"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 19, ചൊവ്വാഴ്ച

മഹാനായ അയ്യന്‍കാളി; ഒരു വിലയിരുത്തല്‍ - ദലിത്ബന്ധു എന്‍ കെ ജോസ്അയ്യന്‍കാളി പ്രസ്ഥാനം ഒരു പരാജയമാണെന്നും ആ പരാജയ ത്തിന്റെ കാരണം അദ്ദേഹത്തിന്റെ ഏകപക്ഷീയമായ സാമൂഹ്യ നവോത്ഥാന ശ്രമമാണെന്നും തത്തുല്യമായ സാമ്പത്തിക നവോത്ഥാന ശ്രമം അതിനോടനുബന്ധിച്ചുണ്ടാകാതിരുന്നതും അതിനുവേണ്ടി ശ്രമിക്കാതിരുന്നതും ആണെന്നുള്ള ഒരു ചിന്താധാര ഇപ്പോള്‍ രൂപംകൊണ്ടുവരുന്നുണ്ട്.

അയ്യന്‍കാളി പ്രസ്ഥാനം ഒരു പരാജയമായിരുന്നു എന്ന മുന്‍വിധിയോടുകൂടി ആരംഭിക്കുന്ന ആ ചിന്താധാര അയ്യന്‍കാളി പ്രസ്ഥാനത്തെ അവഗണിക്കുന്നതിന് തുല്യമാണ്. എന്തായിരുന്നു അയ്യന്‍കാളിയുടെയും അയ്യന്‍കാളി പ്രസ്ഥാനത്തിന്റെയും ലക്ഷ്യം? അതു നേടിയോ? അതൊന്നും വ്യക്തമാക്കാതെ ഒരു തീരുമാനത്തി ലെത്തുന്നത് യുക്തിവിരുദ്ധമാണ്.

അയ്യന്‍കാളി പൊതുപ്രവര്‍ത്തനം ആരംഭിച്ച കാലത്ത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സമുദായത്തിനും അത്യാവശ്യമായിരു ന്നത് മനുഷ്യ ജീവിതത്തിലെ പ്രാഥമികമായ ചില ആവശ്യങ്ങളാണ്. വഴി നടക്കുക, തുണി ഉടുക്കുക, അക്ഷരം പഠിക്കുക തുടങ്ങിയവ. അന്നു സാധുജനങ്ങള്‍ എല്ലാവരും ആഹാരത്തിനും പാര്‍പ്പിടത്തിനും ഒരു ബുദ്ധിമുട്ടും ഇല്ലാതെയാണ് ജീവിച്ചിരുന്നത് എന്നല്ലാ അതിനര്‍ത്ഥം. ആ രംഗത്തെ അവരുടെ ആവശ്യങ്ങള്‍ പരിമിതങ്ങളായിരുന്നു. മരണാനന്തര ജീവിതത്തെപ്പറ്റിയൊന്നും അവര്‍ ആകാംക്ഷയുള്ള വരുമായിരുന്നില്ല. ക്ഷേത്രങ്ങളില്‍ കയറി ആരാധിക്കുവാനും കാണിക്കയിടാനും അവര്‍ തല്‍പ്പരരുമായിരുന്നില്ല. നിത്യവും വേലയും അതിന് നാമമാത്രമായ കൂലിയും അവര്‍ക്കു ലഭിച്ചിരുന്നു. അതിനാല്‍ ദൈനംദിന ജീവിതംഅവരുടേതായ രീതിയില്‍ വലിയ പ്രശ്‌നങ്ങള്‍ കൂടാതെ കഴിഞ്ഞു പോന്നു. തമ്പുരാന്റെ വരമ്പത്തെ കുടിലും വൈകുന്നേരത്തെ ഒരു കൂലിയാന്‍ നെല്ലും അന്നവര്‍ക്കു ലഭിച്ചിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും വേണമെന്നുള്ള ചിന്ത അവരിലാര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല. അത് അവരില്‍ ഉണ്ടാക്കിയെടുക്കാനാണ് അയ്യന്‍കാളി ശ്രമിച്ചത്. അതാണ് വിപ്ലവം അയ്യന്‍കാളി നടത്തിയ വിപ്ലവം.

പ്രസിദ്ധമായ കാര്‍ഷിക പണിമുടക്കു കാലത്ത് ഒരു വര്‍ഷക്കാലം നാഞ്ചിനാട്ടിലെ മുഴുവന്‍ സാധുജനങ്ങളും കാട്ടിലെ താളും തകരയും കിഴങ്ങുകളും കടലിലെ മത്സ്യവും കൊണ്ടു മാത്രം ജീവിച്ചു. അന്ന് അതിനു കഴിഞ്ഞവരുടെ സാമ്പത്തികാവശ്യങ്ങള്‍ എത്ര പരിമിതങ്ങളായിരുന്നു?

അയ്യന്‍കാളി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി എരുമേലിയിലും മറ്റും ദലിതര്‍ക്കു ഒരേക്കര്‍ ഭൂമി വീതം പതിച്ചു കൊടുപ്പിച്ചു. സ്വത്വബോധത്തിന്റെ മുഖ്യഘടകമായി ഭൂവുടമസ്ഥത നിലനിന്നിരുന്ന 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ അയ്യന്‍കാളി ബോധപൂര്‍വ്വം തന്നെ സ്വീകരിച്ച നടപടിയാണത്. ഭൂനികുതി നല്‍കുന്നവര്‍ രാജ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ലാ എന്നുള്ള ധാരണ അന്ന് നിലനിന്നിരുന്നു. പ്രായപൂര്‍ത്തി വോട്ടവകാശം ആവശ്യപ്പെട്ടപ്പോള്‍ സര്‍.സി.പി. കൊടുത്ത മറുപടിയില്‍ അതുണ്ടായി രുന്നു. ബോധപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കണമെങ്കില്‍ അവന്‍ ഈ രാജ്യത്ത് നിക്ഷിപിത താല്‍പര്യമുള്ളവരായിരിക്കണം. അതിന് ഭൂവുടമസ്ഥത ആവശ്യമാണ്. അങ്ങനെയാണ് വോട്ടവകാശ ത്തിന്റെ അടിസ്ഥാനം അന്ന് ഭൂനികുതിയായത്.

അയ്യന്‍കാളി അന്ന് പ്രജാസഭയില്‍ ദലിതര്‍ക്ക് ഭൂമി നല്‍കണമെന്ന് അനേകവട്ടം നിര്‍ബന്ധമായി അവശ്യപ്പെട്ടത് അവര്‍ക്ക് അധിവസി ക്കാനും കൃഷിചെയ്യാനും മാത്രമായിരുന്നില്ല അവരുടെ സ്വത്വബോധവും സ്വാഭിമാനവും വളര്‍ത്തുവാനും കൂടി വേണ്ടിയായിരുന്നു എന്ന് വ്യക്തമാണ്. രാഷ്ട്രീയ പങ്കാളിത്ത ത്തിന്റ അടിസ്ഥാനവും അതായിരുന്നു. നിശ്ചിത തുക ഭൂനികുതി അടയ്ക്കുന്നവര്‍ക്കുമാത്രം വോട്ടവകാശം എന്നത് അതിന്റെ ബാക്കിയാണല്ലോ. പക്ഷെ സാമ്പത്തിക ബോധവല്‍ക്കരണത്തിന്റെ അഭാവത്തില്‍ ദലിതരില്‍ അതു പരാജയപ്പെട്ടു. ഭൂവുടമസ്ഥാനം അന്ന് അവര്‍ക്കു അത്ര ആകര്‍ഷണീയമായി തോന്നിയില്ല. ലഭിച്ച ഓരോ ഏക്കറും മുഴുവന്‍ ദലിതരും തന്നെ നിസ്സാര പ്രതിഫലത്തിന് കൈമാറി. ദലിതര്‍ ഭൂമിയില്‍ വിളയിച്ചെടുക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങാന്‍ അന്ന്ആളുണ്ടായിരുന്നില്ല. തിരുവല്ല പുറമറ്റം ചന്തയില്‍ അന്ന് ദലിതര്‍ വില്‍പനയ്ക്കു കൊണ്ടു ചെന്നിരുന്ന സാധനങ്ങള്‍ സവര്‍ണ്ണ റൗഡികള്‍ കയ്യടക്കി തോന്നിയ വില കൊടുത്തു പറഞ്ഞയയ്ക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. വില പേശിയാല്‍ സാധനം നഷ്ടപ്പെടു കയും മര്‍ദ്ദനം ഏല്‍ക്കേണ്ടിവരികയും ചെയ്തിരുന്നു.

ഭൂവുടമാ കാര്യത്തില്‍ കുറച്ചെങ്കിലും അപവാദമുണ്ടായത് പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിയുടെ പി.ആര്‍.ഡി.എസിന്റെ കാര്യത്തില്‍ മാത്രമാണ്. സര്‍ക്കാരില്‍ നിന്നും പതിച്ചു കിട്ടിയ ഭൂമി അവര്‍ സൂക്ഷിച്ചു അത് നഷ്ടപ്പെട്ടപ്പോള്‍ അവര്‍ ഭൂമി വിലയ്ക്കുവാങ്ങി. വേല ചെയ്ത് പണമുണ്ടാക്കി ഭൂമി വാങ്ങി. ഇന്നു പി.ആര്‍.ഡി.എസിനുള്ള പ്രത്യേകതകളുടെ കാരണവും അതാണ്.

ബോധവല്‍ക്കരണം എല്ലാ രംഗങ്ങളിലും തുല്യമായി മുന്നേറണം. അതില്ലാതിരുന്നതിനാല്‍ പഴയരീതിതന്നെ തുടര്‍ന്നു. കടലാസില്‍ അടിമത്തം അവസാനിച്ചിട്ടും പ്രയോഗത്തില്‍ അത് തുടരാനാണ് ദലിതര്‍ ആഗ്രഹിച്ചത്. ദലിതരുടെ ആവശ്യപ്രകാരമല്ല 1855 ല്‍ തിരുവിതാംകൂറില്‍ അടിമത്തം അവസാനിപ്പിച്ചത്. അത് ഏതാനും ക്രിസ്ത്യന്‍ മിഷനറിമാരുടെ താല്‍പര്യത്തിന്റെ ഫലമായിരുന്നു.

ദലിതര്‍ മുന്നേറേണ്ടത് രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക- വിദ്യാഭ്യാസരംഗങ്ങളിലെല്ലാമാണ്. അതില്‍ അയ്യന്‍കാളി ശ്രമിച്ചത് സാമൂഹ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ മാത്രമാണ്. അതിന്റെ ഒരു പ്രതിഫലനം സാംസ്‌കാരിക രംഗത്തും അനുഭവപ്പെട്ടു എന്നു മാത്രം. അയ്യന്‍കാളിയുടെ സാധുജനപരിപാലന സംഘവും അതിന്റെ പ്രവര്‍ത്തനവും ഒരു പരിധിവരെ സാംസ്‌കാരിക നവോത്ഥാന ശ്രമത്തിന്റെ ഭാഗങ്ങളാണ്. അന്ന് തീരെ അവഗണിക്കപ്പെട്ടിരുന്നത് സാമ്പത്തിക രംഗമായിരുന്നു.

വിദ്യാഭ്യാസം ഒരു പരിധിവരെ സൗജന്യമായിരുന്നു. അല്ലെങ്കില്‍, സൗജന്യമാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം നടത്തിക്കൊണ്ടിരുന്നു. രാഷ്ട്രീയരംഗത്ത് പ്രജാസഭയിലെ പ്രാതിനിധ്യം സര്‍ക്കാരിന്റെ നോമിനേഷന്‍കൊണ്ട് ലഭിച്ചിരുന്നു. ഒരവസരത്തില്‍ ശ്രീമൂലം പ്രജാസഭയില്‍ ഒരേസമയം അഞ്ചു ദലിതരുണ്ടായിരുന്നു. 1917 ല്‍ അയ്യന്‍കാളി, ചാക്കോള കറമ്പന്‍, ദൈവത്താന്‍, കണ്ടന്‍ കുമാരന്‍, പാറടി എബ്രഹാം ഐസക്ക് എന്നിവര്‍ മെമ്പറന്മാരായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗത്തിന് അര്‍ഹതയുള്ളവര്‍ ദലിതരില്‍ തീരെ കുറവായിരുന്നു. ഉള്ളവര്‍ക്ക് അയ്യന്‍കാളിയുടെ ശുപാര്‍ശവഴി പ്യൂണ്‍, വാച്ചര്‍ തുടങ്ങിയ തസ്തികകളില്‍ നിയമനവും ലഭിച്ചിരുന്നു. തിരുവല്ലാ ചോതിക്കും മറ്റുംഅങ്ങനെ ജോലി ലഭിച്ചു. ആ പരിതസ്ഥിതിയില്‍ ജനസംഖ്യാ നുപാതികമായ നിയമസഭാ പ്രാതിനിധ്യത്തിനും സര്‍ക്കാര്‍ ഉദ്യോഗ പങ്കാളിത്ത ത്തിനും വേണ്ടി അദലിതര്‍ നടത്തിയ പൗരസമത്വ പ്രക്ഷോഭണം, നിവര്‍ത്തന പ്രക്ഷോഭണം, ക്ഷേത്ര പ്രവേശനസമരം, സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭണം തുടങ്ങിയവയില്‍ നിന്നും അയ്യന്‍കാളി പ്രസ്ഥാനം അകന്നുനിന്നു. അന്ന് ദലിതര്‍ക്ക് ആ സമരക്കാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളൊന്നും ഒരു പ്രശ്‌നമായിരുന്നില്ല.

പക്ഷെ ആ അകല്‍ച്ച പിന്നീട് പലതിനും കാരണമായി. നിവര്‍ത്തനക്കാരും സ്റ്റേറ്റ് കോണ്‍ഗ്രസുകാരും വിജയിക്കുകയും ദലിതരെ സംരക്ഷിച്ചിരുന്ന രാജത്വം (ക്രിസ്തുമതത്തിലേയ്ക്കുള്ള ഒഴിക്കിനെ തടയാന്‍ വേണ്ടിയുള്ള സംരക്ഷണമായിരുന്നു) പരാജയപ്പെടു കയും ചെയ്തപ്പോള്‍ ദലിതര്‍ രാഷ്ട്രീയരംഗത്തു മാത്രമല്ല എല്ലാ രംഗങ്ങളിലും ഒറ്റപ്പെട്ടു. തന്മൂലം മുന്നോട്ടു നീങ്ങാന്‍ ആ സമൂഹത്തിനു കഴിഞ്ഞില്ല എന്നു മാത്രമല്ല പിന്നോട്ടടിക്കുകയും ചെയ്തു. ആ ആഘാതത്തിന്റെ പ്രതിഫലനം ഇന്നും നിലച്ചിട്ടില്ല. 1939 ലെ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആവിര്‍ഭാവ ത്തിനുശേഷമാണ് അത് ഏറെ പ്രകടമായത്. അന്നേയ്ക്ക് അയ്യന്‍കാളി രംഗത്തുനിന്നും നിഷ്‌ക്രമിച്ചു കഴിഞ്ഞിരുന്നു. ഒരു പിന്‍ഗാമി അദ്ദേഹത്തിനുണ്ടായിരുന്നില്ല. ടി.ടി. കേശവന്‍ശാസ്ത്രി ആ രംഗത്ത് ഒന്നുമായിരുന്നില്ല. ആ സമൂഹം നാഥനില്ലാ കുടുംബമായി. അവിടെ നാഥനാകാന്‍ പലരും ശ്രമിച്ചു. 

അയ്യന്‍കാളി തന്റെ പ്രസ്ഥാനത്തിനുവേണ്ടി സാമ്പത്തിക സമാഹരണം ഒന്നും നടത്തിയില്ല. ആകെക്കൂടി അയ്യന്‍കാളി പ്രസ്ഥാനത്തിനുണ്ടായിരുന്ന സ്വത്ത് ചങ്ങനാശ്ശേരിക്കടുത്ത് വാഴപ്പള്ളിയി ലുള്ള രണ്ടര ഏക്കര്‍ സ്ഥലമായിരുന്നു. തല്‍സ്ഥാനത്ത് നാരായണഗുരു വിന്റെ അന്ത്യകാലഘട്ടത്തില്‍ വമ്പിച്ച സ്വത്ത് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം ഒട്ടേറെ വിഷമതകള്‍ അനുഭവിക്കേണ്ടതായും വന്നു. അയ്യന്‍കാളി തന്റെ അവസാനനാളുകളില്‍ പട്ടിണിപോലും അനുഭ വിച്ചു. അതിനാല്‍ ഇന്നും അയ്യന്‍കാളിയുടെ ആശയ ങ്ങള്‍ക്ക് അധികം വെള്ളം ചേര്‍ക്കപ്പെടുകയുണ്ടായില്ല. അയ്യന്‍കാളി പ്രസ്ഥാനത്തിന്റെ തലപ്പത്തു കയറിപ്പറ്റാന്‍ ആരും ശ്രമിച്ചില്ല.

ഒരു രാഷ്ട്രീയ അടിമയ്ക്ക് സാമൂഹ്യ സ്വതന്ത്രനായിരിക്കുക സാധ്യമല്ല (A political slave cannnot be a social freeman) എന്ന ആശയം അംബേദ്ക്കര്‍ മുന്നോട്ടുവച്ചത് ഇന്ത്യയുടെ വിദേശമേധാവിത്വം അവസാനിക്കുകയും ഇന്ത്യാക്കാര്‍ സ്വന്തം ഭാഗധേയം കരുപ്പിടുവിക്കു കയും ചെയ്യേണ്ട കാലം അനതിവിദൂരമല്ല എന്നുകണ്ടപ്പോഴാണ്. അയ്യന്‍കാളി പൊതുരംഗം വിട്ട 1938 വരെ തിരുവിതാംകൂറില്‍ രാജഭരണത്തിനെതിരായ ചിന്ത ഉണ്ടായിരുന്നില്ല. സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപംകൊണ്ടത് 1939 ലാണ് അതുതന്നെ രാജാവിനെതിരായിരുന്നില്ല. ദിവാനെതിരാ യിരുന്നു. രാജാവിന്റെ കീഴില്‍ ഉത്തരവാദിത്വ ഭരണം ആയിരുന്നു ലക്ഷ്യം. 1920 മുതലാണെങ്കിലും ഇന്ത്യയില്‍ സാമ്രാജ്യത്വ ഭരണത്തിനെതിരായ ചിന്ത മുളപൊട്ടിയിരുന്നു. അയ്യന്‍കാളിയ്ക്കു ശേഷം ദലിതര്‍ അഭിമുഖീകരിക്കേണ്ടിവന്ന പ്രാന്തവല്‍ക്കരണത്തിന് അയ്യന്‍കാളി പ്രതിവിധി കണ്ടെത്തിയില്ല എന്ന ആരോപണം യുക്തിരഹിതമാണ്.

അയ്യന്‍കാളിക്കുശേഷം അയ്യന്‍കാളി പ്രസ്ഥാനത്തെ ആരും ഏറ്റെടുത്തില്ലെങ്കിലും അയ്യന്‍കാളിയുടെ ജനത്തെ ഏറ്റെടുക്കുവാന്‍ പലരുമുണ്ടായി. അവരില്‍ മുഖ്യമായത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനമാ യിരുന്നു. ഭാര്യയുടെ ആദ്യവിവാഹത്തിലെ സന്താനങ്ങളെപ്പോലെയാണ് കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ദലിതരെ കണ്ടത്. ദലിതര്‍ക്ക് ഒരു അഭയകേന്ദ്രം അതായി. മറ്റൊന്നുമില്ലാ ത്തതിനാല്‍ അവരുമായുള്ള ഇടപാടിന് കണക്കു പറയാനുള്ള കഴിവുപോലും ദലിതര്‍ക്ക് നഷ്ടപ്പെട്ടു. അങ്ങനെ ദലിതര്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വിറക്‌വെട്ടുകാരും വെള്ളം കോരികളു മായി മാറി. അത് ചൂണ്ടികാണിച്ചുകൊണ്ട് ദലിതരെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസിന് പുതുതായി ഒന്നും പറയുവാനുണ്ടായില്ല.

അങ്ങനെയാണ് ഭരണഘടന അനുശാസിക്കുന്ന നിയമസഭാ സ്ഥാനങ്ങളും പേരിന് ഒരു മന്ത്രിസ്ഥാനവുംകൊണ്ടുമാത്രം ദലിതര്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നത്. ഉദ്യോഗ സംവരണ രംഗത്ത് ആയിരകണക്കിന് വേക്കന്‍സികളുണ്ടായിട്ടും അവിടെ നിയമനം നടത്താനുള്ള സമ്മര്‍ദ്ദം സര്‍ക്കാരില്‍ ചെലുത്താന്‍ ഈ.എം.എല്‍ .എമാര്‍ക്കും മന്ത്രിമാര്‍ക്കും കഴിഞ്ഞില്ല. അയ്യകാളിയുടെ കാലത്ത് ദലിത് സ്ത്രീ പ്രസവിക്കുന്ന കുട്ടിയും ദലിതനായിരുന്നു. എന്നാല്‍ ഇന്ന് ദലിത്‌സ്ത്രീകള്‍ ആരും പട്ടികജാതിക്കാരല്ല, പട്ടികജാതിക്കാ രാകണമെങ്കില്‍ ഒരു ദലിത് പുരുഷന്‍ കൂട്ടിനുണ്ടായിക്കണം. അങ്ങനെ ദലിതരില്‍ പകുതി ഭാഗത്തെ ദലിതരല്ലാതാക്കി. അവരുടെ സാമ്പത്തിക-സാമൂഹ്യ-വിദ്യാഭ്യാസ നിലമെച്ചപ്പെടുത്തി. ദലിതരല്ലാതാക്കുകയല്ലാ ചെയ്തത്. മറിച്ചു അവരെ സംവരണ ക്വാട്ടായില്‍ നിന്നും ഒഴിവാക്കി ദലിതരല്ലാതാക്കി. അതു നടന്നപ്പോഴും ഇവിടെ ദലിത് എം.എല്‍.എ. മാരും ദലിത് എം.പി.മാരും ദലിത് മന്ത്രിമാരും സൗകര്യപൂര്‍വ്വം മൗനം പാലിച്ചു. അതിന് ഓശാന പാടാന്‍ ഇവിടെ ദലിത് സംഘടന കളുണ്ടായി.

അതെല്ലാം അന്ന് അയ്യന്‍കാളി സ്വീകരിച്ച നയത്തിന്റെ പോരായ്മകളാണ് എന്ന് ഇന്ന് വിലയിരുത്താന്‍ വിഷമമില്ല. പക്ഷെ ഒരു അയ്യന്‍കാളിപോലും അന്നില്ലായിരുന്നുവെങ്കില്‍ ബീഹാറിലെ ദലിതരുടെ ഇന്നത്തെ തലത്തില്‍ നിന്നും ഒട്ടും മുന്നേറുവാന്‍ കേരളത്തിലെ ദലിതര്‍ക്കു കഴിയുമായിരുന്നില്ല എന്ന സത്യം അവര്‍ മറന്നുപോകുന്നു. ഒരു അംബേദ്ക്കര്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഉണ്ടായിരുന്നില്ലെ ങ്കില്‍ ഏതെങ്കിലും പ്രത്യേക പരിരക്ഷ ദലിതര്‍ക്ക് ലഭിക്കുമായിരുന്നോ? അംബേദ്ക്കര്‍ എന്തുകൊണ്ട് അത് ചെയ്തില്ല, ഇത് ചെയ്തില്ല എന്ന് ഇന്ന് കുറ്റം പറയുന്നവര്‍ അതിന്റെ മറുവശം കാണാന്‍ ആഗ്രഹിക്കു ന്നില്ല. ഒരു ഗാന്ധി ഇന്ത്യയില്‍ ജനിച്ചില്ലായിരു ന്നുവെങ്കിലും ഇംഗ്ലീഷുകാര്‍ ഇന്ത്യ വിട്ടുപോകുമായിരുന്നു. കുറച്ചുകൂടി താമസിച്ചായിരിക്കാം എന്നുമാത്രം. ഒരു അംബേദ്ക്കറില്ലായിരുന്നുവെങ്കില്‍ ഇന്ന് ദലിതരെ തിരിച്ച് അടിമകളാക്കാന്‍ വേണ്ടി പ്രയത്‌നിക്കുന്നവരുടെ കൈകളില്‍ ഈ ഭരണഘടന ഏതു വിധത്തിലുള്ളതായി മാറുമായിരുന്നു? ഇംഗ്ലീഷുകാ രില്‍ നിന്നും ഗാന്ധി മുന്‍കൈ എടുത്തു നേടി എന്നുപറയുന്ന സ്വാതന്ത്ര്യം ഇന്ന് അമേരിക്കക്കാരന് അടിയറവ് വച്ചിരിക്കുകയാ ണല്ലോ. അതിലപ്പുറമൊന്നും ഗാന്ധി ഉണ്ടായിരുന്നില്ലെങ്കിലും സംഭവിക്കുമായി രുന്നില്ല.

കേരളത്തിലെ അദലിതര്‍ ജനാധിപത്യ ബോധവും സംസ്‌കാരവും ഉള്ളവരായതുകൊണ്ടല്ല. ഇവിടെ രണ്‍വീര്‍സേന രൂപം കൊള്ളാതിരു ന്നത്. അയ്യന്‍കാളിയെപ്പോലുള്ളവരുടെ സാന്നിദ്ധ്യ മായിരുന്നു അതിന്റെ കാരണം. ഇപ്പോഴും ആ സ്മരണ നിലനില്‍ക്കുന്നു എന്ന് മുമ്പ് സൂചിപ്പിച്ചു വല്ലോ. എന്നിട്ടും ഇന്നും മലം തീറ്റിക്കലും തല മൊട്ടയടിക്കലും കൂട്ട ബലാല്‍സം ഗങ്ങളും ഇവിടെ നടക്കുകയും നീതിപാലകര്‍ അത് അവഗണി ക്കുകയും ചെയ്യുന്നുണ്ട്.

അയ്യന്‍കാളി നിലം ഒരുക്കി ഇട്ടതുകൊണ്ടാകണം ഇവിടെ കമ്മ്യൂണിസ്റ്റുപച്ച പടര്‍ന്നുപിടിച്ചത് എന്ന സത്യം അവര്‍ മറന്നെങ്കിലും ഇന്നും നിലനില്‍ക്കുന്നു. മൂവ്വായിരത്തിയഞ്ഞൂറു ദലിതരെ വയലാറില്‍ ഹോമിക്കുവാന്‍ അവര്‍ക്ക് ലഭിച്ചത് അതിന്റെ തിക്തഫലമാണ്.7 അയ്യന്‍കാളിയുടെ അഭാവത്തില്‍ കേരളത്തിലെ ഭൂരിപക്ഷം ദലിതരും ക്രൈസ്തവരാകുവാ നായിരുന്നു കൂടുതല്‍ സാധ്യത. ക്രൈസ്തവരായ വര്‍ക്ക് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് കണ്‍മുമ്പിലുണ്ടല്ലോ.8 കേരളം മറ്റൊരു ദക്ഷിണാഫ്രിക്കയാകുമായിരുന്നു. മണ്ഡേല ഇല്ലാത്ത ദക്ഷിണാഫ്രി ക്കയായി മാറുന്നതില്‍ നിന്നും കേരളത്തെ രക്ഷിച്ചത് അയ്യന്‍കാ ളിയാണ്.കുറിപ്പുകള്‍

1 അതിനുശേഷം കേരളത്തില്‍ പല സ്ഥലത്തും അദ്ദേഹത്തിന്റെ പ്രതിമയും പടവും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അക്കാര്യത്തില്‍ ക്രിസ്തുവിനോടോ ശ്രീനാരായണഗുരുവിനോടോ മത്സരിക്കാന്‍ അദ്ദേഹത്തിന് കഴിയുകയില്ലെ ങ്കിലും പോക്ക് ആ വഴിയിലേക്കാണു എന്നതിന് സംശയമില്ല. 
2 അയ്യന്‍കാളിയുടെ ചരമത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ച വെങ്ങാനൂരിലെ അയ്യന്‍കാളി സ്മാരക വിദ്യാലയത്തിന്റെ അങ്കണത്തില്‍ റ്റി.റ്റി കേശവന്‍ ശാസ്ത്രിയുടെയും മറ്റും ശ്രമഫലമായി നിര്‍മ്മിച്ച സ്മാരകം
3 ലോകത്തില്‍ എവിടെയും മനുഷ്യര്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വെളുത്തവരും കറുത്തവരും അകം കറുത്തിട്ടു പുറം വെളുത്തവരും അകം വെളുത്തിട്ടു പുറം കറുത്തവരും. കഴിഞ്ഞ നൂറ്റാണ്ടു വെളുത്തവരുടേ തായിരുന്നു. സഹസ്രാബ്ദവും.
4 ദലിത്ബന്ധു, സാമൂഹ്യ നവോത്ഥാനം- പത്തൊന്‍പതാം നൂറ്റാണ്ടില്‍, കാണുക.
5 സവര്‍ണ്ണരുടെ ഉയര്‍ച്ച അവര്‍ണ്ണരുടെ താഴ്ചയില്‍നിന്നാണുളവായത്
6 മാത്യൂസ് ടി.എ, ആചാര്യ അയ്യന്‍കാളി, പേജ് 200
7 ദലിത്ബന്ധു, വയലാര്‍ ലഹള, കാണുക.
8 ദലിത്ബന്ധു, ക്രൈസ്തവ ദലിതര്‍, കാണുക.

അയ്യന്‍കാളിയുടെ കാലത്ത് തിരുവിതാംകൂര്‍ 
ഭരിച്ച രാജാക്കന്മാര്‍

ആയില്യം തിരുനാള്‍ രാമവര്‍മ്മ 1860 1880
വിശാഖം തിരുനാള്‍ രാമവര്‍മ്മ 1880 1885
ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ 1885 1924
റീജന്റ് സേതുലക്ഷ്മിഭായി 1924 1931
ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ 1931 1948

ദിവാന്‍ജിമാര്‍

രാജാ സര്‍ ടി. മാധവറാവു 1858 1872
ദിവാന്‍ശേഷാശാസ്ത്രി 1872 1877
നാണുപിള്ള 1877 1880
രാമയ്യര്‍ 1880 1887
രാമറാവു 1887 1892
ശങ്കരസുബ്ബയ്യര്‍ 1892 1898
കൃഷ്ണസ്വാമിറാവു 1898 1904
വി.പി. മാധവറാവു 1904 1906
എസ്. ഗോപാലാചാരി 1906 1907
സര്‍.പി രാജഗോപാലാചാരി 1907 1914
സര്‍.എം. കൃഷ്ണന്‍നായര്‍ 1914 1920
ടി രാഘവയ്യാ 1920 1925
എം. ഈ. വാട്‌സ് 1925 1929
വി.എസ്. സുബ്രഹ്മണ്യയ്യര്‍ 1929 1932
ടി.ഓസ്റ്റിന്‍ 1934 1934
സര്‍ ഹബിബുള്ള 1934 1936
സര്‍. സി.പി, രാമസ്വാമി അയ്യര്‍ 1936 1947