"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 15, വെള്ളിയാഴ്‌ച

അയ്യന്‍കാളിയും ടി.കെ.മാധവനും - ദലിത്ബന്ധു എന്‍ കെ ജോസ്


ഏതായാലും ഗാന്ധിയും നാരായണഗുരുവും മറ്റും ബന്ധപ്പെട്ടതു പോലെയുള്ള ബന്ധംപോലും അയ്യന്‍കാളിക്ക് വൈക്കം സത്യാഗ്രഹവുമായിട്ടുണ്ടായിരുന്നില്ല. അങ്ങനെയൊരു ബന്ധംപോലും സ്ഥാപിക്കാന്‍ അയ്യന്‍കാളി തയ്യാറായില്ല. തന്റെ സമുദായത്തിന് താല്‍പര്യമുള്ള കാര്യമാണെങ്കില്‍ ആരും ക്ഷണിക്കാതെതന്നെ ഏതു പ്രശ്‌നത്തിലും സഹകരിക്കാന്‍ തയ്യാറായിട്ടുള്ള ആളാണ് അയ്യന്‍കാളി. വൈക്കം സത്യാഗ്രഹ ത്തെപ്പറ്റി അയ്യന്‍കാളി അറിഞ്ഞിരുന്നില്ല എന്നുപറയാന്‍ സാധ്യമല്ല. മുമ്പുസൂചിപ്പിച്ചതുപോലെ മന്നത്തു പത്മനാഭപിള്ള യുടെ നേതൃത്വത്തിലുള്ള സവര്‍ണ്ണജാഥ അയ്യന്‍കാളി ജനറല്‍ സെക്രട്ടറിയായിരുന്ന സാധുജനപരിപാലന സംഘത്തിന്റെ വാഴപ്പളളിയിലുള്ള ഓഫീസിന്റെ അക്ഷരാര്‍ത്ഥത്തില്‍ മുന്‍വശത്തുകൂടി ത്തന്നെയാണ് കടന്നു പോയത്. സവര്‍ണ്ണ ജാഥയുടെ മറ്റൊരു ശാഖ ഡോ. എം. ഇ. നായിഡുവിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പുറപ്പെട്ട ജാഥ അയ്യന്‍കാളിയുടെ ജന്മസ്ഥലത്തുകൂടെയാണ് കടന്നുപോയത്.

സവര്‍ണ്ണ സമുദായത്തിലെ ഏതാനും ആളുകളും അവരുടെ പ്രസ്ഥാനമായ നാഷണല്‍ കോണ്‍ഗ്രസും ചേര്‍ന്ന് അവര്‍ണ്ണര്‍ക്കു പ്രത്യേകിച്ചു ദലിതര്‍ക്കു നല്‍കിയ ഏതോ വലിയ ദാനമാണ് വൈക്കം സത്യാഗ്രഹം എന്നാണല്ലോ ഇന്നും പ്രചാരണം. ജീവിതത്തില്‍ ഒരു കാലത്തും ഒരു ദാനവും ആരോടും സ്വീകരിച്ചിട്ടില്ലാത്ത ആളാണ്അയ്യന്‍കാളി. സവര്‍ണ്ണന്റെ ദയാദാക്ഷിണ്യംകൊണ്ട് ഒരു അവര്‍ണ്ണനും പുരോഗതി നേടുകയില്ല, തമ്പുരാന്റെ പിച്ചക്കാശുകൊണ്ട് ഒരു ചണ്ഡാളനും ധനികനാകുകയില്ല. ഇന്നും സ്ഥിതി അതുതന്നെ. സവര്‍ണ്ണന്റെ ഓരോ നീക്കത്തിലും അവന്റെ ജാതിതാല്‍പര്യ സംരക്ഷണമുണ്ട്. വൈക്കം സത്യാഗ്രത്തിന്റെ സ്ഥിതിയും അതുതന്നെ. അതറിയാ വുന്ന ആളായിരുന്നു അയ്യന്‍കാളി. അവിടെയാണ് അയ്യന്‍കാളി ടി.കെ.മാധവനില്‍നിന്നും വ്യത്യസ്തനാകുന്നത്.

തിരുവിതാംകൂറിലെ ജാതിക്കോമരങ്ങളുടെ കാലാകാലങ്ങളിലെ പ്രവര്‍ത്തനവും പരിപാടിയും ലക്ഷ്യവും അതിന്റെ എല്ലാ അടിയൊഴു ക്കുകളും നേരിട്ടു വീക്ഷിച്ചിട്ടുള്ള സൂക്ഷ്മദൃക്കാ യിരുന്നു അയ്യന്‍കാളി. 1891 ലെ മലയാളി മെമ്മോറിയല്‍ തൊട്ടാണ് ഇവിടെ വര്‍ഗ്ഗീയത ചിറപൊട്ടി ഒഴുകിയത്. അന്ന് 28 വയസ്സ് പ്രായമുണ്ടായിരുന്ന അയ്യന്‍കാളി തന്റെ സമുദായത്തേ യും സമുദായത്തിന്റെ അവശതകളെയും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞാണല്ലോ വില്ലുവണ്ടി സമരം നടക്കുന്നത്. മലയാളി മെമ്മോറിയലിലൂടെ ഈഴവരെ വഞ്ചിച്ചതും പിന്നെ ഈഴവമെമ്മോറിയല്‍ സമര്‍പ്പിക്കേണ്ടിവന്നതുമെല്ലാം അയ്യന്‍കാളി സസൂക്ഷ്മം വീക്ഷിച്ചിരുന്നു. 1885 ല്‍ മാത്രം ജനിച്ച ടി.കെ മാധവന്‍ അന്നെല്ലാം ബാലനായിരുന്നു. വൈക്കം സത്യഗ്രഹകാലത്ത് കേവലം 40 വയസ്സുമാത്രം പ്രായമുണ്ടായി രുന്ന ടി.കെ.മാധവന് ഇവിടത്തെ സവര്‍ണ്ണ താല്‍പര്യ സംരക്ഷകരായ കുശാഗ്രബുദ്ധികളുമായുള്ള സമ്പര്‍ക്കം തീരെ തുച്ഛമാണ്. മലയാളിമെമ്മോറിയല്‍ സമര്‍പ്പണത്തിന്റെ ഫലമായി ഏഴെട്ടു നായന്മാര്‍ക്കു സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചപ്പോള്‍ പ്രക്ഷോഭണമെല്ലാം ഉപേക്ഷിച്ച് മലയാളിസഭയും പിരിച്ചു വിട്ടവരാണ് മലയാളിമെമ്മോറിയലുകാര്‍. മെമ്മോറിയലിലെ ഒന്നാം പേരുകാരനായ കെ.പി.ശങ്കരമേനോന്‍ കോട്ടയം പേഷ്‌കാരായി നിയമിക്കപ്പെട്ടു. അദ്ദേഹം അന്നുകോട്ടയത്തുവന്ന് 1905 ല്‍ 'വൈക്കം റോഡുകളില്‍ അയിത്ത ജാതിക്കാരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു' എന്ന അയിത്തപ്പലക സ്ഥാപിച്ചു. അതാണ് മലയാളിമെമ്മോറിയലില്‍ പങ്കെടുത്തതു കൊണ്ട് ഈഴവസമുദായത്തിന് ലഭിച്ച നേട്ടം. മെമ്മോറിയലിന്റെ സമര്‍പ്പണചെ ലവിലേയ്ക്ക് കൊടുത്ത ഡോ. പല്‍പുവിന്റെ നൂറ്റിയൊന്നുരൂപാ കൊണ്ട് 'വൈക്കത്ത് 'ഈഴവര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു''എന്ന അയിത്തപ്പലക സ്ഥാപിക്കാന് കഴിഞ്ഞു. അതെല്ലാം പറഞ്ഞറിവുമാത്രമേ ടി.കെ.മാധവനുണ്ടാ യിരു ന്നുള്ളൂ. അയ്യന്‍കാളി അതിലൊന്നും നേരിട്ട് പങ്കെടുത്തിരു ന്നില്ലെങ്കിലും എല്ലാം സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. പരോക്ഷമായിട്ടെങ്കിലും അതില്‍ പലതും തന്റെ സമുദായ ത്തെയും കൂടിബാധിക്കുന്നതാ യിരുന്നു. കെ.പി.ശങ്കരമേനോന്‍ സി.വി.രാമന്‍പിള്ള തുടങ്ങിയവരുടെ തലമുറയേയും അതിനുശേഷം വന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതല്‍പേരുടെ തലമുറയെയും പിന്നെ മന്നത്തു പത്മനാഭപിള്ള യുടെയും കൂട്ടരുടെയും തലമുറയേയും നേരിട്ടു കണ്ടതാണ് അയ്യന്‍കാളി.

അനേകം അനുഭവങ്ങളുള്ള അയ്യന്‍കാളിക്ക് കെ.പി.കേശവമേ നോന്റെയും മന്നത്തു പത്മനാഭപിള്ളയുടെയും എം.കെ.ഗാന്ധിയു ടെയും ചെപ്പടിവിദ്യകള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ടി.കെ.മാധവന്‍ വൈക്കം സത്യാഗ്രഹത്തില്‍വച്ച് ആദ്യമായിട്ടാണ് സവര്‍ണ്ണ നേതാക്കന്മാരെ അഭിമുഖീകരിക്കുന്നത്. രാമകൃഷ്ണ പിള്ള നാടുകടത്ത പ്പെടുമ്പോള്‍ മാധവന് 25 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. വൈക്കത്തു സത്യാഗ്രഹം തുടങ്ങുന്ന തിന്റെ തലേദിവസം 1924 മാര്‍ച്ച് 29-ാം തീയതി രാത്രിപോലും സി.വി.കുഞ്ഞുരാമന്‍ ഉള്‍പ്പെടെയുള്ള പല ഈഴവപ്രമാണികളും സത്യാഗ്രഹം തുടങ്ങരുത് എന്ന് മാധവനെഉപദേശിച്ചത് അവരുടെ മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. മുന്‍കാല അനുഭവങ്ങളാല്‍ അവര്‍ കൂടുതല്‍ അനുഭവ പരിജ്ഞാനമുള്ള വരായിരുന്നു. ഈഴവസമുദായത്തിന് പല രംഗങ്ങളിലും സഹായകമായ നിലപാട് സ്വീകരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ സത്യാഗ്രഹം തുടങ്ങിയാല്‍ പകരം ലഭിക്കുന്ന സഹകരണം സവര്‍ണ്ണരുടേതാണ്. അത് ഒരിക്കലും വിശ്വസിക്കാവുന്നതല്ല. പക്ഷെ ടി.കെ.മാധവന്‍ ആ സമുദായാചാര്യന്മാരുടെ വാക്ക് കേട്ടില്ല. അദ്ദേഹം അനുസ്മരിച്ചത് കോകനദയില്‍കണ്ട നേതാക്കന്മാരെയും അവര്‍ അന്ന് അദ്ദേഹത്തിന്റെ നിര്‍ബന്ധ ത്തിനു വഴങ്ങിയിട്ടാണെങ്കിലും അംഗീകരിച്ച പ്രമേയത്തേയുമാണ്.

തമിഴ്‌നാട്ടില്‍നിന്നും വന്ന ഇ.വി.രാമസ്വാമിനായ്ക്കര്‍ അതൊന്നും കാണുകയോ അറിയുകയോ ചെയ്തവനായിരുന്നില്ല. ഇവിടെ വരുമ്പോള്‍ അദ്ദേഹത്തിന് കേരളത്തെയും കേരളത്തിലെ ജാതിവ്യവസ്ഥയേയും മറ്റും പറ്റി തുച്ഛമായ അറിവേ ഉണ്ടായിരു ന്നുള്ളൂ. തമിഴ്‌നാട്ടില്‍ അദ്ദേഹം ബ്രാഹ്മണരെ വെറുത്തത് അവര്‍ ബ്രാഹ്മണരായിരുന്നതുകൊണ്ടല്ല; അവര്‍ വിശ്വസിച്ചു പ്രചരിപ്പിച്ചു മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരുന്ന തത്വസംഹിത മനുഷ്യത്വത്തിന് നിരക്കാത്തതായതു കൊണ്ടാണ്. മനുഷ്യനെ വാനരനും കാട്ടാളനും അസുരനും രാക്ഷസനുമാക്കുന്ന തത്വസംഹിത യെയാണ് അദ്ദേഹം എതിര്‍ത്തത്. അല്ലാതെ അയിത്തത്തെ മാത്രമായിട്ടല്ലായിരുന്നു. മനുഷ്യന്‍ സമീപത്തു ചെന്നാല്‍ അശുദ്ധമാകുന്നതാണ് വൈക്കം ക്ഷേത്രത്തിലെ ശിവലിംഗമെങ്കില്‍ അതിനെ ആരാധിക്കുകയല്ല അലക്കുകല്ലായി ഉപയോഗിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പ്രസംഗിച്ചത് അതുകൊണ്ടാണ്.

പക്ഷെ അദ്ദേഹം സത്യാഗ്രഹകാലത്ത് ഒന്നരവര്‍ഷത്തിനുമേല്‍ ഇവിടെ താമസിച്ചപ്പോള്‍ കേരളവും കേരളത്തിലെ ജാതിചിന്തയും മനസ്സിലായി. കേരളത്തിലെ ജാതിചിന്തയുടെ വളര്‍ച്ചയ്ക്ക് സവര്‍ണ്ണരുടെ സംഘടനയായ കോണ്‍ഗ്രസ് നല്‍കിക്കൊണ്ടിരുന്ന പ്രോത്സാഹനവും അനുഭവപ്പെട്ടു. സത്യാഗ്രഹംകഴിഞ്ഞു നാട്ടില്‍ചെന്ന ഉടനെ അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രൈമറി മെമ്പര്‍ഷിപ്പുകൂടി ഉപേക്ഷിച്ചത് അതുകൊണ്ടാണ്. പക്ഷേ ടി.കെ.മാധവന് അതൊന്നും മനസ്സിലാക്കാ നുള്ള കഴിവുണ്ടായില്ല. സവര്‍ണ്ണരും കോണ്‍ഗ്രസുകാരും ചെയ്തത് എന്തോ വലിയ സേവനവും സഹായവുമായി അദ്ദേഹം പരിഗണിച്ചു.