"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 4, തിങ്കളാഴ്‌ച

ഭീകരതയുടെ അദൃശ്യമായ മുഖം(ക്രിസ്തീയതയെന്നത് കാരണത്തിന്റെയും ഇസ്ലാമികതയെന്നത് അകാരണത്തിന്റെയും സാക്ഷാത്ക്കാരമാണ് എന്നൊരു യൂറോപ്യന്‍ സങ്കല്‍പ്പം ഉണ്ടെന്ന് തലാല്‍ അസദ് പറയുന്നു. കാനഡയിലെ ദല്‍ഹൗസി യൂണിവേഴ്‌സിറ്റിയിലെ നിസ്സിം മന്നതുക്കാരന്‍ ഈ ആശയം ആണ് ലേഖനത്തില്‍ വിശദീക രിക്കുന്നത്.)

ബ്രസ്സല്‍സ്, ഒട്ടാവ, സിഡ്‌നി, പാരീസ് എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണങ്ങളുടെ ഫലമായി 29 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇതിന് പുറമേയാണ് ഐഎസുകാര്‍ പാശ്ചാത്യരുടെ ശിരഛേദം ചെയ്യുന്ന പ്രവൃത്തികള്‍. ഇതൊക്കെ ചേര്‍ന്ന് ഇസ്ലാമിനെതിരെ അട്ടഹാസങ്ങള്‍ ഉയര്‍ത്തിവിട്ടിട്ടുണ്ട്. ഇസ്ലാം പരിഷ്‌കരിക്കപ്പെടണമെന്ന ചര്‍ച്ചകളും സജീവമാവുക യുണ്ടായി. ഫ്രാന്‍സില്‍ 37 ലക്ഷം പേരുടെ റാലി ആയിരുന്നു ഉണ്ടായത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇത്രത്തോളം വലിയ മറ്റൊരു റാലി ഉണ്ടായിട്ടില്ല. ഇസ്ലാമിക ഭീകരതയ്ക്ക് പാശ്ചാത്യ സംസ്‌കാരത്തെ തകര്‍ക്കാന്‍ കഴിയില്ല എന്ന സന്ദേശമായിരുന്നു അതിലൂടെ അവര്‍ പ്രചരിപ്പിച്ചത്. 

9/11 സംഭവത്തിലേക്കും പാശ്ചാത്യ ലോകത്ത് ഉണ്ടായ മറ്റ് ഭീകരാക്രമണങ്ങളിലേക്കും നമുക്ക് തിരിച്ചു പോകാം. ഇവിടെയെല്ലാം സമാനമായ കാര്യങ്ങള്‍ കാണാന്‍ കഴിയും. സംസാര സ്വാതന്ത്ര്യവും അതിനുള്ള ഭീഷണിയും, പ്രബുദ്ധമായ പാശ്ചാത്യ ലോകവും പ്രാകൃത ഇസ്ലാം ചിന്താഗതിക്കാരും എന്നിങ്ങിനെയുള്ള വൈരുദ്ധ്യങ്ങളാണ് അപ്പോഴും പ്രകടമാക്ക പ്പെട്ടത്. നമുക്ക് മുന്നില്‍ എപ്പോഴും അവതരിപ്പിക്കപ്പെടുന്നത് ഇത്തരത്തില്‍ ഉള്ള കറുപ്പും വെളുപ്പും മാത്രമായ ലോകമാണ്. ഇസ്ലാമികേതര രാജ്യങ്ങളും ഇസ്ലാമിക മതത്തെ മനുഷ്യത്വ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യേതര രാജ്യങ്ങളും കൂടി ഇത്തരത്തിലുള്ള ലോകവിചാരം നടത്തുന്നു. സ്വതന്ത്രസംസാര ത്തിനുള്ള അവകാശത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ തന്നെ ഇസ്ലാമിനോട് വംശ വിദ്വേഷപരമായ നിലപാടുകള്‍ എടുത്ത തിനെതിരെ അപലപിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രശ്‌നം ഇതിലും വലുതാണ്. 

ഈ കറുപ്പും വെളുപ്പുമായുള്ള ചിത്രീകരണം വിശകലനം ചെയ്യുന്നതിന് ആദ്യമായി ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന ആശയത്തിന്റെ കുരുക്കഴിയ്‌ക്കേണ്ടതുണ്ട്. തീര്‍ച്ചയായും ഒരു ജനാധിപത്യത്തില്‍ സംസാര സ്വാതന്ത്ര്യം എന്നത് അനിവാര്യമായ ആവശ്യകതയല്ല. എന്നാല്‍ ഇവിടെ വിട്ടു കളയുന്ന ഒരു കാര്യമുണ്ട്. പാശ്ചാത്യ സമൂഹത്തിന് പുറത്തും അകത്തുമായി നിലനില്‍ക്കുന്ന അസ്വാതന്ത്ര്യങ്ങളുടെയും ആക്രമങ്ങളുടെയും പുറത്താണ് പാശ്ചാത്യലോകം സംസാര സ്വാതന്ത്ര്യം കെട്ടിപ്പടു ത്തതെന്ന കാര്യമാണത്. ഇസ്ലാമിക ഭീകരത ഇസ്ലാമിനെ പരിഷ്‌കരിക്കാനുള്ള അഭിപ്രായങ്ങളിലേക്ക് മുഖ്യമായും നമ്മളെ നയിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ പാശ്ചാത്യ സംസ്‌കാര ത്തിന്റെ ഉദാര ജനാധിപത്യത്തെ കുറിച്ചും അതഴിച്ചു വിട്ട ആക്രമണങ്ങളെ കുറിച്ചും അവയെ കുറിച്ച് പാലിക്കപ്പെടുന്ന നിശ്ശബ്ദതകളെ കുറിച്ചും കൂടിയുള്ള ചര്‍ച്ചകളിലേക്ക് ഇവ നയിക്കേണ്ടതുണ്ട്.

ഇസ്ലാമിക മതഭ്രാന്തിനെ കുറിച്ചുള്ള സംസാരങ്ങള്‍ക്കിടയില്‍ ഭൗതികവും സാമ്പത്തികവുമായ ഘടകങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുന്നുവെന്ന കാര്യം പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യം ഗൗരവകരമായ സംഗതിയാണ്. ഇസ്ലാമും പാശ്ചാത്യലോകവും തമ്മിലുള്ള സംഘട്ടനം, ഇസ്ലാമിന്റെ പരിഷ്‌കരണം എന്നത് ഭൗതിക ഘടകങ്ങളുമായി പൊരുത്തപ്പെടാത്ത ആശയങ്ങള്‍ മാത്രമായി തിരിച്ചറിയേണ്ടതുണ്ട്. 

പാശ്ചാത്യ ഭരണകൂട നയങ്ങളിലുള്ള അബദ്ധങ്ങള്‍

ജനാധിപത്യത്തിന്റെ പേരില്‍ ഭരണകൂടം നടത്തുന്ന ആക്രമണങ്ങള്‍ ഭീകരതയുടെ ഗണത്തില്‍ പെടാത്തതാണ് ആധുനിക ലോകത്തെ ഏറ്റവും വലിയ ട്രാജഡി. അതു കൊണ്ട് ലിബറല്‍ ജനാധിപത്യം നിലനിര്‍ത്തുന്നതിന് വേണ്ടി പാശ്ചാത്യ രാജ്യങ്ങള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ അത്തരത്തില്‍ വ്യാഖ്യാനിക്ക പ്പെടില്ല. അതിന്റെ പേരില്‍ ഭരണകൂട പരിപാടികള്‍ പരിഷ്‌കരിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളുണ്ടാവാന്‍ പോകുന്നില്ല. ഇറാഖാണ് 9/11ന് കാരണമെന്നാരോപിച്ചു കൊണ്ട് അമേരിക്ക 2003 മുതല്‍ 2011 വരെ 500000 പേരെയാണ് കൊന്നൊടുക്കിയത്. പാരീസ് ആക്രമണങ്ങളുടെ കാര്യത്തില്‍ പ്രക്ഷുബ്ദ്ധമാവുന്ന വേളയില്‍ പാശ്ചാത്യ ശക്തികള്‍ ചെയ്ത മാപ്പര്‍ഹിക്കാത്ത കടുത്ത ആക്രമണങ്ങള്‍ക്ക് ന്യായീകരണം പറയാന്‍ എന്താനുള്ളത്? 

2014 നവംബര്‍ മുതല്‍ ഭീകരരെ കുറിച്ചുള്ള സംശയത്തിന്റെ പേരില്‍ അമേരിക്ക 3674 പേരെയാണ് കൊന്നൊടുക്കിയത്. 41 ഭീകരരെന്നു സംശയിക്കുന്നവരെ കൊല്ലുന്നതിന്റെ പേരില്‍ ആവര്‍ത്തിച്ചുള്ള കൊലപാതകങ്ങളുടെ ഫലമായി സ്ത്രീകളും കുട്ടികളും അടക്കം 1147 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇതിനെ യാണ് അമേരിക്കന്‍ ജനത വളരെ കൃത്യമായി ഭീകരരെ വകവരുത്തുന്ന പദ്ധതിയെന്നു പറയുന്നത്. പാശ്ചാത്യ സാമ്രാജ്യത്വ ഭരണകൂടം നടത്തുന്ന ആക്രമണം ഭീകരാക്രമണമായി പറയപ്പെ ടുന്നില്ല. അതു അനുബന്ധമായി വരുന്ന നാശം മാത്രമാണ്. അവര്‍ക്ക് സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നിലനിര്‍ത്താന്‍ വേണ്ടി നടത്തുന്ന ചില കാര്യങ്ങള്‍ മാത്രം. 


ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഐക്യദാര്‍ഢ്യ മാര്‍ച്ചുകളോ എഡിറ്റോറിയലുകളോ ഉണ്ടാവാറില്ല. സംസാര സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ ഇവിടെ നിശ്ശബ്ദത പാലിക്കുന്നു. നിഷ്‌ക്കളങ്കരായ വ്യക്തികളുടെ തല വെട്ടുന്നതിന്റെ രംഗങ്ങള്‍ ടി.വിയില്‍ വരുകയും അത് പൈശാചികമെന്ന് വിവക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മേല്‍ ബോംബുകള്‍ വര്‍ഷിക്കുന്ന ദൃശ്യങ്ങള്‍ ടിവി പ്രക്ഷേപണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് തങ്ങളുടെ ജനാധിപത്യ സ്വാതന്ത്ര്യ ങ്ങളെ പൊതിഞ്ഞു നിര്‍ത്തുന്നു. ചെലേസ മാന്നിങ്ങ് തടവിലാ ക്കപ്പെട്ടിട്ട് 35 വര്‍ഷം കഴിയുന്നു. സംസാര സ്വാതന്ത്ര്യത്തിന്റെ കാപട്യത്തെ തുറന്നു കാട്ടി സത്യം പറഞ്ഞതിനാണ് ഇത്തര ത്തിലുള്ള ശിക്ഷ ലഭിച്ചത്. 


അതിനാല്‍ സംസാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വ്യാമോ ഹങ്ങളൊന്നും വേണ്ട. മുതലാളിത്ത കമ്പോളമോ കാവല്‍ഭര ണകൂടമോ വിവിധ വിദ്യകളിലൂടെ ആള്‍ക്കൂട്ടങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതാണോ സംസാര സ്വാതന്ത്ര്യമെന്നത്? സ്വന്തം നാട്ടില്‍ സംസാരസ്വാതന്ത്ര്യം പാടെ തിരസ്‌കരിച്ചിട്ട് ചാര്‍ലി ഹെബ്‌ദോയ്ക്ക് വേണ്ടി പാരീസില്‍ ലോകനേതാക്കള്‍ നടത്തിയ നാണം കെട്ട ഒത്തൂകൂടലായിരുന്നു നടത്തിയത്. 


പാശ്ചാത്യലോകത്ത് സംസാരസ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നത്, നേരത്തേ തലാല്‍ അസദ് ചൂണ്ടിക്കാണിച്ചതു പോലെ, കൂടുതലും ഇസ്ലാമിക ഭീകരവാദികള്‍ നടത്തുന്ന വ്യക്തികളെ കൊല ചെയ്യുന്നതു കൊണ്ടല്ല, ഭീകരതയും ആക്രമണങ്ങളും സംസാരസ്വാ തന്ത്ര്യത്തിനുള്ള വിലക്കുമൊക്കെ തങ്ങളുടെ സമൂഹത്തില്‍ നിന്നുല്‍ഭവിക്കുന്നതല്ല എന്ന രീതിയില്‍ എല്ലാ ജനങ്ങളും ചിന്തിക്കുന്നു എന്നതാണ്. പാശ്ചാത്യ കൊളോണിയലിസത്തിന്റെ കാലത്ത് മുതല്‍ ആരംഭിച്ചതും വംശീയതയും പുത്തന്‍ കൊളോണിയലിസവും തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന പാശ്ചാത്യ ലോകം നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ തമസ്‌ക രിച്ചു കൊണ്ടാണ് ആധുനികതയുടെ പൊങ്ങച്ചം നിലനില്‍ക്കുന്നത്. ഇത്തരം ഒരു ചതുപ്പു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്.


ഈ പൊങ്ങച്ചം കൂടുതല്‍ വെളിപ്പെടുന്നത് ഇസ്ലാം മതം പരിഷ്‌കരിക്കപ്പെടണമെന്ന് പാശ്ചാത്യര്‍ നിര്‍േശിക്കപ്പെടു ന്നിടത്താണ്. എണ്ണ സമ്പത്ത് കൈക്കലാക്കുന്നതിന് വേണ്ടി ഇസ്ലാമിനുള്ളില്‍ വഹാബിസം പോലുള്ള യാഥാസ്ഥിതികവും മൗലികത നിറഞ്ഞതുമായ ചിന്തകള്‍ പെട്രോഡോളറുകളുടെ സഹായത്തില്‍ കുത്തി നിറയ്ക്കാന്‍ ശ്രമിച്ചത് പാശ്ചാത്യ ശക്തികളാണ്. എണ്ണയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടയില്‍ ഇസ്ലാമിനകത്തുള്ള ബഹുസ്വരതകളെയും ബഹുദര്‍ശനങ്ങളെയും ഇല്ലാതാക്കിയെന്നതു മാത്രമല്ല, കൊളോണിയല്‍ കാലഘട്ടത്തിന് ശേഷം മദ്ധ്യപൂര്‍വ്വേഷ്യ രൂപപ്പെട്ടുവരുന്ന സമയത്ത് മുതല്‍ ആരംഭിച്ച മതേതര ജനാധിപത്യ പരീക്ഷണങ്ങളെ കൂടി തകര്‍ത്തുകളഞ്ഞു. സിറിയ ഇസ്ലാമിക ഭീകരതയുടെ താവളമായി മാറിയിരിക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പട്ടാളം അട്ടിമറിച്ചത് അമേരിക്കയുടെ പിന്തുണയോടെയാണെന്നാണ് പ്രബലമായ വിശ്വാസം. ഇതും 1953ല്‍ ഇറാനിലെ ജനാധിപത്യം പാശ്ചാത്യര്‍ അട്ടിമറിച്ചതുമടക്കമുള്ള കാര്യങ്ങള്‍ ഒത്തു ചേര്‍ന്നു കൊണ്ടാണ് ഇന്നത്തെ പൈശാചികതയ്ക്ക് വിത്തുകള്‍ പാകിയത്. 

യുക്തിരഹിതമായ പ്രതികരണങ്ങള്‍
ഇന്നത്തെ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ഇരുവശത്തും തീവ്രതരത്തിലുള്ള പരിഷ്‌കരണങ്ങള്‍ ആവശ്യമായിട്ടുണ്ട്. ഇസ്ലാമിക മതമൗലികവാദത്തിലുള്ള വൃത്തികെട്ട ലിംഗവി വേചനപരമായ അടിച്ചമര്‍ത്തലുകളോടൊപ്പം തന്നെ പാശ്ചാത്യ ശക്തികള്‍ സൗദി അറേബ്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും അപലപിക്കപ്പെടണം. അബ്ദുള്ള രാജാവ് മരിച്ചപ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ പ്രകടിപ്പിക്കുന്ന സങ്കടവും വാഴ്ത്തലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഈയിടെ ഉണ്ടായ ട്രാജഡിയെ സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോകുന്നില്ല. ട്വിറ്ററിന്റെ യും ഫേസ്ബുക്കിന്റെയും കാലത്ത് ഇത്തരത്തിലുള്ള പ്രതിക രണങ്ങള്‍ വൈറല്‍ ആവുന്നുണ്ടാവാമെങ്കിലും അവ യുക്തിര ഹിതങ്ങളാണ്. ഞാന്‍ ചാര്‍ലിയാണ് എന്ന തരത്തിലുള്ള ഐക്യദാര്‍ഢ്യങ്ങളുടെ വികാരം അംഗീകരിക്കുമ്പോള്‍ തന്നെ അത്തരത്തിലുള്ള കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്താനുള്ള ഭൗതിക സാഹചര്യങ്ങളോ സ്ഥാപനങ്ങളുടെ പിന്തുണയോ ഇല്ലെന്നുള്ളതാണ് വാസ്തവം. 


തമസ്‌കരിക്കപ്പെടുന്ന ആക്രമണങ്ങളും അതിന്റെ ഭൗതികാടി സ്ഥാനവും തിരിച്ചറിയാത്ത കാലത്തോളം നമ്മള്‍ ഇത്തരം ചേതനയറ്റ പ്രതികരണങ്ങളിലൂടെ തെന്നി നടക്കുകയും അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുകയുമാണ് ഉണ്ടാവാന്‍ പോകുന്നത്. ചാര്‍ലിഹെബ്‌ദോ സംഭവം നടന്ന അതേ ആഴ്ചയില്‍ തന്നെ ബോക്കോഹറാം കൂട്ടക്കൊല നടന്നത്. എന്നാല്‍ പാശ്ചാ ത്യമാദ്ധ്യമങ്ങളില്‍ അതൊരു കാര്യമായ വാര്‍ത്തയേ ആയില്ല. പെഷവാറിന്റെ കാര്യത്തില്‍ ഐക്യദാര്‍ഢ്യ മാര്‍ച്ചുകള്‍ ഉണ്ടായില്ല. ഒറ്റ ആക്രമണത്തില്‍ തന്നെ 69 കുട്ടികളെ കൊന്നു തള്ളിയ ഭീകരാക്രമണത്തിനല്ലേ കൂടുതല്‍ ഞെട്ടല്‍ ഉണ്ടാവേ ണ്ടിയിരുന്നത്? ഇത്തരം നിശ്ശബ്ദതകള്‍ അവസാനിക്കുകയും ഐക്യദാര്‍ഢ്യങ്ങള്‍ യാഥാര്‍ത്ഥ്യമുള്ളതാവുകയും ചെയ്യുമോ എന്നെങ്കിലും? ഇത്തരമൊരു ചോദ്യം നിലവിലുള്ള പരിമിതമായ ജനാധിപത്യത്തെയോ അതിന് പാശ്ചാത്യലോകം നല്‍കുന്ന സംഭാവനകളെയോ ചോദ്യം ചെയ്യുന്നതിനല്ല. പകരം അതിലുള്ള വൈരുദ്ധ്യങ്ങളെ ചൂണ്ടിക്കാട്ടുന്നതിനായിട്ടാണ്. അവര്‍ വിജയത്തെ കുറിച്ചു പറയുമ്പോള്‍ മറച്ചു പിടിയ്ക്കുന്ന ഭീകരതയെ കുറിച്ചു പറയാനാണ്. ഇതിനെ തുറന്നു കാട്ടാതെ സ്വാതന്ത്ര്യം എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.