"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 2, ശനിയാഴ്‌ച

ബിജെപിയുടെ ഭൂമി ഏറ്റെടുക്കല്‍ ബില്‍ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ ബീഭത്സമുഖം


രണ്ടാം ലോകയുദ്ധാനന്തരമുള്ള സാര്‍വ്വദേശിയ സാഹചര്യങ്ങളെയും അവയ്ക്കു പിന്നിലെ രാഷ്ട്രീയ സാമ്പത്തിക സൈദ്ധാന്തിക അടിയൊഴുക്കുകളെയും വിലയിരുത്തിക്കൊണ്ട് പഴയ കൊളോണിയല്‍ വ്യവസ്ഥയെക്കാള്‍ ബീഭത്സവും വിനാശകാരിയുമാണ് അമേരിക്കന്‍ നേതൃത്വത്തിലുള്ള പുത്തന്‍ കൊളോണിയലിസമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1963 ല്‍ പ്രസ്താവിക്കുകയുണ്ടായി. ഈ വിലയിരുത്തലിനെ തികച്ചും അന്വര്‍ത്ഥമാക്കുന്നതാണ് ഇപ്പോള്‍ മോദി ഭരണം ലോകസഭയില്‍ അവതരിപ്പിച്ചു പാസ്സാക്കിയിട്ടുള്ള പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം. പൊതു ആവശ്യത്തിനെന്ന പേരില്‍ കൊളോണിയന്‍ ഭരണത്തിനാവശ്യമായ ഭൂമി കര്‍ഷക ജനതയില്‍ നിന്നും ബലമായി പിടിച്ചെടുക്കാന്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് അധികാരം നല്‍കിയിരുന്ന 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പോലും പേടിപ്പെടുത്തുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിട്ടുള്ളതാണ് കോര്‍പ്പറേറ്റുകള്‍ക്കും ഭൂമാഫിയകള്‍ക്കും കര്‍ഷകരില്‍ നിന്നും മര്‍ദ്ദിത വിഭാഗങ്ങളില്‍ നിന്നും ഭൂമി കവര്‍ന്നെടുക്കാന്‍ രൂപ കല്പന ചെയ്തിട്ടുള്ള ബിജെപിയുടെ [Land Acquisition, Rehabilitation and Resettlement (Amendment Bill) - LAAR (Amendment Bill) 2015പ ഭൂമി ഏറ്റെടുക്കല്‍ ബില്‍. ലോകസഭയിലെ കേവല ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അവിടെ ബില്‍ പാസ്സാക്കാനായെങ്കിലും രാജ്യസഭയില്‍ അതിനുള്ള ഭൂരിപക്ഷം കോര്‍പ്പറേറ്റ് ചെരുപ്പുനക്കികളായ ബിജെപി നേതൃത്വത്തിനില്ലാത്തതിനാല്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കുന്നതു പോലുള്ള മറ്റു സംവിധാനങ്ങളിലൂടെ ബില്‍ നിയമമാക്കാനുള്ള കരുനീക്കത്തിലാണ് മോദിഭരണം. ബഹുരാഷ്ട്ര കുത്തകകളുടെയും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെയും വരുതിയില്‍ നില്‍ക്കുന്ന മോദി ഭരണം ജനങ്ങള്‍ ഏത്രമാത്രം എതിര്‍ത്താലും ബില്‍ നിയമമാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിര്‍ലജ്ജം പ്രസ്താവിച്ചിരിക്കുകയാണ്. 

ഇപ്പോള്‍ ബിജെപി മുന്നോട്ടു വെച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ ബില്‍ നിയമമാക്കുന്നപക്ഷം കുറഞ്ഞത് 500 ലക്ഷം ആദിവാസികളും ദളിതരും ദരിദ്ര കര്‍ഷകരും അടങ്ങുന്ന മര്‍ദ്ദിത വിഭാഗങ്ങള്‍ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്നും മണ്ണില്‍ നിന്നും പുറം പോക്കുകളിലേക്കും ചേരികളിലേക്കും ആട്ടിപ്പായിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. തന്നിമിത്തം സമീപകാലത്ത് ഇന്ത്യയില്‍ ഒരു നിയമത്തിനുമെതിരെ ഉയര്‍ന്നുവന്നിട്ടില്ലാത്തത്ര ശക്തമായ പ്രതിഷേധമാണ് ഈ കരിനിയമത്തിനെതിരെ ഇന്ത്യയിലെമ്പാടും ശക്തിപ്പെട്ടിട്ടുള്ളത്. കോര്‍പ്പറേറ്റ് അനുകൂല നിലപാടുകളില്‍ ബിജെപിയുമായി പൊതുലക്ഷ്യം പങ്കിടുന്ന കോണ്‍ഗ്രസ്സ് നേതൃത്വം പോലും ഇക്കാര്യത്തിലുള്ള ജനകീയരോഷത്തെ മുതലെടുക്കാന്‍ രംഗത്തു വന്നിട്ടുള്ളത് ഈ സന്ദര്‍ഭത്തിലാണ്. അമേരിക്കയില്‍ നിന്നും മറ്റും ഇന്ത്യയുടെ ഇന്‍ഷുറന്‍സ് രംഗത്തേക്ക് കടന്നു വരാന്‍ ആഗോള ചൂതാട്ടക്കമ്പനികള്‍ക്ക് പാതയൊരുക്കുന്ന നിയമം ഈയിടെ രാജ്യ സഭയില്‍പാസ്സാക്കിയത് കോണ്‍ഗ്രസ്സിന്റെ കൂടി പിന്തുണയോടെ യായിരുന്നല്ലോ. എന്നാല്‍ 2013ല്‍ ബിജെപിയുടെ പിന്തുണയോടെ തങ്ങള്‍ പാസ്സാക്കുകയും 2014 ല്‍ പ്രാബല്യത്തില്‍ വരികയും ചെയ്ത ഭൂമി ഏറ്റെടുക്കല്‍ നിയമം മഷിയുണങ്ങും മുമ്പേ ഇത്രതിരക്കു പിടിച്ച് ഭേദഗതി ചെയ്യാന്‍ മോദി ഭരണം തയ്യാറായതിലുള്ള അനൗപചത്യമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം ചില നിക്കുപോക്കുകള്‍ക്കും ഡീലുകള്‍ക്കും ബിജെപി നേതൃത്വം തയ്യാറായാല്‍ ഇന്‍ഷുറന്‍സ് ബില്ലിന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ കോണ്‍ഗ്രസ്സ് പിന്തുണയോടെ ഭൂമി ഏറ്റെടുക്കല്‍ നിയമം പാസ്സാക്കിയെടു ക്കാനും കഴിയുമെന്ന് ചൂണ്ടികാട്ടപ്പെടുന്നു. ഇപ്പോള്‍ തന്നെ കോര്‍പ്പറേറ്റ് ഇടനിലക്കാര്‍ കോണ്‍ഗ്രസ്സിനെയും ഇതര പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വങ്ങളെയും കാണേണ്ട രീതിയില്‍ കണ്ടു തുടങ്ങിട്ടുണ്ടെന്നും ഫലം കണ്ടു തുടങ്ങുന്നതു വരെ ബില്ലിന്റെ കാര്യത്തില്‍ മെല്ലെപ്പോക്കു സമീപനം തുടരുകയാണു വേണ്ടതെന്നും അതിനിടയില്‍ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പാര്‍ലമെന്റ് നിര്‍ത്തിവെച്ചുകൊണ്ട് വീണ്ടും പുതുക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് ഉചിതമെന്നുള്ള തരത്തില്‍ പല അഭിപ്രായങ്ങളും ഭരണത്തിന്റെ ഇടനാഴികളില്‍ പ്രചരിക്കുന്നുണ്ട്. 

അധ്വാന ശക്തിയെ ചൂഷണം ചെയ്തു മിച്ച മൂല്യസമാഹരണ ത്തിലൂടെ മൂലധന സമാഹരണം നടത്തുന്നതിനൊപ്പം ഭൂമിയും പ്രകൃതി വിഭവങ്ങളും നേരിട്ടുള്ള നിയന്ത്രണത്തിലാക്കി സമ്പത്തു സമാഹരിക്കുന്ന പ്രക്രിയ കോര്‍പ്പറേറ്റുകള്‍ ശക്തിപ്പെടുത്തിയ നവ ഉദാരീകരണ സന്ദര്‍ഭവുമായി ബന്ധപ്പെട്ട കേന്ദ്രരാഷ്ട്രീയ പ്രശ്‌നമാണ് ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. മുതലാളിത്ത-സാമ്രാജ്യത്വ വ്യവസ്ഥയുടെ മുന്‍ കാലഘട്ടങ്ങളെ അപേക്ഷിച്ച് ഊഹ മൂലധനത്തിന്റെ പ്രവര്‍ത്തനം പല മടങ്ങു വ്യാപിച്ചതി നോടനുബന്ധിച്ച് സമ്പത്തു സമാഹരണത്തിനുള്ള മുഖ്യ ഉപാധികളിലൊന്നായി ഭൂമി മാറിയത് നവ ഉദാരീകരണ- കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ സവിശേഷതകളിലൊന്നാണ്. ഇപ്രകാരം ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികള്‍ 2014 അവസാനിക്കുമ്പോള്‍ ആഫ്രോ ഏഷ്യന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏകദേശം 100 ദശലക്ഷം ഹെക്ടര്‍ (ഏകദേശം 250 ദശലക്ഷം ഏക്കര്‍) ഭൂമി കൈവശപ്പെടുത്തിക്കഴിഞ്ഞു വെന്ന് കണക്കാക്കപ്പെടുന്നു. ഊഹമൂലധനാധിഷ്ഠിതമായ വര്‍ത്തമാന വികസനത്തിലെ ഭൂമിക്കച്ചവടവും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കുമൊപ്പം വന്‍കിട ഫ്‌ളാറ്റുകള്‍, എക്‌സ്പ്രസ്സ് വേകള്‍, വ്യവസായ ഇടനാഴികള്‍ ടൗണ്‍ഷിപ്പുകള്‍, സ്മാര്‍ട്ട് സിറ്റികള്‍, ഹബ്ബുകള്‍, അതിവേഗ റെയിലുകള്‍, ജൈവ ഇന്ധനകൃഷി എന്നിത്യാദി നവംനവങ്ങളായ മേഖലകള്‍ക്ക് വന്‍തോതില്‍ ഭൂമി ആവശ്യമായി വന്നിരിക്കുന്നു. മര്‍ദ്ദിതരും പാര്‍ശ്വവല്‍കൃതരുമായ ജന വിഭാഗങ്ങളെ വികസനത്തിന്റെ പേരില്‍ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്നും വന്‍ തോതില്‍ കുടിയൊഴിപ്പിക്കാതെ ഈ ദിശയിലുള്ള വികസനം സാധ്യമല്ല. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ മേല്‍ സൂചിപ്പിച്ച വിധം ഇന്ത്യയിലെ കോര്‍പ്പറേറ്റ് മൂലധനത്തിന് അടിയറവെക്കുന്ന മോദി ഭരണം ഭൂമി ഏറ്റെടുക്കല്‍ എന്ന കരി നിയത്തിന് പരമപ്രാധാന്യംനല്‍കുന്നതിന്റെ കാരണമിതാണ്. കോളനി വല്‍ക്കരണത്തിന്റെയും പരിമിതികളോടെയെങ്കിലും നടന്ന വ്യവസായ വല്‍ക്കരണത്തിന്റെയും മുന്‍ഘട്ടങ്ങളില്‍ ഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ മറ്റു തൊഴിലാളികളില്‍ പുനരധിവസിപ്പിക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അപവ്യവസായവല്‍ക്കരണം (deindustrialisation) അഥവാ വ്യവസായത്തകര്‍ച്ച അപകര്‍ഷകവല്‍ക്കരണം (depeasantisation) അഥവ കര്‍ഷകത്തകര്‍ച്ച എന്നിവ വ്യാപകമായി കഴിഞ്ഞ വര്‍ത്തമാന കാലത്ത് ഭൂമിയില്‍ നിന്നും ആവാസ വ്യവസ്ഥയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന ജനലക്ഷങ്ങളെ പുനരധിവസി പ്പിക്കാനുള്ള ഭൗതികസാഹചര്യം നില നില്‍ക്കുന്നില്ല. ഇതാകട്ടെ ചേരി നിവാസികളുടേയും കുടിയേറ്റ തൊഴിലാളികളുടെയും എണ്ണത്തില്‍ അഭുതപൂര്‍വമായ വര്‍ദ്ധനവുണ്ടാക്കിയിരിക്കുന്നു. 'അനൗപചാരിക-അസംഘടിത തൊഴിലളി വര്‍ഗ്ഗം' എന്നറിപ്പെടുന്ന ചേരിനിവാസികളുടെ എണ്ണം ഇന്ന് ആഗോളതലത്തില്‍ 100 കോടി കവിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും രണ്ടാം ഹരിത വിപ്ലവമെന്ന പേരില്‍ ഇന്ത്യയില്‍ ഇന്നും നടന്നു കൊണ്ടിരിക്കുന്ന കൃഷിയുടെ കോര്‍പ്പറേറ്റ് വല്‍ക്കരണവുമായി ബന്ധപ്പെട്ട് നഗര ജനത മൊത്തം ജന സംഖ്യയുടെ 65 ശതമാനത്തോളമാകുമെന്നും അവരില്‍ വലിയൊരു ഭാഗം അസംഘടിത തൊഴിലുകളിലേര്‍പ്പെടുന്ന ചേരി നിവാസികളാകുമെന്നും കണക്കാക്കപ്പെടുന്നു. 

ബിജെപിയുടെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെയും അതിനെതിരെ രാജ്യത്തുയര്‍ന്നുവന്നിട്ടുള്ള വമ്പിച്ച എതിര്‍പ്പുകളെയും ഈ പശ്ചാത്തലത്തില്‍ നോക്കികാണേണ്ടതുണ്ട്. കോളോണിയല്‍ താല്പര്യാര്‍ത്ഥം ബ്രിട്ടീഷുകാര്‍ 1894 ല്‍ ഉണ്ടാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം ഉപയോഗിച്ചാണ് 2014 വരെയുള്ള മന്‍മോഹന്‍ ഭരണകാലത്ത് ഇന്ത്യയില്‍ വികസനത്തിനെന്ന പേരില്‍ ഭൂമി കവര്‍ന്നെടുത്തു കൊണ്ടിരുന്നത്. നന്ദിഗ്രാമിലും സിംഗൂരിലും ഇതേ കരിനിയമം പ്രയോഗിച്ച ബംഗാളിലെ സിപിഐ(എം) ഭരണത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു വരുകയും ചെയ്തു. കര്‍ഷകരുടെ അനുമതിയോ, സാമൂഹ്യ പ്രത്യാഘാതങ്ങളെയും പരിസ്ഥിതി ആഘാതത്തെയും സംബന്ധിച്ച് പഠനമോ ഈ നിയമപ്രകാരം ആവശ്യമില്ലായിരുന്നു. കോര്‍പ്പറേറ്റു കള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കാന്‍ ഈ നിയമ പ്രകാരം സര്‍ക്കാര്‍ മുന്നോട്ടു വന്നതിനെതിരെ പശ്ചിമബംഗാളില്‍ മാത്രമല്ല ഒഡീഷയിലെ കലിംഗനഗറിലും യു.പിയിലെ നോയിഡയിലും മഹാരാഷ്ട്രയിലെ ജയ്താപൂരിലുമെല്ലാം ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നു. ഈ സന്ദര്‍ഭത്തിലാണ് കര്‍ഷക ജനയുടെ അനുമതി ഇല്ലാതെയും സാമൂഹ്യ- പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പരിശോധിക്കപ്പെടാതെയും ശരിയായ പുനരധിവാസ പാക്കേജ് ഇല്ലാതെയും ഭൂമി ഏറ്റെടുക്കാനാ വില്ലെന്നും 1894 ലെ കൊളോണിയല്‍ കരിനിയമം പൊളിച്ചെഴുത ണമെന്നുള്ള പൊതു അഭിപ്രായം രാജ്യത്തു രൂപപ്പെട്ടത്. 

ഇതിന്റെയെല്ലാം ഫലമായി ഏകദേശം ഏഴു വര്‍ഷക്കാലം നീണ്ട ചര്‍ച്ചകളുടെ ഒടുവിലാണ് 2014 ജനുവരി ഒന്നിന് പ്രാബല്യത്തി ലാകത്തവിധം 2013 ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ നിയമം പാസ്സാക്കാന്‍ മന്‍മോഹന്‍ ഭരണം നിര്‍ബന്ധിതമായത്. വിരോധഭാസമെന്നു പറയട്ടെ പരിഷ്‌കരണവാദപരമായ പല നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തപ്പെട്ട ഈ നിയമ നിര്‍മ്മാണത്തിലേക്കു നയിച്ച രണ്ടു പാര്‍ലമെന്ററി കമ്മറ്റികളുടെ നേതൃത്വം ബിജെപിക്കായിരുന്നു. വികസനത്തിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടാനിടയുള്ളവരില്‍ 80 ശതമാനത്തിന്റെയും അംഗീകാരം അനിവാര്യമാക്കുന്നതും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ പുനരധിവാസ നഷ്ടപരിഹാര പാക്കേജുകള്‍ ഉള്‍പ്പെടുന്നതും ഏറ്റെടുത്തിട്ടും അഞ്ചുവര്‍ഷമായി ഉപയോഗിക്കാത്ത ഭൂമി കര്‍ഷകര്‍ക്കു തിരികെ നല്‍കുന്ന വ്യവസ്ഥയോടു കൂടിയതുമായ 2013 ലെ നിയമം പാസ്സാക്കാന്‍ യുപിഎ ഭരണം നിര്‍ബന്ധിതമായത് ബിജെപി അടക്കമുള്ള പാര്‍ട്ടികളുടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടായിരുന്നു. 2014 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്ന ഈ നിയമമാണ് അധികാരത്തിലേറി 200 ദിവസങ്ങള്‍ക്കുള്ളില്‍ അട്ടിമറിച്ച് കോര്‍പ്പറേറ്റുകളുടെ ആവശ്യപ്രകാരം 2014 ഡിസംബര്‍ 31 ന് പുതിയൊരു ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അതിന്റെ തുടര്‍ച്ചയായി 2015 മാര്‍ച്ച് 9 ന് ലോകസഭയുടെ മേശപ്പുറത്ത് അതുമായി ബന്ധപ്പെട്ട ബില്‍ വെക്കുകയും മാര്‍ച്ച് മൂന്നാം വാരം ലോകസഭ ബില്‍ പാസ്സാക്കുകയും ചെയ്തിരിക്കുന്നത്. രാജ്യസ്‌നേഹത്തെ പ്പറ്റിയും സ്വദേശിയെപ്പറ്റിയും ഗീര്‍വാണപ്രസംഗം നടത്തുമ്പോഴും ജനവിരുദ്ധ ദേശവിരുദ്ധ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് പാദസേവ ചെയ്യുന്നതില്‍ ഇതുവഴി എല്ലാ മുന്‍ സര്‍ക്കാരുകളെയും മോദി ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. തീര്‍ച്ചയായും കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതില്‍ മോദി ഭരണം കാട്ടുന്ന അനിയന്ത്രിതമായ ഈ തിടുക്കം അതിശയിപ്പിക്കുന്നതു തന്നെയാണ്.

മോദിസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ ബില്‍ ജനവിരുദ്ധവും കര്‍ഷകവിരുദ്ധവും ദേശവിരുദ്ധവുമാണ്. അതിന്‍ പ്രകാരം ഏറ്റവും കുറഞ്ഞത് 70 ശതമനം പേരുടെയെങ്കിലും അനുമതിയില്ലാതെയും സാമൂഹ്യാഘാതപഠനം നടത്താതെയും ഭൂമി ഏറ്റെടുക്കല്‍ പാടില്ലെന്നും ജലസേചന സൗകര്യമുള്ളതും ബഹുവിളകൃഷി നിലവിലുള്ളതുമായ ഭൂമി കാര്‍ഷികകേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നും ഉള്ള 2013 ലെ നിയമത്തിലെ അടിസ്ഥാന വ്യവസ്ഥകള്‍ വ്യവസായ ഇടനാഴികള്‍, ഫ്‌ളാറ്റ് നിര്‍മ്മാണം, പ്രതിരോധം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ എന്നീ മേഖലകള്‍ക്ക് ബാധകമല്ലെന്ന് ബിജെപിയുടെ ബില്ലില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മോദി വിഭാവനം ചെയ്യുന്ന പദ്ധതികളെല്ലാം ഈ അഞ്ചു വിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പെടുമെന്നതിനാല്‍ നിമയം പാസ്സാക്കുന്ന പക്ഷം കോര്‍പ്പറേറ്റുകള്‍ ആവശ്യപ്പെടുന്ന പദ്ധതികള്‍ക്കെല്ലാം ബല പ്രയോഗത്തിലൂടെ സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളില്‍ നിന്നും ഭൂമി പിടിച്ചെടുത്തു നല്‍കുന്നതിലേക്കും രാജ്യം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ കുടിയൊഴിപ്പിക്കലിലേക്കും കാര്യങ്ങള്‍ നീങ്ങുമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. 

മണ്ണില്‍ പണിയെടുക്കുന്നവരും മര്‍ദ്ദിതരുമായ ജന കോടികളുടെ നിലനില്‍പ്പിനെയും അതിജീവനത്തെയും അസാധ്യമാക്കുന്ന ഈ കരി നിയമം ഏതുവിധേനയും പാസ്സാക്കി എടുത്തുകൊള്ളാമെന്ന് അച്ചാരം കോര്‍പ്പറേറ്റുകളില്‍ നിന്നും വാങ്ങിട്ടുള്ള മോദി ഭരണം ജനങ്ങളാല്‍ ഏറ്റവും വെറുക്കപ്പെട്ടതിന്റെ സൂചന കൂടിയാണ്. പാര്‍ലമെന്റിലെ 14 പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മോദി ഉയര്‍ത്തിപ്പിടിക്കുന്ന കോര്‍പ്പറേറ്റ് അനുകൂല നയങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുമില്ലാത്ത കോണ്‍ഗ്രസ്സ് അടക്കമുള്ള ഈ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റ് പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെടുമെന്നുള്ളത് അവരുടെ മുന്‍കാല ചരിത്രമറിയുന്ന ആര്‍ക്കുമറിയാം. ലോകത്തേറ്റവു മധികം ഉയര്‍ന്ന നിരക്കില്‍ ഭൂമി കച്ചവടവും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിലേക്ക് കടന്നു കയറാന്‍ തയ്യാറായി നില്‍ക്കുന്ന ഊഹപ്പണക്കാരും കള്ളപ്പണ ക്കാരുമായ നിക്ഷേപകര്‍ ബിജെപിയുടെ ഭൂമി ഏറ്റെടുക്കല്‍ നിയമം പാസ്സാക്കിയെടുക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ബിജെപി നേതൃത്വത്തിലും അധികാരകേന്ദ്രങ്ങളിലും സമ്മര്‍ദം ശക്തമാ ക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ കരി നിയമത്തെ എതിര്‍ത്തു പരാജയപ്പെടുത്താന്‍ ജനപക്ഷത്തു നില്‍ക്കുന്ന മുഴുവന്‍ പ്രസ്ഥാനങ്ങളും സംഘടനകളും മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

നിര്‍ദ്ദിഷ്ട ഭൂമി ഏറ്റെടുക്കല്‍ ബില്‍ നിയമമാകുന്ന പക്ഷം കേരളത്തെ കോര്‍പ്പറേറ്റുകള്‍ വിഴുങ്ങുന്ന സാഹചര്യമാകും സംജാതമാകുക. ഏകദേശം 32000 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള കേരളത്തില്‍ തെക്കു-വടക്ക് അതിവേഗ റെയില്‍ കോറിഡോര്‍, എക്‌സ്പ്രസ്സ് വേകള്‍, തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബ്-അര്‍ബ്ബന്‍ റെയില്‍വേ, മോണോ റെയില്‍, ആറന്മുള അടക്കമുള്ള സ്വകാര്യ വിമാനത്താവള പദ്ധതികള്‍, ക്വാറികള്‍ തുടങ്ങിയവയെല്ലാം അനായാസേന നടപ്പാക്കാന്‍ കഴിയുന്ന സന്ദര്‍ഭമാവും ഉണ്ടാവുക. ഇതിനു വേണ്ടിവരുന്ന വമ്പിച്ച ഭൂമി ഏറ്റെടുക്കലിന് കോര്‍പ്പറേറ്റുകള്‍ക്കും ബിഓടി കമ്പനികള്‍ക്കും സര്‍വ്വതന്ത്ര സ്വാതന്ത്ര്യമാകും ഉണ്ടാവുക.