"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 16, ശനിയാഴ്‌ച

സവര്‍ണ്ണ വഞ്ചന - ദലിത്ബന്ധു എന്‍ കെ ജോസ്


വൈക്കം സത്യാഗ്രഹം യഥാര്‍ത്ഥത്തില്‍ ഒരുവഞ്ചനയായിരുന്നു. 1924 ഫെബ്രുവരി 29-ാം തീയതി അയ്യന്‍കാളിയുടെ വില്ലുവണ്ടി വിപ്ലവത്തെ അനുകരിച്ച് വൈക്കത്തെ പൊതുനിരത്തുകളിലൂടെ ബലമായി നടക്കാന്‍ തയ്യാറായി വന്ന മൂവ്വായിരത്തിലധികം ദലിത് യുവാക്കളെ വഞ്ചനയിലൂടെ മടക്കി അയച്ച സംഭവമാണ് വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കത്തിനു കാരണമായത്. വില്ലുവണ്ടി സമരകാലത്തും പിന്നീടുനടന്ന പുലയലഹളക്കാ ലത്തും കാര്‍ഷിക പണിമുടക്കുകാലത്തുമെല്ലാം ഈഴവര്‍ നായരെ അനുകൂലിക്കുകയും ദലിതരെ എതിര്‍ക്കുകയുമാണ് ചെ്തത്. ഇടയ്ക്ക് ശ്രീനാരായണഗുരു ഇടപെട്ട് ഈഴവരെ അതില്‍നിന്നും പിന്തിരിപ്പിച്ചപ്പോഴും അവര്‍ ദലിതരെ അനുകൂലിക്കാതെ നിഷ്പക്ഷത പാലിച്ചു.

എന്നാല്‍ വൈക്കത്ത് അതിനുള്ള സാധ്യതയില്ലായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് വേലുത്തമ്പി ദളവായുടെ കിങ്കരന്മാര്‍ വൈക്കം പത്മനാഭപിള്ളയുടെയും മറ്റും നേതൃത്വത്തില്‍ വൈക്കത്തെ ഈഴവരില്‍ വളരെപ്പേരെ, അവര്‍ 1806 ല്‍ അവരുടേതായിരുന്ന ക്ഷേത്രം തിരിച്ചു പിടിച്ചെടുക്കാന്‍ ചെന്നു എന്ന കാരണത്താല്‍ വെട്ടിനുറുക്കി കുളത്തിലിട്ടുമൂടി. ആ കുളമാണ് പ്രസിദ്ധമായ ദളവാക്കുളം.19 അതിനു പ്രതികാരം ചെയ്യുവാന്‍വേണ്ടി അമര്‍ഷത്തോടെ അവസരം പാര്‍ത്തിരിക്കു ന്നവരാണ് വൈക്കത്തെ ഈഴവര്‍. ഒരു നൂറ്റാണ്ടിനു ശേഷവും അശേഷം അയവില്ല അവരുടെ അമര്‍ഷത്തിന് എന്ന് സവര്‍ണ്ണര്‍ക്ക് ബോധ്യമായിരുന്നു. അതിന്റെ ഫലമാണ് 1905 ല്‍ പേഷ്‌കാര്‍ കെ.പി.ശങ്കരമേനോന്‍ വൈക്കത്ത് അയിത്തപ്പലക സ്ഥാപിച്ചത്. വൈക്കത്തു മാത്രമായി സ്ഥാപിച്ചത്. ഈ പേഷ്‌ക്കാര്‍ ശങ്കരമേനോന്‍ പേഷ്‌ക്കാരായത് മലയാളിമെമ്മോറി യിന്റെ ഫലമായി ട്ടാണ്. മലയാളിമെമ്മോറിയല്‍ സമര്‍പ്പണത്തിന് ഏറ്റവുമധികം ക്ലേശിച്ചതും ഏറ്റവും വലിയ സംഭാവന നല്‍കിയതും ഡോ.പല്‍പ്പു എന്ന ഈഴവനാണ്. അതിന്റെയെല്ലാം ഫലമായി അയിത്തപ്പലക പ്രത്യക്ഷപ്പെട്ടത് അവരുടെ അമര്‍ഷത്തെ ഒന്നുകൂടി വര്‍ദ്ധിപ്പിക്കാനുതകി എന്ന് പ്രത്യേകം പറയേണ്ടതി ല്ലല്ലോ.

ആ പശ്ചാത്തലത്തില്‍ അയ്യന്‍കാളി മോഡലില്‍ ദലിതര്‍ മുന്നോട്ടുവരുമ്പോള്‍ ഈഴവര്‍ അതിനെ സര്‍വ്വാത്മനാ അനുകൂലിക്കു കയും അതിനോട് സഹകരിക്കുകയും ചെയ്യും. അത് ഒരു ഈഴവ-ദലിത്‌സംയുക്ത മുന്നേറ്റമായിരിക്കും. 1924 ഫെബ്രുവരി 29-ാം തീയതി പുലയയോഗം കൂടിയതിനുശേഷം അവിടെനിന്നും ഘോഷയാത്രയായി കോണ്‍ഗ്രസ് യോഗസ്ഥല ത്തേയ്ക്ക് പോയവര്‍ പ്രധാനമായും ഈഴവരും പുലയരുമാ യിരുന്നു എന്ന് 1924 മാര്‍ച്ച് 6-ാം തീയതിയിലെ മാതൃഭൂമി റിപ്പോര്‍ട്ടു എടുത്തുപറയുന്നുണ്ട്. അവര്‍ പിറ്റെ ദിവസം വൈക്കത്തെ നിരത്തുകളിലൂടെ ഘോഷയാത്ര നയിച്ചാല്‍ തെറിച്ചുപോകുന്നത് അവര്‍ണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യ നിരോധനം മാത്രമായിരിക്കില്ല. മറ്റുപലതും കൂടിയായിരിക്കും എന്നു കാണാനുള്ള കഴിവു അന്ന് സവര്‍ണ്ണ നേതാക്കള്‍ക്കു ണ്ടായിരുന്നു. അതിനാല്‍ 1924 മാര്‍ച്ച് 1-ാം തീയതിയിലെ ഘോഷയാത്ര നടക്കാതിരിക്കേണ്ടത് കെ.പി.കേശവമേനോനും കേളപ്പനും ഉള്‍പ്പെടെയുള്ള സവര്‍ണ്ണ നേതാക്കളുടെ ആവശ്യമായിരുന്നു. അതിനുവേണ്ടിയാണ് അവര്‍ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് അതിന്റെ കടിഞ്ഞാണ്‍ സ്വന്തം കൈപ്പിടിയിലൊതുക്കിയത്. എന്നിട്ട് അത് വഴി നടക്കാനുള്ള കുത്തിയിരിപ്പ് മാത്രമാക്കി.

1822-ല്‍ ആരംഭിച്ച ചാന്നാര്‍ലഹള തൊട്ടു പല വിപ്ലവങ്ങളും സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളും സമരങ്ങളും 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിലുമായി തിരുവിതാംകൂറില്‍ നടന്നിട്ടുണ്ട്. 1855 ലെ അടിമത്ത നിരോധനത്തിനുവേണ്ടിയുള്ള പ്രക്ഷോഭണം, 1888 ലെ അരുവിപ്പുറം പ്രതിഷ്ഠ, 1891 ലെ മലയാളി മെമ്മോറിയല്‍,1896 ലെ ഈഴവമെമ്മോറിയല്‍, 1918 ലെ പൗരസമത്വ പ്രക്ഷോഭണം, 1924 ലെ വൈക്കം സത്യാഗ്രഹം, 1933 ലെ നിവര്‍ത്തന പ്രക്ഷോഭണം, 1938 ലെ ഉത്തരവാദഭരണ പ്രക്ഷോഭണം, 1946 ലെ പുന്നപ്ര-വയലാര്‍സമരം തുടങ്ങി അവയുടെ പട്ടിക നീണ്ടതാണ്. അതില്‍ സവര്‍ണ്ണ പങ്കാളിത്തമു ണ്ടായിരുന്നത് കേവലം രണ്ടെണ്ണത്തിനാണ്. മലയാളി മെമ്മോറിയലിനും വൈക്കം സത്യാഗ്രഹത്തിനും മാത്രം. മലയാളിമെമ്മോറിയല്‍ നായര്‍ മുന്‍നിന്ന് സംഘടിപ്പിച്ചതും ക്രൈസ്തവരെയും ഈഴവരെയും കൂടിചേര്‍ത്തു തങ്ങളുടെ ലക്ഷ്യം സാധിച്ചെടുത്തതും അതിനുശേഷം കറിവേപ്പിലപ്പോലെ ആ രണ്ടു സമുദായങ്ങളെയും പുറത്തു കളഞ്ഞതുമാണ്.

വൈക്കം സത്യാഗ്രഹം സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി യായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചത് അയിത്തക്കാര്‍ക്കാ യി രുന്നു. അവര്‍ അയിത്തക്കാരയത് കഴിഞ്ഞ ജന്മത്തില്‍ അധര്‍മ്മങ്ങള്‍ ചെയ്തതുകൊണ്ടാണ്. അതിനാല്‍ സഞ്ചാരസ്വാ തന്ത്ര്യം അവര്‍ക്കു ലഭിക്കണമെങ്കില്‍ അവര്‍ ഈ ജന്മത്തില്‍ ധര്‍മ്മം ചെയ്ത് അടുത്ത ജന്മത്തില്‍ സവര്‍ണ്ണനായി ജനിക്കണം. അതുകൂടാത ഈ ജന്മത്തില്‍തന്നെ സഞ്ചാരസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നത് അധര്‍മ്മമാണ്. അത് അടുത്ത ജന്മത്തെ കൂടുതല്‍ ക്ലേശകരമാക്കും. ഈ തത്വശാസ്ത്രമാണ് യഥാര്‍ത്ഥത്തില്‍ വൈക്കത്തെ അയിത്തക്കാരുടെ വഴിതടഞ്ഞത്. അതിനാല്‍ യഥാര്‍ത്ഥത്തില്‍ സമരം നടത്തേണ്ടത് ആ തത്വശാസ്ത്രത്തിനെതി രായിട്ടാണ്. അയിത്തത്തിനെതിരായിട്ടാണ്, വഴി തടഞ്ഞതിനെതി രായിട്ടല്ല. ജാതിവ്യവസ്ഥിതിയെ അംഗീകരിച്ചുകൊണ്ട് അയിത്തത്തിനെതിരായി സമരം ചെയ്യുന്നത് ഗാന്ധിയന്‍ സിദ്ധാന്തമാണ്. വൃക്ഷം വേണം. നിഴല്‍പാടില്ല.

വൈക്കത്ത് നടന്നത് വൃക്ഷത്തില്‍നിന്നും നിഴലിനെ മാറ്റാനുള്ള ശ്രമമാണ്. അതിനുവേണ്ടി സമരത്തിന്റെ നേതൃത്വം സവര്‍ണ്ണര്‍ കൈക്കലാക്കി. സമരം വഴി തടയുന്നതിന് എതിരായി മാത്രം എന്നു നിജപ്പെടുത്തി. കാതലായ പ്രശ്‌നം ഒളിച്ചു. അതിന്റെ ഫലമായി വൈക്കം സത്യാഗ്രത്തിനുശേഷവും ക്ഷേത്രപ്രവേശന വിളംബരത്തി നുശേഷവും അയിത്തം ഇന്ത്യന്‍ ഭരണഘടന പ്രകാരം നിരോധിച്ചിട്ടും ഇപ്പോഴും ജാതിവ്യവസ്ഥയും അതിന്റെ ഉച്ചനീചത്വങ്ങളും അതിന്റെ ഭാഗമായി അയിത്തവും ജാതീയതയും വര്‍ഗ്ഗീയതയുമെല്ലാം നിലനില്‍ക്കുന്നു. വൈക്കം സത്യാഗ്രഹത്തില്‍ നടത്തിയ വഞ്ചന മൂലമാണ് അത് സംഭവിച്ചത്.

1950 ല്‍ അംഗീകരിച്ച ഭരണഘടനയിലൂടെ അയിത്തം നിരോധിക്കപ്പെട്ടു. ജാതി നിരോധിച്ചില്ല. ജാതിനിരോധിക്കാതെ അയിത്തം നിരോധിച്ചാല്‍ അത് നിലനില്‍ക്കുമോ? വൃക്ഷം നിലനിറുത്തികൊണ്ട് കൊമ്പുമുറിച്ചു കളഞ്ഞാല്‍ നിഴല്‍ മാറുമോ? തല്‍ക്കാലം കുറച്ച് സൂര്യപ്രകാശം കിട്ടും. പിന്നെയും ആ കൊമ്പുകളുടെ കുറ്റികള്‍ പൊട്ടികിളര്‍ത്ത് സൂര്യപ്രകാശത്തെ തടയും. അതാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. കൊമ്പുകളെല്ലാം പൂര്‍വ്വാധികം ശക്തിയായി പൊട്ടിക്കിളിര്‍ത്തു. മുമ്പത്തേക്കാളേറെ സൂര്യപ്രകാശം തടഞ്ഞു. ഭരണഘടനയിലെ അയിത്തനിരോധനം വൈക്കം സത്യാഗ്രഹത്തിന്റെ ബാക്കിയാണ്.

അവര്‍ണ്ണരുടെയും അയിത്തജാതിക്കാരുടെയും അവശതകള്‍ പരിഹരിക്കണമെങ്കില്‍ അവര്‍ സ്വയം സംഘടിച്ചു സമരം ചെയ്തുതന്നെ അത് നേടിയെടുക്കണം എന്നതായിരുന്നു അയ്യന്‍കാളിയുടെ ആശയം. ദലിതരുടെയോ സാധുജനങ്ങളുടെയോ അവശതാ പരിഹാരത്തിനായി അദ്ദേഹം ഒരിക്കലും ആരുടെയും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ല. സഹായിക്കുന്നവന്‍ അവന്റെ നിലനില്‍പ്പുകൂടി നോക്കിമാത്രമേ സഹായിക്കുകയുള്ളൂ. മന്നത്തു പദ്മനാഭപിള്ളയായാലും കെ.പി.കേശവമേനോനായാലും ടി.കെ.മാധവനായാലും അവരവരുടെ സമൂദായത്തിന്റെ നേതാവാണ്. അതാണ് മുഖ്യം.

വൈക്കം സത്യാഗ്രഹത്തിന് കേവലം 11 വര്‍ഷം മുന്‍പ് തിരുവിതാംകൂറിലും കേരളത്തിലുമല്ല ഭാരതത്തില്‍ തന്നെ ആദ്യമായി ഒരു പണിമുടക്കു പ്രഖ്യാപിക്കുകയും അതിനെ വിജയിപ്പിക്കുകയും ചെയ്ത മഹാനായ നേതാവാണ് അയ്യന്‍കാളി. അന്ന് ആ കാര്‍ഷിക പണിമുടക്ക് നടത്തിയ് നാഞ്ചിനാട്ടിലെ നായര്‍ ജന്മികള്‍ക്കെതിരായിട്ടാ യിരുന്നു. സവര്‍ണ്ണര്‍ക്കെതിരായിട്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് അയ്യന്‍കാളി വൈക്കം സത്യാഗ്രഹം അറിയാതെ പോയതും. തെക്കന്‍ തിരുവിതാംകൂറിലെ ദലിതര്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ബലമായി പിടിച്ചുവാങ്ങിയ അവകാശമാണ് പൊതുവഴിയിലൂടെ നടക്കുവാനുള്ള സ്വാതന്ത്ര്യം. വൈക്കത്തെ ദലിതര്‍ അതിന്റെ ബാക്കിയായി വൈക്കത്തെ തെരുവുകളിലൂടെ നടക്കുവാനുള്ള അവകാശം പിടിച്ചുവാങ്ങിക്കാനിറങ്ങിയപ്പോള്‍ അതിനെതിരെ നടത്തിയ വഞ്ചനയാണ് വൈക്കം സത്യാഗ്രഹം. അയ്യന്‍കാളിയെപ്പോലെ ദീര്‍ഘദൃഷ്ടിയുള്ള ഒരു നേതാവ് അന്ന് അവിടെ ഉണ്ടായിരുന്നുവെങ്കില്‍ ആ വഞ്ചന നടക്കുകയില്ലാ യിരുന്നു. 

ആ വഞ്ചന നടന്നത് 1924 ഫെബ്രുവരി 29-ാം തീയതിയാണ്. അന്ന് വൈക്കത്ത് ഒരു പുലയയോഗം ചേര്‍ന്നു എന്ന് മാര്‍ച്ച് 6-ാം തീയതിയിലെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൂവ്വായിരത്തിലധികം പുലയര്‍ ഒരുമിച്ചുകൂടി നിരോധിത നിരത്തുകളിലൂടെ ഘോഷയാത്ര നടത്തുവാന്‍ തയ്യാറായി. അന്ന് യാദൃശ്ചികമായി അതിലെവന്ന കോണ്‍ഗ്രസിന്റെ അയിത്തോ ച്ചാടന പ്രചരണ കമ്മിറ്റിയിലെ അംഗങ്ങള്‍ പ്രസ്തുത പുലയയോ ഗത്തില്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ്സിന്റെ കേരളാ പ്രദേശ് സെക്രട്ടറി കെ.പി.കേശവമേനോന്‍ പ്രസംഗിച്ചപ്പോള്‍ സദസ്യര്‍ കൈയ്യടിച്ചു. കൈയ്യടിച്ചതു കൊണ്ടായില്ല, നിരോധിതമേഖല യിലൂടെ നടക്കാന്‍ തയ്യാറാകണം എന്ന് കേശവമേനോന്‍ ആഹ്വാനം ചെയ്തപ്പോള്‍ സദസ്യര്‍ ഒന്നടങ്കം അതിന് തയ്യാറായി എന്നാണ് പ്രസ്തുത പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ എത്രമാത്രം ശരിയുണ്ട്? അഹിംസാമാര്‍ഗ്ഗത്തിലുള്ള സമരംമാത്രം അംഗീകരിച്ചിരിക്കുന്ന കോണ്‍ഗ്രസിന്റെ കേരളത്തിലെ ജനറല്‍സെക്രട്ടറി കമ്മറ്റിയുമായി ആലോചിക്കാതെ ഗാന്ധിയുടെ അനുവാദം കൂടാതെ യോഗത്തില്‍വച്ച് ഒരു ഘോഷയാത്ര നിയമവിരുദ്ധമായി ബലമായി നടത്തുന്നതിന് ആഹ്വാനം ചെയ്യുമോ? മലബാര്‍ കലാപം കഴിഞ്ഞ് കേവലം മൂന്നുവര്‍ഷം മാത്രമേ അപ്പോള്‍ ആയിരുന്നുള്ളൂ. അവിടെ സവര്‍ണ്ണരെയും മുസ്ലീങ്ങളെയും അതുമൂലം വെറുപ്പിച്ചു. കോണ്‍ഗ്രസുകാരെനെന്ന പേരില്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലെന്ന് കേശവമേനോന്‍ തന്നെ എഴുതിയിട്ടുണ്ട്. 'കഴിഞ്ഞകാലം.'20 ആ പരിതസ്ഥിതിയില്‍ കേശവമേനോന്‍ തിരുവിതാംകൂറിലും അങ്ങനെ ഒന്ന് ആവര്‍ത്തി ക്കാന്‍ തയ്യാറാകുമോ?

മാതൃഭൂമി പ്രസിദ്ധീകരിച്ചത് പുലയമഹായോഗത്തിന്റെ റിപ്പോര്‍ട്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ അയിത്തോച്ഛാടന പ്രചരണ കമ്മറ്റിയുടെ റിപ്പോര്‍ട്ടായിരുന്നു. അതിനോടനുബ ന്ധമായി വൈക്കത്തു ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിന്റെ റിപ്പോര്‍ട്ടായിരുന്നു അത്. അതിനോട് ബന്ധപ്പെട്ട പുലയമഹായോ ഗത്തെക്കൂടി പരാമര്‍ശിക്കേണ്ടി വന്നു. അതിനാല്‍ പുലയയോഗ ത്തില്‍ നടന്ന വിശദമായ വിവരങ്ങളൊന്നും അതിലില്ല. പക്ഷെ പുലയയോഗം കൂടി എന്ന വിവരം ആ റിപ്പോര്‍ട്ടുമൂലമാണ് ഇന്നറിയുന്നത്. അതിനാല്‍ അതു വച്ചുകൊണ്ട് നിഗമനങ്ങളി ലെത്തുക മാത്രമേ സാധ്യമാകുകകയുള്ളൂ. ഘോഷയാത്ര യുടെ പ്ലാന്‍ അവതരിപ്പിച്ചത് കേശവമേനോനല്ല, അദ്ദേഹത്തിന് അത് അംഗീകരിക്കേണ്ടിവന്നു എന്നുമാത്രം. അംഗീകരിക്കുമ്പോഴും അതില്‍ നിന്നും തലയൂരാം എന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. ഘോഷയാത്രയില്ലെങ്കില്‍ പിന്നെ മുവ്വായിരത്തിലധികംപേര്‍ എന്തിന് അവിടെ കൂടി? യോഗം ചേരാന്‍ വേണ്ടി മാത്രമോ? യോഗത്തില്‍ പ്രസംഗിക്കാന്‍ അയ്യന്‍കാളിയോ അതുപോലുള്ള നേതാക്കളോ ഉണ്ടായിരുന്നില്ല. അപ്പോള്‍ അന്നവര്‍ യോഗം കൂടിയതിന്റെ ലക്ഷ്യം വെറുതേ യോഗം ചേരുകയായിരുന്നില്ല. ബലമായി നടക്കുക എന്നതായിരുന്നു എന്നു വ്യക്തം. നടക്കുക എന്നത് അതിനാല്‍ കെ.പി.കേശവമേനോന്റെ ലക്ഷ്യമായിരുന്നില്ല. അദ്ദേഹം അതിനു വഴങ്ങേണ്ടിവന്നു എന്നുമാത്രം. കെ.പി.കേശ വമേനോനും കൂട്ടരും യാദൃശ്ചികമായി അവിടെ വന്നെത്തിയ വരാണ്.

കേശവമേനോന്‍ ഘോഷയാത്രാപരിപാടി അംഗീകരിക്കുകയും പിറ്റെദിവസം രാവിലെ എന്നു സമയം നിശ്ചയിക്കുകയും ചെയ്തപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ വേണ്ടി അവരില്‍ നല്ലൊരുഭാഗം അവിടെ തങ്ങി. ആസമയത്ത് കേശവമേനോന്‍ ക്യാമ്പുചെയ്തിരുന്നിടത്ത് ഗൂഢാലോചന നടക്കുകയായിരുന്നു, പിറ്റെദിവസത്തെ ഘോഷയാത്ര ഒഴിവാക്കുകയായി രുന്നു അവരുടെ ലക്ഷ്യം. അതിലേയ്ക്ക് തഹസില്‍ദാരും സബ്ഇന്‍ സ്‌പെക്ടറും പ്രധാനപ്പെട്ട വക്കീലന്മാരും സമുദായ നേതാക്ക ന്മാരും എല്ലാം വന്നു. ഘോഷയാത്ര ഒരുമാസം കഴിഞ്ഞു നടത്താം എന്നുതീരുമാനിക്കപ്പെട്ടു. പിറ്റേദിവസം നടത്താന്‍ ഈഴവരും പുലയരും തയ്യാറുണ്ട്. അതുതടയാന്‍ സവര്‍ണ്ണര്‍ തയ്യാറായിട്ടില്ല. അവര്‍ക്കതു തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വേണ്ടി ഒരു മാസ േത്തയ്ക്ക് അതു നീട്ടി. ഗൂഢാലോച നയ്ക്കിടയ്ക്കു ഘോഷയാത്ര നടത്താന്‍വേണ്ടി അവിടെ ക്യാമ്പുചെയ്തിരുന്നവരുമായി ആലോചി ക്കുകപോലുമുണ്ടായില്ല. പിറ്റെദിവസം അവരെ ഓരോരുത്തരെയായി പറഞ്ഞുവിട്ടു. ബലമായി നടക്കുവാന്‍വേണ്ടി യോഗം കൂടിയവര്‍ നിരാശരായി സ്ഥലം വിട്ടു. ആ ഒരു മാസത്തിനിടയ്ക്ക് സര്‍ക്കാര്‍ നിരോധ നാജ്ഞ ഒന്നുകൂടി പുതുക്കി പ്രഖ്യാപിച്ചു. അങ്ങനെ പുലയര്‍ക്കിടയില്‍ സ്വമേധയാ ഉടലെടുത്ത വിപ്ലവാഗ്നിയെ വഴിതിരിച്ചുവിട്ടുകൊണ്ട് അടിസ്ഥാനപരമായ മാറ്റം പ്രദാനം ചെയ്യുമായിരുന്ന ഒരുപോരാട്ടത്തെ അട്ടിമറിക്കാന്‍ സവര്‍ണ്ണ ശക്തികള്‍ക്ക് കഴിഞ്ഞു. ഈ ഗൂഢോദ്ദേശ്യം തിരിച്ചറിയാന്‍ അവര്‍ണ്ണര്‍ക്കന്ന് കഴിഞ്ഞതുമില്ല.