"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 5, ചൊവ്വാഴ്ച

മഹാരാഷ്ട്രയിലെ മാട്ടിറച്ചി നിരോധനവും മുസ്ലീം സംവരണം റദ്ദാക്കലും
പശുവിന്റെയോ കാളയുടേയോ ഇറച്ചി കൈവശം വെക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമുള്ള കുറ്റമാക്കുന്ന മഹാരാഷ്ട്ര മൃഗസംരക്ഷണ (ഭേദഗതി) ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തിരക്കുപിടിച്ച് അംഗീകാരം നല്‍കിയിരിക്കുന്നു. 1996 മുതല്‍ കഴിഞ്ഞ 19 വര്‍ഷമായി രാഷ്ട്രപതിയുടെ അംഗീകാരം കാത്തുകഴിഞ്ഞ ഈ ബില്ലിന് രാഷ്ട്രപതിയുടെ കയ്യൊപ്പ് ലഭിച്ചത് മോദിഭരണം കേന്ദ്രത്തിലും മോദിയുടെ ശിഷ്യനായ ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായും അധികാരമേറ്റ മാറിയ രാഷ്ട്രീയ സാഹചര്യ ത്തിലാണ്. ബിജെപി-ശിവസേന സഖ്യത്തോടൊപ്പം മഹാരാഷ്ട്ര യിലെ അതിന്റെ ബിടീമായ സോണിയ കോണ്‍ഗ്രസ്സും സമ്പൂര്‍ണ്ണ ഗോവധ നിരോധനനിയമത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. 

പശുവിനെ ദൈവവും വിശുദ്ധ മൃഗവുമായി കൊണ്ടാടുന്ന സവര്‍ണ ബ്രാഹ്മണ്യത്തിന്റെ കാപട്യത്തെയും ആന്തരിക വൈരുധ്യങ്ങളെയും നിരവധി ചരിത്രഗവേഷകരും പണ്ഡിതരും ഇതോടകം തുറന്നു കാട്ടിയിട്ടുള്ളതാണ്. കടുവ മുതല്‍ തവള വരെയുള്ള വംശനാശം നേരിടുന്ന ജീവിവര്‍ഗ്ഗത്തില്‍ പെടുന്ന ഒരിനമല്ല പശുവും കാളയും. മറിച്ച്, ഇന്ത്യയിലെ ദരിദ്ര-മര്‍ദ്ദിത ജനകോടികള്‍ ചരിത്രപരമായി ജീവന്‍ നിലനിര്‍ത്താനാവശ്യമായ പോഷകഭക്ഷണത്തിനായി ആശ്രയിച്ചു പോന്നിട്ടുള്ളത് ഇന്ത്യയിലെവിടെയും സുലഭമായി ലഭിക്കുന്ന മാട്ടിറച്ചിയാണു താനും. ഇന്ത്യയിലെ ഏറ്റവും മര്‍ദ്ദിതരും രാഷ്ട്രീയ സാമ്പത്തിക അവകാശങ്ങളും ജീവിതോപാധികളും സവര്‍ണ ബ്രാഹ്മണ്യത്താല്‍ നിഷേധിക്കപ്പെട്ടവരുമായ ദളിത് ജനത ജീവന്‍ നിലനിര്‍ത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിന്റെ പേരില്‍ ചത്ത പശുവിന്റെ ഇറച്ചി തിന്നുവെന്ന കാരണത്താല്‍ സവര്‍ണ ഗുണ്ടകളാല്‍ വധിക്കപ്പെട്ട നിരവധി വാര്‍ത്തകള്‍ വടക്കേ ഇന്ത്യയിലെ 'കൗബെല്‍റ്റി'ല്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തൊരിടത്തുമില്ലാത്ത ഈ ഭ്രാന്തന്‍-പ്രാകൃതസംസ്‌കാരത്തെ മഹത്തായി കൊണ്ടാടുന്ന സവര്‍ണ ബ്രാഹ്മണ്യമാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശാപം.

പരമ്പരാഗതമായി, ഇന്ത്യയില്‍ ഒരിടത്തും ഗര്‍ഭിണികളും കറവയുള്ളതുമായ പശുക്കളെ കര്‍ഷകര്‍ ഒരിക്കലും കൊല്ലുക യോ ഭക്ഷണത്തിനായി ഉപയോഗിക്കുകയോ ചെയ്യാറില്ല. ഏതെങ്കിലും സവര്‍ണ പ്രമാണിയുടെ തിട്ടൂരപ്രകാരമല്ല ഇത്. മറിച്ച്, കാളകളെയും മച്ചിപ്പശുക്കളെയുമാണ് ജനങ്ങള്‍ ഭക്ഷണത്തിനായി ഉപയോഗിച്ചുവരുന്നത്. അതേസമയം ഗോവധ നിരോധനത്തിനായുള്ള സവര്‍ണ ബ്രാഹ്മണ്യത്തിന്റെയും അതിന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെയും മുറവിളി പുതിയതൊ ന്നുമല്ല. അധികാരക്കൈമാറ്റത്തിനുശേഷം ഈ ദിശയില്‍ നിരവധി നീക്കങ്ങള്‍ സവര്‍ണ മേധാവികളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. എന്നാല്‍ പുരോഗമന-ജനാധിപത്യ മൂല്യങ്ങള്‍ക്കു സാര്‍വദേശീയ വും ദേശീയവുമായി പ്രാമുഖ്യമുണ്ടായിരുന്ന 1960കള്‍ വരെയുള്ള കാലത്ത് കോടതിയടക്കമുള്ള ഭരണകൂട സംവിധാനങ്ങള്‍ ഇന്ത്യയിലെ സവര്‍ണ ജീര്‍ണതയുടെ ഇത്തരം ആവശ്യങ്ങള്‍ അംഗീകരിച്ചുകൊടുത്തിരുന്നില്ല. ഉദാഹരണത്തിന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ ഗോവധനിരോധനിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നും രാജ്യത്തെ ദരിദ്രരുടെ ഭക്ഷണമായ മാട്ടിറച്ചി അവര്‍ക്കു നിഷേധിക്കാനാവില്ലെന്നുമുള്ള അസന്നിഗ്ധ മായ വിധി അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് 1958ല്‍ പുറപ്പെടുവിക്കുക യുണ്ടായി.

ഇന്നിപ്പോള്‍, മഹാരാഷ്ട്ര ഗോവധ നിരോധ നിയമം രാഷ്ട്രപതി അംഗീകരിച്ചതോടെ മറ്റു സംസ്ഥാനങ്ങളിലെയും ബ്രാഹ്മണ്യവാദി കള്‍ക്ക് ഇതു പ്രചോദനമാകാവുന്നതാണ്. ഗോവധ നിരോധന ത്തിന്റെ മാതൃകാബില്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തു കൊണ്ട് ഈ ഭ്രാന്തന്‍ ഏര്‍പ്പാട് ദേശവ്യാപകമാക്കാനുള്ള നീക്കം മോഡിഭരണം ആരംഭിച്ചിട്ടുണ്ട്. നിയമം പാസ്സാക്കിയെടുക്കാ നായാല്‍ അതു നടപ്പാക്കാന്‍ പിന്നെ സംഘപരിവാര്‍ ഗുണ്ടകള്‍ക്ക് നിയമസംവിധാനങ്ങളുടെ ആവശ്യമേ വേണ്ടിവരില്ല.

തീര്‍ച്ചയായും ഒരു ജനാധിപത്യ മതേതര സമൂഹമായുള്ള രാജ്യത്തിന്റെ നിലനില്‍പിനെയും ജനങ്ങളുടെ ഐക്യത്തെയും തകര്‍ക്കുന്ന നീക്കമാണ് ഗോവധനിരോധന നിയമം. ദരിദ്രര്‍ക്ക് പോഷകഭക്ഷണം നിഷേധിക്കുക മാത്രമല്ല, ജീര്‍ണ്ണിച്ച സവര്‍ണ്ണ ഹിന്ദുത്വ സംസ്‌കാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്ന ഫാസിസ്റ്റു നീക്കവുമാണത്. ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണ ജനങ്ങള്‍ക്ക് പ്രോട്ടീനും പോഷകങ്ങളും ലഭിക്കുന്ന ഭക്ഷണം തെരഞ്ഞെടുക്കാനുള്ള, പൗരന്‍മാരുടെ ജീവിക്കാനുള്ള അവകാശത്തെ ജാതിമത ശക്തികള്‍ കവര്‍ന്നെടുക്കുന്നതും ഭരണകൂടം അതിനു കൂട്ടുനില്‍ക്കുന്നതും പ്രാകൃതത്വത്തിലേക്കാണ് സമൂഹത്തെ തള്ളിവിടുന്നത്. കേരളവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ജമ്മു-കാശ്മീരും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ഗോവധനിരോധം നിലവിലുണ്ടെങ്കിലും പലയിടത്തും നിയമം കര്‍ക്കശമായി നടപ്പാക്കാറില്ല. ഓരോ സംസ്ഥാനങ്ങളിലെയും ബീഫ് ഉപയോഗത്തെ സംബന്ധിച്ച കണക്കുകളില്‍നിന്ന് ഇക്കാര്യം ബോധ്യമാകുന്നതാണ്. ബ്രസീല്‍ കഴിഞ്ഞാല്‍ ലോകത്തേറ്റവുമധികം മാട്ടിറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നുകൂടി തിരിച്ചറിയണം. എന്നാല്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ള മഹാരാഷ്ട്ര നിയമത്തിന്റെ പശ്ചാത്തലത്തില്‍ മാംസാഹാരിക ളെയും ഇതരമതസ്ഥരെയും രാജ്യദ്രോഹികളായി ചിത്രീകരിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് അനുകൂല അവസരം കൈവന്നിരി ക്കുകയാണ്. പ്രശസ്ത എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി ട്വിറ്ററില്‍ കുറിച്ചതുപോലെ, 'മഹാരാഷ്ട്രയില്‍ ഒരു സ്ത്രീയോ ദളിതോ മുസ്ലീമോ ആയിരിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് പശുവായിരിക്കുന്നത്'. ഭീതിജനകമായ ഈ സ്ഥിതിവിശേഷത്തെ ചെറുത്തുതോല്പിക്കാന്‍ പുരോഗമന ജനാധിപത്യവാദികള്‍ക്കും അധ്വാനിക്കുന്നവരും മര്‍ദ്ദിതരുമായ ജനകോടികള്‍ക്കും കഴിയുന്നില്ലെങ്കില്‍ സമൂഹം അന്ധകാരത്തില്‍ തന്നെ കഴിയേണ്ടിവരും.

ഗോവധനിരോധത്തിന്റെ കാര്യത്തില്‍ വാര്‍ത്തകളില്‍ ഇടംപിടി ച്ചതിന്റെ തൊട്ടുപുറകെയാണ് മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീങ്ങള്‍ക്കുള്ള അഞ്ചു ശതമാനം സംവരണം അവിടുത്തെ ബിജെപി-ശിവസേന സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. മുന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന സംവരണം തുടരണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നിട്ടും ഓര്‍ഡിനന്‍സ് കാലാവധി കഴിഞ്ഞുവെന്ന തൊടുന്യായം പറഞ്ഞാണ് ഇപ്പോള്‍ സംവരണം റദ്ദു ചെയ്തത്. എന്നു മാത്രമല്ല, സംവരണം തന്റെ സര്‍ക്കാരിന്റെ അജണ്ടയല്ലെന്ന് ബിജെപി മുഖ്യമന്ത്രി ഫട്‌നാവിസ് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ഹൈക്കോടതി തടഞ്ഞ മറാത്താ സംവരണം നിയമനിര്‍മ്മാണത്തിലൂടെ പാസ്സാക്കിയെടുത്ത സര്‍ക്കാരിന്റെ തലവന്‍ തന്നെ ഇങ്ങനെ പറയുന്നതാണ് ഏറെ വിരോധാഭാസം. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ മറാത്ത കള്‍ക്ക് 16 ശതമാനവും മുസ്ലീങ്ങള്‍ക്ക് 5 ശതമാനവും സംവരണമേര്‍പ്പെടുത്തിയ മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ നയത്തിനെതിരായ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ച കോടതി മുസ്ലീങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ സംവരണം തുടരാന്‍ ആവശ്യപ്പെട്ടുകൊണ്ട് മറ്റു സംവരണങ്ങളെല്ലാം റദ്ദു ചെയ്യുകയാ യിരുന്നു. എന്നാലിപ്പോള്‍ കോടതി നിലനിര്‍ത്തിയ സംവരണം റദ്ദു ചെയ്യുകയും കോടതി റദ്ദു ചെയ്ത സംവരണം നിലനിര്‍ത്തുകയുമാണ് ഫട്‌നാവിസ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

പശുമേഖല (cowbelt) യായി അറിയപ്പെടുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ അതീവ ശോചനീയമാണ് ഇന്ത്യയുടെ ഫിനാന്‍സ് മൂലധന തലസ്ഥാനം എന്നറിയപ്പെടുന്ന മഹാരാഷ്ട്രയി ലെയും മുസ്ലീങ്ങളുടെ സാമൂഹ്യ സാമ്പത്തികസ്ഥിതി എന്ന് ഇതേ സംബന്ധിച്ച് പഠനം നടത്തിയ മെഹമൂദ് റഹ്മാന്റെ നേതൃത്വ ത്തിലുള്ള ഔദ്യോഗിക കമ്മീഷന്‍ റിപ്പോര്‍ട്ടു ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ 5 ശതമാനം മുസ്ലീം സംവരണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായത്. കോടതി പോലും ഉയര്‍ത്തിപ്പിടിച്ച ഈ സംവരണം അട്ടിമറിച്ചതിലൂടെ, ഗുജറാത്ത് നരഹത്യയടക്കം രാജ്യമെമ്പാടും മുസ്ലീം ജനവിഭാഗങ്ങള്‍ക്കെതിരെ സംഘപരിവാര്‍ കെട്ടഴിച്ചുവിട്ടിട്ടുള്ള എണ്ണമറ്റ വര്‍ഗ്ഗീയ കൂട്ടക്കൊലകളിലൂടെ പ്രകടമാകുന്ന ബിജെപി ഭരണത്തിന്റെ മുസ്ലീം വിരുദ്ധ വര്‍ഗ്ഗീയ മുഖമാണ് വീണ്ടും തെളിയുന്നത്. ഹിന്ദുക്കളെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നിര്‍വചിക്കുന്നവര്‍ ഒഴികെ മറ്റാര്‍ക്കും ജനാധിപത്യാവകാശങ്ങളില്ലെന്നും അവര്‍ രണ്ടാംതരം പൗരന്‍മാരായി സവര്‍ണ്ണ മേധാവികള്‍ക്ക് ദാസ്യപ്പണി ചെയ്തുകഴിഞ്ഞാല്‍ മതിയെന്നുമുള്ള ഫാസിസ്റ്റ് മനോഘടന തന്നെയാണ് ഗോവധ നിരോധനത്തിന്റെ കാര്യത്തിലെന്നപോലെ മുസ്ലീം സംവരണം റദ്ദു ചെയ്തുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിലും അന്തര്‍ലീനമായിരിക്കുന്നത്. അമേരിക്കയടക്കമുള്ള സാമ്രാജ്യത്വശക്തികള്‍ക്ക് ചുവപ്പുപര വതാനി വിരിച്ചും അയല്‍രാജ്യങ്ങളുമായി ശത്രുത സൃഷ്ടിച്ചും സങ്കുചിത ദേശീയവാദം വളര്‍ത്തിയും ജനങ്ങളെ ഭിന്നിപ്പിച്ചും മോദിഭരണം നടത്തിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ്‌ വല്‍ക്കരണ ത്തിന് മറയിടാന്‍ രാജ്യമാകെ പ്രോത്സാഹിപ്പിക്കപ്പെടുന്ന കാവിവല്‍ക്കരണത്തിന്റെ അവിഭാജ്യഘടകമായിട്ടുവേണം ഫട്‌നാവിസ് സര്‍ക്കാരിന്റെ ഏറ്റവുമൊടുവിലത്തെ ഈ മുസ്ലീം സംവരണനിരോധനത്തെ നോക്കിക്കാണാന്‍.

@സഖാവ് മാസിക .2015 mമാര്‍ച്ച് ലക്കം.