"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 26, ചൊവ്വാഴ്ച

അന്നൈ മീനാംബാള്‍: ആദ്യത്തെ ദലിത് വിമോചനപ്പോരാളി വനിതഅന്നൈ മീനാംബാള്‍ 1904 ഡിസംബര്‍ 26 ന് ബര്‍മയിലെ റങ്കൂണിലാണ് ജനിച്ചത്. തമിഴിനാട്ടിലെ വെല്ലൂരാണ് പൂര്‍വിക ഭൂമി. കപ്പല്‍ വ്യവസായി യായിരുന്ന പി എം മദുരൈ പിള്ളൈയുടെ മകന്‍ വി ജി വാസുദേവ പിള്ളൈയാണ് മീനാംബാളുടെ അച്ഛന്‍. അമ്മ മീനാക്ഷി. അതിസന്നരാ യിരുന്നിട്ടും ദലിതരായതിനാല്‍ ജാതിവ്യവസ്ഥയേല്പിക്കുന്ന പീഢകളില്‍ നിന്ന് ഒഴുഞ്ഞു നില്ക്കുന്നതിനായാണ് കുടുംബം റങ്കൂണില്‍ താമസമാ ക്കിയിരുന്നത്.

താത്കാലികമെങ്കിലും കുടുംബത്തിന്റെ ഈ പ്രവാസം മീനാംബാളുടെ ജീവിതത്തിന് പ്രയോജനകരമായിരുന്നു. ബര്‍മയില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാം ചെയ്ത് വളര്‍ന്ന് 1917 ല്‍ റങ്കൂണ്‍ കോളേജില്‍ നിന്നും ഫൈന്‍ ആര്‍ട്ട്‌സില്‍ ബാച്ചെലര്‍ ബിരുദം (ബിഎഫ്എ) നേടി. അതിനു ശേഷം മദ്രാസിലേക്ക് കുടുംബത്തോടൊപ്പം തിരിച്ചു വന്നു. കുടുംബത്തിന്റെ പൂര്‍വിക ഭൂമിയില്‍ എത്തിയപ്പോഴാണ് തങ്ങളുടെ സമുദായത്തിന്റെ സാമൂഹ്യ പദവി എന്തെന്ന് മീനാംബാള്‍ തിരിച്ചറിയുന്നത്. ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ പദവിയെ നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകം സമ്പത്തായിരുന്നെങ്കില്‍ മീനാംബാളുടെ കുടുംബത്തിന് മുന്തിയ പരിഗണന ലഭിക്കേണ്ടതാണല്ലോ. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കപ്പല്‍ വ്യവസായി കളുടേതാണല്ലോ മീനാംബാളുടെ കുടുംബം. ഇന്ത്യയില്‍ വ്യക്തിയുടെ സാമൂഹിക പദവി നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകം സമ്പത്തല്ല, അവന്റെ ജാതിയാണ്! മീനാംബാളിന്റെ ജാതി പറയ (പിന്നീട് ആദി - ദ്രാവിഡ എന്നു പ്രസ്ഥാനമായി രൂപപ്പെടുത്തി) ആയതില്‍ അത് സാമൂഹിക അംഗീകാരത്തിന് പുറത്തുമായിരുന്നു. ഈ അനീതിക്കെതിരേ പോരാടന്‍ മീനാംബാള്‍ നാട്ടിലെത്തിയ കാലത്തുതന്നെ ഉറച്ച തീരുമാന മെടുത്തു. അതിന് പിന്‍ബലമേകിയത് മീനാംബാള്‍ നേടിയ വിദ്യാഭ്യാ സമാണ്.

മീനാംബാളുടെ അച്ഛന്‍ വി ജി വാസുദേവ പിള്ളൈ ആദി - ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിയുറച്ച പ്രവര്‍ത്തകനായിരുന്നു. മദ്രാസ് കോര്‍പ്പറേ ഷനിലേക്ക് അധകൃത വര്‍ഗക്കാരില്‍ നിന്നും പ്രതിനിധിയായി തെരഞ്ഞ ടുക്കപ്പെടുന്ന ആദ്യത്തെയാളും വാസുദേവ പിള്ളൈയായിരുന്നു. ദീര്‍ഘകാലം തമിഴ്‌നാട് നിയമ സഭയിലും അംഗമായിരുന്നു. അച്ഛനെ പിന്‍തുടര്‍ന്ന് മീനാംബാള്‍ ദലിത് വിമോചന രാഷ്ടിയത്തില്‍ എത്തിച്ചേര്‍ന്നു.

1928 ല്‍ മദ്രാസില്‍ വെച്ച് സൈമണ്‍കമ്മീഷനെ വരവേറ്റുകൊണ്ട് ചെയ്ത പ്രസംഗമാണ് മീനാംബാളെ പ്രസിദ്ധിയിലേക്കു യര്‍ത്തിയത്. ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക് എതിരാണ് സൈമണ്‍ കമ്മീഷന്‍ എന്ന മുടന്തന്‍ ന്യായം പറഞ്ഞ് സവര്‍ണര്‍ ഈ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. 1930 വരെ തമിഴിനാട്ടിലെങ്ങും അംബേഡ്കര്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് മീനാംബാള്‍ ദലിത് വിമോചന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുഴുകി.

ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കറുടെ വലംകയ്യായി വര്‍ത്തിച്ചി രുന്ന എന്‍ ശിവരാജാണ് മീനാംബാളെ വിവാഹം ചെയ്തത്. അതോടെ 'മീനാംബാള്‍ ശിവരാജാ'യി അറിയപ്പെട്ടു. പിന്നീട് രണ്ടുപേരും ഒരുമിച്ചായി വിമോചന പ്രവര്‍ത്തനങ്ങള്‍. 1942 ജൂലൈ 17 മുതല്‍ 20 വരെ നാഗ്പൂരില്‍ വെച്ചു നടന്ന പട്ടിക വിഭാഗക്കാരുടെ ഒരു സമ്മേളനത്തില്‍ വെച്ച് അംബേഡ്കര്‍ സ്ഥാപിച്ച ദലിതരുടെ ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനമായ 'ആള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷ' (എഐഎസ് സിഎഫ്) ന്റെ പ്രഥമ പ്രസിഡന്റും റാവു ബഹാദൂര്‍ എന്‍ ശിവരാജായിരുന്നു. അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്റിലും സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ പാര്‍ലമെന്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. എസ് സി എഫ് ന്റെ തെക്കേ ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് മീനാംബാളായിരുന്നു.

1937 ജനുവരി 1 ന് തിരുനെല്‍വേലിയില്‍ വെച്ചു നടന്ന ആദി - ദ്രാവിഡ മഹാസമ്മേളനത്തില്‍ വെച്ച് മീനാംബാള്‍, വിമോചന സമരത്തെ ശക്തിപ്പെടുത്തുന്നതിന് ദേശിക ജനതയുടെ ഐക്യനിര കെട്ടിപ്പടുക്കേ ണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബഹുജനങ്ങളെ ബോധവാന്മാരാക്കി.

മീനാംബാളുടെ അധ്യക്ഷതയില്‍ 1944 സെപ്തംബര്‍ 4 ന് മദ്രാസില്‍ വെച്ചു ചേര്‍ന്ന എസ് സി എഫ് വനിതകളുടെ സമ്മേളനത്തില്‍ ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കര്‍ പങ്കെടുത്തിരുന്നു. 1945 മെയ് 6 ന് ബോംബെയില്‍ വെച്ചു ചേര്‍ന്ന എസ് സി എഫ് വനിതകളുടെ അഖിലേന്ത്യാ കോണ്‍ഫെ റന്‍സും മീനാംബാളുടെ അധ്യക്ഷതയിലായിരുന്നു. അംബേഡ്കറുടെ സാന്നിധ്യവും മാര്‍ഗദര്‍ശകത്വവും ഈ സമ്മേളനത്തേയും ധന്യമാക്കി.

ദലിത് ബഹുജനങ്ങള്‍ സ്ത്രീകളെ സംബോധനെ ചെയ്യാന്‍ ഉപയോഗിക്കുന്ന, സഹോദരി എന്ന് അര്‍ത്ഥമുള്ള 'ബഹന്‍' എന്ന പദം ആദ്യമായി ഉപയോ ഗിച്ചത്, മീനാംബാളെ ഉദ്ദേശിച്ച് ബാബാസാഹിബ് ഡോ. ബി ആര്‍ അംബേ ഡ്കറാണ്. അംബേഡ്കര്‍ ചെന്നൈയില്‍ വന്ന അവസരത്തില്‍ ചെട്ടിനാട് രാജ സര്‍ മുത്തയ്യ ചെട്ടിയാര്‍, നിങ്ങള്‍ക്കു വേണ്ടപ്പെട്ടവരായി ആരെങ്കിലും ചെന്നൈയില്‍ ഉണ്ടോ എന്നു ആരാഞ്ഞതിന് മറുപടിയായി 'എന്റെ പ്രിയ സഹോദരി' ഉണ്ട് എന്ന് പറഞ്ഞു. അന്ന് അബേഡ്കര്‍ ഇംഗ്ലീഷില്‍ പ്രയോഗിച്ച അതേ വാക്കിന്റെ സമാനാര്‍ത്ഥമുള്ള പദമാണ് ഇന്ത്യയിലെ ദലിത് - ബഹുജനങ്ങള്‍ തങ്ങളുടെ അതതു ഭാഷകളില്‍ സ്ത്രീകളെ സംബോധന ചെയ്യാന്‍ ഉപയോഗിച്ചു വരുന്നത്.

ഡോ. അംബേഡ്കര്‍ നല്ലൊരു പാചകക്കാരന്‍ കൂടിയാണെന്നും അദ്ദേഹം സ്വന്തം കൈകൊണ്ട് പാകം ചെയ്ത ആഹാരം കഴിക്കുവാന്‍ ഭാഗ്യമുണ്ടായി ട്ടുണ്ടെന്നകാര്യവും മീനാംബാള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ബോംബെ യില്‍ വെച്ച് ഒരിക്കല്‍ എസ് സി എഫ് ന്റെ സമ്മേളനം കഴിഞ്ഞ് മടങ്ങു മ്പോള്‍ എല്ലാവര്‍ക്കും നന്നേ വിശന്നിരുന്നു. അംബേഡ്കര്‍ മീനാംബാള്‍ ഉള്‍പ്പെടെ കുറച്ചുപേരെ തന്റെ വസതിയായ 'രാജ്ഗൃഹ'യിലേക്ക് കൂട്ടിക്കൊ ണ്ടു പോയി. അന്ന് അവിടെവെച്ചാണ് (പില്ക്കാലത്ത്) ഭരണഘടന എഴുതിയ കൈകളുടെ പാചകത്തിലുള്ള പുണ്യം മീനാംബാള്‍ രുചിച്ചറിയുന്നത്!

ഡോ. അംബൈഡ്കര്‍ മീനാംബാള്‍ക്ക് ബഹുമതിപ്പേര് നല്കിയതു പോലെ മീനാംബാളും മറ്റൊരു സമരനായകന് ബഹുമതിപ്പേര് നല്കിയിട്ടുണ്ട്! സ്വാഭിമാനപ്രസ്ഥാനത്തിന്റെ സ്ഥാപക നേതൃത്വമായിരുന്ന ഇവി രാമസ്വാമി നായ്കരെ 'പെരിയാര്‍' (വലിയ ആള്‍ - മഹാത്മാവ്) എന്ന് ആദ്യമായി വിളിച്ചത് മീനാംബാളാണ്. 1938 ല്‍ തമിഴാനാട്ടിലെ വനിതകളുടെ ഒരു സംഘടന രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ആലോചനായോഗം നടക്കുന്നതിനി ടയില്‍ ക്യൂണ്‍മേരി കോളേജിലെ പ്രൊഫസറായിരുന്ന നാരായണിയമ്മയാണ് ഇ വി രാമസ്വാമിക്ക് ഒരു ബഹുമതിപ്പേര് കൊടുക്കണം എന്ന അഭിപ്രായം മീനാംബാളോട് സൂചിപ്പിച്ചത്. ഉടനെ മീനാംബാള്‍ 'പെരിയാര്‍' എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. മദ്രാസിലെ മൂര്‍ മാര്‍ക്കറ്റിന് സമീപമുള്ള വിക്ടോറിയ പബ്ലിക് ഹാളില്‍ വെച്ചു ചേര്‍ന്ന യോഗത്തില്‍ ഈ പേര് ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടു. ഹിന്ദി - വിരുദ്ധ നിലപാട് ആരോപി ക്കപ്പെട്ട് ഇ വി രാമസ്വാമി അപ്പോള്‍ ജയിലിലടക്കപ്പെട്ടി രിക്കുയായിരുന്നു. യോഗാനന്തരം അംഗങ്ങളെല്ലാവരും കൂടി ജയിലില്‍ ചെന്ന് ഇ വി രാമസ്വാമി യെ ഇക്കാര്യം നേരിട്ട് അറിയിച്ചപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിച്ചു. തങ്ങള്‍ നലികിയ ബഹുമതി ഇ വി ആര്‍ സ്വീകരിച്ചതായി എല്ലാവരും ശരിവെച്ചു.

ഔദ്യോഗിക ജീവിതത്തില്‍, മദ്രാസ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍, മദ്രാസ് പ്രൊവീന്‍സില്‍ ഓണററി മജിസ്‌ട്രേറ്റ്, മെമ്പര്‍ മദ്രാസ് പ്രസിഡന്റ്, അഡൈ്വസറി ബോര്‍ഡ്, പോസ്റ്റ് വാര്‍ റീഹാബിലിറ്റേഷന്‍ കമ്മിറ്റി മെമ്പര്‍, ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് കോ - ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, നെല്ലിക്കുപ്പം പാരി കമ്പനി നേതാവ്, അണ്ണാമലൈ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചു. 1980 വരെ ബഹുജന സേവന രംഗത്ത് മീനാംബാള്‍ പ്രവര്‍ത്തന നിരതയായിരുന്നു. 1992 നവംബര്‍ 30 ന് തന്റെ 92 ആം വയസില്‍ മീനാംബാള്‍ ശിവരാജ് പരിനിര്‍വാണം പ്രാപിച്ചു.

മീനാംബാളുടേയും ശിവരാജിന്റേയും മകന്‍ ദയാശങ്കര്‍ എപിഎസ് റിട്ടയര്‍ ചെയ്തു. തമിഴ്‌നാട് ഗവണ്മെന്റ് സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് പ്രിസിപ്പല്‍ സെക്രട്ടറി മിസിസ് ഡി സബിത ഐഎഎസ് ഇവരുടെ ചെറുമകളാണ്.

മീനാംബാള്‍ക്ക് അമ്മ എന്ന് അര്‍ത്ഥമുള്ള 'അന്നൈ' എന്ന ബഹുമതിപ്പേര് കൊടുത്തത് ദലിത് - ബഹുജനങ്ങളാണ്!