"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 5, ചൊവ്വാഴ്ച

'ഇന്ത്യയുടെ മകള്‍' ബലാത്സംഗ ക്കാരനിലൂ ടെ ഇന്ത്യന്‍ മനോഘടന അനാവൃ തമാക്കുന്ന ചിത്രംപ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക ലെസ്‌ലി ഉദ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട വിവാദമാണ് ഒരുവേള ഈ വര്‍ഷത്തെ വനിതാ ദിനത്തെ ഏറ്റവും ശ്രദ്ധേയമാക്കിയ സംഭവം. ദാരുണമായ ഡെല്‍ഹി കൂട്ടമാനഭംഗം ആസ്പദമാക്കി ഇന്ത്യയിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥയെക്കുറിച്ചും നാടിനെ ഇത്രയേറെ നടുക്കിയ സംഭവത്തിനുശേഷവും സ്ത്രീകളോടുള്ള പുരുഷാധിപത്യ ഇന്ത്യന്‍ മനോഘടനയില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്നതെ സംബന്ധിച്ചും ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള സ്ത്രീവിരുദ്ധ സമീപനത്തെപ്പറ്റിയും ബലാത്സംഗക്കാരുടെ നാട് എന്ന് ഇന്ത്യ അറിയപ്പെടുന്നതിന്റെ അടിയൊഴുക്കുകളെപ്പറ്റിയും വ്യക്തമായ സൂചനകള്‍ പ്രദാനം ചെയ്യുന്ന മികച്ച ഹ്വസ്വചിത്രമാണ് ഇന്ത്യാസ് ഡോട്ടര്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ ഇന്ത്യയെ കോര്‍പ്പറേറ്റുകള്‍ക്കു വില്പനക്കു വെച്ചിരിക്കുന്ന മോദിസര്‍ക്കാര്‍, ചിത്രം സംപ്രേഷണം ചെയ്താല്‍ അത് ഇന്ത്യയെ സംബന്ധിച്ച മോശം ചിത്രം ആഗോളതലത്തിലുണ്ടാകുമെന്ന ഭയത്താല്‍ അതു നിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബിബിസി അതു പ്രസിദ്ധീകരിക്കുകയാണുണ്ടായത്. ഇന്ത്യയെ അപമാനിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയാണ് ചിത്രത്തിനു പിന്നിലെന്നാണ് ബിജെപിയുടെയും കേന്ദ്രഗവണ്‍മെന്റിന്റെയും ഔദ്യോഗിക നിലപാട്.ആപിനെ ഡെല്‍ഹിയില്‍ അധികാരത്തിലെത്തിക്കുന്നതിനുവരെ വഴിവെച്ച ജനകീയ പ്രതിഷേധങ്ങള്‍ക്കു കാരണമായത് 2012 ഡിസംബര്‍ 16ന് നടന്ന ക്രൂരകൃത്യമാണ്. ഈ ജനകീയ മുന്നേറ്റത്തെ അറബ് വസന്തത്തിനു തുല്യമായി ലൈംഗിക അതിക്രമത്തിനെതിരെ ലിംഗസമത്വത്തിനുവേണ്ടിയുള്ള ഇന്ത്യന്‍ ഉയിര്‍ത്തെഴുന്നേല്പ് എന്നു വിശേഷിപ്പിച്ച ലെസ്‌ലി ഉദ്‌വിന്റെ ഡോക്യുമെന്ററി പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഗൂഢാലോചന യാണെന്ന് ബിജെപി വിശേഷിപ്പിച്ചപ്പോള്‍ ചട്ടലംഘനത്തോടൊപ്പം അതു സ്ത്രീത്വത്തിന് അപമാനകരമാണെന്ന വാദവുമായി സിപിഐ(എം) നേതൃത്വം മുന്നോട്ടുവന്നത് വ്യവസ്ഥാപിതത്വ ത്തിനും യാന്ത്രികവാദത്തിനും അടിപ്പെട്ട് ദിശാബോധം നഷ്ടപ്പെട്ട അതിന്റെ ഗതികേടിനെ ഒരിക്കല്‍കൂടി തുറന്നുകാട്ടി. സ്ത്രീ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ സമൂഹത്തിനു മുന്നില്‍ കുറ്റവാളിയുടെയും അയാളുടെ വക്കീലിന്റെയും പരാമര്‍ശങ്ങളി ലൂടെ വസ്തുനിഷ്ഠമായി തുറന്നുകാട്ടുന്നത് ഇന്ത്യന്‍ സമൂഹത്തെ ബാധിച്ച രോഗം തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും സഹായകരമാകുകയാണെന്നും നിരോധിക്കുന്നതിനുപകരം ഡോക്യുമെന്ററി ചര്‍ച്ച ചെയ്യപ്പെടുകയാണു വേണ്ടതെന്നുമുള്ള പ്രാഥമികബോധം പാര്‍ലമെന്റിലെ സിപിഐ(എം) മെമ്പര്‍മാര്‍ക്ക് നഷ്ടപ്പെട്ട് ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും പാളയത്തില്‍ ചേക്കേറിയ നാണക്കേട്എത്ര കഴുകിയാലും നീങ്ങില്ല. അതിലേറെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത് ഇപ്പോള്‍ അധികാരവടംവലിയുമായി ഡല്‍ഹി സിംഹാസനത്തില്‍ ഇരിപ്പുറപ്പിച്ചിട്ടുള്ള ആപ് തന്നെയാണ്. കൂട്ട ബലാത്സംഗത്തിനിരയായി ഡല്‍ഹി പെണ്‍കുട്ടി കൊല്ലപ്പെട്ടിതനെതിരായ ജനകീയ രോഷത്തെ മുതലെടുത്ത് അധികാരത്തിലെത്തിയ കെജ്‌രിവാളും കൂട്ടരും അതേ പെണ്‍കുട്ടിയുടെ പേരിലുള്ള ഡോക്യമെന്ററി ഇന്ത്യയിലും ലോകത്തും ഏറ്റവും വലിയ ചര്‍ച്ചയായ ദിവസങ്ങളില്‍ അധികാരത്തര്‍ക്കങ്ങളില്‍ ഇതു അറിഞ്ഞതുപോലുമില്ല. മറ്റേതൊരു ഭരണവര്‍ഗ്ഗപാര്‍ട്ടിയെയും പോലെ ആപ്പിനെ നയിക്കുന്നതും പുരുഷാധിപത്യ മൂല്യങ്ങളാണെന്ന് അതു തെളിയിച്ചു.

ബലാത്സംഗത്തിനും കൊലക്കും ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും തന്നെയാണ് സദാചാര പോലീസ് വേഷം കെട്ടുന്ന മതഭ്രാന്തന്‍മാര്‍ മുതല്‍സാക്ഷാല്‍ പോലീസുകാരും വക്കീലന്‍മാരും ന്യായാധി പന്‍മാരും രാഷ്ട്രീയനേതൃത്വങ്ങളും വരെയുള്ളവരുടേതെന്ന് അടിവരയിടുന്ന ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററി ജനാധിപത്യശക്തികള്‍ പ്രോത്സാഹിപ്പിക്കേണ്ടതുതന്നെയാണ്. ഡല്‍ഹി സംഭവത്തിനുശേഷമുള്ള രണ്ടര വര്‍ഷത്തിനുള്ളില്‍ അതിന്റെ പേരില്‍ യുപിഎ സര്‍ക്കാര്‍ അതിന്റെ ബജറ്റില്‍ 1000 കോടി രൂപയുടെ നിര്‍ഭയ ഫണ്ടു തുടങ്ങിയെങ്കില്‍ ഈ ബജറ്റില്‍ വീണ്ടുമൊരു 1000 കോടി രൂപ കൂടി മോദിഭരണം കൂട്ടിച്ചേര്‍ക്കു കയുണ്ടായി. സ്ത്രീകളുടെ സുരക്ഷക്കെന്ന പേരില്‍ പോലീസ് സംവിധാനങ്ങള്‍, ടാക്‌സി കാറുകളില്‍ പാനിക് ബട്ടണുകള്‍, കുരുമുളകു സ്‌പ്രേകള്‍, മൊബൈല്‍ സംവിധാനങ്ങള്‍, പ്രത്യേക തോക്കുകള്‍ എന്നിത്യാദി ഒട്ടേറെ സാങ്കേതിക പരിഹാരങ്ങളെപ്പറ്റി ചര്‍ച്ചയുണ്ടായി. പക്ഷേ ഓരോ മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്ന ബലാത്സംഗത്തിന്റെ നാടായി ഇന്ത്യതുടരുന്നു. മതപരവും ജാതിപരവുമായ അടിച്ചമര്‍ത്ത ലിനുള്ള ഫലപ്രദമായ ഉപകരണമായി ബലാത്സംഗത്തെ ഉപയോഗിക്കുന്ന പുരുഷാധിപത്യ ഇന്ത്യന്‍ ഭരണവര്‍ഗ്ഗം തുറന്നുകാട്ടപ്പെടുകതന്നെ വേണം. ബലാത്സംഗത്തിന്റെ സാമൂഹ്യവും മനഃശാസ്ത്രപരവുമായ ഘടകങ്ങള്‍ പരിശോധിച്ചു പരിഹരിക്കുന്നതിനു പകരം സത്യങ്ങള്‍ മൂടിവെക്കുന്ന ഒട്ടകപക്ഷി നയം അപലപനീയമാണ്. ബലാത്സംഗത്തിനു നീതീകരണം നല്‍കുന്ന പുരുഷാധിപത്യ മനോഘടനയെ, ഇന്ത്യന്‍ സാമൂഹ്യ ഘടനയെ ബാധിച്ച മഹാരോഗത്തെ ചികിത്സിക്കാതെ കേവലം ഭരണപരമായ നീക്കങ്ങളിലൂടെയും വ്യവസ്ഥാപിത ചട്ടക്കൂടി നുള്ളില്‍ നിന്നും സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണത്തെ മറികടക്കാമെന്നു വാദിക്കുന്ന ഭരണവര്‍ഗ്ഗങ്ങള്‍ക്കും ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലേക്കു ജീര്‍ണ്ണിച്ചവര്‍ക്കും കിട്ടിയ മുഖമടച്ചുള്ള പ്രഹരമാണ് 'ഇന്ത്യാസ് ഡോട്ടര്‍'.

@സഖാവ് മാസിക . 2015 മാര്‍ച്ച് ലക്കം