"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 14, വ്യാഴാഴ്‌ച

കോരാശ്ശേരി കണ്ണന്‍1917 ജൂലൈ 2 ന് വൈപ്പിന്‍കരയിലെ ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനത്തില്‍ പങ്കെടുത്ത രണ്ടു പുലയരില്‍ ഒരാളാണ് കോരാശ്ശേരി കണ്ണന്‍. മറ്റൊരു പുലയന്‍ കണ്ണന്റെ അച്ഛന്‍ കോരാശ്ശേരി അയ്യരാണ്.

സഹോദരന്‍ അയ്യപ്പന്റെ വീട്ടില്‍ നിന്നും ഒന്നര കിലോ മീറ്റര്‍ വടക്കോട്ടുമാറി ചെറായിയിലെ കോവിലകത്തുംകടവിലുള്ള ദലിത് കോളനിയില്‍ 1907 ലാണ് കോരാശ്ശേരി കണ്ണന്‍ ജനിച്ചത്. അയ്യരും കാളിയുമാണ് അച്ഛനമ്മമാര്‍. കുറുമ്പ, താരി എന്നിങ്ങനെ രണ്ടു മൂത്ത സഹോദരിമാര്‍ കൂടി കണ്ണനുണ്ടായിരുന്നു. കണ്ണന് ചെറുപ്പമാകുമ്പോഴേക്കും ആദ്യം മാതാപിതാക്കളും പിന്നീട് സഹോദരിമാരും അന്തരിച്ചു.

പള്ളിപ്പുറം സെന്റ് റോക്കി സ്‌കൂളില്‍ ഒന്നാം ക്ലാസുവരെ മാത്രമേ കണ്ണന്‍ പഠിച്ചിരുന്നുള്ളൂ.

മിശ്രഭോജനം നടക്കുമ്പോള്‍ കണ്ണന് 10 വയസുണ്ട്. മിശ്രഭോജന ത്തിന് എത്തണമെന്ന് അയ്യരോട് നേരത്തേ പറഞ്ഞിരുന്നു വെങ്കിലും പോകാതിരിക്കുന്നതിനായി അന്നേ ദിവസം അച്ഛനും മകനും ചേര്‍ന്ന് പുരകെട്ടിമേയുന്ന ജോലിയില്‍ ഏര്‍പ്പെട്ടു. ആരോ വന്നു വിളിച്ചതിനെ തുടര്‍ന്ന് അച്ഛനും കണ്ണനും ജോലിചെയ്യുന്നതു നിര്‍ത്തി, കുളികഴിഞ്ഞ് മിശ്രഭോജനം നടക്കുന്ന വീട്ടിലെത്തി.

അത് സഹോദരന്‍ അയ്യപ്പന്റെ വസതിയായ തുണ്ടിടപ്പറമ്പ് ആയിരുന്നില്ല. അവിടെവെച്ച് മിശ്രഭോജനം നടത്താന്‍ അയ്യപ്പന്റെ ജ്യോഷ്ഠന്‍ കണ്ണന്‍ വൈദ്യര്‍ അനുമതി കൊടുത്തിരുന്നില്ല. അതുകൊണ്ട് സഹോദരീ പുത്രനായ രാമന്‍പിള്ളയുടെ വസതിയി ലേക്ക് പരിപാടി മാറ്റുകയാണുണ്ടായത്.

കോരാശ്ശേരി കണ്ണനും അചഛനും അവിടെയെത്തുമ്പോള്‍ ഈഴവരുടെ ഭാഗത്തുനിന്നും നാല് പേര് മാത്രമേ എത്തിച്ചേര്‍ന്നി രുന്നുള്ളൂ. സഹോദരന്‍ അയ്യപ്പനും മരുമകന്‍ രാമന്‍പിള്ളയും (ഇദ്ദേഹം അയ്യപ്പനേക്കാള്‍ മൂത്തതാണ്) കോരു വൈദ്യനും മറ്റൊരാളുമായിരുന്നു ആ നാലുപേര്‍.

അയ്യരേയും മകന്‍ കണ്ണനേയും അവരുടെ കീറിപ്പറിഞ്ഞ തുണിയും തൊപ്പിക്കുടയും മാറ്റിച്ച് കുളിച്ച് ഭസ്മക്കുറി തൊടുവിച്ചു. അതിനുശേഷം കച്ചത്തോര്‍ത്ത് ഉടുപ്പിച്ച് ഇരുത്തി മുമ്പില്‍ ഇലയിട്ട് ഭക്ഷണം വിളമ്പി. അവര്‍ കുഴച്ച ഭക്ഷണം മറ്റുള്ളവര്‍ എടുത്ത് സ്വാദു നോക്കുകയാണുണ്ടായത്. ഭക്ഷണം കടലയും ചക്കക്കുരുവും ഉലര്‍ത്തിയതാ യിരുന്നുവെന്ന് കോരു വൈദ്യര്‍ ഓര്‍മിക്കുന്നു.

മിശ്രഭോജനം കഴിഞ്ഞ് തെങ്ങിന്‍ ചുവെടുക്കാന്‍ ചെന്നപ്പോള്‍ അച്ഛനേയും കണ്ണനേയും ആളുകള്‍ പരിഹസിച്ചതിങ്ങനെ: ' ഓ, നിങ്ങളോടെങ്ങനെ കിളക്കാന്‍ പറയും? ഇപ്പോള്‍ ചോന്മാരാ യില്ലേ?'

കണ്ണന്‍ രണ്ടു വിവാഹം കഴിച്ചിട്ടുള്ളതായി ബന്ധുവുമായ കീരനെ ഉദ്ധരിച്ചുകൊണ്ട് സഹോദരന്‍ അയ്യപ്പന്റെ ജീവചരിത്ര കാരനായ സി കെ ഗംഗാധരന്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ സി കെ ഗംഗാധരന്‍ നേരിട്ടുകാണുന്ന വേളയില്‍ ആരോരുമില്ലാതെ കണ്ണന്‍ ഒറ്റക്ക് ഒരു കുടിലില്‍ കഴിയുകയായിരുന്നു. ഗ്രന്ഥകാരന്‍ തന്നെ കണ്ണന്റെ ഫോട്ടോയും പകര്‍ത്തി.

സി കെ ഗംഗാധരന്‍ നേരിട്ടുകാണുന്ന വേളയില്‍ കോരാശ്ശേരി കണ്ണന് 76 വയസുണ്ട്. അതിന് തലേവര്‍ഷം 1982 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണന്‍ വൈപ്പിന്‍ സംവരണ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി യായിരുന്നു. കുറുബയില്‍ ചിദംബരനാണ് ഇക്കാര്യത്തില്‍ കണ്ണനുവേണ്ടി മുഖ്യമായും പ്രവര്‍ത്തിച്ചത്. പത്രക്കാര്‍ കണ്ണനെ കാണാനെത്തി. ജയിച്ചു കഴിഞ്ഞ് മന്ത്രിസ്ഥാനം ലഭിച്ചാല്‍ എന്തുചെയ്യുമെന്ന് പത്രക്കാര്‍ ചോദിച്ചു. തീര്‍ച്ചയായും സ്വീകരിക്കുമെന്നും തന്റെ സമൂദായ ക്കാര്‍ക്കു വേണ്ടി മുഖ്യമായും എല്ലാവര്‍ക്കും വേണ്ടി പൊതുവായും പ്രവര്‍ത്തുക്കമെന്ന് കണ്ണന്‍ മറുപടി കൊടുത്തു. പിറ്റേന്നത്തെ മലയാള മനോരമയില്‍ ഒന്നാം പേജില്‍ത്തന്നെ 'കണ്ണനും കണ്ണ് മന്ത്രിക്കസേരയില്‍' എന്ന് മൂന്നു കോളം വാര്‍ത്തയും വന്നു.

ഒന്നാംതരമൊരു പത്രവായനക്കാരനായിരുന്നു കണ്ണന്‍. സംഭാഷണ ത്തിലേര്‍പ്പെടുന്ന ഏതൊരാള്‍ക്കും കണ്ണന്‍ സ്വതന്ത്ര ചിന്താഗതിക്കാ രനാണെന്ന് ബോധ്യപ്പെടും. സംവാദത്തിലേര്‍പ്പെട്ടാല്‍ ഒരുമാതിരി ക്കാര്‍ക്ക് പെട്ടെന്ന് ജയിച്ചുപോരാന്‍ കഴിയില്ല. ആരെയും കൂസുകയില്ല. ആരുടേയും ഔദാര്യത്തിന് നില്ക്കുകയുമില്ല. 

ദലിതരുടെ ഇടയില്‍ നിന്നും ഉയര്‍ന്നുവന്ന ധിഷണാശാലികളില്‍ പ്രമുഖനായിരുന്ന കോരാശ്ശേരി കണ്ണന്‍ 1980 കളുടെ അവസാന കാലത്ത് എന്നോ അന്തരിച്ചു.
-----------------------
അവലംബം: എം വി സുബ്രഹ്മണ്യനും എം ബി നാണുത്തമ്പിയും ചേര്‍ന്നെഴുതി, 1999 ല്‍ ഗുരുദേവ കുടുംബയൂണിറ്റ് പ്രസിദ്ധീകരിച്ച 'പന്തിഭോജന ഭൂമിയില്‍ നില്‍ക്കുമ്പോള്‍' എന്ന പുസ്തകം.