"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 25, തിങ്കളാഴ്‌ച

കുറവര്‍; കാക്കാരു കളിയുടെ ഉപജ്ഞാതാക്കള്‍ - കുന്നുകുഴി എസ് മണി


നാടന്‍കലാരൂപമായ കാക്കാരുകളിയുടെ ജനയിതാക്കള്‍ കുറവര്‍ സമുദായക്കാരാണ്. ഇവരില്‍ നിന്നാണ് പില്ക്കാലത്ത് പുലയര്‍ തുടങ്ങിയ സമുദായക്കാര്‍ ഈ കലാരൂപം പഠിച്ചെടുത്ത് രംഗത്ത് അവതരിപ്പിച്ചത്. ഇന്ന് ഈ കലാരൂപം സവര്‍ണരീകരിക്കുന്നു. മാത്രമല്ല, സവര്‍ണര്‍ മാറ്റങ്ങള്‍ വരുത്തി കാക്കാരുകളിയെ നാശോന്മുഖമാക്കുകയും ചെയ്തിരിക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു കേരളീയ കലാരൂപമാണ് കാക്കാരു കളിയെന്ന കാക്കാരശ്ശി നാടകം.

ശിവന്റെ നാല്പത്തിനാല് ലീലകളില്‍ നിന്നാണ് ഈ നാടന്‍ കലാരൂപം ഉരുത്തിരിഞ്ഞതെന്നാണ് വെയ്പ്. ശിവന്റെ താണ്ഡവനൃത്തം വളരെ പ്രസിദ്ധമാണല്ലോ. ഈ കലാശച്ചുവടുകളില്‍ നിന്നും രൂപം പൂണ്ടതാണ് കാക്കാരുകളി. കായികാഭ്യാസം, കഥകളി, തിരുവാതിരക്കളി, നൃത്തം, നടനം തുടങ്ങിയ ഭാരതീയ കലകളുടെയെല്ലാം ഉറവിടം ശിവതാണ്ഡവ നൃത്ത ത്തില്‍ നിന്നാണ്. അതുപോലെ ശിവന്റെ ഉടുക്കില്‍ (ഡമരുവില്‍) നിന്നും രാഗധ്വനികളും സപ്തസ്വരങ്ങളും താളലയങ്ങളും ഉണ്ടായി എന്നാണ് വെയ്പ്.

കാക്കാരുകളിയുടെ ആസ്ഥാനം ദക്ഷിണ മധുരയാണ്. കുലശേഖരപാണ്ഡ്യ ന്റെ പിന്‍ഗാമിയായ മാളവ്യധ്വജന് കുഞ്ഞുങ്ങളില്ലാതെ രാജാവും പത്‌നി കാഞ്ചനമാലയും ദുഃഖിച്ചു കഴിയുന്ന കാലത്ത് ദേവര്‍ഷി നാരദന്‍ മധുരാ രാജ്യത്തെത്തി. അവിടത്തെ രാജകൊട്ടാരത്തില്‍ എത്തി മാളവ്യധ്വജ ന്റെയെും ഭാര്യ കാഞ്ചനയുടേയും മനോവേദന നേരില്‍കണ്ടു. തുടര്‍ന്ന് കൈലാസത്തു പോയി ശിവനോട് നേരിട്ട് കാര്യങ്ങള്‍ നാരദന്‍ അറിയിച്ചു. നാരദനില്‍ നിന്ന് വിവരം കേട്ട ശിവനും പാര്‍വതിയും കുറവന്റേയും കുറത്തിയുടേയും വേഷം ധരിച്ച് മധുരയിലെത്തി. ശിവന്‍ പാമ്പാട്ടിയുടെ വേഷത്തില്‍ മകുടി ഊതി പാമ്പിനെ വരുത്തി കളിപ്പിച്ചുകൊണ്ടി രിക്കുമ്പോള്‍, പാമ്പുകടിയേറ്റ് പാമ്പാട്ടി മയങ്ങി വീണു. കാട്ടില്‍ ഔഷധങ്ങള്‍ തേടിനടന്ന അഴകേശനെന്ന കാക്കാക്കുറവന്റെ ഔഷധ പ്രയോഗത്താല്‍ മൃതപ്രായനായ പാമ്പാട്ടിയെ ജീവിപ്പിച്ചു. പാര്‍വതി ചികീന്തല്‍ തണ്ടുകൊണ്ട് മെടഞ്ഞ വട്ടിയും കയ്യിലേന്തി കൈനോട്ടക്കാരിയായി ഗ്രാമവാസികളുടെ ഭാവിഫലങ്ങള്‍ പ്രവചിച്ചു വരവേ മാളവ്യധ്വജന്റേയും കാഞ്ചനമാലയു ടേയും ദുഃഖം മനസിലാക്കിയ പാര്‍വതി മളവ്യധ്വജന്റെ രേഖാഫലങ്ങള്‍ പ്രവചിച്ചു. മാളവ്യധ്വജന് കിരീടാവകാശിയായി ഒരു പെണ്‍സന്താനം ജനിക്കാന്‍ യോഗമുണ്ടെന്നും, അവള്‍ യുദ്ധ കലകള്‍ അഭ്യസിച്ച് അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാരേയും യുദ്ധത്തില്‍ തോല്പിച്ച് കീഴടക്കുമെന്നും അവളുടെ കീര്‍ത്തി കൈലാസത്തോളം എത്തുമെന്നും പ്രവചിച്ചു.