"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 25, തിങ്കളാഴ്‌ച

മിന്നുന്നതെല്ലാം പൊന്നല്ല - ശശിക്കുട്ടന്‍ വാകത്താനം


'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചൊല്ല് മലയാളിയുടെ മനസ്സില്‍ നിരവധി അര്‍ത്ഥകല്പനകള്‍ സൃഷ്ടിക്കുന്നുണ്ട്. ജനിച്ചുവീഴുന്ന കുഞ്ഞിനു സ്വര്‍ണം തേനില്‍ ഉരച്ച് നാവില്‍ പുരട്ടിക്കൊടുക്കുമ്പോള്‍ ജീവിതം തേന്‍പോലെ മധുരിക്കുകയും സ്വര്‍ണം പോലെ തിളങ്ങുകയും ചെയ്യണമെന്ന വിചാരമാണ് മാതാപിതാക്കളുടെ ഉള്ളിലുള്ളത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതിനു വലിയ പ്രാധാന്യവും ഉണ്ട്. ദൈവത്തിനു സമാനമായ ഔന്നത്യമാണ് സ്വര്‍ണത്തിനു വിശ്വാസികള്‍ കല്പിക്കുന്നത്. പരിശുദ്ധമായ സ്വര്‍ണം ഇരിക്കുന്ന വീട്ടില്‍ ഐശ്വര്യം ഉണ്ടാകും എന്നാണ് സ്വര്‍ണത്തിന്റെ ആരാധകരുടെ മറ്റൊരു വിശ്വാസം. സ്വര്‍ണത്തിന്റെ അപൂര്‍വ്വതയും അതിന്റെ തിളക്കവും മറ്റു വസ്തുക്കളെക്കാള്‍ കൂടിയ വിലയുമാണ് അതിനെ ആരാധനാവസ്തുവാക്കിയത്.

ഇത്തരത്തില്‍ ആരാധനാവസ്തുവായും ദൈവികമായും സ്വര്‍ണത്തെ കണ്ടിരുന്നതിനാല്‍ സമൂഹത്തില്‍ താഴേത്തട്ടിലുണ്ടായിരുന്നവര്‍ക്ക് സ്വര്‍ണം ധരിക്കാന്‍ അവകാശമില്ലായിരുന്നു. സാമ്പത്തികമായി മൂന്നോക്കം നിന്ന ചില ജാതിക്കാര്‍ക്ക് മേനിപ്പൊന്ന് എന്ന കരം അടച്ചാല്‍ സ്വര്‍ണം ധരിക്കാമായിരുന്നു. പിന്നോക്കജാതിക്കാര്‍ക്ക് അതും അനുവദിച്ചിരുന്നില്ല. അതിന്റെ പേരില്‍ നിരവധി കലാപങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. താഴ്ന്ന ജാതിക്കാര്‍ക്ക് മാറുമറക്കുന്നതിനോ മുട്ടിനു താഴെ മുണ്ടുടുക്കു ന്നതിനോ അനുവാദമില്ലായിരുന്നു. ആഭരണമായി അടിമത്വത്തിന്റെ ചിഹ്നമായ കല്ലയും മാലയും ആണു ധരിക്കേണ്ടത്(ഒരുതരം ചെടിയുടെ കായ്‌കോര്‍ത്തുകെട്ടിയത്) അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ സാധുജന പരിപാലന സംഘത്തിന്റെ പ്രവര്‍ത്തനം കൊല്ലം ജില്ലയില്‍ വ്യാപിച്ചതിന്റെ ഫലമായി കല്ലമാല ബഹിഷ്‌ക്കരണത്തിന് പ്രേരണ നല്‍കിക്കൊണ്ട് ഗോപാലദാസിന്റെ പ്രചരണം മഹാസമരമായി മാറി. നാട്ടിലെ പ്രമാണിമാര്‍ ഇതിനെ ശക്തമായി നേരിടുകയും പിന്നീടത് ഒരു വലിയ കലാപമായി പൊട്ടിപ്പുറപ്പെടുകയും ചെയ്തു. (ഓര്‍ണ കൃഷ്ണന്‍കുട്ടി-കേരള ശബ്ദം 2014 നവംബര്‍16)

ആഭരണം ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു കലാപമായിരുന്നു മൂക്കൂത്തിലഹള. ചാന്നാര്‍ സ്ര്തീകള്‍ മൂക്കൂത്തി ധരിക്കുന്നതിനെതിരെ നായര്‍ പ്രമാണിമാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ആറാട്ടുപുഴ വേലായുധന്‍ ഒരു കൊട്ടനിറയെ മൂക്കൂത്തിയുമായി കായംകുളത്തുവന്ന് ചാന്നാര്‍ സ്ത്രീകളെ മൂക്കൂത്തി ധരിപ്പിച്ചു.

സ്വര്‍ണം ഉപയോഗിച്ച് ശരീരത്തെ അലങ്കരിക്കുന്ന കാര്യത്തില്‍ ഭാരതീയര്‍ മുന്‍പന്തിയിലായിരുന്നു. അര്‍ദ്ധനഗ്നരാണെങ്കിലും സ്വര്‍ണം നിഷേധിച്ചി രുന്ന കാലത്തും കാതിലും കഴുത്തിലും വിരലുകളിലും കൈത്തണ്ടയിലും പാദത്തിലും മുത്തുകളും പ്രത്യേകതരം കായ്കളും നാരുകളും ഓടുകൊണ്ടു ള്ളതുമായ ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. ഈ ഭ്രമം ക്രമേണ ആരാധന യിലേക്കും വ്യാപിച്ചു. മുഴുവനായി സ്വര്‍ണം കൊണ്ടു നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ നിരവധിയാണ്. ക്ഷേത്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ ത്തിന്റെ കണക്കുകള്‍ ടണ്‍ കണക്കിനുള്ള താണ്. (തിരുപ്പതിക്ഷേത്രത്തിലെ അഞ്ചര ടണ്‍ സ്വര്‍ണവും മുംബയിലെ ഷിര്‍ദ്ദിസായി ക്ഷേത്രത്തിലെ 200 കിലോ സ്വര്‍ണവും പ്രധാനമന്ത്രിയുടെ സ്വര്‍ണ നിക്ഷേപ പദ്ധ തിയിലേക്ക് എന്നു- വാര്‍ത്ത) ഇതോടൊപ്പം മൂല്യവ്യവസ്ഥയിലെ പ്രധാന വസ്തുവായി സ്വര്‍ണം മാറിയതോടെ സ്വര്‍ണം സമ്പാദിക്കാന്‍ മുഴുവന്‍പേരും താല്‍പര്യപ്പെട്ടു.