"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 4, തിങ്കളാഴ്‌ച

സിന്ധു നാഗരികതയുടെ കണ്ടെത്തല്‍ - ശശിക്കുട്ടന്‍ വാകത്താനം


ഇന്ത്യാക്കാര്‍ ചരിത്രബോധം ഇല്ലാത്തവരാണെന്നു പ്രഖ്യാപിച്ച ഇംഗ്ലീഷ് എഴുത്തുകാരുടെ കാലത്തു തന്നെയാണ് സിന്ധു നാഗരികതയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. 1921 ല്‍ ജോണ്‍മാര്‍ഷല്‍ ഹാരപ്പയും 1924 ല്‍ ആര്‍ .ഡി. ബാനര്‍ജി മോഹന്‍ ജദാരോയും കണ്ടെത്തി. ലോക നാഗരികതയുടെ (ചൈന, മെസപ്പൊട്ടോമിയ, ബാബിലോണിയ)അത്രതന്നെ പഴക്കം വരുന്ന ബി സി 3000ത്തിനും 2000നും ഇടയിലായിരുന്നു സിന്ധു നാഗരികതയും. സിന്ധുവും അതിന്റെ പോഷക നദികളായ ഝലം, ചിനാബ്, രവി, ബ്യാസ്, സത്‌ലജ്, ഘഗ്ഗം, സരസ്വതി ഉള്‍പ്പെടുന്ന സപ്ത സിന്ധു എന്നു വിളിച്ചിരുന്ന പ്രദേശത്താണ് സിന്ധു നാഗരികത. ഇതില്‍ ഘഗം, സരസ്വതി നദികള്‍ ഇന്നില്ല. സരസ്വതി ഭൂമിക്കടിയില്‍ക്കൂടി ഒഴുകിക്കൊണ്ടിരിക്കുന്നു എന്നാണ് ഹിന്ദുത്വ ശക്തികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹാരപ്പ, മോഹന്‍ജദാരോ, ചഞ്ചുദാരോ, കാലിബംഗന്‍, ലോതല്‍, ബനവാലി തുടങ്ങി അഫ്ഗാനിസ്ഥാന്‍ മുതല്‍ ബംഗാള്‍വരെ സിന്ധുനാഗരികത വ്യാപിച്ചു കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സിന്ധുനാഗരികതയുമായി ബന്ധപ്പെട്ടുനിന്ന പേര്‍ഷ്യാക്കാരുടെ പരാമര്‍ശമാണ് ഹിന്ദു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ കിഴക്കേ അതിര്‍ത്തി സിന്ധുതടമായിരുന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ 20-ാമത്തെ സത്രാപിയായിരുന്നു സിന്ധുനദിയുടെ ഉത്തരഭാഗം ഉള്‍ക്കൊള്ളുന്ന ഗാന്ധാരം (ഇന്ത്യാചരിത്രം റോമില ഥാപ്പര്‍ പേജ് 58) പേര്‍ഷ്യന്‍ ഭാഷയില്‍ 'സ'കാരം 'ഹ'കാരമായി ഉപയോഗി ക്കുന്നു. ഇതുവഴിയാണ് സിന്ധുവിലുള്ളവര്‍ ഹിന്ദുക്കളായത്. പേര്‍ഷ്യക്കാര്‍ ഗാന്ധാരത്തിലൂടെ ഉത്തരേന്ത്യയിലേക്കു കടന്നിരുന്നു. ഉത്തര മഹാപഥം എന്നൊരു സഞ്ചാരമാര്‍ഗ്ഗം തന്നെ ഉണ്ടായിരുന്നു. ഇതുവഴി പേര്‍ഷ്യയുടെ അന്നത്തെ തലസ്ഥാനമായ ബാല്‍ഹീകത്തില്‍ എത്താമായിരുന്നു. ബാല്‍ഹീകം വലിയൊരു കച്ചവടകേന്ദ്രമായിരുന്നു. ഈ മഹാപഥത്തെ സില്‍ക്ക് റൂട്ട് എന്നാണറിയപ്പെട്ടിരുന്നത്. ഇന്ത്യാക്കാരും ഇറാനികളും ചൈനക്കാരും ശാകന്മാരു(സീതിയന്‍)മായിരുന്നു ഇവിടുത്തെ പ്രധാന കച്ചവടക്കാര്‍. പട്ടുവസ്ത്രങ്ങള്‍, കമ്പിളിത്തുണിത്തരങ്ങള്‍ രത്‌നക്കല്ലുകള്‍ ഇവയായിരുന്നു പ്രധാന വാണിജ്യവസ്തുക്കള്‍. 

നാടോടിജീവിതം നയിക്കുകയും പശുവളര്‍ത്തല്‍ മുഖ്യ തൊഴിലായി സ്വീകരിക്കുകയും ചെയ്ത ആര്യ ജനത മധ്യേഷ്യയില്‍ നിന്നും സപ്ത സിന്ധുവിലേക്കു കടന്നുവന്നു. സിന്ധു നാഗരികതയിലെ ഉയര്‍ന്ന സാമൂഹിക ബോധവും സാമ്പത്തിക നിലവാരവും സാങ്കേതിക വൈദഗ്ധ്യവും പുലര്‍ത്തുന്ന ജനതയുമായി സംഘര്‍ഷപ്പെടുകയും സമന്വയ പ്പെടുകയും ചെയ്യുക സ്വാഭാവികമാണ്. ഇവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് സിന്ധൂനാഗരികതയ്ക്കു നാശമുണ്ടാക്കിയതെന്ന നിഗമനങ്ങള്‍ പലരും വച്ചു പുലര്‍ത്തുന്നുണ്ട്. സിന്ധുനാഗരികത യിലെ ജനങ്ങള്‍ ദ്രാവിഡരായിരുന്നുവെന്നും ഇവരെ ആക്രമിച്ചവര്‍ ആര്യന്മാരായിരുന്നുവെന്നും അങ്ങനെ ഒരു ആര്യദ്രാവിഡ സംഘട്ടനം ചില ചരിത്രകാരന്മാര്‍ യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ പ്രചരിപ്പിച്ചു.

സിന്ധു നാഗരികതയിലെ ജനങ്ങള്‍ എഴുത്തും വായനയും അറിയാവുന്നവരായിരുന്നു എന്നതിന്റെ തെളിവുകളാണ് അവിടെനിന്നും കണ്ടെടുത്ത സീലുകളിലൂടെ അറിയാന്‍ കഴിയുന്നത്. 4000 ത്തില്‍ അധികം വരുന്ന സീലുകളിലെ ചിത്രങ്ങളും ലിപികളും ഇനിയും വായിച്ചിട്ടില്ല. ഇവിടേക്കു വന്നുചേര്‍ന്നവരെന്നു പറയുന്ന ആര്യന്മാര്‍ക്കാകട്ടെ എഴുത്തും വായനയും അറിവുണ്ടായിരുന്നുമില്ല. ഇങ്ങനെയുള്ള സിന്ധു നാഗരികതയെ സ്വന്തമാക്കാന്‍ അവര്‍ നിര്‍മ്മിച്ച സീലുകളുടെ മാതൃകയില്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ കുതിരയുടെ ചിത്രമുള്ള സീലുകളുണ്ടാക്കി മറ്റു സീലുകള്‍ക്കിടയില്‍ തിരുകിക്ക യറ്റുകവരെ ചെയ്തു സംഘപരിവാര്‍.

ഈ അടുത്തകാലത്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സംസ്‌കൃതവിഭാഗം വിളിച്ചുകൂട്ടി വേദങ്ങളുടെ കാലം ബി സി 6000 ആണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതുവഴി സിന്ധു നാഗരികതയുടെ കാലത്തിനു മുന്‍പു മുതല്‍ക്കേ വൈദികകാലം നിലനിന്നിരുന്നു എന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടന്നത്. യൂണിവേഴ്‌സിറ്റികളിലും ചരിത്ര കൗണ്‍സിലുകളിലും ആര്‍ക്കി യോളജി വിഭാഗത്തിലും കടന്നു കയറി പഴതെല്ലാം നശിപ്പിക്കുകയും വരേണ്യ സംസ്‌കൃതിയുടെ അവശിഷ്ടങ്ങളെ അവിടങ്ങളില്‍ സ്ഥാപിക്കാനുമാണ് ആര്‍ എസ്സ് എസ്സ്, ശിവസേന, സംഘപരിവാറുകള്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.

നരവംശ ശാസ്ത്രത്തിന്റെ പിന്‍ബലം

മനുഷ്യന്‍ ആള്‍ക്കുരങ്ങില്‍നിന്നും പരിണമിച്ചുണ്ടായതാണെന്ന ഡാര്‍വിന്റെ സിദ്ധാന്തമാണ് നരവംശ ശാസ്ത്രത്തിന് (Anthropology) അടിത്തറയിട്ടത്. നിവര്‍ന്നു നില്‍ക്കല്‍, കൈകാലുകളിലെ വിരല്‍ ഉപയോഗിക്കല്‍, തലച്ചോറിലുണ്ടായ വ്യതിയാനങ്ങള്‍, ആയുധ ങ്ങളുണ്ടാക്കല്‍, ഭാഷ ഉപയോഗിക്കല്‍ ഇവ നൂററാണ്ടുകളിലൂടെ സംഭവിച്ച പരിണാമത്തിലൂടെയായിരുന്നു എന്നാണ് ഡാര്‍വിന്‍ തെളിയിച്ചത്. ഈ വികാസത്തിന്റെ വിവിധഘട്ടങ്ങളെ വേര്‍തിരിച്ചുള്ള പഠനത്തിലൂടെയാണ് ആസ്ട്രിലോപിത്തക്കസ്, ജാവാമനുഷ്യന്‍, ചീന മനുഷ്യന്‍, നിയാണ്ടര്‍ത്താള്‍ മനുഷ്യന്‍, ക്രോമാഗ്നന്‍ മനുഷ്യന്‍ എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടത്. ആധുനിക മനുഷ്യന്റെ ആദ്യകാലഘട്ടത്തിലെ മാതൃകയാണ് ക്രോമാഗ്നന്‍ മനുഷ്യന്‍.

നരവംശ ശാസ്ത്ര പഠനത്തിന് രണ്ടു ശാഖകളുണ്ട്. ശാരീരിക നരവംശ ശാസ്ത്രം (Physical Anthropology), സാംസ്‌കാരിക നരവംശ ശാസ്ത്രം (Cultural Anthropoloy). മനുഷ്യശരീരം വിവിധ ഘട്ടങ്ങളിലൂടെ എങ്ങനെയാണ് ഇന്നത്തെ നിലയിലെത്തിയ തെന്നാണ് ശാരീരിക നരവംശ ശാസ്ത്രം പഠിപ്പിക്കുന്നത്. മനുഷ്യ സംസ്‌കാരത്തിന്റെ ഉല്‍പ്പത്തി, ചരിത്രം, പരിണാമം, വികസനം, ഇത്തരത്തിലുള്ള സംസ്‌കാരത്തിന്റെ ഘടന ഇവയാണ് സാംസ്‌കാരിക നരവംശ ശാസ്ത്രത്തിലെ പഠനവിഷയം. ഇവിടെ എവിടെയും ആസ്ട്രലോയിഡ് പ്രോട്ടോ ആസ്ട്രലോയിഡ്, നെഗ്രിറ്റോ എന്നിങ്ങനെയുള്ള വിഭജനം കാണുന്നില്ല. 

നരവംശ ശാസ്ത്രത്തിന്റെ എന്ന പേരില്‍ ഇന്ത്യയിലെ ജനവിഭാഗങ്ങളെ ആര്യന്മാരെന്നും ദ്രാവിഡരെന്നും രണ്ടായി തിരിക്കുകയായിരുന്നു ചെയ്തത്. വെളുത്തവനും ഉയരം കൂടിയവനും മൂക്കു നീണ്ടവരും സുന്ദരന്മാരും ആര്യന്മാര്‍. ഉയരം കുറഞ്ഞവരും കറുത്തവരും ചുരുണ്ട മുടിയുള്ളവരും മൂക്കു പതുങ്ങിയവരും ദ്രാവിഡന്മാര്‍. വംശീയവാദത്തിനടിത്തറയിടാന്‍ തെറ്റായ സന്ദേശത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വച്ചിരുന്നത്. സംസ്‌കൃതഭാഷ സംസാരിക്കുന്ന ഒരു ജനസമൂഹം എന്നു മാത്രമേ ആര്യ ശബ്ദത്തിനര്‍ത്ഥമുള്ളു. 

സംസ്‌കൃതം, ഗ്രീക്ക്, ലാറ്റിന്‍, കെല്‍ടിക് ഭാഷകളെല്ലാം ഒരു പിതൃഭാഷയില്‍നിന്നും രൂപപ്പെട്ടതാണെന്നു കണ്ടെത്തുകയുണ്ടായി. വൈദികസാഹിത്യത്തിന്റെ ഉടമകളായ ആര്യന്മാര്‍ക്ക് യൂറോപ്പുമായുള്ള ബന്ധം അംഗീകരിക്കപ്പെടുകയും ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തില്‍ പെടുന്നവര്‍ ആര്യവംശജരായി പരിഗണിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് വംശീയമായ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കപ്പെടുന്നതും ആര്യദ്രാവിഡ വിവാദം ഉയര്‍ന്നുവരുന്നതും. ബി സി 1000 മുതല്‍ എ ഡി 1000 വരെയുള്ള കാലത്തെ മഹത്വവല്‍ക്കരിച്ചുകൊണ്ട് ജയിംസ്മില്‍ ഹൈന്ദവം എന്നു വിളിച്ചു. ഇതിനെയാണ് ആര്യസംസ്‌കാരമെന്ന് തെറ്റായി വ്യാഖ്യാനിച്ചത്.

''യൂറോപ്പ് ആര്യന്മാരെ പ്രതിനിധീകരിച്ചത് സെമ്റ്റിക് ജനങ്ങളാ യാണ്. അതായത് യഹൂദന്മാര്‍. ഇന്ത്യയിലാകട്ടെ ദ്രാവിഡന്മാ രെയും ഗോത്രവംശങ്ങളെയും വിവിധ കീഴ്ജാതിക്കാരെയും അനാര്യന്മാരായി സങ്കല്‍പ്പിച്ചു. അങ്ങനെ ആര്യദ്രാവിഡ വേര്‍തി രിവിന്റെ സിദ്ധാന്തം ആരംഭിച്ചു. ഭാഷയേയും നരവംശത്തെയും ഒന്നായി കാണുക എന്ന തെറ്റാണ് ഭാഷാശാസ്ത്രജ്ഞന്മാര്‍ വരുത്തിയത്.''(ഭൂതകാലവും മുന്‍വിധികളും-റോമില ഥാപ്പര്‍)

1931 ല്‍ ജോണ്‍മാര്‍ഷലും സഹപ്രവര്‍ത്തകരുംകൂടി തയ്യാറാക്കിയ 3 വാള്യമുള്ള പുസ്തകത്തില്‍ സൈന്ധവ നാഗരികതയെപ്പറ്റി വിവരിക്കുന്നതിങ്ങനെയാണ്. ഋഗ്വേദ മന്ത്രങ്ങളില്‍നിന്നും തെളിയുന്ന അവരുടെ ചിത്രം അവര്‍ കറുത്ത തൊലിയുള്ളവരും പരന്ന മൂക്കുള്ളവരുമായ കിരാതന്മാരായിരുന്നു. എന്നായിരുന്നു. അവരില്‍നിന്നു വ്യത്യസ്തമായി ആര്യന്മാര്‍ ശരീരഘടനയില്‍ സുന്ദരന്മാരും വാഗ്മികളും മതവിശ്വാസികളുമായിരുന്നുവെന്നും പ്രസ്താവിച്ചിരിക്കുന്നു. (ശുക്രദശയുടെ ചരിത്രം-സെറീന റാഫി, പോഞ്ഞിക്കര റാഫി) ഇത്തരത്തില്‍ യാതൊരടിസ്ഥാനവുമില്ലാത്ത പ്രസ്താവനകളെ പിന്‍പറ്റിക്കൊണ്ടാണ് പിന്നീടുവന്ന പല എഴുത്തുകാരും ആര്യദ്രാവിഡ വിവാദങ്ങളുമായി മുന്നോട്ടു പോയത്. അത് ശാസ്ത്രീയമാണെന്നു വരുത്തിത്തീര്‍ക്കാന്‍ നരവംശ ശാസ്ത്രത്തെ തെറ്റായി കൂട്ടു പിടിക്കുകയും ചെയ്തു.