"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 20, ബുധനാഴ്‌ച

കുറവര്‍: ചരിത്രത്തില്‍ - കുന്നുകുഴി എസ് മണി



കുറവരുടെ ചരിത്രം പറയുന്നവര്‍ ചരിത്രത്തിലിടം നേടാത്ത കുറേ മിത്തുകളുമായിട്ടാണ് കുറവരെ കൂട്ടിയിണക്കുന്നത്. 'ഭാരതീയ സിദ്ധനര്‍' എന്ന ഗ്രന്ഥം രചിച്ച ജെ ജി സുബ്ബാനന്ദ ശാസ്ത്രികള്‍ പോലും കേരളത്തിലെ കുറവ സമുദായം വൈഷ്ണവ ഗോത്രക്കാരായിട്ടാണ് എഴുതിയിരിക്കുന്നത്. മാത്രമല്ല, ഇവര്‍ ദേവകുല പാരമ്പര്യ മുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. ഇതൊന്നും കുറവരുടെ യഥാര്‍ത്ഥ ചരിത്രമാകു ന്നില്ല. 

കുറവര്‍, പുലയര്‍, പറയര്‍, പള്ളര്‍ തുടങ്ങിയവര്‍ ആദിദ്രാവിഡ കുലത്തില്‍ ജനിച്ചവരാണ്. പര്‍വത നിവാസികളായിരുന്ന കാലത്ത് ഇവര്‍ കാനവര്‍, വേട്ടവര്‍ എന്നീ പേരുകളിലും അറിയപ്പെട്ടിരു ന്നു. സംഘകാലഘട്ടത്തില്‍ കുറിഞ്ഞിനില മന്നവന്മാരെന്നും കുറവര്‍ അറിയപ്പെട്ടു. പര്‍വത നിവാസികളായ കുറവര്‍ ജൈന - ബുദ്ധ മതങ്ങളുടെ കാലത്ത് ബുദ്ധമതത്തില്‍ ചേരുകയും ബുദ്ധമത പ്രചാരകരായി മാറുകയുമായിരുന്നു. ഈ കാലത്താവണം കുറവര്‍ പര്‍വത പ്രദേശങ്ങള്‍ വിട്ട് നാട്ടിലേക്ക് കുടിയേറ്റം നടത്തിയതെന്നും കരുതുന്നു.

ബി സി രണ്ടാം നൂറ്റാണ്ടിനു ശേഷമായിരുന്നു കുറവര്‍ പര്‍വത പ്രദേശം ഉപേക്ഷിച്ച് ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് പ്രയാണം ആരംഭിച്ചത്. ഈ പ്രയാണകാലത്ത് കര്‍ണാടകയിലെത്തിയ കുറവര്‍ക്ക് 'കുറഗര്‍' എന്നും 'പുനവര്‍' 'ആടവര്‍' എന്നീ പേരുകളും സിദ്ധിച്ചതായി കാണുന്നുണ്ട്. ദേവസഭയില്‍ നടനം നടത്തിയിരുന്നവരെ ആടവരെന്നും നീരുറവകളുള്ള സ്ഥലങ്ങളില്‍ പാര്‍ത്തിരുന്നവര്‍ക്ക് പുനവര്‍ എന്നുമാണ് പേരുണ്ടായിരുന്ന തെന്നും പറയുന്നു. 

നാടന്‍ പ്രദേശങ്ങളില്‍ അധിവാസം ആരംഭിച്ചതോടെ കുറവര്‍ക്ക് ജാതികളും ഇല്ല സമ്പ്രദായങ്ങളുമുണ്ടായി. പൗരാണിക സമ്പ്രദായ പ്രകാരം ഈ വര്‍ഗക്കാര്‍ മക്കള്‍ വഴിയാണ് സ്വീകരിച്ചു പോരുന്നത്. ഭര്‍ത്താവ് മരിച്ചാല്‍ കുറവര്‍ സമുദായത്തിലെ സ്ത്രീകള്‍ പിന്നീട് പുനര്‍വിവാഹം ചെയ്യാറില്ല. വിധവകളായി ത്തന്നെ കഴിയാനാണ് ആഗ്രഹിക്കുന്നത്. മൂക്കുകുത്തിയും കഴുത്തില്‍ ആഭരണങ്ങളും കുറത്തികള്‍ അണിയാറുണ്ട്.

മറ്റു സമുദായക്കാരെപ്പോലെ കുറവരും ആരാധനാ പ്രിയരാണ്. ദേവപാരമ്പര്യം നിലനിര്‍ത്തുവാന്‍ കാവുകളില്‍ പ്രാര്‍ത്ഥനയും വെളിച്ചപ്പാടു തുള്ളലും ഇവര്‍ നടത്തിപ്പോന്നിരുന്നതായി ചില ഗ്രന്ഥങ്ങലില്‍ പരാമര്‍ശമുണ്ട്. ഇവര്‍ ബുദ്ധമതത്തിലെ ഹീനയാന മാണ് പിന്തുടരുന്നത്. മഹായാനം സവര്‍ണര്‍ ഉണ്ടാക്കിയതാണ്. മഹായാനക്കാര്‍ ബുദ്ധപ്രതിമകള്‍ സ്ഥാപിച്ച് ശ്രീബുദ്ധനെ ദൈവമായി ലോകമെമ്പാടും വിവിധ ആചാരങ്ങളാല്‍ ആരാധിച്ചു പോരുന്നുണ്ട്. എന്നാല്‍ ശ്രീബുദ്ധന്‍ തേടിനടന്നത് ദൈവത്തെ കണ്ടെത്താനായിരുന്നില്ല. മനുഷ്യന്റെ ദുഖത്തിന്റെ കാരണം തേടിയാണ്. അവസാനം ഗയയിലെ ഒരു ആല്‍മരച്ചുവട്ടില്‍ വെച്ച് ബുദ്ധന് ബോധോദയമുണ്ടായി. അങ്ങനെയാണ് പഞ്ചശീലതത്വങ്ങള്‍ ദുഖമകറ്റാനായി കണ്ടെത്തിയത്. ഈ പഞ്ചശീലങ്ങള്‍ മനുഷ്യ ജീവിതത്തില്‍ പകര്‍ത്തിയാല്‍ മനുഷ്യന്‍ ദുഖമില്ലാത്തവനാകും. പക്ഷെ മനുഷ്യന് അതൊരിക്കലും കഴിയില്ല.