"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 29, വെള്ളിയാഴ്‌ച

സ്വര്‍ണ വ്യവസായത്തിന്റെ ക്രിമിനല്‍ പശ്ചാത്തലം - ശശിക്കുട്ടന്‍ വാകത്താനം


ഇന്ത്യയിലെ ജനസംഖ്യയില്‍ മൂന്നു ശതമാനം വരുന്നവരാണ് പതിനഞ്ചു ശതമാനം സ്വര്‍ണം ഉപയോഗിക്കുന്നത്. ലോകത്ത് ഒരുവര്‍ഷം ഉല്‍പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ 25 ശതമാനവും വാങ്ങുന്നത് ഇന്ത്യയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം ഇന്ത്യയിലെ ജ്വല്ലറികള്‍ക്ക് ഒരു വര്‍ഷം വേണ്ടത് 147.5 ടണ്‍ സ്വര്‍ണമാണ്.

രാജ്യത്ത് 35 കോടിയോളം മധ്യവര്‍ഗ്ഗ കുടുംബങ്ങളാണുള്ളത്. ഇവര്‍ ഓരോ വര്‍ഷവും ഒരു കുടുംബം 25 ഗ്രാം സ്വര്‍ണം വാങ്ങും എന്ന കണക്കു കൂട്ടലാണ് സ്വര്‍ണ കച്ചവടത്തെ നിലനിര്‍ത്തുന്നത്.(ശരാശരി ഇന്ത്യന്‍ കുടുംബം അവരുടെ വരുമാനത്തിന്റെ 8.5 ശതമാനം തുക സ്വര്‍ണം വാങ്ങാന്‍ ചെലവാക്കുന്നു. കുടുംബ ബജറ്റില്‍ 5-ാം സ്ഥാനമാണ് സ്വര്‍ണത്തിനുള്ളത്. അതും കഴിഞ്ഞാണ് വസ്ത്രത്തിനും ചെലവഴിക്കുന്നത്.) സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചില്‍ കാര്‍ഷിക വിളവെടുപ്പുമായാണ് ഒരു കാലത്തു നിലനിന്നിരുന്നത്. കാര്‍ഷിക വിളവെടുപ്പു കാലത്തെ ഉത്സവങ്ങള്‍ വിവാഹങ്ങള്‍ ഇവയുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു സ്വര്‍ണം വാങ്ങിയിരുന്നത്. ഇന്ന് കാര്‍ഷിക വ്യവസായ മേഖലയുടെ സ്തംഭനത്തിലും സ്വര്‍ണകച്ചവടം വന്‍തോതില്‍ നടക്കുകയും സ്വര്‍ണവില കുതിച്ചുകയറുകയും ചെയ്തുകൊണ്ടിരിക്കുന്നു. സ്വര്‍ണത്തിന്റെ വിലവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വീടുകളിലിരിക്കുന്ന സ്വര്‍ണം എങ്ങനെയും മാര്‍ക്കറ്റിലെത്തിക്കാനുള്ള ശ്രമവും നടന്നു വരുന്നു. ഇന്ത്യാക്കാരുടെ വീടുകളില്‍ 22,000 ടണ്‍സ്വര്‍ണം ഇരിക്കുന്നുണ്ട്. ഇതിന്റെ മൂല്യം ഏതാണ്ട് ഒരു ലക്ഷം കോടി ടോളറാണ്. പണയം വയ്ക്കുമ്പോള്‍ മാര്‍ക്കറ്റുവിലയുടെ അടുത്തുവരുന്ന തുക കൊടുക്കുന്നത് 'ഉരുപ്പടി' സ്വന്തമാക്കുന്നതിനുവേണ്ടിയാണ്. ഇന്ത്യയിലെ സ്വകാര്യ സ്വര്‍ണ ഇടപാടു സ്ഥാപനങ്ങളുടെയും സ്വര്‍ണ വ്യാപാരികളുടെയും കൈകളിലായി 20,000 ടണ്‍ സ്വര്‍ണം ഉണ്ടെന്നാണ് ധനമന്ത്രി അരുണ്‍ ജറ്റ്‌ലി പറഞ്ഞത്. (ഇന്ത്യാക്കാരുടെ വിടുകളില്‍ 22000 ടണ്‍ സ്വര്‍ണം ഇരുപ്പുണ്ടെന്നും അതിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളര്‍ ആകുമെന്നും ഇപ്പോഴത്തെ നിരക്കനുസരിച്ച് 62 ലക്ഷം കോടി രൂപവരുമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍)

കാര്‍ഷിക കൈത്തൊഴില്‍ മേഖലയിലെ വികാസവും അതുവഴിയുണ്ടായ ഉല്‍പാദന വര്‍ദ്ധനവും പ്രകൃതി വിഭവങ്ങളും കൊണ്ട് ഇന്ത്യ സമൃദ്ധമായിരുന്നു. 18-ാം നൂറ്റാണ്ടുവരെയെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ഇന്ത്യയായിരുന്നു. പാശ്ചാത്യലോകം വ്യവസായ വിപ്ലവത്തെ തുടര്‍ന്ന് വന്‍ കുതിച്ചുചാട്ടം നടത്തുന്നതിനു മുന്‍പ് പൗരസ്ത്യ ദേശത്തെ സാങ്കേതിക വിദ്യകളെയും കുടില്‍ വ്യവസായത്തെയും ശാസ്ത്രത്തേയുമാണ് അവര്‍ ആശ്രയിച്ചിരുന്നത്. ഭീമാകാരമായ ഉരുക്കു സ്തംഭങ്ങളും അത്ഭുതകരമായ കരിങ്കല്‍ ശില്‍പങ്ങളും അടങ്ങിയ വലിയ ക്ഷേത്രങ്ങളും ഇന്ത്യയില്‍ പണിതു കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടാകട്ടെ ഇന്ത്യയില്‍നിന്നും ഇറക്കുമതിചെയ്ത അസംസ്‌കൃത വസ്തുക്കള്‍ക്കൊണ്ട് മാത്രം ഉല്‍പാദനം നടത്തി.

പതിനെട്ടാം നൂറ്റാണ്ടില്‍ ലോകത്തെമ്പാടുമുണ്ടായ മാറ്റം ഫ്രഞ്ചുവിപ്ലവവു മായി(1789) ബന്ധപ്പെട്ടുകൊണ്ടുള്ളതായിരുന്നു. ലോകത്തിലുണ്ടായ വികാസത്തെ മാര്‍ക്‌സ് വിശകലനംചെയ്യുന്നത് ഇങ്ങനെയാണ്. ''മനുഷ്യന്‍ പലപ്പോഴും അടിമകളുടെ രൂപത്തില്‍ മനുഷ്യനെത്തന്നെ പണത്തിന്റെ പ്രാകൃത രൂപമെന്ന നിലയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭൂമിയെ ഒരിക്കലും അവന്‍ അതിനുവേണ്ടി ഉപയോഗിച്ചിട്ടില്ല. വളര്‍ച്ചയെ ത്തിക്കഴിഞ്ഞ ഒരു ബൂര്‍ഷ്വാ സമുദായത്തില്‍ മാത്രമേ അത്തരം ഒരാശയം പൊട്ടിമുളക്കാന്‍ കഴിയുകയുകയുള്ളു. 17-ാം നൂറ്റാണ്ടിന്റെ അവസാനത്തെ മൂന്നു ദശാബ്ദങ്ങളിലാണ് അത് ആരംഭിച്ചത്. ദേശവ്യാപകമായതോതില്‍ അതു നടപ്പില്‍വരുത്താനുള്ള ആദ്യത്തെ ശ്രമം നടന്നത് ഒരു നൂറ്റാണ്ടിനു ശേഷം ഫ്രഞ്ചു ബൂര്‍ഷ്വാ വിപ്ലവത്തിന്റെ കാലഘട്ടത്തിലുമാണ്.''(മാര്‍ക്‌സ് 1968:144)

ചരക്കെന്ന നിലയില്‍ മാത്രമല്ല പണമാകുന്ന ചരക്കെന്ന നിലയിലും ആഡംബര വസ്തു എന്ന നിലയിലും സാങ്കേതിക വിദ്യകളിലും ഉപയോഗ പ്പെടുത്തുന്ന ഉപയോഗമൂല്യവും സ്വര്‍ണത്തിനുണ്ട്.മറ്റു ചരക്കുകള്‍ക്കില്ലാത്ത പ്രത്യേകതയാണിത്.

മണ്‍പാത്ര നിര്‍മ്മാണം, നെയ്ത്ത്, ലോഹപ്പണി, കരകൗശലം കയര്‍ തുടങ്ങിയ കൈത്തൊഴില്‍ ഇന്ത്യയില്‍ വ്യാപകമായിരുന്നു. ഇവരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളായിരുന്നു കൃഷിയോടൊപ്പമോ അതിലധികമോ വരുന്ന വരുമാന മാര്‍ഗ്ഗങ്ങള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലേക്കുള്ള വാണിജ്യപാതകള്‍ കണ്ടെത്തുന്നതിനു വിദേശിയര്‍ മത്സരിച്ചുകൊണ്ടി രുന്നത്. ലോകത്തിന്റെ തന്നെ ഉല്‍പാദനകേന്ദ്രമായിരുന്നു ഇന്ത്യ. 1492 മുതല്‍ 1930 വരെയുള്ള ലോകത്തിലെ സ്വര്‍ണ ഉല്‍പാദനത്തിന്റെ 14 ശതമാനവും ഇന്ത്യയിലെത്തി എന്നാണ് ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് കണക്കാക്കിയിരിക്കുന്നത്. സ്വര്‍ണത്തിന്റെ അമിതമായ ഈ കടന്നുവരവ് ഒരു വിഭാഗം ജനങ്ങളെ(നാട്ടു കച്ചവടക്കാരെ) സമ്പന്നരാക്കി. അതോടൊപ്പം പരമ്പരാഗത സ്വര്‍ണ തൊഴിലാളിമേഖല അല്‍പം വികസിക്കുകയും ചെയ്തു.

1492 മുതല്‍ 1765 വരെയുള്ള കാലയളവില്‍ ഇന്ത്യയുമായി കച്ചവടം നടത്തുന്നതിനായി സ്വര്‍ണം സമ്പാദിക്കാന്‍ യൂറോപ്യന്മാര്‍ അമേരിക്കയിലെ രണ്ടുകോടി തദ്ദേശവാസികളെ കൂട്ടക്കുരുതി നടത്തി. ഹെയ്തിയില്‍ മാത്രം 1493 നും 1530 നും ഇടക്ക് 20 ലക്ഷം പേരാണ് കൂട്ടക്കുരുതിക്കു വിധേയമായത്. ഇക്കാലത്ത് ഇവിടെനിന്നു കടത്തിക്കൊണ്ടുപോയ സ്വര്‍ണം 22 ടണ്‍ ആയിരുന്നു. വെള്ളക്കാര്‍ ഇന്ത്യയുമായി കച്ചവടം നടത്തിയിരുന്നത് ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ അടിമകളാക്കി വിറ്റും കടല്‍ക്കൊള്ള നടത്തിയും സമ്പാദിച്ച പണംകൊണ്ടായിരുന്നു.

കച്ചവടക്കാരിലൂടെയാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സ്വര്‍ണം ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരുന്നതെങ്കില്‍ പിന്നീടത് കള്ളക്കടത്തുവഴിയായി. പ്രതിമാസം കുറഞ്ഞത് ഒന്നു മുതല്‍ മൂന്നു ടണ്‍ വരെ സ്വര്‍ണം കേരളത്തില്‍ എത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2013-2014) കേരളത്തിലെ വിവിധ വിമാന താവളങ്ങളിലൂടെ 4480 കിലോ സ്വര്‍ണമാണ് കള്ളക്കടത്തായി പിടിച്ചെടുത്തത്. ഇതിന് 1120 കോടി രൂപ വിലവരും. നികുതി വെട്ടിച്ചു കൊണ്ടുവന്നാല്‍ 1 കിലോയിക്ക് 3ലക്ഷം വരെ ലാഭം കിട്ടും. (ഇന്ത്യയില്‍മൊത്തത്തില്‍ പ്രതിവര്‍ഷം10 ടണ്‍ മുതല്‍ 217 ടണ്‍ വരെ കള്ളക്കടത്തു സ്വര്‍ണം വരുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്)സ്വര്‍ണ ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കള്ളക്കടത്തിനു പ്രേരണയായതെന്നു പറയുന്നു. ഇതില്‍ വലിയ കാര്യമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. 1990ലെ പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി അന്നത്തെ ധനമന്ത്രിയായിരുന്ന മധുദന്തവാദെ 10 ഗ്രാമിന് 250 രൂപനിരക്കില്‍ സ്വര്‍ണ ഇറക്കുമതി ഉദാരീകരിച്ചു. ഇതുവഴി 1992 ല്‍ 1105ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തു. കള്ളസ്വര്‍ണം കൊണ്ടുവരുന്നതു നിയന്ത്രിക്കാന്‍ നടത്തിയ ഈ ശ്രമം പരാജയപ്പെടുകയാണുണ്ടായത്.

സ്വര്‍ണത്തിന്റെ വന്‍തോതിലുള്ള കടന്നുവരവുമൂലം ആഭരണ നിര്‍മ്മാണവും കച്ചവടവും വിപുലീകരിക്കപ്പെട്ടു. ഇതോടെ ജ്വല്ലറികള്‍ ജ്വല്ലറി ഗ്രൂപ്പുകളായി മാറി. ഇന്ത്യയിലും വിദേശത്തുമായി നിരവധി ആഭരണശാലകള്‍ തുടങ്ങാന്‍ കഴിയും വിധം കുത്തകകള്‍ ഈ രംഗത്ത് ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇതോടെ കച്ചവടരംഗത്തും പുതിയ സംവിധാനങ്ങള്‍ വന്നുതുടങ്ങി. ഫാഷന്‍ ഷോ, അവാര്‍ഡു നൈറ്റ്, സെമിനാറുകള്‍ ആഭരണ പ്രദര്‍ശനങ്ങള്‍ അടങ്ങുന്ന 'എക്‌സ്‌പോ'കള്‍ സംഘടിപ്പിക്കുകയും മാര്‍ക്കറ്റ് വിപുലപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം 74 പ്രദര്‍ശനങ്ങള്‍ നടക്കുന്നുണ്ട്. ബിസിനസ് ടു ബിസിനസ് ആണ് അതു ലക്ഷ്യംവയ്ക്കുന്നത്. ഇവിടെ ഉപഭോക്താക്കളില്ല. ആഭരണ നിര്‍മ്മാണരംഗത്തെ പുതിയ പ്രവണതകള്‍, നവീന മാതൃകകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുകയും അതുവഴി പുതിയ നെറ്റുവര്‍ക്കുകള്‍ സ്ഥാപിക്കു കയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെയും നടക്കുന്നത് വന്‍ കച്ചവടമാ ണെന്നു കാണാം. 2014 ഡിസംബറില്‍ നെടുമ്പാശേരിയില്‍ ബിയാന്‍ ട്രേഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന എക്‌സ്‌പോയുടെ മറവില്‍ നടന്ന കള്ളക്കച്ചവടത്തില്‍ നിന്ന് 22 കോടി രൂപയാണ് സെയില്‍ടാക്‌സ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.(ഇഡ്യന്‍ എക്‌സ്പ്രസ് ദിനപ്പത്രം 2014 ഡിസംബര്‍ 14)

സ്വര്‍ണവ്യവസായമേഖലയില്‍ നടക്കുന്ന മറ്റൊരു സംരംഭമാണ് ഹവാല ചിട്ടി. ഒരു നിശ്ചിത തുകവീതം ഇട്ട് ഒരു പൊതു ഫണ്ട് ഉണ്ടാക്കുന്നു. ലേലത്തിലൂടെ ഓരോ തവണ ഓരോരുത്തരും തുക കൈപ്പറ്റുന്നു. (ലേലച്ചിട്ടിപോലെ) ഇതില്‍ ഒരു നിശ്ചിത തുക ഹവാല ഏജന്‍രിനു നല്‍കുന്നു. ഹവാല ഏജന്‍രുകള്‍ സ്വര്‍ണവ്യാപാരികളുടെ പ്രതിനിധിക ളാണ്. എന്നാല്‍ ഗള്‍ഫില്‍വച്ചുവാങ്ങുന്ന തുക സ്വര്‍ണ വ്യാപാരികള്‍ക്കും കള്ളക്കടത്തുകാര്‍ക്കും കൈമാറുന്നു. ഇതില്‍ ചേരുന്ന മലയാളികള്‍ക്ക് ഇന്ത്യന്‍ കറന്‍സിയില്‍ നാട്ടില്‍ പണം നല്‍കും.

ഗല്‍ഫിലെ മലയാളികള്‍ക്കുവേണ്ടി ഫിലിം നൈറ്റുകളും കലാപരിപാടി കളും സംഘടിപ്പിക്കുന്നത് കേരളത്തിലും ഗള്‍ഫിലും ശാഖകളുള്ള സ്വര്‍ണക്കച്ചവടക്കാരാണ്. വലിയ തുകയാണ് ഈ പരിപാടികളിലൂടെ ശേഖരിക്കുന്നത്. ഇത് ഉപയോഗിക്കുന്നതും ഗള്‍ഫ് കമ്പോളത്തില്‍നിന്ന് മിക്കവാറും കള്ളക്കടത്തായി സ്വര്‍ണം വാങ്ങാനാണ്. കേരളത്തില്‍നിന്നുള്ള നടീനടന്മാര്‍ക്ക് അവര്‍ കേരളത്തില്‍ എത്തുമ്പോള്‍ ഇന്ത്യന്‍ കറന്‍സിയി ലാണ് പണം കൊടുക്കുന്നത്.(ജോര്‍ജ്ജു വറുഗീസ് കെ. 2006)

ളോഹക്കുള്ളിലും സംഗീതോപകരണങ്ങള്‍ക്കുള്ളിലും ഇലക്‌ട്രോണിക്‌സ് ഉപകണണങ്ങള്‍ക്കുള്ളിലും ഒളിപ്പുച്ചുകൊണ്ടുവന്ന സ്വര്‍ണം പിടികൂടിയ വാര്‍ത്ത കേരളത്തില്‍ അത്രപഴക്കം ചെന്നവയല്ല. ഏതെല്ലാം രൂപത്തില്‍ പിടിക്കപ്പെടാതെ സ്വര്‍ണം കൊണ്ടുവരാം എന്ന ഗവേഷണത്തിലാണ് കള്ളക്കടത്ത് ഏജന്‍സികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവരെല്ലാം തന്നെ കേരളത്തിലെ പ്രമുഖ സ്വര്‍ണ്ണവ്യാപാരികളുടെ അടുത്ത സുഹൃത്തുക്കളോ ഭരണക്കാരുടെ ബിനാമികളോ ആണ്. സ്വര്‍ണക്കടകള്‍ക്കുവേണ്ടി കള്ളക്കടത്ത് ബിസിനസ് ആക്കിയവരും ഉണ്ട്.

ഇന്ത്യാക്കാര്‍ക്ക് 987 ടണ്‍ സ്വര്‍ണം വാര്‍ഷിക ആവശ്യമുള്ളപ്പോള്‍ പഴയ സ്വര്‍ണം സംസ്‌ക്കരിച്ചെടുക്കുന്നത് 102.8 ടണ്‍ മാത്രമാണ്. ബാക്കി ഇറക്കുമതിചെയ്യുന്നു. 210 ടണ്‍ മാത്രം ഉപഭോഗമുള്ള അമേരിക്കയില്‍ 335.9 ടണ്‍ ആണ് ഉല്‍പാദനം. സ്വര്‍ണത്തെ നിക്ഷേപമായികാണുന്ന പ്രവണതയും ഇവിടെ വര്‍ദ്ധിച്ചുവരുന്നു. 2004ലെ സ്വര്‍ണ ഉപഭോഗം 600 ടണ്‍ ആയിരുന്നത് 2013ല്‍ 1000 ടണ്‍ ആയി. നിക്ഷേപ ലക്ഷ്യം 37 ശതമാനമായി വര്‍ദ്ധിച്ചു. ലോകരാജ്യത്തെവിടെയും കരുതല്‍ ധനമായി സൂക്ഷിക്കുന്നത് സ്വര്‍ണമാണ്. സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരണമായാണ് നാണയങ്ങള്‍ അടിച്ചുകൊ ണ്ടിരുന്നത്. എന്നാല്‍ കടലാസ് സ്വര്‍ണനിക്ഷേപങ്ങള്‍ ബിസിനസ് രംഗത്ത് വ്യാപകമാണ്. ഓഹരി വിപണിയില്‍ കടലാസ് സ്വര്‍ണം ഓഹരിമൂല്യവും വിപണിയിലെ യഥാര്‍ത്ഥ സ്വര്‍ണ സാന്നിദ്ധ്യവും തമ്മില്‍ വളരെയേറെ അന്തരമുണ്ട്. യഥാര്‍ത്ഥ സ്വര്‍ണ സമ്പാദ്യത്തിന്റെ 92 ഇരട്ടി വരെ കടലാസ് സ്വര്‍ണ ഓഹരിവഴി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്.(മാതൃഭൂമി ദിനപത്രം 2013 ഏപ്രില്‍ 20)

സ്വര്‍ണ വിപണിയില്‍ അപൂര്‍വമായുണ്ടാകുന്ന വിലയിടിച്ചിലുകളും കച്ചവട മാന്ദ്യങ്ങളും ഇന്ത്യയിലൊരിക്കലും സ്വര്‍ണവ്യാപാരത്തെ ബാധിക്കുകയില്ല. അത്രകണ്ട് സ്വര്‍ണത്തോട് വിധേയത്വം പുലര്‍ത്തുന്നവരാണ് ഇന്ത്യാക്കാര്‍. ഈ വിധേയത്വത്തെ ആഭരണവ്യവസായികള്‍ വിദഗ്ധമായി ചൂഷണം ചെയ്തുകൊണ്ടുമിരിക്കുന്നു.

ഇന്ത്യയിലെ ആരാധനാലയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ കണക്ക് ലഭ്യമാകുകയാണെങ്കില്‍ അതെത്രലക്ഷം കോടിയുടേതായിരിക്കും .തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ ഒരു അറയില്‍നിന്നു മാത്രം 6 ചുമട്ടുകാര്‍ ഒരു ദിവസം കൊണ്ടാണ് അറയിലെ സ്വര്‍ണ നിക്ഷേപം ചുമന്നു കരക്കുകയറ്റിയതെന്നായിരുന്നു വാര്‍ത്ത. ഇത്തരത്തില്‍ ഉള്ള സ്വര്‍ണശേഖരങ്ങള്‍ ഇന്ത്യയിലെമ്പാടുമുണ്ട്.

കുത്തകകള്‍ നടത്തുന്ന ആധുനിക വ്യവസായ- വാണിജ്യങ്ങള്‍ തൊഴിലാ ളികളെ കൂലി അടിമകളോ തൊഴില്‍ രഹിതരോ ആക്കി മാറ്റിക്കൊണ്ടിരി ക്കുകയാണ്. അത്തരത്തില്‍ തൊഴില്‍ നിഷേധിക്കപ്പെട്ടവരാണ് കേരളത്തിലെ പരമ്പരാഗത സ്വര്‍ണ തൊഴിലാളികള്‍. ബ്രിട്ടീഷ് കോളനിഭരണത്തിനുശേഷം പരമ്പരാഗതമേഖലയില്‍ കൂടുതല്‍ കൊള്ള തൊണ്ണൂറുകളിലെ ആഗോളീകരണ നയങ്ങള്‍ നടപ്പിലാക്കിത്തുടങ്ങി യതോടെയാണ് തുടരുന്നത്. കോര്‍പ്പറേറ്റ് ഭീമന്മാരും വന്‍ കുത്തകകളും ഈ മേഖല കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരണമായി കച്ചവടത്തില്‍ പുതുയ തന്ത്രങ്ങളും പരീക്ഷിക്കപ്പെടുന്നു. അതുവഴി തൊഴിലാളികളുടെ കൂലി കുറയുകയും ഒരുഘട്ടത്തില്‍ അവര്‍ തൊഴിലില്‍നിന്നും പുറത്താവുകയും ചെയ്യുന്നു. പകരം കൂലികുറച്ചു പണിയെടുക്കുന്ന തൊഴിലാളികളെ വച്ചുകൊണ്ട് ലാഭത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആധുനിക യന്ത്ര സംവിധാനങ്ങളും ഇവരെയാണ് സഹായിച്ചുകൊണ്ടിരിക്കുന്നത്.