"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 9, ശനിയാഴ്‌ച

ഭഗവദ്ഗീത - ശശിക്കുട്ടന്‍ വാകത്താനം


ആസ്തികരും നാസ്തികരും അടക്കം ഇന്ത്യയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്തിട്ടുള്ള ഗ്രന്ഥം ഭഗദ് ഗീതയായിരിക്കും. ഇന്ത്യയില്‍ ഏറ്റവും അധികം വ്യാഖ്യാനമുണ്ടായതും വിമര്‍ശനം ഉണ്ടായതുമായ ഗ്രന്ഥവും ഇതായിരിക്കും. ഇത്രയധികം പ്രാധാന്യം കല്‍പ്പിക്കാന്‍ ഇതിലെന്താണുള്ളത്. ഒരു ഹിന്ദുമത വിശ്വാസി അല്ലാതിരുന്നിട്ടുകൂടി ഗാന്ധിജി എന്തുകൊണ്ടാണ് ഭഗവദ്ഗീതയെ കയ്യൊഴിയാതിരുന്നത്. 1920ല്‍ രാംപ്രസാദ് മിസ്മില്‍ ഖുദിറാം തൂക്കിലേറിയപ്പോള്‍ എന്തിനാണ് ഭഗവദ്ഗീത കയ്യില്‍ വച്ചിരുന്നത്. ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും ഉത്തരം ലളിതമായി തീരുന്നില്ല എന്നതു കൊണ്ടുമാത്രം അതിന്റെ പ്രസക്തി നിലനില്‍ക്കണമെന്നില്ല. അതിനു കാരണം പലതുണ്ട്. 

ഋഗ്വേദത്തിലെ പത്താം മണ്ഡലത്തില്‍ രൂപപ്പെടുത്തിയ ജാതിവ്യവസ്ഥയെ സ്ഥാപിച്ചെടുക്കാനാണ് പുരാണകാലത്തിലെ സൃഷ്ടിയായ ഭഗവദ്ഗീതയെ ഉപയോഗപ്പെടുത്തിയത്. ഇന്ത്യയിലെ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിലെ 18-ാം അദ്ധ്യായത്തില്‍ പാണ്ഡവന്മാരില്‍പ്പെട്ട അര്‍ജ്ജുനനും തേരാളിയായ കൃഷ്ണനും തമ്മിലുള്ള സംഭാഷണമാണ് തുടക്കം. പതിനെട്ടാ യുദ്ധത്തില്‍ ഇരുവശത്തും അണിനിരന്നിരിക്കുന്ന ശത്രുസൈന്യ ത്തില്‍പ്പെട്ട പാണ്ഡവ പക്ഷക്കാരനായ അര്‍ജ്ജുനന്‍ കൃഷ്ണനോട് ('സ്വജനം ഹി കഥം ഹത്വാ സുഖിനഃ ശ്യാമ മാധവ') അല്ലയോ കൃഷ്ണാ, ബന്ധുക്കളെ കൊന്നിട്ട് എങ്ങനെയാണ് സുഖമായി രിക്കുന്നത് എന്നു ചോദിക്കുന്നു. അതിന് കൃഷ്ണന്‍ കൊടുക്കുന്ന മറുപടി, ഈ ആത്മാവ് ആരെയും കൊല്ലുന്നില്ല. മരിക്കുന്നുമില്ല. ഉണ്ടായിട്ടു പിന്നെ ഇല്ലാതാവുകയും ചെയ്യുന്നില്ല. ഈ ആത്മാവ് ജനിക്കാത്തവനും നിത്യനും ശാശ്വതനും പുരാണനും ആകുന്നു. ശരീരമോ നശിച്ചാലും ആത്മാവ് കൊല്ലപ്പെടുന്നില്ല. ഈ ആത്മാവിനെ ആയുധംകൊണ്ടു മുറിക്കാനോ തീകൊണ്ടു ചുടുവാനോ വെള്ളംകൊണ്ടു കുതിര്‍ക്കാനോ കാറ്റുകൊണ്ടുണക്കു വാനോ സാധ്യമല്ല. ഇങ്ങനെ'മുട്ടാപ്പോക്കുകൊണ്ട്' കാര്യം സാധിക്കാനാണ് കൃഷ്ണന്‍ ശ്രമിക്കുന്നത്. സ്വധര്‍മ്മത്തെക്കാള്‍ ക്ഷത്രിയനു ശ്രേയസ്‌ക്കരമായി മറ്റൊന്നില്ല. എന്നു പറഞ്ഞ് അര്‍ജ്ജുനനെ കര്‍മ്മനിരതനാക്കുകവഴി വര്‍ണ്ണാശ്രമ ധര്‍മ്മത്തെ സ്ഥാപിക്കാനാണ് ശ്രമം നടത്തിയത്. 'ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മ വിഭാഗഃ' (ഗുണകര്‍മ്മങ്ങളെ വിഭജിച്ച് മനുഷ്യരില്‍ നാലുവര്‍ണ്ണങ്ങളെ ഞാനാണു സൃഷ്ടിച്ചത്-ഭഗവദ് ഗീത) അതോടൊപ്പം എല്ലാക്കാലത്തും അതു നിലനിര്‍ത്താന്‍ അവതാരമെടുക്കുമെന്നും കൃഷ്ണന്‍ പ്രഖ്യാപിക്കുന്നു.

യദാ യദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാന മധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ

ഋഗ്വേദത്തില്‍ കൃഷ്ണനെ ഇന്ദ്രന്‍ യുദ്ധത്തില്‍ തോല്‍പ്പിക്കു ന്നതായി ഒരു കഥയുണ്ട്. ഈ കൃഷ്ണന്‍ സിന്ധു നാഗരികതയിലെ ഒരു ദൈവമായിരുന്നിരിക്കാം എന്ന് ഡി ഡി കോസാംബി നിരീക്ഷിക്കുന്നുണ്ട്. ഒരുപക്ഷേ ഈ കൃഷ്ണനാകാം പുരാണത്തില്‍ പ്രത്യക്ഷപ്പെടുന്ന വിഷ്ണുവിന്റെ അവതാരമായ കൃഷ്ണന്‍. ഈ കൃഷ്ണനായിരുന്നില്ല ചാതുര്‍വര്‍ണ്ണ്യം സൂഷ്ടിച്ചത്. ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് ചാതുര്‍വര്‍ണ്ണ്യത്തെക്കുറിച്ചു പറയു ന്നത്. അതേറ്റെടുക്കുകമാത്രമായിരുന്നു കൃഷ്ണന്‍ ചെയ്തത്. 

ഗീതയും രാമായണവും മഹാഭാരതവും ഹിന്ദുത്വത്തിന്റെ അജണ്ടയെ നടപ്പാക്കുന്ന വ്യത്യസ്ത കഥകള്‍ ഉള്‍ക്കൊള്ളുന്നതും ചാതുര്‍വര്‍ണ്ണ്യത്തെ സ്ഥാപിച്ചെടുക്കാനുമാണ് ശ്രമിക്കുന്നത്. ഋഗ്വേദത്തിന്റെ അവസാനകാലത്ത് ചാതുര്‍വര്‍ണ്ണ്യം നിലവില്‍ വന്നിരുന്നെങ്കിലും നടപ്പിലാക്കാന്‍ കഴിയാതെ പോയിരുന്നു എന്ന് ഉപനിഷത് കാലവും പുരാണകാലവും സൂചിപ്പിക്കുന്നുണ്ട്. ബൃഹദാരണ്യകോപനിഷത്തില്‍ അത്തരം ഒരു കഥയുണ്ട്. ഉദ്ദാലകന്‍ എന്ന മഹര്‍ഷിയുടെ മകനായ ശ്വേതകേതുവിന്റെ മുന്‍പില്‍വച്ച് അമ്മയെ ദൂസുരനെന്നൊരാള്‍ പിടിച്ചുകൊണ്ടു പോയി അവരുടെ കണ്‍മുന്നില്‍വച്ച് ഭോഗിച്ചു. ഇതുകണ്ടു കോപിച്ച മകനോട് ഉദ്ദാലകന്‍ പറഞ്ഞു. ഉണ്ണീ നീ കോപിക്കേണ്ട, പണ്ടുമുതലേ ഇതു നമ്മുടെ ധര്‍മ്മമാണ്. ഈ മന്നില്‍ സ്ത്രീകള്‍ അനാവൃതകളായി നാനാജാതിയില്‍ ചേരുന്നതിനു വിരോധമില്ല. മനുഷ്യജാതിയില്‍ പെട്ടവര്‍ തമ്മില്‍ സംയോഗത്തിനുവിരോധമില്ല. സ്വന്തം ഭര്‍ത്താവല്ലാതെ മറ്റൊരാള്‍ ഭാര്യയെ ഭോഗിക്കുന്നത് പാപമാണെന്ന ബോധത്തില്‍ ശ്വേതകേതു ഉറച്ചുനിന്നു. 

മഹാഭാരതത്തിന്റെ ആദി പര്‍വ്വത്തില്‍ പാണ്ഡു കുന്തിയോട് ഇതുതന്നെ പറയുന്നു. പണ്ട് നാരിമാര്‍ അനാവൃതകളായിരുന്നു. ആര്‍ക്കും പ്രാപിക്കാന്‍ വിരോധമില്ലായിരുന്നു. അത് ആചാരവും ധര്‍മ്മവുമായിരുന്നു. (കുന്തിക്കുണ്ടായ അഞ്ചുമക്കളും അഞ്ചു പേരുടേതായിരുന്നു. പാഞ്ചാലിക്ക് അഞ്ച് ഭര്‍ത്താക്കന്മാരുണ്ടാ യിരുന്നു) ഇതിനെതിരെ ഭഗവത്ഗീത ഇങ്ങനെ പ്രഖ്യാപിക്കുന്നു.

ദോഷൈരേ തൈഃകുലഘ്‌നാനാം വര്‍ണ്ണസങ്കര കാരകൈഃ
ഉത്സാദ്യന്തേജാതി ധര്‍മ്മഃകുലധര്‍മ്മാശ്ചസാസ്വതഃ (അദ്ധ്യായം 1 ശ്ലോകം 41-42)

അനാചാരം കുലം മുടിക്കുന്നതുകൊണ്ട് കുലസ്ത്രീകള്‍ ദുഷിച്ചുപോകുന്നു. കുലം മുടിക്കുന്നവരുടെ വര്‍ണസങ്കരം ഉണ്ടാകുന്നു. ഈ ദോഷങ്ങളെക്കൊണ്ട് പരമ്പരയായി നില്‍ക്കുന്ന ജാതി ധര്‍മ്മങ്ങളും കുലധര്‍മ്മങ്ങളും നശിപ്പിക്കപ്പെടുന്നു. ഇത്തരത്തിലുള്ള നാശങ്ങളില്‍നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനാണ് ഭഗവദ്ഗീത പറയുന്നത്. പുരാണങ്ങളുടെ കാലത്ത് ബ്രാഹ്മണരുടെ സ്ഥിതി പരിതാപകരമായിരുന്നു എന്ന് മഹാഭാരത കഥതന്നെ പറയുന്നു. നൂറ്റുവരുടെയും പാണ്ഡവരുടെയും ഗുരുവായ ദ്രോണാചാര്യര്‍ക്ക് സ്വന്തം മകന് പാലുവാങ്ങിക്കൊടുക്കാന്‍ നിവര്‍ത്തിയില്ലാതിരുന്നിട്ട് അരിമാവു കുറുക്കി പാലാണെന്നു പറഞ്ഞു കൊടുക്കേണ്ടിവന്നു. 

ജാതി വ്യവസ്ഥാപിതമല്ലാതിരുന്നതിനാല്‍ ഏതെങ്കിലും ഒരു ജനവിഭാഗത്തിനു മാത്രമായി മേധാവിത്വം ഉണ്ടായിരുന്നില്ല. ഉദാഹരണത്തിന്, തമിഴ്‌നാട്ടില്‍ വെള്ളാളരിലെ ഒരു വിഭാഗം ഭൂമിയുടെ ഉടമസ്ഥരും സമ്പന്നരുമായിരുന്നു. ഇവര്‍ക്ക് രാജ്യം ഭരിക്കുന്നവരുമായി വൈവാഹിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയുന്ന യോഗ്യത കല്‍പ്പിച്ചിരുന്നു. എന്നാല്‍ അവരിലെ തന്നെ ദരിദ്രര്‍ കൃഷിപ്പണിക്കാരായിരുന്നു. ഒരു ജാതിയിലെതന്നെ ഇത്തരം വിഭാഗീയത അവസാനിപ്പിക്കേണ്ടത് സവര്‍ണ്ണരുടെ ആവശ്യമായിരുന്നു. ഒരുകാലത്ത് ഇന്ത്യയില്‍ എവിടെയും ജാതിമാറുന്നതിന് പ്രശ്‌നം ഉണ്ടായിരുന്നില്ല. സാമ്പത്തികമായ അസമത്വം മാത്രമായിരുന്നു നിലനിന്നിരുന്നത്. ഇത്തരത്തില്‍ നിലനിന്നിരുന്ന സാമ്പത്തിക അസമത്വത്തിന്റെയും മറ്റ് അരാജകത്വത്തിന്റെയും അന്ത്യം കുറിക്കാനായിരുന്നു ഭഗവദ്ഗീത ശ്രമിച്ചത്. അതിന് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ അകറ്റി നിര്‍ത്തുകയും അതുവഴി അവരെ ആവോളം ചൂഷണത്തിനു വിധേയമാക്കുകയുമാണു ചെയ്തത്. ഇതു തിരിച്ചറിയാത്ത ശൂദ്രനും ശൂദ്രനു താഴെവരുന്നവരും സ്വന്തം ശവക്കുഴി തോണ്ടുകയാണ് രാമായണ മാസാചരണത്തിലൂടെയും ഭാഗവത സപ്താഹയജ്ഞത്തിലൂടെയും ഗീതാപ്രഭാഷണ പരമ്പരക്കു നേതൃത്വം കൊടുക്കുന്നതിലൂടെയും ചെയ്യുന്നത്. ഇതിനെയെല്ലാം ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തുകയുമാണ് സംഘപരിവാര്‍ ശക്തികളും ക്ഷേത്ര സംരക്ഷണ സമിതികളും ചെയ്തുകൊണ്ടി രിക്കുന്നത്. 

ഗീതയുടെ പ്രസക്തി പ്രത്യക്ഷപ്പെടുന്നത് 19-ാം നൂറ്റാണ്ടോടു കൂടിയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു രാഷ്ട്രീയായുധമായി അതിനെ ഉപയോഗിക്കാന്‍ കഴിഞ്ഞതിലൂടെയാണ് അത് കൂടുതല്‍ പ്രസക്തമാകുന്നത്. രാജ്യത്തിനുവേണ്ടി രക്തസാക്ഷിയാകുന്നത് അവനവന്റെ കര്‍മ്മമാണെന്ന് ഭഗവദ്ഗീത ചൂണ്ടിപ്പറയുന്നു.

സഹജാകര്‍മ്മ കൗന്തേയ
സദോഷമപി ന ത്യജേത്
സര്‍വ്വാരംഭ ഹി ദോഷേണ
ധൂമേനാഗ്നിരിവവൃതാ (XVIII 48)

അഥവാ മരിച്ചാലോ

വാസാംസി ജീര്‍ണ്ണാനിയഥാവിഹായ
നവാനി ഗൃഹ്ണാതിനരോ പരാണി
തഥാ ശരീരാണി വിഹായ ജീര്‍ണ്ണ
ന്യന്യാനി സംയോനി നവാനിദേഹി (II22)

ആത്മാവ് വസ്ത്രം മാറുന്നതുപോലെ മറ്റു ശരീരത്തില്‍ പ്രവേ ശിക്കുന്നതിനാല്‍ പ്രത്യേകിച്ചെന്തെങ്കിലും നഷ്ടം സംഭവിക്കുന്നുമില്ല. എന്നീ ഉപദേശങ്ങളാണ് രക്തസാക്ഷിത്വത്തിലേക്ക് സമരക്കാരെ നയിച്ചത്.

19-ാം നൂറ്റാണ്ടില്‍ ഗീതയെ വ്യാഖ്യാനിക്കുകയും അതില്‍നിന്നും രാഷ്ട്രീയ പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്ത ആള്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിയായിരുന്നു. 1908ലെ മണിക്തോള ബോംബുകേസില്‍ ശിക്ഷിക്കപ്പെടുകയും പില്‍ക്കാലത്ത് പോണ്ടിച്ചേരിയിലെ മഹര്‍ഷിയായി തീരുകയും ചെയ്ത അരവിന്ദഘോഷാണ് മറ്റൊരാള്‍. മണ്ഡാലയാ ജയിലില്‍ 1908 മുതല്‍ തടങ്കലിലായിരുന്നപ്പോഴാണ് ബാലഗംഗാധര തിലകന്‍ ഗീതാരഹസ്യം എഴുതുന്നത്. 'ഗീതാരഹസ്യം' അഥവാ' കര്‍മ്മ ശാസ്ത്രം' എന്നായിരുന്നു അതിന്റെ മുഴുവന്‍ പേര്. മറാഠിയില്‍ നിന്നും ബംഗാളിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് രവീന്ദ്ര നാഥ ടാഗോറിന്റെ ജ്യേഷ്ഠ സഹോദരന്‍ ജ്യോതിനാഥ ടാഗോറാ യിരുന്നു.1925ല്‍ ആദ്യ പതിപ്പിറങ്ങി.

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന സൈദ്ധാന്തികമോ പ്രായോഗികമോ ആയ സിദ്ധാന്തങ്ങള്‍ ഒന്നുംതന്നെ അന്നു നിലവിലുണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ ചില പ്രമേയങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ ഭൂരിപക്ഷം ഹിന്ദുക്കള്‍ ആയിരുന്നതിനാല്‍ നിഷ്‌കാമകര്‍മ്മം ചെയ്യാന്‍ പറയുന്ന ഭഗവദ്ഗീതയ്ക്കു പ്രാധാന്യം ഉണ്ടാകുകയും ചെയ്തു. നീ കൊല്ലപ്പെടുകയാണെങ്കില്‍ സ്വര്‍ഗ്ഗം കിട്ടും. വിജയിച്ചാല്‍ രാജാവാകും അതുകൊണ്ട് യുദ്ധംചെയ്യുക. (കര്‍മ്മംചെയ്യുക ഫലം ഇച്ഛിക്കരുതെന്നു പറയുന്ന കൃഷ്ണന്‍ തന്നെയാണ് ഇതും പറയുന്നത്. യുദ്ധത്തില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗംകിട്ടും)

ഹതോവ പ്രാപ്‌സ്യസി സ്വര്‍ഗ്ഗം
ജിത്വാ വാ ദോക്ഷ്യ സേ മഹിം
തസ്മാദ്ദുത്തിഷ്ഠ കൗന്തേയ
യുദ്ധായ കൃത നിശ്ചയ (II- 32)