"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 13, ബുധനാഴ്‌ച

ഓമനക്കുട്ടന്‍ ജനാര്‍ദ്ദനന്‍


1973 മാര്‍ച്ച് 1 ന് ആലപ്പുഴ ജില്ലയിലെ വയലാറിലുള്ള വെടിക്കുന്നിലാണ് ഓമനക്കുട്ടന്‍ ജനിച്ചത്. സി പി ജനാര്‍ദ്ദനനനും പെണ്ണമ്മയുമാണ് അച്ഛനമ്മമാര്‍. 

വയലാറിലെ ഒരു ജന്മികുടുംബത്തിലെ അടിമകളായിരുന്നു ജനാര്‍ദ്ദനന്റെ അച്ഛനമ്മമാരായ പൂവഞ്ചനും കുറുമ്പയും. കുപ്രസിദ്ധമായ വയലാര്‍ വെടിവെപ്പ് നടക്കുന്ന കാലത്ത് ജനാര്‍ദ്ദനന് 4 വയസുണ്ട്. ജനാര്‍ദ്ദനന്റെ മൂത്ത സഹോദരന്‍ ചിറയത്തറ അപ്പി ലഹളക്കാലത്ത് വെടിയേറ്റു മരിച്ചു. പാര്‍ട്ടിക്കാരുടെ നേതൃത്വത്തില്‍ വയലാര്‍ വെടിവെപ്പ് ദിനത്തോടനുബന്ധിച്ച് മുക്കണ്ണന്‍ കവലയില്‍ ചിറയത്തറ അപ്പിയുടെ സ്മൃതിമണ്ഡപം കെട്ടിയുയര്‍ത്തി പുഷ്പാര്‍ച്ചന നടത്തിവരുന്നുണ്ട്.

2002 ല്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സമരകാലത്ത് ഏല്‍ക്കേണ്ടിവന്ന മര്‍ദ്ദനങ്ങള്‍ നിമിത്തം ജനാര്‍ദ്ദനന്റെ ആരോഗ്യസ്ഥിതി മരിക്കുവോളം മെച്ചപ്പെട്ടിരുന്നില്ല. ജനാര്‍ദ്ദനന്‍ ഒരു ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നു. കെ വേണു നയിച്ചിരുന്ന പ്രസ്ഥാനത്തോടൊയിരുന്നു ആഭിമുഖ്യം. കെ വേണു ഉള്‍പ്പെടെ ഒരു സംഘം പ്രവര്‍ത്തകര്‍ ജനാര്‍ദ്ദനന്റെ വീട്ടില്‍ ഒരുമാസത്തോളം ക്യാമ്പുചെയ്യുകയുണ്ടായി. വയലാര്‍ വെടിവെപ്പില്‍ നിന്ന് ലഭ്യമായ ഒരു വെടിയുണ്ട ജനാര്‍ദ്ദനന്‍ ജീവിതകാലത്തുടനീളം കയ്യില്‍ കൊണ്ടു നടന്നിരുന്നുവെന്ന് ഓമനക്കുട്ടന്‍ ഓര്‍മിക്കുന്നു. 

വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ: ഹൈസ്‌കൂള്‍, ചേര്‍ത്തല എന്‍എസ്എസ് കോളേജ്, ചേര്‍ത്തല എസ്എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു ഓമനക്കുട്ടന്റെ വിദ്യാഭ്യാസം. എം എ (ഇംഗ്ലീഷ്) ഉം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടി ഇപ്പോള്‍ തിരുനല്ലൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായി സേവനം തുടരുന്നു.

അംബേഡ്കറൈറ്റ് ബുദ്ധിസ്റ്റ് പാരമ്പര്യത്തില്‍ ഇംഗ്ലണ്ടിലെ ഉറുഗ്വയിന്‍ സംഘരക്ഷിതിനാല്‍ സ്ഥാപിതമായ ത്രിരത്‌ന ബൗദ്ധ് മഹാസംഘിന്റെ ഉപാസകനാണ് ഓമനക്കുട്ടന്‍. അതിലെ ധമ്മമിത്ര പദവിയില്‍ വിദ്യാരംഭം കുറിച്ചിട്ടുണ്ട്. ഈ സംഘത്തിന്റെ കേരള ഘടകത്തിന്റെ ചുമതല ധമ്മചാരി വിനോജ് ബാബുവി നാണ്. പതിനാലോളം രാഷ്ട്രങ്ങളില്‍ സംഘം പ്രവര്‍ത്തിക്കുന്നു.

ജീവിതപങ്കാളി: സുഗമ്യ (പൊതുമേഖലാ ധനകാര്യസ്ഥാപനത്തില്‍ ജീവനം) മക്കള്‍: അഭയസിദ്ധി, അഭയമിത്ര.

വിലാസം: മഞ്ചാടിക്കരിയില്‍, കളവംകോടം പി ഒ, ചേര്‍ത്തല.