"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 22, വെള്ളിയാഴ്‌ച

കുറവരുടെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും - കുന്നുകുഴി എസ് മണി
കുറവര്‍ സമുദായത്തില്‍ സ്ത്രീ ദേവതകളെ ഉപാസിക്കുന്നവരാണ് ഏറേയും. ഭാരതീയ സങ്കല്പം തന്നെ അമ്മദൈവമാണല്ലോ. ഹാരപ്പ, മോഹന്‍ജൊദാരോ എന്നിവിടങ്ങളില്‍ നിന്നും ഖനനം ചെയ്തപ്പോള്‍ കിട്ടിയതും അമ്മദൈവ ത്തെയാണ്. ആദിദ്രാവിഡ സംസ്‌കാരമാണ് ഇവിടെ നിന്നും ഖനനം ചെയ്‌തെടുത്തവ. പഞ്ചപാണ്ഡവന്മാരുടെ പത്‌നിയായ പാഞ്ചാലി ഇവരുടെ സ്ത്രീ ദേവതയാണെങ്കിലും മുരുകനെ ഇവര്‍ കുലഗുരുവായി കരുതുന്നു. ഇതുസംബന്ധിച്ച നിരവധി മിത്തുകളും ഇവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. മിത്തുകള്‍ ചരിത്രമല്ലാത്തതു കൊണ്ടുതന്നെ ഇവിടെ പ്രസക്തവുമല്ല. മറ്റൊരു സവിശേഷത ബ്രാഹ്മണരെപ്പോലെ മന്ത്രതന്ത്രാദികളോടല്ല കുറവര്‍ ദേവപ്രതിഷ്ഠ നടത്തി ആരാധിക്കുന്നത്. ബ്രാഹ്മണ പ്രഭാവം സംഭവിക്കുന്ന തിന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കുറവര്‍ യാതൊരു മന്ത്രതന്ത്ര അകമ്പടിയും കൂടാതെ ദേവന്മാരെ / ദേവതകളെ പ്രതിഷ്ഠിച്ച് ആരാധന നടത്തിപ്പോന്നിരുന്നു. കുറവരുടെ ക്ഷേത്രങ്ങളിലെ പൂജാരിമാരെ 'ഊരാളിമാര്‍' എന്നാണ് വിളിക്കുന്നത്. ഇവരും കുറവരില്‍ പെട്ടവര്‍ തന്നെ.

പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന 'കല്ലേലി അപ്പൂപ്പന്‍ ക്ഷേത്രം' കുറവരുടെ പ്രധാന ദേവനാണ്. കല്ലേലി അപ്പൂപ്പനെന്നത് സാക്ഷാല്‍ ശിവന്‍ തന്നെയാണ്. ശിവന്റെ സവര്‍ണപ്പേരാണ് മഹാദേവന്‍. അതുപോലെ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കുന്നത്തൂരുള്ള 'പെരു ഉരുത്തി മലനട'യും കുറവരുടെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്. പില്ക്കാലത്ത് ബ്രഹ്മണപ്രഭാവമുണ്ടായ കാലത്ത് ഈ ക്ഷേത്രത്തില്‍ ദുര്യോധന പ്രതിഷ്ഠ നടത്തിയത് ബ്രാഹ്മണിക് കടന്നുകയറ്റത്തിന്റെ സംഭാവനയായിരുന്നു. അങ്ങനെയാണ് ദുര്യോധനന്റെ കാല്പാടുകള്‍ ഇവിടെ പൂജിക്കുവാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദിദ്രാവിഡ ഗോത്രത്തില്‍പ്പെട്ട കുറവര്‍ ബ്രാഹ്മണിക്കല്‍ മന്ത്രതന്ത്രാദികള്‍ കൂടാതെ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ കള്ള്, ചാരായം, താംബൂലം, കോഴിയിറച്ചി എന്നിവയാണ് നിവേദ്യങ്ങളായി സമര്‍പ്പിച്ചിരുന്നത്. പെരു ഉരുത്തി മലനട ക്ഷേത്രത്തിലും പണ്ട് കുറവര്‍ നിവേദ്യം അര്‍പ്പിച്ചിരുന്നത് കള്ളും കോഴിയിറച്ചിയുമായിരുന്നു. കംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച തുടങ്ങി രണ്ടാമത്തെ വെള്ളിയാഴ്ച ഇവിടത്തെ ഉത്സവം സമാപിക്കും. ഈ ഉത്സവത്തിന് 'മലക്കൊട' എന്നു പറഞ്ഞുവരുന്നു.

ഈ മലക്കൊടയോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് പുലയരുടെ ക്ഷേത്രമായ മണ്ടക്കാട്ട് 'കൊട'. ഇവിടേക്ക് പുലയരോടൊപ്പം തന്നെ കുറവരിലെ സ്ത്രീകളും പുരുഷന്മാരും ഭക്ത്യാദരവോടെ ഇരുമുടിക്കെട്ടു മായി ശരണംവിളികളോടെ കാല്‌നടയായി പോകുന്ന പാരമ്പര്യം ഇന്നും അന്യം നിന്നിട്ടില്ല. മണ്ടക്കാട് ക്ഷേത്രോത്സവത്തിന് എത്തുന്നവരില്‍ ഏറെയും കീഴാളരാണ്.

കാവുകളും ക്ഷേത്രങ്ങളും നിര്‍മിച്ച് കുറവര്‍ പ്രതിഷ്ഠ നടത്തിവന്ന പല കാവുകളും ക്ഷേത്രങ്ങളും ബ്രാഹ്മണ പ്രഭാവത്തോടെ എല്ലാം അവരുടെ കൈപ്പിടിയിലൊതുക്കുകയും അവിടെയെല്ലാം സവര്‍ണ ദേവന്മാരെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഒടുവില്‍ കുറവരുടെ ക്ഷേത്രങ്ങളുടേയോ കാവുകളുടേയോ നാലയലത്തു ചെല്ലാന്‍ പോലും കഴിയാത്തവണ്ണം അശുദ്ധി കല്പിക്കപ്പെട്ടു. കഴുനാട്ടു മലയില്‍ കുറവര്‍ സ്ഥാപിച്ച 'ഇങ്ങളയപ്പന്‍' ക്ഷേത്രവും ഇങ്ങനെ അന്യാധീനപ്പെട്ടുപോയി. അതുപോലെ കാവും കളവുമുള്ള 'വെളിയം' എന്ന സ്ഥലങ്ങളും. കുറവര്‍ സമുദായത്തിന്റെ പരദേവതകളെ പ്രതിഷ്ഠിച്ചിരുന്ന സ്ഥലങ്ങള്‍ക്ക് 'നാരായണമംഗലം' എന്നും പേരുണ്ടായിരുന്നു. ഇത്തരത്തില്‍ മംഗലം എന്നു പോരുള്ള സ്ഥലനാമങ്ങള്‍ വേറെയുമുണ്ട്. ചടയമംഗലം, ചെല്ലമംഗലം, പൊന്നുമംഗലം എന്നൊക്കെ. പണ്ടുകാലത്ത് വെളിച്ചപ്പാട് തുള്ളുന്ന ഏര്‍പ്പാട് കുറവര്‍ക്കുണ്ടായിരുന്നു. അങ്ങിനെയാണ് കാവുകളും ക്ഷേത്രങ്ങളും ഉടലെടുത്തത്. പഞ്ചിയമ്മക്കാ വും കല്ലയത്തു മൂപ്പനും മിത്തുകളില്‍ തളച്ചിടാവുന്നതല്ല. പഞ്ചിയമ്മക്കാ വുകള്‍ നാട്ടില്‍ പരക്കെ ഉണ്ടായിരുന്നു. ബ്രാഹ്മണ കുടിയേറ്റത്തോടെ അതെല്ലാം ബ്രാഹ്മണരുടെ സ്വന്തമായി.

ചേരവംശ രാജാക്കന്മാരുടെ ഭരണാന്ത്യത്തിന് മുമ്പ് ഇടുക്കി ജില്ലയിലെ 'കുറവര്‍ കണ്ട മല'യില്‍ നിന്നും കുറവന്‍ സമുദായത്തിലെ മൂന്ന് സിദ്ധ പുരുഷന്മാര്‍ തെക്കോട്ട് യാത്രയായി. ഒരാള്‍ ആറ്റിങ്ങല്‍ വാവം ചന്തക്കു സമീപം സമാധിയായി. മറ്റൊരാള്‍ പുലയനാര്‍ കോട്ടയിലെത്തി സമാധി യായി. ഈ മലവാഴി മൂപ്പന്മാരെ ആറ്റിങ്ങലും പുലയനാര്‍കോട്ടയിലും ആരാധിച്ചുപോരുന്നു. എന്നാല്‍ മൂന്നാമന്‍ എവിടെയാണെന്ന് വിവരമൊ ന്നുമില്ലെങ്കിലും, ഇദ്ദേഹം ഒരു നായര്‍ തറവാട്ടില്‍ എത്തിയെന്നും വളരെ വര്‍ഷം അവരോടൊപ്പം അവിടെ കഴിഞ്ഞുവെന്നും കരുതപ്പെടുന്നു. ആഹാരത്തിനു പകരം കുറേ അരിയും വാങ്ങി അടുത്തുള്ള പാറപ്പുറത്തു പോയി അവിടെവെച്ച് അരിവേവിച്ച് അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്യുമായിരുന്നു. അരിവേവിക്കാ നുപയോഗിക്കുന്ന കലം ആ പാറയില്‍ത്ത ന്നെ അടിച്ചു കളയുമായിരുന്നു. പില്ക്കാലത്ത് ആ പാറക്ക് 'കലമുടച്ചോന്‍ പാറ' എന്ന പേരുണ്ടായി. പിന്നീട് സിദ്ധനെ കാണാതായി. ഇദ്ദേഹത്തെ കല്ലയത്തു മൂപ്പനെന്നാണ് അറിയപ്പെടുന്നത്.