ്തു. 

ചരിത്രപരമായി ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ക്ക് മതവുമായുള്ള ബന്ധം അവരുടെ ജീവിത വൃത്തിയുമായി ബന്ധപ്പെട്ടുള്ളതാ യിരുന്നു. ഗോത്രജീവിതം മുതല്‍ തുടര്‍ന്നു പോരുന്ന തൊഴിലും ആചാരങ്ങളും വിശ്വാസങ്ങളും അങ്ങനെതന്നെ തുടര്‍ന്നുപോന്നു. ഗോത്രങ്ങള്‍ മതത്തിലേക്കു പരിണമിച്ചപ്പോഴും പാരമ്പര്യങ്ങള്‍ തുടര്‍ന്നുപോന്നു. തൊഴിലിലോ ജീവിതവൃത്തിയിലോ പുരോഗമനപരമായി ഇടപെടാനോ അതിനെ വികസിപ്പിക്കാനോ മതത്തിനു കഴിയുന്നില്ല. എന്നാല്‍ അവരുടെ സാമൂഹ്യ ഇടപെടലുകളില്‍ വിലക്കേര്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നു. അയിത്ത ആചാരത്തിലൂടെ അവര്‍ ഏര്‍പ്പെടുത്തിയത് ഇത്തരം സാമൂഹ്യ ഇടപെടലായിരുന്നു. അത് മറ്റ് പല രൂപത്തിലും ഇന്നും നിലനില്‍ക്കുന്നു. മറ്റൊരു ഇടപെടല്‍ സാംസ്‌കാരികവും കലാപരവുമായ പ്രവര്‍ത്തിയിലൂടെയുള്ളതായിരുന്നു. നവോത്ഥാ നകാലം മുതല്‍ തുടര്‍ന്നുപോന്ന ചിത്രകലയും ശില്പകലയും ലോകത്തിലെവിടെയും ക്രിസ്തുമതത്തിന് പ്രചാരം സൃഷ്ടിക്കാന്‍ ഇടയാക്കി. ക്രിസ്തുവിനും കന്യാമറിയത്തിനും ച്ഛായാചിത്രങ്ങള്‍ ഉണ്ടായി. അതുവരെയുണ്ടായിരുന്ന എല്ലാവിശ്വാസങ്ങളെയും വിഴുങ്ങി ക്രിസ്തു മതം പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. മിഷനറി പ്രവര്‍ത്തനത്തിന്റെ പേരില്‍ ലോകത്തെവിടെയും കടന്നുചെല്ലാനും ആധിപത്യം സ്ഥാപിക്കാനും കഴിഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ മതമായി മാറാന്‍ ക്രിസ്തുമത ത്തിനു കഴിഞ്ഞു. കോളനിവാഴ്ചയിലൂടെ കൊള്ളയടിച്ച ധനസമ്പാദനത്തിലൂടെ സാമ്രാജ്യത്വം സ്ഥാപിക്കാനും അതിലൂടെ ലോകാധിപത്യത്തിലേക്കെത്താനുമാണ് ഇപ്പോള്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. 

സാമ്രാജ്യത്വ പദ്ധതി രാഷ്ട്രീയ അജണ്ടയായി മാറുമ്പോള്‍ അതു പ്രയോഗിക്കപ്പെടുന്നതിന്റെ കൈവഴികളായി മതങ്ങള്‍ മാറുകയാണ്. ജനങ്ങളെ പ്രകോപിപ്പിച്ചുകൊണ്ട് മതങ്ങള്‍ അവരുടെ അജണ്ട നടപ്പിലാക്കുമ്പോള്‍ പ്രകോപിതരാകുന്ന ജനങ്ങള്‍ മതത്തിന്റെ അജണ്ടക്കു പുറത്താണെന്ന കാര്യം അവര്‍ അറിയുന്നില്ല. 

ഹിന്ദുത്വം എന്നത് എല്ലാക്കാലത്തും ബ്രാഹ്മണ്യമാണ്. ഹിന്ദുവി ന്റെ ശ്രുതിയും സ്മൃതിയും ഇതിഹാസങ്ങളും പുരാണങ്ങളും ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ജനതയെ ഒറ്റുകൊടുക്കുന്നതാണ്. അവരെ 16 അടി മുതല്‍ 64 അടി വരെ അകറ്റിനിര്‍ത്തുന്ന തായിരുന്നു. വഴി നടക്കാനും വിദ്യ അഭ്യസിക്കാനും വസ്ത്രം ധരിക്കാനും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനും അവന്അവകാശം ഉണ്ടായിരുന്നില്ല. ദീര്‍ഘകാലത്തെ ചെറുത്തുനില്‍പ്പിനും രക്തസാക്ഷിത്വത്തിനും ശേഷമാണ് ഈ അവകാശങ്ങള്‍ നേടിയെടുത്തത്. ജന്മിത്വത്തിനെതിരായ പോരാട്ടം തന്നെയായിരുന്നു ഇതിനും ശക്തി പകര്‍ന്നത്. 2015 ല്‍ ജാതി സെന്‍സസിന്റെ ചില വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ 74 ശതമാനം പേരും സാമ്പത്തികമായി വളരെയധികം പിന്നോട്ടു നില്‍ക്കുന്നവരും ഭൂരഹിതരും പാര്‍പ്പിട രഹിതരുമാണെന്ന അറിവാണ് പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിലുള്ളവര്‍ എല്ലാം തന്നെ പിന്നോക്ക ജനവിഭാഗങ്ങളാണെന്ന കാര്യത്തിലും തര്‍ക്കം ഉണ്ടാവുകയില്ല. ഈ ജനവിഭാഗങ്ങള്‍ ഭരണത്തില്‍ പങ്കാളിത്തം ഇല്ലാത്തവരും ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവരുമാണ്. ഇവരുടെ മേലാണ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ബി. ജെ. പി സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. 

ഈ തിരിച്ചറിവുകള്‍ നഷ്ടപ്പെടുത്തുകയും മതവും വിശ്വാസവും ഞരമ്പുരോഗമായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം യോഗയിലൂടെ തലച്ചോറില്‍ ഭ്രമാത്മകത സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് അധീശത്വ പ്രത്യയശാസ്ത്രത്തിന് താങ്ങു സൃഷ്ടിക്കാനുള്ള ആസൂത്രണമാണ് നടപ്പിലാക്കിക്കൊ ണ്ടിരിക്കുന്നത്. ചരിത്രാതീത കാലത്തു തന്നെ ഭാരതീയര്‍ ആണവോര്‍ജ്ജം കണ്ടുപിടിച്ചിരുന്നുവെന്നും ജനിറ്റിക്ക് എന്‍ജിനീയറിങ്ങിലൂടെയാണ് ഗാന്ധാരി നൂറ്റൊന്നു മക്കളെ സൃഷ്ടിച്ചതെന്നും പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് ഗണപതിക്ക് ആനത്തല വച്ചു പിടിപ്പിച്ചതെന്നും തട്ടിവിട്ടത് കഴിഞ്ഞ ശാസ്ത്ര കോണ്‍ഗ്രസിലാണ്. ഇതിനോടാണ് യോഗയേയും കൂട്ടിച്ചേര്‍ത്തത്. ഇതിനനുബന്ധമായി വിദ്യാഭ്യാസത്തിലും അടിസ്ഥാനപരമായി മാറ്റം വരുത്താനും ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഗുജറാത്തില്‍ ഇത് പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞിരിക്കുന്നു. ജ്യോതിഷവും വേദിക് മാത്തമാറ്റിക്‌സും ഗോപൂജയും പ്രധാന വിഷയങ്ങളാണ്. ജാതിവ്യവസ്ഥ പുകഴ്ത്തപ്പെടേണ്ടതാണെന്നും കറുത്തവര്‍ കൊള്ളരുതാത്തവരാണെന്നും കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്ക് റിസേര്‍ച്ചിന്റെ ചെയര്‍മാന്‍ സുദര്‍ശന റാവു പറയുന്നു. ഇതിന്റെ കൂട്ടത്തിലാണ് ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥം ആക്കണമെന്നും പറയുന്നത്. സംഘപരിവാര്‍ അജണ്ടയ്ക്കനു സരിച്ച് വിദ്യാഭ്യാസത്തെ അടിമുടി മാറ്റിത്തീര്‍ത്താല്‍ ഒരു തലമുറയെ വളരെവേഗം സ്വാധീനിക്കാന്‍ കഴിയും. രാഷ്ട്രപിതാ വായ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെ എന്ന ഘാതകന് ക്ഷേത്രം ഉണ്ടാക്കുന്ന ക്രിമിനലുകള്‍ എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നതെന്ന കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.