"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 8, വെള്ളിയാഴ്‌ച

ഭാരതമാതാവിന്റെ പേരില്‍ ദേശദ്രോഹം - കെ എന്‍ രാമചന്ദ്രന്‍


ഭാരതമാതാവിനോട് മറ്റാര്‍ക്കുമില്ലാത്ത കൂറാണ് തങ്ങള്‍ക്കു ള്ളതെന്ന് അവകാശപ്പെടുന്നവരാണല്ലോ ബി.ജെ.പിയും സംഘപരിവാറും. എന്നാല്‍ അവരുടെ സാമ്പത്തിക നയങ്ങള്‍ പരിശോധിച്ചാല്‍ അങ്ങേയറ്റം മുതലാളിത്ത സ്വഭാവമുള്ളതും രാജ്യത്തെ വിദേശ കുത്തകകള്‍ക്ക് നിയന്ത്രിക്കാവുന്ന തരത്തിലുള്ളതുമാണ്. ബിജെപിയുടെ പ്രഖ്യാപിത ദേശസ്‌നേ ഹവും സാമ്പത്തിക നയവും തമ്മിലുള്ള ഈ പൊരുത്തക്കേട് ഒന്ന് വിശദീകരിക്കാമോ ?

ശിവന്‍, വലവൂര്‍= 

ഭാരതമാതാവിന്റെ പേരില്‍ ദേശഭക്തിമുദ്രാവാക്യങ്ങളോടെ ഭരണം തുടങ്ങിയ നരേന്ദ്രമോഡി സര്‍ക്കാര്‍ ഗുജറാത്ത് മോഡലില്‍ വിദേശമൂലധനത്തിനും കോര്‍പ്പറേറ്റ് ശക്തികള്‍ക്കും രാജ്യത്തെ വിറ്റുതുലക്കുന്നതില്‍ സര്‍വ്വകാല റിക്കാര്‍ഡു സ്ഥാപിക്കുന്നതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റിപ്പബ്‌ളിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി അമേരിക്കന്‍ സാമ്രാജ്യത്വ തലവന്‍ ഒബാമയെ ക്ഷണിച്ചുവരുത്തി പ്രതിരോധ കരാറും ആണവ കേന്ദ്രങ്ങള്‍ക്കുവേണ്ടിയുള്ള കരാറും ഉള്‍പ്പെടെ ഒപ്പിടുമ്പോള്‍ ദേശീയ വഞ്ചനയുടെ പുത്തന്‍ പടവുകളാണ് മോഡി ചവിട്ടിക്കയറിയത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 'ാമസല ശി കിറശമ' എന്ന മുദ്രാവാക്യത്തോടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ കൂലിക്കു ലഭ്യമായ മനുഷ്യദ്ധ്വാനവും ഇവിടുത്തെ സമ്പന്നമായ ധാതുശേഖരവും ചൂഷണം ചെയ്യാന്‍ ബഹുരാഷ്ട്രക്കു ത്തകകളേയും നാടന്‍ കോര്‍പ്പറേറ്റുകളേയും കയറൂരിവിടുമ്പോള്‍, ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ചുവപ്പുപരവതാനി വിരിച്ച രാജാക്കന്‍മാരെയും നവാബുമാരെയും ദേശീയ വഞ്ചനയില്‍ കടത്തിവെട്ടിയിരിക്കുകയാണ് മോഡി സര്‍ക്കാര്‍. 

രാജ്യദ്രോഹപരമായ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ നിലവിലുള്ള പല നിയമങ്ങളും മാറ്റി എഴുതേണ്ടിവരും, പല നിയമങ്ങളും മാറ്റേണ്ടി വരും, പല കരാറുകളും പുതുക്കേണ്ടി വരും. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടുക ശ്രമകരമായ കാര്യമാണ്. കാലതാമസം ഒരുപാടുണ്ടാകും. അതുകൊണ്ട് ഇന്ത്യന്‍ ഖനികള്‍ക്കുമേല്‍ വിദേശ കമ്പനികള്‍ക്ക് നിയന്ത്രണം നല്‍കുന്നതിനും, ഇന്‍ഷ്വറന്‍സ്-ബാങ്കിംഗ് ആദി മേഖലകളില്‍ വിദേശമൂലധന പരിധി വര്‍ദ്ധിപ്പിക്കുന്നതിനും അവശേഷിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി തുച്ഛവിലയ്ക്ക് വിറ്റുതുലയ്ക്കുന്നതിനും മറ്റുമായി ഓര്‍ഡിനന്‍സ് ഇറക്കി എളുപ്പവഴി കണ്ടുപിടിച്ചിരിക്കുകയാണ് മോഡി സര്‍ക്കാര്‍.

അധികാരത്തില്‍ വരുന്നതിനായി ലോകസഭാ തെരഞ്ഞെടുപ്പു കാലത്ത് മോഡി ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കുകയുണ്ടായി-വിദേശബാങ്കുകളിലും മറ്റുമായി നിക്ഷേപിച്ചിട്ടുള്ള നിരവധി ലക്ഷം കോടികള്‍ വരുന്ന കറുത്തപണം ആറുമാസത്തിനുള്ളില്‍ തിരിച്ചുകൊണ്ടുവരും, അഴിമതി അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും, വിലക്കയറ്റം നിയന്ത്രിക്കും, തൊഴിലില്ലായ്മക്കു പരിഹാരം കണ്ടെത്തും തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍. ഇപ്പോള്‍ ഇവയെപ്പറ്റിയൊന്നുംമിണ്ടാട്ടമില്ല. മുന്‍കാല സര്‍ക്കാരുകളെ പോലെ മോഡി സര്‍ക്കാരും തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മറക്കുക മാത്രമല്ല, മറിച്ച് അതു പിന്തുടരുന്ന ഓരോ നടപടികളും അഴിമതി വര്‍ദ്ധിപ്പിക്കുകയാണ്, അഴിമതി വീരന്മാരായ ഉദ്യോഗസ്ഥ മേധാവികള്‍ക്ക് കൂടുതല്‍ മേച്ചില്‍ പാടങ്ങള്‍ നല്‍കുകയാണ്. യുപിഎ സര്‍ക്കാര്‍ പെട്രോളിന്റെ മേലുള്ള നിയന്ത്രണം എടുത്തുമാറ്റിയതുപോലെ, മോദിസര്‍ക്കാര്‍ ഡീസലിന്റെ വിലനിയന്ത്രണം എടുത്തുമാറ്റി. വിദേശ മാര്‍ക്കറ്റിലെ വിലകള്‍ക്കനുസരിച്ച് ഇവയുടെ വിലയും കുറയ്ക്കാന്‍ കഴിയും, സബ്‌സിഡികള്‍ ഇല്ലാതാക്കാന്‍ കഴിയും എന്നു പറഞ്ഞായിരുന്നു. ഇപ്പോള്‍ സബ്‌സിഡിയെല്ലാം ഇല്ലാതായി, എണ്ണ കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ സൗകര്യം നല്‍കി. അതേസമയം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 115 ഡോളറുണ്ടായിരുന്ന പെട്രോളിയത്തിന്റെ വില ഇപ്പോള്‍ 45 ഡോളറായി താഴ്ന്നിട്ടും, അതിനനുസരിച്ചുള്ള ഒരു മാറ്റവും അവയ്ക്കുണ്ടായില്ല. നേരെ മറിച്ച് തുച്ഛമായ വിലകുറവുകള്‍ അനുവദിക്കുമ്പോള്‍, അവയെ വെല്ലുന്ന രീതിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതിനിരക്കു വര്‍ദ്ധിപ്പിച്ചു. അമ്പാനിയും അദാനിയും ഉള്‍പ്പെടെയുള്ള എണ്ണ കോര്‍പ്പറേറ്റുകള്‍ക്ക് പ്രതിമാസം പതിനായിരക്കണക്കിനു കോടി രൂപാ കൊള്ളയടി ക്കാന്‍ സൗകര്യമുണ്ടാക്കി.

ദേശദ്രോഹനടപടികളുടെ ലിസ്റ്റ് ഈ സര്‍ക്കാരിനു കീഴില്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. ഭാരതമാതാവിനെ വിദേശ കുത്തകകള്‍ക്കും നാടന്‍ കുത്തകകള്‍ക്കും കൊള്ളയടിക്കാന്‍ വസ്ത്രാക്ഷേപം നടത്തിക്കൊടുക്കുന്ന പണിയാണ് ദേശപ്രേമ ത്തിന്റെ കുത്തകവ്യാപാരം ഏറ്റെടുത്തിരിക്കുന്ന സംഘപരിവാര്‍ ചെയ്യുന്നത്. ഇതിനു മറയിടാനാണ് കാവിവല്‍ക്കരണവുമായി മുന്നേറാന്‍ സംഘപരിവാറിലെ വിവിധ കാളികൂളികള്‍ക്ക് പെര്‍മിറ്റു നല്‍കിയിരിക്കുന്നത്. മോദി ഒബാമയോടൊപ്പം രാജ്ഘട്ടില്‍ ഗാന്ധിസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുമ്പോള്‍ അയാളുടെ അനുയായികള്‍ നാഥുറാം ഗോഡ്‌സേക്കു വേണ്ടി അമ്പലങ്ങള്‍ പണിയുന്നതും ഈ കാവിവല്‍ക്കരണത്തിന്റെ ഭാഗമായാണ്.

മോഡിസര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നത് തുറന്ന കോര്‍പ്പറേറ്റ്‌ വല്‍ക്കരണത്തിലേക്കാണ്. ദല്ലാള്‍വാഴ്ചയുടെ കീഴില്‍ മോഡി രാജ്യത്തേയും ജനകീയ താല്‍പര്യങ്ങളേയും വില്‍ക്കുകയാണ്. ഈ രാജ്യദ്രോഹികള്‍ക്കെതിരെ വിപ്ലവശക്തികളെ ഐക്യപ്പെടുത്തി സമര രംഗത്തിറങ്ങുകയാണ് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ കടമ.

@സഖാവ് മാസിക 2015 fഫെബ്രുവരി ലക്കം.