"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 5, ചൊവ്വാഴ്ച

കോര്‍പ്പറേറ്റ് ആഭിമുഖ്യവും ജനവിരുദ്ധതയും അജണ്ടയായിട്ടുള്ള ബജറ്റ്മോദി അധികാരത്തിലെത്തിയതിനുശേഷം ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായ അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ നിയന്ത്രണത്തില്‍ തയ്യാറാക്കപ്പെട്ടതാണ് 2015-16ലേക്കുള്ള ഇന്ത്യന്‍ ബജറ്റ്. കഴിഞ്ഞ വര്‍ഷം അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചത് ഒരു താത്ക്കാലിക ബജറ്റ് ആയിരുന്നു എന്നു പറയാം. അതുതന്നെയും ഒരു മറയുമില്ലാത്ത കോര്‍പ്പറേറ്റ് പ്രീണനവും ജനവിരുദ്ധത യുമാണ് പ്രകടമാക്കിയത്. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിക്ക പ്പെട്ടിരിക്കുന്നത് ഒരു പൂര്‍ണ്ണ ബജറ്റാണ്. അധികാരാരോഹണ ത്തിനുശേഷം അമേരിക്കന്‍ പര്യടനത്തിനുമുമ്പ് മോദി പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഉള്ളടക്കം എല്ലാ രംഗത്തേക്കും കോര്‍പ്പറേറ്റുകളെ കയറൂരി വിട്ടുകൊണ്ട് അവരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ വികസനക്കുതിപ്പ് കൊണ്ടുവരിക എന്നതാണ്. ഇതിനായി പ്രകൃതി സംരക്ഷണത്തെയും തൊഴിലവകാശങ്ങളെയും സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും റദ്ദുചെയ്യാനും പ്രകൃതിയെയും തൊഴിലാളികളെയും നിയന്ത്രണരഹിതമായി കൊള്ളചെയ്യാനും നിരവധി ഓര്‍ഡിനന്‍സുകള്‍ തന്നെ മോദി ഭരണം കൊണ്ടുവന്നു. വളരെ ചുരുക്കിപ്പറഞ്ഞാല്‍ ഇതിന്റെയെല്ലാം തുടര്‍ച്ചയായി ഈ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ഒരു രൂപരേഖയാണ് ഇപ്പോള്‍ അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ള കേന്ദ്രബജറ്റ്. തല്‍ഫലമായി, അധ്വാനിക്കുന്ന ബഹുഭൂരിപക്ഷത്തെയും പാപ്പരീകരിച്ചുകൊണ്ട് കോര്‍പ്പറേറ്റ് ഊഹക്കുത്തകകള്‍ തടിച്ചുകൊഴുക്കുന്നതിന്റെ സൂചനയായി മുംബൈ ഓഹരി സൂചിക ഇതെഴുതുമ്പോള്‍ ചരിത്രത്തിലാദ്യ മായി 30000 കടന്നിരിക്കുന്നു. തന്നിമിത്തം പ്രതിദിനം നാടനും വിദേശീയനുമായ ഊഹപ്പണക്കാര്‍ ഓഹരിക്കമ്പോളത്തില്‍നിന്നും മാത്രം അടിച്ചെടുക്കുന്നത് 25000 കോടി രൂപയോളമാണ്.

കോര്‍പ്പറേറ്റ് അനുകൂല നികുതി 
നിര്‍ദ്ദേശങ്ങള്‍


മറ്റേതൊരു കേന്ദ്രബജറ്റിനെക്കാളും കോര്‍പ്പറേറ്റ് അനുകൂല നികുതി നിര്‍ദ്ദേശങ്ങള്‍ ഏറ്റവുമധികം ഉള്‍പ്പെടുത്തിയിട്ടുള്ള ബജറ്റാണിത്. ബൂര്‍ഷ്വാ-മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളില്‍ പോലും ഭൂസ്വത്തിന്മേലും പാരമ്പര്യസ്വത്തിന്മേലും മറ്റ് ആര്‍ജ്ജിത സ്വത്തിന്മേലും നികുതി ഈടാക്കിവരുന്നുണ്ട്. സര്‍ക്കാരിന് വിഭവ സമാഹരണം ഉറപ്പാക്കാമെന്നതിനൊപ്പം പേരിനെങ്കിലും അസമത്വങ്ങള്‍ കുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്നു വരുത്തിത്തീര്‍ക്കുന്നതിനും അപ്രകാരം പൊതുജനാഭിപ്രായം സൃഷ്ടിക്കുന്നതിനും ഇതുപയോഗപ്പെടുത്തുന്നു. എന്നാല്‍, സാമ്പത്തിക നയങ്ങളില്‍ തീവ്ര വലതുപക്ഷ നിലപാടുള്ള ഹിന്ദുത്വശക്തികള്‍ക്കു നിയന്ത്രണമുള്ള മോദിഭരണം ഇന്ത്യയില്‍ അധികാരക്കൈമാറ്റത്തിന്റെ കാലം മുതല്‍ നിലനിന്നുപോന്ന സ്വത്തുനികുതി ഈ ബജറ്റോടെ ഇല്ലാതാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഫോര്‍ബ്‌സ് മാസിനും മറ്റു ഏജന്‍സികളും നടത്തിയ പഠനമനുസരിച്ച് സ്വത്തിന്റെ കാര്യത്തില്‍ ഏറ്റവുമധികം കേന്ദ്രീകരണവും അസമത്വവും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉദാഹരണത്തിന് 2014ല്‍ മാത്രം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം കോര്‍പ്പറേറ്റ് കുടുംബങ്ങളുടെ സ്വത്ത് 49 ശതമാനം കണ്ടു വളരുകയുണ്ടായി. 2011ല്‍ ഏറ്റവും സമ്പന്നരായ 100 പേരില്‍ 55 പേര്‍ക്കാണ് 100 കോടി ഡോളറില്‍ (6000 കോടിരൂപ) കൂടുതല്‍ സ്വത്തുണ്ടായിരുന്നതെങ്കില്‍ 2014ല്‍ ഇവര്‍ 100 പേരുടെയും സമ്പത്ത് 6000 കോടി രൂപയിലധികമായി വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിലാണ് കേവലം വസ്തുവകകളു ടെയും ആസ്തികളുടെയും അടിസ്ഥാനത്തിലുള്ള (ഇതു പലപ്പോഴും കണക്കാക്കുന്ന ഉദ്യോഗസ്ഥന്‍മാരും സമ്പന്നന്മാരും തമ്മിലുള്ള ഒത്തുകളിമൂലം യഥാര്‍ത്ഥത്തിലുള്ളതിന്റെ ചെറിയൊരു ഭാഗം മാത്രമെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ) സ്വത്തുനികുതി വേണ്ടെന്നു വെക്കാന്‍ ബിജെപി സര്‍ക്കാര്‍ ഈ ബജറ്റിലൂടെ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍തന്നെ കേവലം ഒരു ഗതമാനം മാത്രമാണ് ഇന്ത്യയിലെ സ്വത്തുനികുതി. അതുവഴി സമാഹരിക്കുന്നതാകട്ടെ ആയിരം കോടി രൂപയിലധികവും. ഈ തുച്ഛമായ നിരക്കില്‍പോലും വേണ്ട രീതിയില്‍ സമാഹരിച്ചാല്‍ ആയിരക്കണക്കിനു കോടിരൂപ ഒരു ബുദ്ധിമുട്ടുമില്ലാതെ നികുതിയായി പിരിച്ചെടുക്കാവുന്ന ഇതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതുവരെ പിരിച്ചെടുത്തിട്ടുള്ളൂ. അതാണിപ്പോള്‍ വേണ്ടെന്നുവെച്ചത്.

ഇതിന്റെ ഭാഗമായി കോര്‍പ്പറേറ്റ് നികുതി അടുത്ത 4 വര്‍ഷത്തിനുള്ളില്‍ ഇപ്പോഴത്തെ 30 ശതമാനത്തില്‍നിന്നും 25 ശതമാനമായി കുറച്ചുകൊണ്ടുവരാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. അതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും നല്‍കിവരുന്ന ആദായനികുതി നിരക്കുകളില്‍ മാറ്റം വരുത്താതെ, ഓഹരിനിക്ഷേപവും ഊഹ ഇടപാടുകളില്‍ പണം മുടക്കുന്നതും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നികുതിയിളവുകള്‍ വാഗ്ദാനം ചെയ്തതിലൂടെ വലിയൊരു തുകയും കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലേക്ക് അരുണ്‍ ജയ്റ്റ്‌ലി തിരിച്ചുവിട്ടിരിക്കുന്നു. കോര്‍പ്പറേറ്റ് നികുതിനിരക്കുകള്‍ ഇപ്രകാരം കുറക്കുമ്പോള്‍ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഒന്നാമതായി, സമ്പന്നവര്‍ഗ്ഗം ഏറ്റവുമധികം തടിച്ചുകൊഴുത്തുവളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ കോര്‍പ്പറേറ്റ്-സമ്പന്നവര്‍ഗ്ഗ നികുതിനിരക്കുകള്‍ ഏറ്റവും കുറഞ്ഞതാണ്. ഓരോ ബജറ്റിലും കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പ്രത്യക്ഷമായ നികുതിയിള വുകളും പരോക്ഷമായ സബ്‌സിഡികളും കണക്കിലെടുത്താല്‍, 30 ശതമാനം കോര്‍പ്പറേറ്റ് നികുതിയെന്നത് നിയമപുസ്തകത്തില്‍ പറയുന്നുവെന്നതൊഴിച്ചാല്‍, ഇവര്‍ കൊടുക്കേണ്ടിവരുന്ന ഫലപ്രദമായ നികുതിനിരക്കുകള്‍ (effective tax rates) ഏതാണ്ട് 16 ശതമാനത്തോളമാണെന്ന് പല പഠനങ്ങളും രേഖപ്പെടുത്തിയിരി ക്കുന്നു. യൂറോപ്പില്‍ കോര്‍പ്പറേറ്റ് നികുതികള്‍ ശരാശരി 38 ശതമാനമാണെങ്കില്‍, ക്ഷേമരാഷ്ട്രം പേരിനെങ്കിലും നില്‍ക്കുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഇത് 40 ശതമാനത്തിനു മുകളിലാണ്. കുപ്രസിദ്ധമായ റഷ്യന്‍ മാഫിയ 30 ശതമാനമെ ങ്കിലും നികുതി കൊടുക്കാന്‍ ബാധ്യസ്ഥരാണ്. അമേരിക്കന്‍ കുത്തകകള്‍ ശരാശരി 27 ശതമാനം നികുതി കൊടുക്കുന്നു. ഇന്ത്യയിലാകട്ടെ, മന്‍മോഹണോമിക്‌സിന്റെ കാലത്താരംഭിച്ച് ഇപ്പോള്‍ മോദിനോമിക്‌സിലെത്തിനില്‍ക്കുമ്പോള്‍ കോര്‍പ്പറേറ്റ് നികുതികളും പ്രത്യക്ഷ നികുതികളും ദേശീയ വരുമാനത്തിന്റെ അനുപാതമെന്ന നിലയില്‍ കുത്തനെ ഇടിയുന്ന പ്രവണത തുടരുന്നു. 2004ല്‍ മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയാകുമ്പോള്‍ കോര്‍പ്പറേറ്റ് നികുതി ഏകദേശം 3.9 ശതമാനമായിരുന്നു ദേശീയവരുമാനത്തിന്റെ അനുപാതമെങ്കില്‍ ഇപ്പോള്‍ ബിജെപി ഭരണത്തിന്റെ പരിഷ്‌ക്കാരത്തിലൂടെ അത് ഏകദേശം 3 ശതമാനമായി ചുരുങ്ങാന്‍ പോകുകയാണ്. തല്‍ഫലമായി മൊത്തം നികുതി ദേശീയ വരുമാനത്തിന്റെ അനുപാതമെന്ന നിലയില്‍ 2004-ല്‍ ഏകദേശം 11 ശതമാനമായിരുന്നത് പുതിയ ബജറ്റ് പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ ഏകദേശം 9 ശതമാനമായി ചുരുങ്ങും.

സമ്പന്ന കോര്‍പ്പറേറ്റ് വര്‍ഗ്ഗത്തോടുള്ള കോണ്‍ഗ്രസ്സ്-ബിജെപി പാര്‍ട്ടികളുടെ കൂറ് ഇതുമാത്രമല്ല. മുമ്പു നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുപോലെ 2004-നും 2014നുമിടയില്‍ മന്‍മോഹന്‍ ഭരണം ബജറ്റ്‌വസ്തുത ഇതായിരിക്കെ, മോദി അധികാരത്തിലെ ത്തിയതോടെ തെരഞ്ഞെടുപ്പു കാമ്പയിനില്‍ പറഞ്ഞ കാര്യങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുക മാത്രമല്ല, കഴിഞ്ഞ ബജറ്റിലും ഇപ്പോഴത്തെ പൂര്‍ണ്ണ ബജറ്റിലും ഇക്കാര്യത്തെ സംബന്ധിച്ച ഫലപ്രദമായ നിര്‍ദ്ദേശങ്ങളൊന്നും ഇല്ലെന്നുമാത്രമല്ല, ഗാര്‍ നിയമവും മറ്റും നടപ്പിലാക്കുന്നത് കള്ളപ്പണക്കാരുടെ സമ്മര്‍ദ്ദ ത്തെത്തുടര്‍ന്ന് നീട്ടിവെച്ചിരിക്കുകയുമാണ്. മോദിയുടെ കള്ളപ്പ ണത്തെ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ വെറുമൊരു തെരഞ്ഞെടുപ്പു പ്രസംഗം മാത്രമായി കണ്ടാല്‍ മതിയെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ പറയുമ്പോള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറയുന്നത് കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നു തന്നെയാണ്. കോര്‍പ്പറേറ്റ് കള്ളന്‍മാര്‍ക്കു പാദസേവ ചെയ്യുന്നതില്‍ മോദിഭരണത്തിന് ഒരു നാണവുമില്ലെ ന്നും ഇപ്പോള്‍ വ്യക്തമാണ്.

ഉദാഹരണത്തിന്, അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ സാമ്രാജ്യത്വ രാജ്യങ്ങളും അര്‍ജന്റീന, ബ്രസീല്‍ പോലുള്ള ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തുനിന്നും സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ചി ട്ടുള്ള പണത്തെപ്പറ്റിയും നിക്ഷേപകരെപ്പറ്റിയും വിവരങ്ങള്‍ തേടിക്കൊണ്ടും നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടും സ്വിസ്സ് ബാങ്ക് അധികൃതരുമായും സ്വിസ്സ് ഗവണ്‍മെന്റുമായും ചില ഉടമ്പടികളില്‍ എത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ എച്ച്എസ്ബിസിയുടെ സ്വിസ്സ് ശാഖയില്‍ നിന്നും ഈയിടെ പുറത്തുവന്ന 1,30,000 കള്ളപ്പണ അക്കൗണ്ടു കളില്‍നിന്നും തങ്ങളുടെ രാജ്യത്തിനവകാശപ്പെട്ട പണവും അതുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലില്‍ 1195 ഇന്ത്യന്‍ കള്ളപ്പണനിക്ഷേപരുണ്ടെന്ന വസ്തുതയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, മുന്‍ കോണ്‍ഗ്രസ്സ് ഭരണത്തിനെന്നപോലെ, മോദി ഭരണത്തിനും ഏറ്റവും വേണ്ടപ്പെട്ടവരാണ് ഈ കള്ളപ്പണക്കാര്‍. അമേരിക്കയിലെയും യൂറോപ്പിലെയും ഭരണകൂടങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ നികുതിവെട്ടിപ്പിനു സഹായിക്കുന്ന സ്വിസ്സ് ബാങ്കുകളോട് എടുക്കുന്ന കര്‍ക്കശമായ സമീപനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോദി ഭരണത്തിന്റേത് നാണംകെട്ട കോര്‍പ്പറേറ്റ് ദാസ്യമാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ദല്ലാള്‍ സ്വഭാവത്തിന് അടിവരയിടുന്ന സമീപനവുമാണിത്. സാമ്രാജ്യത്വ ഭണകൂടങ്ങള്‍ അവരുടെ സാമ്രാജ്യത്വ താല്പര്യവുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കു മ്പോള്‍ മോദിഭരണം നികുതിവെട്ടിപ്പിന് കോര്‍പ്പറേറ്റുകളെ പ്രേരിപ്പിക്കുന്ന സമീപനമാണ് സ്വിസ്സ് അധികൃതരുമായി ഫലപ്രദമായ ഉടമ്പടിക്കു ശ്രമിക്കാതിരിക്കുന്നതും ഗാര്‍ നിയമം ബജറ്റുവഴി മരവിപ്പിച്ചതും പ്രകടമാക്കുന്നത്.

സബ്‌സിഡികളെല്ലാം വെട്ടിച്ചുരുക്കുന്നു

ഇപ്രകാരം പ്രമാണിവര്‍ഗ്ഗത്തിന് നികുതിയിളവുകളും സമ്പത്തു കൊള്ളയടിക്കാനുള്ള സൗകര്യങ്ങളും പ്രദാനം ചെയ്യുകയും ദരിദ്രരുടെ മേല്‍ കൊടിയ നികുതിഭാരം കയറ്റിവെക്കുകയും ചെയ്യുന്നതിനൊപ്പം സബ്‌സിഡികളെ ലക്ഷ്യാധിഷ്ഠിത മാക്കാനെന്നപേരില്‍ കൊണ്ടുവന്നിട്ടുള്ളതും ഗുണഭോക്താക്കള്‍ക്ക് സബ്‌സിഡി പണമായി ബാങ്ക് അക്കൗണ്ടുകള്‍ വഴി എത്തിക്കുന്നതുമായ നിരവധി പ്രത്യക്ഷ കൈമാറ്റ പദ്ധതികള്‍ (Direct Transfer Payment Schemes) ലക്ഷ്യം വെക്കുന്നത് ഒട്ടുമൊത്തത്തില്‍ സബ്‌സിഡികളും ക്ഷേമച്ചെലവുകളും വെട്ടിക്കുറക്കാനാണെന്നും കോടിക്കണക്കിനു ദരിദ്രരെ സബ്‌സിഡി വലയത്തില്‍നിന്നും ചവിട്ടിപ്പുറത്താക്കാനാണെന്നും ബജറ്റ് രേഖകളുടെ വായന ബോധ്യപ്പെടുത്തുന്നു. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് സാമൂഹ്യച്ചെലവുകള്‍-ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണവികസനം, സ്ത്രീസുരക്ഷ, തുടങ്ങിയവക്കുള്ള- ഈ ബജറ്റില്‍ 20 ശതമാനത്തോളം ഒറ്റയടിക്ക് വെട്ടിക്കുറച്ചിരിക്കുന്നു. വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ 16.5 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. ഭക്ഷ്യസബ്‌സിഡികള്‍ അടക്കം 13.7 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നു. ജനദ്രോഹത്തിന്റെ കാര്യത്തില്‍ ഈ ബജറ്റ് സര്‍വകാല റെക്കോഡാണ് ഇട്ടിരിക്കുന്നത്.

ഉദാഹരണത്തിന് രാജ്യത്തെ 60 ശതമാനം ജനങ്ങളെ ഭക്ഷ്യ സുരക്ഷയില്‍ ഉള്‍പ്പെടുത്തുമെന്നുപറയുന്ന ബിജെപി ഭരണം ഈ ബജറ്റിലെ നിര്‍ദ്ദേശങ്ങളിലൂടെ അതു 40 ശതമാനത്തിനു മാത്രമായി ചുരുക്കാനാണ് പരോക്ഷമായി ശ്രമിക്കുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ നടന്നുകൊണ്ടിബജറ്റ് രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അറപ്പുളവാക്കുന്നതാണ്. പ്രത്യേകിച്ചും ഓരോ ഇഞ്ചു ഭൂമിയിലും അതിജീവനത്തിനായി പൊരുതുന്ന ചേരിനിവാസികളുടെയും കുടിയൊഴിപ്പിക്കപ്പെടുന്ന കര്‍ഷകജനതയുടെയും തലക്കുമീതെ അതിവേഗട്രെയിനുകള്‍ ഓടിക്കാമെന്നത് ജനങ്ങള്‍ക്കെതിരായ വെല്ലുവിളി കൂടിയാണ്.

ഉപസംഹാരം
മുന്‍കാലത്തെ ഏതൊരു ബജറ്റിനെക്കാളും ദേശവിരുദ്ധമായിട്ടു ള്ളതും നാടനും വിദേശീയനുമായ കോര്‍പ്പറേറ്റുകള്‍ക്കും ദേശവിരുദ്ധ ശക്തികള്‍ക്കും വന്‍നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുമാണ് ഈ ബജറ്റ്. ''തന്ത്രപരമായ ഓഹരിവിറ്റഴിക്കല്‍'' എന്ന പേരില്‍ 69500 കോടി രൂപയാണ് രാജ്യത്തിനുണ്ടെന്ന് പറയുന്ന പരമാധികാരത്തെപ്പോലും അര്‍ത്ഥരഹിതമാക്കുന്ന വിധം തന്ത്രപ്രധാനവും ലാഭകരവുമായ പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്കു കൈമാറുന്നത്. വര്‍ത്തമാനകാലത്ത് ധനമൂലധനവും വ്യവസായ മൂലധനവും തമ്മില്‍ അതിര്‍വരമ്പു കളൊന്നും നിലനില്‍ക്കുന്നില്ലെങ്കില്‍ കൂടി ഓഹരി വിപണികളില്‍ ചൂതാട്ടത്തിനുവരുന്ന 'വിദേശസ്ഥാപകനിക്ഷേപ'കരും വ്യവസായ മേഖലയിലേക്കു വരുന്നബഹുരാഷ്ട്രക്കുത്തകകളും രണ്ടാണെന്ന ഒരു ധാരണയാണ് ഇതുവരെ ഭരണകൂടം മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ ഈ ബജറ്റോടെ അരുണ്‍ ജെയ്റ്റ്‌ലി ആ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും കോര്‍പ്പറേറ്റ് മൂലധനം അടിസ്ഥാപരമായി ഊഹസ്വഭാവം മുന്നിട്ടുനില്‍ക്കുന്നതാണെന്നും അംഗീകരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ഇതിന്റെ ഭാഗമായി എകക ഉം എഉകഉം തമ്മിലുള്ള വേര്‍തിരിവ് എടുത്തുകളയുകയും നികുതിയടക്കമുള്ള കാര്യങ്ങളില്‍ രണ്ടിനെയും ഒരേപോലെ പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഇതുവഴി ഉല്പാദന മേഖലകളെ അപേക്ഷിച്ച് ഊഹമേഖലകളിലേക്കു കടന്നുകയറാനും അത്തരം മേഖലകള്‍ വികസിപ്പിക്കാനും വിദേശക്കുത്തകകള്‍ക്കു എല്ലാ പിന്തുണയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതായി കരുതാം. 

2014-15 ബജറ്റില്‍ പ്രതിരോധ-സൈനിക മേഖലക്കായി വകകൊള്ളിച്ചിരുന്നത് 2,29,000 കോടി രൂപയായിരുന്നു. ഈ പണത്തിന്റെ നല്ലൊരു ഭാഗം അന്താരാഷ്ട്ര ആയുധക്കുത്തക കള്‍ക്കും അവരുടെ ഇടനിലക്കാര്‍ക്കും സ്ഥിരമായി ലഭിച്ചുവരുന്നതാണ്. ഒട്ടുമിക്കപ്പോഴും, ബോഫോഴ്‌സ് ഇടപാടുമുതല്‍ കുപ്രസിദ്ധമായിക്കഴിഞ്ഞിട്ടുള്ള സൈനിക ഇടപാടുകളുടെ രംഗത്തെ കൊടിയ അഴിമതിക്കാണ് ഇതു വഴിവെച്ചിട്ടുള്ളത്. ഈ ബജറ്റിലാകട്ടെ, അമേരിക്കന്‍ ആയുധക്കുത്തകകളുടെയും മറ്റും സമ്മര്‍ദ്ദത്തെ തുടര്‍ന്നും അയല്‍രാജ്യങ്ങളുമായുള്ള ശത്രുത ശക്തിപ്പെടുന്നതിന്റെ സൂചനയായും പ്രതിരോധച്ചെലവുകള്‍ ഏകദേശം 10 ശതമാനം വര്‍ദ്ധിച്ച് 2,46,727 കോടി രൂപയായിരിക്കുന്നു. ഇതും മുമ്പു സൂചിപ്പിച്ചതുപോലെ, ഹിന്ദുത്വ സങ്കുചിത വാദികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സ്വീകാര്യമാകുമെങ്കിലും രാജ്യത്തെ കോടാനുകോടി വരുന്ന അദ്ധ്വാനിക്കുന്ന ജനങ്ങളെ സംബന്ധിച്ചിട ത്തോളം വലിയ ബാധ്യതയാണ് ചുമലുകളില്‍ താങ്ങേണ്ടിവ രുന്നത്. വളരെ ചുരുക്കിപ്പറഞ്ഞാല്‍, എല്ലാ അര്‍ത്ഥത്തിലും കോര്‍പ്പറേറ്റുകള്‍ക്കു പാദസേവ ചെയ്യുന്നതും തൊഴിലാളികളും കര്‍ഷകരും അടങ്ങുന്ന അധ്വാനിക്കുന്നവര്‍ക്കും ദളിതരും ആദിവാസികളും സ്ത്രീകളും അടങ്ങുന്ന മര്‍ദ്ദിതര്‍ക്കും കൂടുതല്‍ ദുരിതങ്ങള്‍ വരുത്തിവെക്കുന്നതും വമ്പിച്ച പാരിസ്ഥിതിക പ്രത്യാഘാതങ്ങളും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്നതുമായ കോര്‍പ്പറേറ്റ് ആഭിമുഖ്യ, ജനവിരുദ്ധ ബജറ്റാണ് 2015-16ലേത്.

@സഖാവ് മാസിക 2015 mമാര്‍ച്ച്‌ ലക്കം.