"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 23, ശനിയാഴ്‌ച

രെട്ടാമലൈ ശ്രീനിവാസന്‍


വിദേശത്തുപോയി പഠിച്ച് ബിരുദം നേടുന്ന ആദ്യത്ത ദലിതന്‍ രെട്ടാമലൈ ശ്രീനിവാസനാണ്. അംബേഡ്കര്‍ക്ക് മുമ്പ് ഇന്ത്യയിലെ ദലിതരുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കുവേണ്ടി വാമൊഴിയായും വരമൊഴിയായും അതിശക്ത മായ പോരാട്ടം തന്നെ ശ്രീനിവാസന്‍ തുടങ്ങിവെച്ചു. ലണ്ടനില്‍ വെച്ചു നടന്ന ഒന്നും രണ്ടും വട്ടമേശ സമ്മേളനങ്ങളില്‍ അംബേഡ്കറോടൊപ്പം പ്രതിനിധി യായി പങ്കെടുത്ത മറ്റൊരു ദലിതനും രെട്ടാമലൈ ശ്രീനിവാസനാണ്.

അദ്ദേഹം ബോധനം നല്കി: 'നമ്മള്‍ ഈ മണ്ണിന്റെ മക്കളാണ്. അതിപ്രാചീന മായ ഒരു സുവര്‍ണകാലം നമുക്കുണ്ടായിരുന്നു. പക്ഷെ അധിനിവേശ ശക്തികളുടെ കൈകളില്‍ നമ്മുടെ രാഷ്ട്രീയവകാശം എത്തിപ്പെട്ടു. നമ്മള്‍ അത് വിട്ടുകൊടുത്തതല്ല. വെട്ടിപ്പിടിച്ചും അടിച്ചമര്‍ത്തിയും അവര്‍ അത് കൈക്കലാക്കുക യാണുണ്ടായത്. നമ്മുടെ ഭാവി തലമുറക്കുവേണ്ടി നമ്മള്‍ നമ്മുടെ രാഷ്ട്രീയവകാശങ്ങള്‍ തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു.'

1859 ജൂലൈ 7 ന് തമിഴ്‌നാട്ടിലെ മദ്രാസ് പ്രെസിഡന്‍സിയിലെ ചെങ്ങല്‍പ്പേട്ട ജില്ലയിലെ കോഴിയാളത്ത് പാവപ്പെട്ടൊരു പറയ കുടുംബത്തിലാണ് ശ്രീനിവാസന്‍ ജനിച്ചത്. രെട്ടാമലൈ എന്നത് അച്ഛന്റെ പേരാണ്. പ്രസിദ്ധ ദലിത് വിമോചക പ്രവര്‍ത്തകനും ബുദ്ധമത പ്രചാരകനും വിഹാര സംസ്ഥാപകനുമായിരുന്ന അയോത്തീദാസ പണ്ഡിതരുടെ അളിയനുമാണ് രെട്ടാമലൈ ശ്രീനിവാസന്‍.

ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ ശ്രീനിവാസന് ഇംഗ്ലണ്ടില്‍ പോയി പഠനം തുടരാനാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, മോഹന്‍ദാസ് കര്‍മ ചന്ദ്ര ഗാന്ധി സൗത്ത് ആഫ്രിക്കയിലായിരുന്ന കാലത്ത് രെട്ടാമലൈ ശ്രീനിവാസനും അവിടെ കോടതിയില്‍ പരിഭാഷകനായി ജോലി നോക്കാന്‍ എത്തപ്പെടുകയാണുണ്ടായത്. ശ്രീനിവാസനില്‍ നിന്നാണ് എം കെ ഗാന്ധി തമിഴ് ഭാഷ പഠിച്ചതും തിരുക്കുറളിനെക്കുറിച്ച് അറിഞ്ഞതും. അവിടെ നിന്നും തിരിച്ചെത്തിയ ശ്രീനിവാസന്‍ 1923 ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞടുക്കപ്പെടുകയും 1945 മരിക്കുന്നതു വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.

1891 ല്‍ 'പറയര്‍ മഹാജന സഭ' തമിഴ്‌നാട്ടില്‍ രൂപീകരിച്ചത് ശ്രീനിവാസന്റെ നേതൃത്വത്തിലാണ്. പിന്നീട് സംഘടന 'ആദി - ദ്രാവിഡ മഹാജന സഭ'യായി വികസിപ്പിച്ചു. 1893 ഒക്ടോബറില്‍, നാലണ വിലയില്‍ നാലുപേജുകളുള്ള 'പറയന്‍' എന്ന പേരിലൊരു വര്‍ത്തമാനപ്പത്രവും സംഘടന പുറത്തിറക്കി. ആ പത്രം ഒരുപാട് പ്രതിസന്ധികളെ നേരിട്ടുകൊണ്ടാണ് പുറത്തിറക്കിയി രുന്നത്. അക്കാലത്ത് സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിലും ശ്രീനിവാസന്‍ സജീവമായിരുന്നു. ദേശീയവികാരം വ്രണപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായി 1896 ല്‍ ശ്രീനിവാസന്റെ പത്രത്തിനെതിരായി കേസ് ഫയല്‍ ചെയ്യപ്പെട്ടു. 100 രൂപ പിഴശിക്ഷയും വിധിക്കപ്പെട്ടു.

1930 ലും 1931 ലും ലണ്ടനില്‍ വെച്ചു നടന്ന ഒന്നും രണ്ടും വട്ടമേശ സമ്മേളന ങ്ങളിലും രെട്ടാമലൈ ശ്രീനിവാസന്‍ ഡോ. അംബേഡ്കറോടൊപ്പം ദലിതരുടെ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഒന്നാം വട്ടമേശ സമ്മേളനം അധകൃത വര്‍ഗക്കാരുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്ക പ്പെടുന്നതാണ്. സമ്മേളനം നടന്ന വിഡ്‌സര്‍ കാസില്‍ റോയല്‍ പാലസിലേക്ക് ജോര്‍ജ് അഞ്ചാമന്‍ കടന്നുവന്നത്, പ്രതിനിധികള്‍ക്കെല്ലാം ഹസ്തദാനം നല്കിക്കൊണ്ടായിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ മാത്രം ജോര്‍ജ് അഞ്ചാമന് ഹസ്തദാനം നല്കാന്‍ വിസമ്മതിച്ചു. അതിന്റെ കാരണം, ജോര്‍ജ് അഞ്ചാമന്‍ ഇന്ത്യയിലെ ചക്രവര്‍ത്തിയാണ്, ശ്രീനിവാസനാകട്ടെ അടിമകളില്‍ അടിമയും! അതിലുപരി ഒരു അസ്പൃശ്യനും! ഇത് മനസിലാക്കിയ ജോര്‍ജ് അഞ്ചാമന്‍ അപ്പോഴാണ് അസ്പൃശ്യര്‍ ആരെന്ന് അറിയുന്നതും അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കാന്‍ തുടങ്ങുന്നതും.

1932 ല്‍ എം കെ ഗാന്ധി ആരംഭിച്ച സര്‍വന്റ്‌സ് ഓഫ് അണ്‍ടച്ചബിള്‍ സൊസൈറ്റിയില്‍ ഡോ. ബി ആര്‍ അംബേഡ്കറോടും എം സി രാജയോടും ഒപ്പം ചേര്‍ന്ന് ശ്രീനിവാസനും പ്രവര്‍ത്തിച്ചുവെങ്കിലും വൈകാതെ മൂവരും ആ പ്രസ്ഥാനം വിട്ടു. 1939 ല്‍ അംബേഡ്കറുടെ പിന്തുണയോടെ 'മദ്രാസ് പ്രൊവീന്‍സ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍' ശ്രീനിവാസന്‍ സ്ഥാപിച്ചു.

അംബേഡ്കറോടൊപ്പം നിലയുറച്ചു നിന്നെങ്കിലും അസ്പൃശ്യര്‍ മതം മാറുന്ന കാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ നേരിയ അഭിപ്രായ വ്യത്യാസമുണ്ടായി. 1935 ലെ യോള (Yeola) കോണ്‍ഫെറന്‍സില്‍ വെച്ച് അംബേഡ്കര്‍ പ്രഖ്യാപിച്ചു 'ഞാനൊരു ഹിന്ദുവായി ജനിച്ചു. എന്നാല്‍ ഞാനൊരു ഹിന്ദുവായി മരിക്കില്ല എന്ന കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു.' ശ്രീനിവാസന്‍ പറഞ്ഞു; 'അധകൃത വര്‍ഗം ഹിന്ദുവിന്റെ ഭാഗമല്ല. അതില്‍ നിന്നും വ്യത്യസ്തമായ ദ്രാവിഡ വര്‍ഗത്തോടാണ് അവരുടെ രക്തബന്ധം'. ദ്രാവിഡര്‍ ഹിന്ദുക്കളല്ലാത്ത തിനാല്‍ മറ്റൊരു മതവും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് ശ്രീനിവാസന്‍ കരുതിയിരിക്കണം. എന്നാല്‍ ബ്രിട്ടീഷ് ഭരണമാണ് അസ്പൃശ്യന് സ്വാതന്ത്ര്യം നലികിയതെന്ന് രെട്ടാമലൈ ശ്രീനിവാസനും സുഹൃത്തുക്കളെ ഓര്‍മപ്പെടു ത്തുമായിരുന്നു.

ശ്രീനിവാസന്റെ ആത്മകഥാ കുറിപ്പുകളില്‍ നിന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ പ്പറ്റി കൂടുതല്‍ അറിയാനുള്ള സാധ്യതകള്‍ ഒന്നുംതന്നെ യില്ലെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനും മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം തലവനുമായിരുന്നു റിട്ടയര്‍ ചെയ്ത ഡോ. ജി തങ്കവേലു അഭിപ്രായപ്പെടുന്നു. അംരംഗനായകിയായിരുന്നു ശ്രീനിവാസന്റെ ജീവിതപങ്കാളി. ശ്രീനിവാസനേക്കാള്‍ മുമ്പേ ആ മഹിള അന്തരിച്ചു. മരണ ശയ്യയില്‍ കിടന്ന്, ശ്രീനിവാസന്‍ അസ്പൃശ്യര്‍ക്കു വേണ്ടി നേടിയെടുത്ത മൗലികാവകാശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തന്റെ കല്ലറയില്‍ രേഖപ്പെടുത്തി വെക്കണമെന്ന് അന്ത്യാഭിലാഷമായി അവര്‍ ആവശ്യപ്പെട്ടിരുന്നു. ചെന്നൈയിലെ ഒട്ടേരിയിലുള്ള അരംഗനായകിയുടെ ശവക്കല്ലറയില്‍ ആര്‍ക്കും വായിക്കാവുന്ന തരത്തില്‍ ഇപ്പോഴും അത് രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്ന് പുസ്തകം റിവ്യൂ ചെയ്ത ബി കോലപ്പന്‍ 'ദി ഹിന്ദു' വില്‍ എഴുതുന്നു.

1945 സെപ്തംബര്‍ 18 ന് തന്റെ 86 ആറാം വയസില്‍ മദ്രാസ് പ്രൊവീന്‍സില്‍ വെച്ചുതന്നെ ശ്രീനിവാസന്‍ അന്തരിച്ചു. ചെന്നൈയിലെ ഗാന്ധിമണ്ഡപ ത്തില്‍ രെട്ടാമലൈ ശ്രീനിവാസന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ ജന്മദിനമായ ജൂലൈ 7 ന് ഉന്നതതല സര്‍ക്കാര്‍ ഉദ്യോഗ സ്ഥന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട് 2011 ജൂലൈ 6 ന് പ്രധാനമന്ത്രി ജെ ജയലളിത ഉത്തരവിട്ടു.

'ദ്രാവിഡ മണി' ദിവാന്‍ ബഹാദൂര്‍ രെട്ടാമലൈ ശ്രീനിവാസന്‍ എന്ന് ബഹുമതിക്കപ്പെട്ടു.

ഡോ. ജി തങ്കവേലു രചിച്ച ജീവചരിത്ര ഗ്രന്ഥം 'റാവു ബഹദൂര്‍ രെട്ടാമലൈ ശ്രീനിവാസന്‍ - ദി ചാമ്പ്യന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ഓഫ് ദലിത് ഇന്‍ തമിള്‍നാട്' എന്ന പേരിലുള്ളതാണ്. ന്യൂ സെഞ്ച്വറി ബുക്ക് ഹൗസ് ചെന്നൈ ആണ് പ്രസാധകര്‍. വില 150 രൂപ.