"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 4, തിങ്കളാഴ്‌ച

അയ്യന്‍കാളിയുടെ ലക്ഷ്യം - ദലിത്ബന്ധു എന്‍ കെ ജോസ്


പുലയക്കുട്ടികള്‍ക്ക് വിദ്യാഭ്യാസവിഷയത്തില്‍ പ്രത്യേക പരിഗണനകൊടുത്തു വളര്‍ത്തികൊണ്ടുവരുവാനുള്ള തീവ്രമായ അഭിലാഷത്തിന്റെ ഫലമാണ് അവരെ പ്രത്യേകം മാറ്റിയിരുത്തിയോ, അവര്‍ക്ക് പ്രത്യേകം സ്‌കൂളുകള്‍ പണികഴിപ്പിച്ചോ പ്രശ്‌നം അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശം കെ. രാമകൃഷ്ണപിള്ള ഉന്നയിച്ചത് എന്നാണ് അതിന് ഇന്നു പലരും ഉന്നയിക്കുന്ന സാധൂകരണം. മറ്റു കുട്ടികളോടൊപ്പം പഠിച്ച് പോകാനുള്ള ബുദ്ധിപരമായ കഴിവ് പുലയ-പറയകുട്ടികള്‍ക്കില്ലപോലും. അതിനാല്‍ അവരോട് പ്രത്യേക വാത്സല്യം കാണിക്കുകയാണ് അവര്‍ക്ക് പ്രത്യേകം സ്‌കൂള്‍ എന്നത്. എല്ലാ ചൂഷണത്തിനും എന്നും എവിടെയും ന്യായീകരണമുണ്ട്. ആട്ടിന്‍കുട്ടിയുടെ മേല്‍ ചാടിവീണ ചെന്നായ്ക്കും സ്വന്തമായ ന്യായീകരണമുണ്ടായിരുന്നു. നീ അല്ലെങ്കില്‍ നിന്റെ തന്തയാണ് വെള്ളം കലക്കിയത്. എല്ലാവരും ചൂഷണം നടത്തുന്നത് ചൂഷിതരെ ഉദ്ധരിക്കാന്‍ വേണ്ടിയാണ് എന്ന് പ്രചരിപ്പിക്കാറുണ്ട്. തനിക്ക് പുറകെവരുന്ന കുറുക്കന്‍ കോഴികളെ കൊന്നുതിന്നുന്നതില്‍ യാതൊരു മാര്‍ദ്ദവവും കാണിക്കാത്തവനാണ്. താനാണെങ്കില്‍ കോഴികളോടുള്ള സ്‌നേഹംകൊണ്ട് അവനില്‍നിന്നും ഈ പാവപ്പെട്ട കോഴിയെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ അതിനെ വളരെ മാര്‍ദ്ദവമമായി കൊന്നുഭക്ഷിക്കുന്നത് എന്നവകാശപ്പെടുന്ന കോഴിസംരക്ഷകരുണ്ട്. ഇവിടെ ഇപ്പോള്‍ തീവ്രഹിന്ദുത്വവും മൃദുഹിന്ദുത്വവും പ്രചരിപ്പിക്കുന്ന രണ്ടു സംഘടനകളുണ്ടല്ലോ. അവര്‍ പറയുന്ന ന്യായീകരണവും അതുതന്നെയാണ്. അത്തരം വിദഗ്ദനായ ഒരു കുറുക്കനാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.

അവര്‍ണ്ണരുടെയും അടിസ്ഥാനവര്‍ഗ്ഗങ്ങളുടെയും ബുദ്ധിപരമായ പാപ്പരത്തവും കഴിവുകേടും എന്നും എവിടെയും സവര്‍ണ്ണര്‍ എടുത്ത് ഉപയോഗിക്കുന്ന ഒരു കോടാലിയാണ.് പക്ഷെ അവര്‍ അയ്യന്‍കാളിയേയും ഡോ. അബേദ്ക്കറേയും പൊയ്കയില്‍ അപ്പച്ചനേയും പാമ്പാടി ജോണ്‍ജോസഫിനേയും അതുപോലുള്ള വരേയും ബോധപൂര്‍വ്വം തമസ്‌ക്കരിച്ചുകൊണ്ടാണ് അത് പറയുന്നത്. മായാവതിയും കാന്‍ഷിറാമും പോലെ ഒരു രണ്ടാം നിര വേറെയുമുണ്ട്. 'തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും വാച്ചിടും കല്ലുകള്‍ ഭാരതാംബേ..' അക്ഷരം പോലും അറിയാന്‍ പാടില്ലാതിരുന്ന അയ്യന്‍കാള ിയാണ് കേരളം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഉള്‍ക്കാഴ്ച്ചയുള്ള ദാര്‍ശനികന്‍. അംബേദ്ക്കറുടെ കാലത്ത് ഗാന്ധിയും നെഹ്‌റുവും രാജാജിയും പട്ടേലും രാജന്‍ബാബുവും കെ. എം. മുന്‍ഷിയും അങ്ങനെ നൂറുകണക്കിന് പ്രഗത്ഭരുണ്ടായിട്ടും ഭരണഘടനാനിര്‍മ്മാണത്തിന് ദലിതനായ അംബേദ്ക്കര്‍ വേണ്ടിവന്നു. അത് അവര്‍ കൊടുത്ത സൗജന്യമൊന്നുമല്ല. ഇന്നു ചിലരെല്ലാം അവകാശപ്പെടുന്നതുപോലെ ഗാന്ധി അംബേദ്ക്കര്‍ക്ക് നല്‍കിയ സംഭാവനയുമല്ലത്. അവര്‍ അംബേദ്ക്കറെ ഒഴിവാക്കാന്‍വേണ്ടി ഐവര്‍ ജെന്നിംഗ്സ്സിനെവരെ അന്വേഷിച്ചതാണ്. അംബേദ്ക്കറുടെ കഴിവുകൊണ്ട് നേടിയതാണ് അത്. അവിഭക്ത ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ ഏറ്റവുമധികം സബ്കമ്മിറ്റികളില്‍ അംഗമായിരുന്ന വ്യക്തി ഡോ. അംബേദ്ക്കറായിരുന്നു. ഏത് പ്രശ്‌നം ഉന്നയിക്കുമ്പോഴും അതിന്റെ വിശദീകരണവും പരിഹാരമാര്‍ഗ്ഗവും ഡോ.അംബേദ്ക്ക റോളം ഭംഗിയായി നിര്‍ദ്ദേശിക്കുന്ന മറ്റാരും ഉണ്ടായിരുന്നില്ല. അതിനാല്‍ വിവിധവിഷയങ്ങള്‍ക്കായി രൂപീകരിച്ച സബ്കമ്മിറ്റികളില്‍ മിക്കതിലും അദ്ദേഹവും അംഗമായി. ഇന്ത്യാ-പാക് വിഭജനത്തെത്തുടര്‍ന്ന് പാകിസ്ഥാനി ലേയ്ക്കുപോയ പ്രദേശത്തുനിന്നും ഭരണഘടനാനിര്‍മ്മാണ സമിതിയില്‍ എത്തിച്ചേര്‍ന്നവരുടെ അംഗത്വം നഷ്ടമായി. അക്കൂട്ടത്തില്‍ പൂര്‍വ്വബംഗാളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡോ.അംബേദ്ക്കര്‍ക്ക് ഭരണഘടനാ നിര്‍മ്മാണസമിതിയിലെ അംഗത്വംനഷ്ടമായി.1 അദ്ദേഹം കിഴക്കന്‍ ബംഗാളിലെ ജഷോര്‍-കുല്‍നാ മണ്ഡലത്തില്‍ നിന്നാണ് നേരത്തേ തെരെഞ്ഞെടുക്ക പ്പെട്ടിരുന്നത്. അപ്പോള്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ പ്രസിഡന്റ് രാജേന്ദ്രപ്രസാദും പ്രധാനമന്ത്രി നെഹ്‌റുവും മുന്‍കൈയ്യെടുത്ത് ബോംബെയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ്സ് മെമ്പറെ രാജിവയ്പിച്ച് പകരം ഡോ. അംബേദ്ക്കറെ അസംബ്ലിയിലേയ്‌ക്കെടുക്കുകയായിരുന്നു. അദ്ദേഹത്തെ അത്രയേറെ അന്ന് ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് ഇന്ത്യയ്ക്ക് പുറത്തുകാണിക്കാന്‍ കൊള്ളാവുന്ന ഒരു ഭരണഘടനയുണ്ടായി.

മറ്റൊരു ദലിതനാണ് ഗൗതമബുദ്ധന്‍. അദ്ദേഹം ഭരണാധികാരി യുടെ പുത്രനായതിനാല്‍ ദലിതനല്ല, ക്ഷത്രിയനാണ് എന്ന അവകാശവാദം ബ്രാഹ്മണര്‍ ഇപ്പോള്‍ ഉന്നയിക്കാറുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. അതിനുള്ള മറുപടി 'അംബേദ്ക്കറും ബുദ്ധധര്‍മ്മവും' എന്ന ഗ്രന്ഥത്തില്‍ വിശദമായിത്തന്നെ കൊടുത്തിട്ടുണ്ട്.2 ഇന്നുവരെ ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവുംവലിയ മഹാന്‍ അദ്ദേഹമാണ്. ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അനുയായികളുള്ള മതത്തിന്റെ സ്ഥാപകനും മറ്റാരുമല്ല. അദ്ദേഹം ഒരു ഗോത്രത്തലവന്റെ പുത്രനായിരുന്നു. ദലിതനായിരുന്നു.3

സാഹചര്യം അനുകൂലമായാല്‍ മറ്റ് ഏതൊരു സമുദായത്തോടു മൊപ്പം ധിഷണാശാലികളെ പ്രസവിക്കാന്‍ ദലിത് സമുദായത്തിനു കഴിവുണ്ട് എന്ന നഗ്‌നസത്യം വിസ്മരിച്ചിട്ടു കാര്യമില്ല. കൈയ്യും കാലും കൂട്ടികെട്ടിയതിനുശേഷം എന്ത് കൊണ്ട് ഇവന്‍ ഓടുന്നില്ല, ഓടാന്‍ കഴിവില്ലാത്തവനാണ് എന്നു പരാതി പറയുന്നതു പോലെയാണ് ദലിതരുടെ ബുദ്ധിപരമായ പാപ്പരത്തത്തെപറ്റി യുള്ള പരാതിയും.

തമിഴ് ബ്രാഹ്മണരുടെ അഭിപ്രായത്തില്‍ കേരളത്തിലെ നായരും (കേരളത്തിലെ പ്രഗത്ഭസമുദായം എന്ന് അവകാശപ്പെടുന്ന നായരെ തമിഴ് ബ്രാഹ്മണര്‍ അന്ന് ശൂദ്രര്‍ എന്നാണ് വിളിച്ചിരുന്നത്) ബുദ്ധിപരമായി പാപ്പരായിരുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ ഒരു ശൂദ്രന്‍ മദ്രാസ് സര്‍വ്വകലാശാലയിലെ എം. ഏ. പരീക്ഷ പാസ്സാകുകയാണെങ്കില്‍ താന്‍ മീശ വടിച്ചു കളയാം എന്ന് പശ്ചിമതാരകപത്രത്തിലൂടെ വെല്ലുവിളിച്ചത് അതുകൊണ്ടാണ്. അതിനാല്‍ ബുദ്ധിപരമായ പാപ്പരത്തം എന്നും എവിടെയും ജാതിയിലും അതിലൂടെ അധികാരത്തിലും ഉയര്‍ന്നവര്‍ താഴ്ന്നവരെ അധികാരത്തില്‍നിന്നും അകറ്റിനിര്‍ത്തുവാന്‍ വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല്ലവിയാണ്. ബുദ്ധിമാന്ദ്യത്തോടെ ജനിക്കുന്നവരൊഴികെയുള്ളവര്‍ സാമൂഹ്യ-സാമ്പത്തിക-അധികാരരംഗങ്ങളില്‍ വളരുന്നതോടൊപ്പം ബുദ്ധിയിലും വികസിക്കും എന്നത് ഇന്ന്അനുദിനം കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടി ഈഴവരെ മുഖ്യമന്ത്രിയാക്കാന്‍ കൊള്ളുകയില്ല എന്ന് ഒരു കാലത്ത് വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്ന് (2006-2011) ഒരു ഈഴവനായ അച്യുതാന്ദന്‍ മുഖ്യമന്ത്രിയായി. ഒരുകാലത്തും ഒരു കമ്യൂണിസ്റ്റു മുഖ്യമന്ത്രിക്കും അനുഭവപ്പെടാത്തവിധം രൂക്ഷമായ എതിര്‍പ്പാണ് സ്വന്തം പാര്‍ട്ടിയ്ക്കകത്തുനിന്നും ഉണ്ടായിട്ടും അദ്ദേഹം പിടിച്ചുനില്‍ക്കുന്നു.

പുലയര്‍ക്ക് പ്രത്യേക വിദ്യാലയം അനുവദിച്ചതിനുശേഷമാണ് അവര്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം വേണമെന്ന് അയ്യന്‍കാളി ആവശ്യപ്പെട്ടത്.4 അതവരുടെ അക്ഷരാഭ്യാസത്തിനു വേണ്ടി മാത്രമായി രുന്നില്ല; സാമൂഹികരംഗത്തെ തങ്ങളുടെ പിന്നോക്കാവസ്ഥ നീക്കം ചെയ്യാന്‍ കൂടിയായിരുന്നു. അതിനെയാണ് രാമകൃഷ്ണപിള്ള എതിര്‍ത്തത്. യാഥാസ്ഥിതിക സവര്‍ണ്ണര്‍ സാമൂഹ്യമായ അനാചാരങ്ങളെ പല്ലും നഖവും ഉപയോഗിച്ച് സംരക്ഷിക്കാന്‍ എന്നും ശ്രമിച്ചുകൊണ്ടി രുന്നു. സി. കേശവന്റെ കാലത്ത്‌പോലും ശൂദ്രരായ അദ്ധ്യാപകര്‍ തീയകുട്ടികളെ എറിഞ്ഞാണ് അടിച്ചു കൊണ്ടിരുന്നത് എന്ന് അദ്ദേഹത്തിന്റെ ജീവിതസമരം എന്ന ആത്മകഥയില്‍ പറയുന്നുണ്ട്.5 അദ്ധ്യാപകര്‍ വടിയുടെ ഒരു അറ്റത്ത് പിടിച്ചിരിക്കുമ്പോള്‍ മറ്റേ അറ്റം അടിക്കാന്‍ വേണ്ടിയാണെങ്കിലും തീയക്കുട്ടികളുടെ കൈയ്യില്‍ സ്പര്‍ശിച്ചാല്‍ ആ വടിയിലൂടെ അയിത്തം അദ്ധ്യാപകന്റെ ശരീരത്തില്‍ വ്യാപിക്കുമെന്ന വിചാരമാണ് എറിഞ്ഞടിക്കാന്‍ ശൂദ്രഅദ്ധ്യാപകരെ പ്രേരിപ്പിച്ചത്. വിദ്യുത്ശക്തിപോലും ഉണക്കകമ്പിലൂടെ പ്രവഹിക്കു കയില്ല. പക്ഷേ അയിത്തം പ്രവഹിക്കും. അതിനാല്‍ അന്ന് അധ്യാപക നായി നിയമിക്കാനുള്ള യോഗ്യതകളിലൊന്ന് എറിഞ്ഞടിക്കുവാ നുള്ള പരിശീലനമാണ്. വടിയുടെ ഒരറ്റം അയിത്തക്കാരനായ കുട്ടിയുടെ കൈവെള്ളയില്‍ ആഞ്ഞുപതിക്കുമ്പോള്‍ മറ്റേ അറ്റം സവര്‍ണ്ണനായ അധ്യാപകന്റെ കൈയ്യില്‍നിന്നും വിട്ടുനില്‍ക്കണം. അതാണ് എറിഞ്ഞടി. അതൊരു അഭ്യാസമാണ്. പൊതുപള്ളിക്കൂട ങ്ങളില്‍ പ്രവേശനം നല്‍കുവാന്‍ സര്‍ക്കാര്‍ അനുവദിച്ചുവെങ്കിലും സ്‌കൂളുകളിലെ അദ്ധ്യാപകര്‍ സവര്‍ണ്ണരായിരുന്നതിനാല്‍ അവര്‍ ആ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാതിരിക്കാനാണ് ശ്രമിച്ചത്. ഏതെങ്കിലും സ്‌കൂളില്‍ സര്‍ക്കാര്‍ അതിനു തയ്യാറായാല്‍ നാട്ടുകാരായ സവര്‍ണ്ണര്‍ പുലയകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഭയപ്പെടുത്തിയും മര്‍ദ്ദിച്ചും മടക്കി അയക്കാന്‍ ശ്രമിച്ചു. അയ്യന്‍കാളിതന്നെ ഏതാനും പുലയകുട്ടികളെ കൊണ്ട് ചെന്നിട്ടും സവര്‍ണ്ണര്‍ മര്‍ദ്ദിച്ച് ഓടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഏതെങ്കിലും സ്‌കൂളില്‍ പുലയകുട്ടികളെ പ്രവേശിപ്പി ക്കാന്‍ കഴിഞ്ഞാല്‍ ആ സ്‌കൂള്‍ തീവച്ച് നശിപ്പിക്കുകകൂടി ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഏതു കാരണത്തിന്റെ പേരിലായാലും അതിനു കൂട്ടുനില്‍ക്കുകയും പുലയകുട്ടികള്‍ക്കു പൊതുസ്‌കൂളില്‍ പ്രവേശനം നല്‍കേണ്ടതില്ല എന്ന് വാദിക്കുകയും ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കാതിരിക്കാന്‍ വയ്യ. അവരുടെ ആ വാദംകൊണ്ട് പ്രയോജനം ലഭിക്കുന്നത് യാഥാസ്ഥിതികര്‍ക്കാണ് എന്നതില്‍ സംശയമില്ല.

അക്ഷരം പഠിക്കാന്‍ അന്നു പുലയര്‍ക്ക് പെലപ്പള്ളിക്കൂടം എന്നു സവര്‍ണ്ണര്‍ വിളിക്കുന്ന മിഷനറി സ്‌കൂളുകളുണ്ടായിരുന്നു. ഇന്നത്തേതുപോലെ സര്‍ക്കാര്‍ സ്‌കൂളുകളെക്കാള്‍ മെച്ചമായ രീതിയിലാണ് അവ നടത്തിപ്പോന്നത്. എന്നുമാത്രമല്ല അവിടുത്തെ മാനേജ്‌മെന്റെിന്റെയും അദ്ധ്യാപകരുടെയും സമീപനം കൂടുതല്‍ മെച്ചപ്പെട്ട നിലയിലുമായിരുന്നു. എല്‍.എം.എസ്. സ്‌കൂളിലെ അദ്ധ്യാപകര്‍ അന്ന് പുലയകുട്ടികളെ അവരുടെ വീടുകളില്‍ ചെന്ന് വിളിച്ചുകൊണ്ടുവന്നിരുത്തി പഠിപ്പിക്കുകയാണ് ചെയ്ത്‌കൊണ്ടിരുന്നത.് അവരുടെ ഉദ്ദേശം എന്തുതന്നെയായി രുന്നാലും അതുകൊണ്ട് അക്ഷരാഭ്യാസം ലഭിക്കുന്നത് പുലയ-പറയ-കുറവ-ചാന്നാര്‍ കുട്ടികള്‍ക്കുതന്നെയായിരുന്നു. ആ പരിതസ്ഥിതിയില്‍ അക്ഷരാഭ്യാസം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ മിഷനറി സ്‌കൂളുകളുടെ എണ്ണം അവരോടു സഹകരിച്ചു വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് അയ്യന്‍കാളി ചെയ്യേണ്ടിയിരു ന്നത്. അതു ചെയ്യാതെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയിത്തക്കാ രുടെ കുട്ടികള്‍ക്ക് പ്രവേശനം വേണമെന്നാണ് അയ്യന്‍കാളി ശഠിച്ചപ്പോള്‍ അതിന്റെ പിന്നില്‍ വ്യക്തമായ വേറെ ലക്ഷ്യമുണ്ട് എന്നു തീര്‍ച്ചയാണ്. ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്, സവര്‍ണ്ണരെപ്പോലെതന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന ദൃഢനിശ്ചയമാണ് അതിനു പിന്നിലുള്ളത്. അതിനുംപുറമേ മുമ്പു സൂചിപ്പിച്ചതുപോലെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സവര്‍ണ്ണരും അയിത്തക്കാരും തോളോടുതോള്‍ചേര്‍ന്ന് സ്‌കൂളില്‍ പഠിച്ചാല്‍ ഭാവിയില്‍ സവര്‍ണ്ണനെ കാണുമ്പോള്‍ അയിത്തക്കാരനുണ്ടാകുന്ന ആ അടിമമനോഭാവം-ദാസ്യമനോഭാവം-പൊഴിഞ്ഞുപോകും. അതിന്റെയെല്ലാം പിന്നില്‍ അയ്യന്‍കാളിയുടെ ക്രാന്തദര്‍ശനമാണ് കാണാന്‍ കഴിയുന്നത്.6

അതിനെല്ലാം പുറമെയാണ് വെങ്ങാനൂരില്‍ സര്‍ക്കാര്‍ പുലയര്‍ക്ക് പ്രത്യേകമൊരു പള്ളിക്കൂടം അനുവദിച്ചത്. എന്നിട്ടും സര്‍ക്കാര്‍ പള്ളിക്കൂടങ്ങളിലെല്ലാം പുലയക്കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കണ മെന്ന് അയ്യന്‍കാളി ആവശ്യപ്പെട്ടു. അതു വിദ്യാഭ്യാസ രംഗത്തെ അയ്യന്‍കാളിയുടെ അജ്ഞതകൊണ്ടാണ്, അതു പുലയര്‍ക്ക് ദോഷകരമാണ് എന്നാണ് ആധുനിക സവര്‍ണ്ണ വൈജ്ഞാനികരുടെ അഭിപ്രായം. അത് തിരുത്തുക മാത്രമാണ് രാമകൃഷ്ണപിള്ള ചെയ്തത് പോലും. പുലയര്‍ക്ക്‌വേണ്ടത് എന്താണെന്ന് പുലയരെയും അയ്യന്‍കാളിയേയുംകാള്‍ കൂടുതലായി അറിയാമായിരുന്ന രാമകൃഷ്ണപിള്ള അതു ചൂണ്ടിക്കാണിച്ചു അവരെ ബോധവാന്‍മാരാക്കു കയാണ് ചെയ്തത്‌പോലും. ഇന്നു മറിച്ച് ഒരാരോപണത്തിന് അത് കാരണമായി എന്ന ദുഃഖമാണ് ഈ ന്യായീകരണ വാദികള്‍ക്കുള്ളത് എന്നാണ് അഭിനയിക്കുന്നത്. പണ്ട് പുലയര്‍ അടിമകളായിരുന്ന കാലത്ത് പുലയര്‍ക്ക് എന്താണു വേണ്ടത്, അവന്റെ, അവളുടെ പേര് എന്തായിരി ക്കണം, അവന്‍ ആരെ വിവാഹം കഴിക്കണം, അവര്‍ ഏതു മതത്തില്‍ വിശ്വസിക്കണം എന്നെല്ലാം പുലയര്‍ക്ക് വേണ്ടി തിരുമാനിച്ചിരുന്നത് അവരുടെ ഉടമകളായിയിരുന്നു. അങ്ങനെ നൂറ്റാണ്ടുകളല്ല സഹസ്രാബ്ദങ്ങള്‍തന്നെ പുലയര്‍ക്ക് വേണ്ടത് എന്താണ് എന്ന് തമ്പുരാക്കന്‍മാര്‍ തീരുമാനിച്ചു. അതു കൊടുത്ത് അവരെ സംരക്ഷിച്ചതിന്റെ ഫലമാണ് രാമകൃഷ്ണപിള്ളയുടെ കാലത്തും ഇന്നും പുലയര്‍ അനുഭവിക്കുന്നത്. ആ തമ്പുരാക്കന്‍മാരുടെ ആധുനിക പതിപ്പാണ് രാമകൃഷ്ണപിള്ള എന്നു വ്യക്തമായി. ഇന്നും പുലയര്‍ക്ക് വേണ്ടി സംഘടനകള്‍ കെട്ടിപ്പടുക്കുന്നതും അവരുടെ വികസനത്തിനു വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും അതു നടപ്പാക്കുന്നതു മെല്ലാം സവര്‍ണ്ണര്‍ തന്നെയാണല്ലൊ. അംബേദ്ക്കറോട് ഗാന്ധി പറഞ്ഞതും അതുതന്നെയാണ്. അടിസ്ഥാനജനവിഭാഗങ്ങള്‍ക്ക് വേണ്ടത് എന്താണ് എന്ന് തനിക്കറിയാം, താനാണ് അംബേദ്ക്കറെ ക്കാളേറെ അവരുടെ പ്രതിനിധി എന്നാണ് അദ്ദേഹം വട്ടമേശാ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. സംവരണം ദലിതര്‍ക്ക് ഗുണമല്ലാ ദോഷം മാത്രമേ ചെയ്യുകയുള്ളു എന്നും ഗാന്ധി അഭിപ്രായപ്പെട്ടു. സഹവിദ്യാഭ്യാസം ദലിതര്‍ക്ക് ദോഷകരമാണെന്ന് രാമകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു. ഗാന്ധി സ്ഥാപിച്ച ഹരിജന്‍ സേവാസമിതിയില്‍ ഒതു ഹരിജന്‍പോലും ഇല്ലാതെപോയത് ആ അഭിപ്രായത്തിന്റെ പിന്‍ബലത്തിലാണ്. അതിനാല്‍ അവരെല്ലാം ഇന്നും രാമകൃഷ്ണ പിള്ളയെ അനുകരിക്കുന്നു എന്നു പറയാം. ഗാന്ധിതന്നെ അക്കാര്യത്തില്‍ രാമകൃഷ്ണപിള്ളയുടെ ശിഷ്യനാണ്. രാമകൃഷ്ണപിള്ള 1910 ല്‍ പറഞ്ഞു; ഗാന്ധി 1932 ല്‍ പറഞ്ഞു.

എവിടെയെങ്കിലും എങ്ങനെയെങ്കിലും പുലയകുട്ടികള്‍ വിദ്യാഭ്യാസം നേടുക എന്നതായിരുന്നില്ല അയ്യന്‍കാളിയുടെ ലക്ഷ്യം. അതായിരുന്നുവെങ്കില്‍ പുലയകുട്ടികള്‍ക്ക് പ്രത്യേക സ്‌കൂളുകളുംക്ലാസുകളുമായിരുന്നു നല്ലത്. അത് ഒരെണ്ണം സര്‍ക്കാര്‍ അനുവദി ച്ചിരുന്നു. മിഷനറി സ്‌കൂളുകളും ഒരു പരിധിവരെ ആ വിധത്തിലുള്ളതാ യിരുന്നു. വിദ്യാഭ്യാസ ത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കിയ മനുഷ്യനായിരുന്നു അയ്യന്‍കാളി. അക്ഷരം എഴുതാനും അക്ഷരം വായിക്കാനും കണക്കുകൂട്ടാനും പഠിക്കുന്നതല്ല വിദ്യാഭ്യാസം; മനുഷ്യനായി ജീവിക്കുന്നതിനുള്ള തയ്യാറെടുപ്പാണ് വിദ്യാഭ്യാസം. അയിത്തജാതിക്കാര്‍ അന്നുവരെ ജീവിച്ചത് മനുഷ്യരായിട്ടല്ല; അടിമകളും ചണ്ഡാലരും വാനരരും രാക്ഷസരും കാട്ടാളരുമെല്ലാ മായിട്ടാണ്. അത് അവരില്‍ സൃഷ്ടിച്ച അധമബോധം മാറണമെങ്കില്‍ ചെറുപ്പംമുതലേ സവര്‍ണ്ണര്‍ക്ക് തുല്യരാണ് തങ്ങള്‍ എന്ന ബോധം അവരിലുണ്ടാകണം. അയ്യന്‍കാളി അക്ഷരം പഠിച്ചിട്ടല്ല മനുഷ്യനായത്. അസംബ്ലിയില്‍ അംഗമായിരുന്ന കാലത്തുപോലും അക്ഷരം എഴുതാന്‍ അദ്ദേഹത്തിന റിഞ്ഞുകൂടായിരുന്നു. പക്ഷേ വീടിനു പുറത്തിറങ്ങിയ നാള്‍തൊട്ട് താനും ഈ നാട്ടില്‍ ഏതൊരു സവര്‍ണ്ണനെയും പോലെ അധികാരാവകാശ ങ്ങളുള്ള ഒരു മനുഷ്യനാണ് എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് അയ്യന്‍കാളി നേടിയ വിദ്യാഭ്യാസം. ഇന്ന് ആര്‍. എസ്. എസ്. അവകാശപ്പെടുന്നതു പോലെ മതവും ജാതിയും നോക്കി നിജപ്പെടുത്താനുള്ളതല്ല പൗരാവകാശങ്ങള്‍. (ഇന്ന് അയ്യന്‍കാളിയെ ആര്‍.എസ്.എസ് കാരനാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉദാഹരണം ടി.എ.മാത്യൂസിന്റെ ആചാര്യ അയ്യന്‍കാളി എന്ന പുസ്തകം) ചരിത്രാതീതകാലംമുതല്‍ ഈ നാട്ടില്‍ ജീവിച്ചു വളര്‍ന്നവരുടെ സന്തതികള്‍ക്കുതന്നെയാണ് നാട്ടില്‍ പ്രാഥമികാവകാശം എന്ന ബോധം തന്റെ അനന്തര തലമുറകളിലേയ്ക്കുകൂടി പകരണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍സ്‌കൂള്‍ പ്രവേശനകാര്യത്തില്‍ അദ്ദേഹം അത്രയേറെ നിര്‍ബന്ധബുദ്ധി കാണിച്ചത്. സര്‍ക്കാര്‍ എല്ലാവരുടേതുമാണ് എന്ന അടിസ്ഥാനത്തിലാണ് അയ്യന്‍കാളി തന്റെ ആശയങ്ങളില്‍ മുറുകെ പിടിച്ചത്.

അയിത്തക്കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അവരുടെ അടിമപ്പേരുകള്‍ മാറ്റി കേരളീയനാമങ്ങളില്‍ അവരെ സ്‌കൂളില്‍ ചേര്‍ക്കുവാന്‍ അയ്യന്‍കാളി ശ്രമിച്ചിരുന്നതും നിര്‍ദ്ദേശം നല്‍കിയിരു ന്നതും സ്‌കൂള്‍ പ്രവേശനം അക്ഷരാഭ്യാസത്തിന് മാത്രമുള്ള ഒരുപാധിയായി അയ്യന്‍കാളി കാണാതിരുന്നത് മൂലമാണ്.

നിലം കൃഷിചെയ്തു വന്നിരുന്നവര്‍ക്ക് വിദ്യ അഭ്യസിക്കാന്‍ കഴിവു കുറയും എന്ന രാമകൃഷ്ണപിള്ളയുടെ വാദം എല്ലാ ജെനിറ്റിക്ക്‌സിദ്ധാന്തങ്ങള്‍ക്കും എതിരാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം അയ്യന്‍കാളിതന്നെയാണ്. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മഹാത്മാവ ്ഒരു പുലയനായ കര്‍ഷകത്തൊഴിലാളിയുടെ മകനായ അയ്യന്‍കാളിയാണ്. ഇന്നു ആ സ്ഥാനത്ത് ചിലരെല്ലാം ചേര്‍ന്ന് പ്രതിഷ്ഠിച്ചിരിക്കുന്ന ശങ്കരാചാര്യര്‍ക്കു ലഭിച്ച എല്ലാ ഭൗതിക പരിസ്ഥിതികളും അയ്യന്‍കാളിക്കു ലഭിച്ചിരുന്നുവെങ്കില്‍ പ്രാഗത്ഭ്യത്തില്‍ പുലയന്‍ നമ്പൂതിരിയെ വെല്ലുവിളിക്കുമായിരുന്നു എന്നത് കേവലം യുക്തി മാത്രമാണ്. (ശങ്കരാചാര്യരെപ്പറ്റി സ്വാമി വിവേകാനന്ദനു ണ്ടായിരുന്ന അഭിപ്രായം ഞാന്‍ പലയിടത്തും ഉദ്ധരിച്ചിട്ടുള്ളതി നാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അത്രയേറെ ക്രൂരനും മതഭ്രാന്തനും ഭീകരപ്രവര്‍ത്തകനുമായ മറ്റൊരാള്‍ ഇന്ത്യയില്‍ ജനിച്ചിട്ടില്ല എന്നാണ് സ്വാമിയുടെ അഭിപ്രായം) പുലയന്‍ ഈ നാട്ടുകാരനാണ്, നമ്പൂതിരി വിദേശിയാണ്, വന്നവനാണ്, വരത്തനാണ്. വരത്തന് എന്നും നാട്ടുകാരന്‍ കഴിവില്ലാത്തവനാണ് എന്നു സ്ഥാപിച്ചെടുത്താല്‍ മാത്രമേ നിലനില്‍പ്പുള്ളൂ.