"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 18, തിങ്കളാഴ്‌ച

മഹാനായ അയ്യന്‍കാളി - ദലിത്ബന്ധു എന്‍ കെ ജോസ്


ഉപസംഹാരം

കേരളത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് ഒരു ദീര്‍ഘകായ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 1980 നവംബര്‍ 10-ാം തീയതി അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി യായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയാണ് ആ പ്രതിമ അനാഛാദനം ചെയ്തത്. അത് കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രഥമഗണനീയനായ അയ്യന്‍കാളിയുടെ പ്രതിമയാണത്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദ്യകാലത്ത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സമുദായത്തില്‍ പെട്ടവര്‍ക്കും പ്രവേശനം നിരോധിക്കപ്പെട്ടിരുന്ന സ്ഥാനത്താണ് അദ്ദേഹത്തിന്റെ പ്രതിമ ഇന്ന് അക്ഷോഭ്യമായി നിലകൊള്ളുന്നത്.1

ദലിതരില്‍തന്നെ താഴെക്കിടയിലായിരുന്ന പുലയ ജാതിയില്‍പെട്ട ഒരു അയിത്തക്കാരന്റെ പ്രതിമ ഹിന്ദുക്കളില്‍ തന്നെ ഉയര്‍ന്ന വര്‍ഗ്ഗക്കാരുടെ പ്രതിനിധിയായി അംഗീകരിക്കപ്പെടാവുന്ന ഒരു കാശ്മീരി ബ്രാഹ്മണ സ്ത്രീയാണ് അനാഛാദനം ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നഅവരുടെ യോഗ്യതയേക്കാള്‍ ആ മംഗളകര്‍മ്മത്തിന് അവരെ അനുയോജ്യയാക്കിയ് അവരുടെ ബ്രാഹ്മണത്വമാണ്. അങ്ങ് വടക്ക് ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍നിന്നും തെക്കേ ഇന്ത്യയുടെ തെക്കേയറ്റത്തെ ഒരു കൊച്ചു സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ഒരു ദലിതന്റെ പ്രതിമ അനാഛാദനം ചെയ്യുവാന്‍ ഒരു ബ്രാഹ്മണസ്ത്രീ വന്നു. അത് കഴിഞ്ഞ മൂവ്വായിരത്തി അഞ്ഞൂറു വര്‍ഷത്തെ ഇന്ത്യയുടെ ചരിത്രത്തിലെ അഭൂതപൂര്‍വ്വമായ ഒരു സംഭവവികാസമാണ്.

ഉത്തര്‍പ്രദേശത്തെ മുഖ്യമന്ത്രിയും പിന്നെ കേന്ദ്രമന്ത്രിയു മായിരുന്ന ഡോ: സമ്പൂര്‍ണ്ണാനന്ദ് എന്ന ബ്രാഹ്മണന്റെ പ്രതിമ അന്ന് കേന്ദ്രമന്ത്രിയായിരുന്ന ജഗ്ജീവന്റാം എന്ന ദലിതന്‍ അനാഛാദനം ചെയ്തത് പിന്നെ ഗംഗാജലംകൊണ്ട് കഴുകി അയിത്തം കളഞ്ഞു പരിശുദ്ധമാക്കിയതിനുശേഷമാണ് ഇപ്പോള്‍ അവിടെ നിറുത്തിയിരി ക്കുന്നത്. ജഗ്ജീവന്റാം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം കേന്ദ്രമന്ത്രിയായിരുന്ന ദേഹവും പത്തു ലക്ഷം രൂപ ആദായനികുതി 20-ാം നൂറ്റാണ്ടിന്റെ എഴുപതു കളില്‍ അടയ്ക്കാന്‍ മറന്നുപോയ ദേഹവുമാണ്. എന്നു മാത്രവുമല്ല ചെറുപ്പം മുതലെ ഗാന്ധിക്കും കോണ്‍ഗ്രസ്സിനും കൂട്ടുനിന്നുകൊണ്ട് സ്വന്തം ദലിത്‌വര്‍ഗ്ഗത്തെ വഞ്ചിച്ച ഒരു യൂദാസുമായിരുന്നു. മാത്രമല്ല ദലിതരെ വഞ്ചിക്കുവാനും സവര്‍ണ്ണരുടെ പാദസേവ ചെയ്യുവാനും സ്വന്തം മക്കളേയും ആ ദേഹം പഠിപ്പിച്ചു. അധികാരത്തിലും പണത്തിലും പാദസേവ യിലും ഇന്ത്യയിലെ ഒന്നാമത്തെ ദലിതനുമായിരുന്നു അദ്ദേഹം.

പ്രസ്തുത പ്രതിമാ അനാച്ഛാദനങ്ങള്‍ രണ്ടും 20-ാം നൂറ്റാണ്ടില്‍ തന്നെ നടന്ന സംഭവങ്ങളാണ്. നിത്യേന അനേകം ബ്രാഹ്മണര്‍ ബ്രാഹ്മണരിലെതന്നെ ഏറ്റവും ഉന്നതകുലജാതരായ നമ്പൂതിരിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്ന തിരുവനന്തപുരത്തെ ആ വീഥിയില്‍ ഗംഗാജലംകൊണ്ടുപോലും പരിശുദ്ധമാക്കപ്പെടാത്ത ആ പ്രതിമ ഇന്നും അവിടെ നിലകൊള്ളുകയാണ്. തീര്‍ച്ചയായും അത് ഹിന്ദു സംസ്‌കാരത്തിന്റെ മുന്നിലെ ഒരുവലിയ ചോദ്യചിഹ്ന മാണ്. ഇന്ദിരാഗാന്ധി അതിനായി ഇവിടെ സ്വയം വരികയല്ല; അവരെ ഇവിടെ വരുത്തുകയാണുണ്ടായത്. അവര്‍ക്ക് ഇവിടെ വരാതിരിക്കാന്‍ സാധ്യമല്ലാത്ത പരിതസ്ഥിതി ഈ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. കാട്ടില്‍ അലഞ്ഞു നടക്കുന്ന ഹിംസ്രജന്തുക്കളെ മന്ത്രശക്തികൊണ്ടു തന്റെ ഇരിപ്പിടത്തില്‍ വരുത്തി വേട്ടയാടുന്ന പഴയകാല നായാട്ടു വിദഗ്ദ്ധന്മാരുടെ ആധുനിക പതിപ്പാണ് ദലിതനായ അയ്യന്‍കാളി എന്നുപറയാം. വെങ്ങാനൂരിലെ ചിത്രകൂടത്തിനടിയില്‍2 കിടന്നുകൊണ്ട്അദ്ദേഹം തന്റെ മന്ത്രശക്തിയാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇവിടെ വരുത്തി അവരുടെ ബ്രാഹ്മണ്യം വേട്ടയാടി. ദലിതന്റെ പ്രതിമ അനാഛാദനം ചെയ്തുകഴിഞ്ഞാല്‍ പിന്നെ എവിടെയാണ് ആ ബ്രാഹ്മണസ്ത്രീയില്‍ ബ്രാഹ്മണ്യം അവശേഷിക്കുന്നത്? മനുസ്മൃതി പ്രകാരം അവര്‍ മരിക്കുന്നതുവരെ ബ്രാഹ്മണ്യമില്ലാത്ത ഒരു ബ്രാഹ്മണ സ്ത്രീയായിരിക്കാം.

മരിച്ച് ആറു ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും വിപ്ലവത്തിന്റെ ഏറ്റവും വലിയ തീപ്പന്തമായി ഇന്നും എരിയുന്ന അയ്യന്‍കാളിയുടെ ജീവിതം ഐതിഹാസികമായ ഒരു സമരത്തിന്റെയും വിജയത്തിന്റെയും കഥയാണ്. മാനസികവും കായികവും ബുദ്ധിപരവുമായ സിദ്ധിവിശേഷംകൊണ്ട് ഒരു ജനസമൂഹ ത്തിന്റെ അടിമത്ത ചങ്ങല പൊട്ടിച്ചെറിഞ്ഞ വിപ്ലവകരമായ പോരാട്ടത്തിന്റെ കഥയാണത്. സ്വന്തം കുടിലുകള്‍ക്കും പണിചെയ്യുന്ന പാടങ്ങള്‍ക്കുമപ്പുറം സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി സഞ്ചരിക്കാന്‍ അവകാശമില്ലാതിരുന്ന ഒരു ജനവിഭാഗത്തിന് രാജ്യത്തിനകത്തും പുറത്തും എവിടെയും നിര്‍ബാധം കയറിച്ചെന്നു കാര്യം പറയുവാന്‍ കഴിയുന്ന ഒരു സ്ഥിതി സംജാതമാകു ന്നതിനുവേണ്ടി ഹോമിക്കപ്പെട്ട ജീവിത ത്തിന്റെ കഥയാണ് അയ്യന്‍കാളിയുടെ കഥ. ആവിധത്തിലുള്ള മറ്റൊരു കഥ കേരളത്തില്‍ പറയുവാനില്ല. ഇന്ത്യയില്‍തന്നെ വേറെയില്ല. അതാണ് അയ്യന്‍കാളിയുടെ പ്രത്യേകത. ദക്ഷിണാ ഫ്രിക്കയില്‍ നീഗ്രോകള്‍ ശ്രമിച്ചിട്ട് ഇന്നും പൂര്‍ണ്ണമായി നേടാന്‍ ആവാത്തത് (1989 ല്‍ രണ്ടാം പതിപ്പ് എഴുതിയപ്പോള്‍) അമേരിക്കയിലെ റെഡ്ഇന്ത്യാക്കാര്‍ പയറ്റി പരാജയമടഞ്ഞത്- ആസ്‌ത്രേലിയയിലെ ആദിവാസികള്‍ ആയുധംവച്ച് കീഴടങ്ങിയത് അയ്യന്‍കാളി മുക്കാല്‍ നൂറ്റാണ്ടിനുമുമ്പുതന്നെ ഇവിടെ നേടിയെടുത്തു എന്നതാണ് ചരിത്രത്തില്‍ അദ്ദേഹത്തിന് ലഭിച്ച അതുല്യമായ സ്ഥാനത്തിന് കാരണം.3

കേരളത്തില്‍ മാത്രമേ ഒരു അയ്യന്‍കാളി ജനിച്ചിട്ടുള്ളൂ. അത് കേരളത്തിന്റെ പ്രത്യേകതയാണ്. കേരളത്തില്‍ മാത്രമേ ഒരു അയ്യന്‍കാളിക്ക് ജനിക്കാനാവുകയുള്ളൂ. അത് കേരള സംസ്‌കാര ത്തിന്റെ സവിശേഷതയാണ്. അമേരിക്കയില്‍ ജനിച്ചിരിന്നു വെങ്കില്‍ അദ്ദേഹം എബ്രഹാം ലിങ്കനാകുമായിരുന്നു. അല്ലെങ്കില്‍ മാര്‍ട്ടിന്‍ ലുതര്‍കിങ് ജൂനിയറാകുമായിരുന്നു. യൂറോപ്പില്‍ ജനിച്ചിരുന്നുവെങ്കില്‍ കാറല്‍മാക്‌സോ ലെനിനോ ആകുമായിരുന്നു. ഇന്ത്യയില്‍തന്നെ വടക്കേ ഇന്ത്യയില്‍ ജനിച്ചിരുന്നുവെങ്കില്‍ അദ്ദേഹം ബുദ്ധനാകുമായിരുന്നു. പക്ഷെ അദ്ദേഹം കേരളത്തില്‍ ജനിച്ചു. കേരളം അദ്ദേഹത്തെ അയ്യന്‍കാളിയാക്കി.

19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധവും 20-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധവും ഉള്‍ക്കൊള്ളുന്ന കാലഘട്ടത്തില്‍ സാമൂഹ്യ-സാംസ്‌കാ രിക രംഗങ്ങളില്‍ കേരളത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ അഭൂതപൂര്‍വ്വമാണ്. ഈ രണ്ടു നൂററാണ്ടുകളിലെ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കേരളത്തിന്റെ മുഖഛായതന്നെ അക്ഷരാര്‍ത്ഥത്തില്‍ മാറി. ഒരു സമ്പൂര്‍ണ്ണ സാംസ്‌കാരിക നവോത്ഥാനത്തിന് കേരളം വിധേയമായി. 19-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ 1806 ല്‍ റിംഗിള്‍ ടോബി എന്ന യൂറോപ്യന്‍ മിഷനറി തെക്കന്‍ തിരുവിതാംകൂറിലെത്തി എല്‍.എം. എസ്സിന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചു. അനേകം സ്‌കൂളുകള്‍ സ്ഥാപിച്ചു. തുടര്‍ന്നു 1816 ല്‍ സി.എം.എസുകാരും വന്നു. 1822 ല്‍ ചാന്നാര്‍ ലഹളയുടെ ഒന്നാംഘട്ടം ആരംഭിച്ചു. 1859 ല്‍ അതിന്റെ രണ്ടാംഘട്ടം അവസാനിച്ചു. അതിന് മുമ്പുതന്നെ വൈകുണ്ഠ സ്വാമികള്‍ സമത്വസമാജം രൂപീകരിച്ചു പന്തികളും നിഴല്‍തങ്ക ലുകളും പല ഇടത്തും സ്ഥാപിച്ചു. കണ്ണാടി പ്രതിഷ്ഠിച്ചു സ്വാഭിമാനബോധം കുത്തിവച്ചു. 1853 ല്‍ ചട്ടമ്പിസ്വാമികള്‍ ജനിച്ചു. 1856 ല്‍ ശ്രീനാരായണഗുരു ജനിച്ചു. 1863 ല്‍ ഡോ. പല്പു ജനിച്ചു. അയ്യന്‍കാളിയും ആ വര്‍ഷംതന്നെ ജനിച്ചു. 1873-ല്‍ കുമാരനാശാന്‍ ജനിച്ചു. 1885 ല്‍ ടി.കെ. മാധവനും 1889 ല്‍ സഹോദരന്‍ അയ്യപ്പനും ജനിച്ചു. അവരെല്ലാവരും ചേര്‍ന്നപ്പോള്‍ കേരളത്തിന് ഒരു പുതിയ രൂപവും പുതിയ ഭാവവും കൈവന്നു. പുതിയ ആകാശവും പുതിയഭൂമിയും.

എന്നാല്‍ ഇന്ത്യയിലെ മറ്റു സ്‌റ്റേറ്റുകളുമായി താരതമ്യപ്പെടു ത്തുമ്പോള്‍ കേരളം താമസിച്ചാണ് നവോത്ഥാന രംഗത്ത് എത്തിയത് എന്നാണ് ഇന്നു പറയുന്നത്.4 ഇന്ത്യയിലൊട്ടാ കെത്തന്നെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ അനേകം നവോത്ഥാന നായകന്മാര്‍ ജന്മംകൊണ്ടു എന്നവകാശപ്പെടുന്നുണ്ട്. ഇന്ത്യയ്ക്ക് അന്ന് സംഭവിച്ചിരുന്ന അടിസ്ഥാനപരമായ സാംസ്‌കാരിക ജീര്‍ണ്ണതയാണ് അതിന്റെ കാരണം. പ്രവര്‍ത്തനവും പ്രതിപ്ര വര്‍ത്തനവും വഴിയാ ണല്ലോ ചരിത്രം പുരോഗമിക്കുന്നത്. ജീര്‍ണ്ണത കൂടിയപ്പോള്‍ പുതിയ നാമ്പുകള്‍ പൊട്ടിമുളച്ചു. കേരളമാണ് ഈ രംഗത്ത് താരതമ്യേന മെച്ചപ്പെട്ട ഫലം പുറപ്പെടുവിച്ചത്. അന്ന് ജീര്‍ണ്ണതയ്ക്ക് ഏറ്റവും കൂടുതല്‍ വിധേയമായിരുന്നത് കേരളമായിരുന്നു എന്നാണ് അത് തെളിയിക്കുന്നത്.

ഇന്ത്യ മുഴുവന്‍ സന്ദര്‍ശിച്ച വിവേകാനന്ദന് അന്ന് കേരളം മാത്രമാണ് ഭ്രാന്താലയമായത്. അന്ന് അയിത്തവും ജാതിയും ജാതിയുടെ ഉച്ചനീചത്വവും എല്ലായിടത്തും ഉണ്ടായിരുന്നു. വിവേകാനന്ദന്റെ ബംഗാളിലും അംബേദ്ക്കറുടെ മഹാരാ ഷ്ട്രയിലും ഈ.വി.ആറിന്റെ മദ്രാസിലുമെല്ലാം അയിത്ത മുണ്ടായിരുന്നു. എങ്കിലും ഭ്രാന്താലയം കേരളം മാത്രമായിരുന്നു. ഇവിടെ ചാത്തനോ കറുമ്പനോ പള്ളിയിലോ മസ്ജിദിലോ പോയി പേരുമാറി മത്തായിയോ മജീദോ ആയാല്‍ പിന്നെ അയിത്തമില്ല. ആ സൗകര്യം അന്ന് കേരളത്തിലെപ്പോലെ ബംഗാളിലോ മഹാരാഷ്ട്രയിലോ തമിഴ്‌നാട്ടിലോ ഉണ്ടായിരുന്നില്ല. അവിടെ ക്രൈസ്തവ മിഷനറിമാരും അവരുടെ പ്രവര്‍ത്തനവും താരതമ്യേന കുറവായിരുന്നു. അവിടെ അയിത്തം മാറണമെങ്കില്‍ മരിക്കണം മരിച്ച് അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണം. ഈ ജന്മത്തില്‍ അയിത്തം മാറാനുള്ള കുറുക്കുവഴി നിലനിന്ന കേരളം ഭ്രാന്താലയമാണ് എന്നുപറയുമ്പോള്‍ ജന്മം മാറാതെ അയിത്തം മാറ്റുന്നതിനെ ഭ്രാന്തിന്റെ ലക്ഷണമായി കണ്ട വിവേകാനന്ദനാണ് ഇന്നു നമ്മുടെ ആദര്‍ശ പുരുഷന്‍; പ്രത്യേകിച്ചും യുവാക്കള്‍ക്കുവേണ്ടി മാറ്റി വയ്ക്കപ്പെട്ടവന്‍.

ബംഗാളിലെ രാജാറം മോഹന്റായി, ശ്രീരാമകൃഷ്ണ പരമഹംസന്‍ തുടങ്ങിയവരും മറ്റും അക്കൂട്ടത്തില്‍പ്പെടും. ഇംഗ്ലീഷു വിദ്യാഭ്യാസം സിദ്ധിക്കുകയും യൂറോപ്യന്‍ സംസ്‌ക്കാരവുമായി അടുത്തു ഇടപഴകുവാന്‍ അവസരം ലഭിക്കുകയും ചെയ്തിന്റെ ഫലമായി യൂറോപ്യന്‍ ദേശീയ നവോത്ഥാനവുമായി ബന്ധപ്പെട്ടവര്‍ അതിന്റെ നല്ല വശങ്ങള്‍ ഇന്ത്യയില്‍ പകര്‍ത്താന്‍ ശ്രമിച്ചു. അതിന്റെ ഫലമാണ് അന്ന് ഇന്ത്യയുടെ ദേശീയരംഗത്തു കണ്ട നവോത്ഥാന ശ്രമങ്ങള്‍. പക്ഷെ അവരുടെ നവോത്ഥാനങ്ങളെല്ലാം ഇന്ത്യയിലെ ന്യൂനപക്ഷം വരുന്ന സവര്‍ണ്ണ ജനതയുടെ നാലതിരുകള്‍ക്കുള്ളിലൊ ഒതുങ്ങിയിരുന്നു. അവര്‍ക്കു ജനം അവര്‍ മാത്രമായിരുന്നു. 

അതോടൊപ്പം തന്നെ ആ കാലഘട്ടത്തില്‍ മറ്റൊരു വിഭാഗം നവോത്ഥാന നായകന്മാരും ഇന്ത്യയില്‍ വളര്‍ന്നു വന്നു. സ്വാമിദയാനന്ദ സരസ്വതി, ബാലഗംഗാധര തിലകന്‍, ലാലാ ലജ്പത് റായി, അരവിന്ദ്‌ഘോഷ്, ബങ്കിം ചന്ദ്രചാറ്റര്‍ജി തുടങ്ങിയവര്‍. അവര്‍ക്ക് പ്രചോദനം ലഭിച്ചത് ഇന്ത്യയുടെ ദുഃസ്ഥിതിക്കു കാരണം ആര്യ ധര്‍മ്മത്തില്‍ നിന്നും അതിനുണ്ടായ വ്യതിചലനമാണെന്നും അതിന്റെ ഫലമായിട്ടാണ് ഇന്ത്യ വിദേശമേധാവിത്വത്തിന് വിധേയമാകേണ്ടി വന്നതെന്നും അതിനാല്‍ ഇന്ത്യയുടെ മോചനത്തിനു വേദേതിഹാസങ്ങളി ലേക്കാണ് തിരിയേണ്ടത് എന്ന ആശയത്തില്‍ നിന്നാണ്. അവര്‍ മോക്ഷദായകമായി കണ്ടത് ചാതുര്‍വര്‍ണ്ണ്യമാണ്.

പരസ്പര വിരുദ്ധങ്ങളായ ഈ രണ്ടു വീക്ഷണങ്ങളുടെയും നിഷേധമാണ് അയ്യന്‍കാളി എന്നു പറയാം. അദ്ദേഹത്തിന് യൂറോപ്യന്‍ നവോത്ഥാനത്തെപ്പറ്റി യാതൊരു ധാരണയുമുണ്ടാ യിരുന്നില്ല. എല്‍.എം.എസ്. മിഷനറിമാര്‍ തെക്കന്‍ തിരുവിതാം കൂറില്‍ ചാന്നാന്മാരുടെ ഇടയിലും പുലയരുടെ ഇടയിലും പറയരുടെ ഇടയിലും നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ചിലപ്പോഴെല്ലാം അദ്ദേഹം കണ്ടിട്ടുണ്ട്. ചിലതെല്ലാം അദ്ദേഹം കേട്ടിട്ടുണ്ട്. എന്നാല്‍ അതേപ്പറ്റി ഒരു ശാസ്ത്രീയപഠനം നടത്തുവാനോ വിലയിരുത്തുവാനോ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. അദ്ദേഹം ജനിക്കുന്നതിനു നാലു വര്‍ഷം മുമ്പ് ചാന്നാര്‍ ലഹളയുടെ രണ്ടാംഘട്ടം വിജയകരമായി പര്യവസാനിച്ചു. ആര്‍ഷഭാരത സംസ്‌ക്കാരത്തിലേയ്ക്ക് പിന്തിരിയുവാന്‍ അദ്ദേഹം ബോധവാനായിരു ന്നില്ല. അതിന്റെ സംരക്ഷകര്‍ അദ്ദേഹത്തോടു ചെയ്തുകൊണ്ടിരുന്ന അനീതികള്‍ നേരില്‍ കണ്ടാണ് അദ്ദേഹം വളര്‍ന്നത്.

കേരളത്തില്‍ ചാന്നാര്‍ ലഹളയും പുലയലഹളയും മാപ്പിള ലഹളയും ഈഴവലഹളയും വയലാര്‍ ലഹളയും നടന്നത് നവോത്ഥാന കാലഘട്ടത്തിലാണ്. ഏതാണ്ട് എല്ലാ സമുദായ ങ്ങളിലും ജാതികളിലും, അന്ന് നമ്പൂതിരി തൊട്ടു നായാടി വരെ ഉള്ളവരില്‍ മാറ്റത്തിന്റെ വേലിയേറ്റമുണ്ടായി. അതിനുവേണ്ടി പരിശ്രമിച്ച വ്യക്തികളും പ്രസ്ഥാനങ്ങളും അസംഖ്യങ്ങളാണ്. സാമുദായിക നേതാക്കന്മാരും സാംസ്‌കാരിക നായകന്മാരും ചിന്തകരും ദാര്‍ശനികരുമൊല്ലാം അക്കൂട്ടത്തില്‍പ്പെടും. എന്നാല്‍ പ്രസ്തുത അപൂര്‍വ്വ വ്യക്തികളില്‍ അഗ്രഗണ്യന്‍ അയ്യന്‍കാളി യാണ് എന്ന് നിസംശയം പറയാം. നവകേരളത്തിന്റെ ശില്പികളുടെ നേതാവ് എന്ന സ്ഥാനം അദ്ദേഹത്തിനാണ് ഏറ്റവും കൂടുതല്‍ യോജിക്കുന്നത്. അന്നിവിടെ നിലനിന്നിരുന്ന ജാതി ശ്രേണിയില്‍പ്പെട്ട എല്ലാ ജാതിയിലുംപെട്ടവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ഏറ്റവും പിന്നണിയില്‍ വിപ്ലവത്തിന്റെ ശംഖനാദം മുഴക്കിയ നേതാവാണ് അവരുടെ മുന്നണി നായകന്‍. ഏറ്റവും പിന്നണിക്കാരനായ അദ്ദേഹത്തിന് അതു സാധിച്ചു എന്നതുതന്നെയാണ് ആ നായകസ്ഥാനത്തിനുള്ള യോഗ്യത.

സാംസ്‌കാരിക പാരമ്പര്യവും സാമ്പത്തിക സൗകര്യങ്ങളും സാമൂഹ്യബോധവും അധികമുള്ള സമുദായങ്ങള്‍ കാലഘട്ടത്തി നനുസര ണമായി കൈവരിക്കുന്ന നേട്ടങ്ങള്‍ നാടിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയെ കുറിക്കുന്നില്ല. നായര്‍ സമുദായവും നമ്പൂതിരിസമുദായവും സാംസ്‌കാരികമായി മുന്നേറി നാടിന് അഭിമാനിക്കാം എന്ന് അവര്‍ കരുതുന്ന നേട്ടങ്ങള്‍ പലതും സമ്പാദിച്ചപ്പോഴും പറയനും പുലയനുംഅതൊന്നും അറിഞ്ഞി രുന്നില്ല. ഒരു ബ്രാഹ്മണനായ ശങ്കരാചാര്യന്‍ സര്‍വജ്ഞപീഠം കയറി കേരളത്തിന്റെ യശസ്സ് ഉയര്‍ത്തി എന്നവകാശപ്പെടുമ്പോള്‍ അതില്‍ പങ്കുചേരാന്‍ ഇതര ബ്രാഹ്മണര്‍ക്കു കഴിഞ്ഞു. കേരള ബ്രാഹ്മണരായ നമ്പൂതിരിമാര്‍ മൊത്തത്തില്‍ അതില്‍ അഭിമാനം കൊണ്ടു. എന്നാല്‍ പുലയരില്‍ അത് എന്ത് മാറ്റം സൃഷ്ടിച്ചു. അന്നുവരെ സ്വതന്ത്രരായിരുന്ന അവര്‍ അതോടെ അടിമകളായി. ചാതുര്‍വര്‍ണ്ണ്യം സ്ഥാപിക്കപ്പെട്ടു. അതാണ് അവരില്‍ സംഭവിച്ച മാറ്റം. ബുദ്ധമതം ഇവിടെ സാര്‍വത്രികമായിരുന്നു. അതിനെ ബോധപൂര്‍വ്വം നിര്‍മ്മാര്‍ജ്ജനം ചെയ്തു.5

എന്നാല്‍ സമൂഹത്തിന്റെ താഴെക്കിടയില്‍ ഉള്ളവരെ സംബന്ധി ച്ചിടത്തോളം തങ്ങള്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് സ്വന്തം ഇച്ഛാശക്തി കൊണ്ടു മുന്നേറുവാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. ഒഴുക്കി നെതിരെയാണ് നീന്തി അവര്‍ വിജയം വരിച്ചത്. അതിനാണ് അയ്യന്‍കാളി നേതൃത്വം കൊടുത്തത്. ഒഴുക്കു നല്‍കിയ വേഗത ഉപയോഗിച്ചു ലക്ഷ്യസ്ഥാന ത്തെത്തിയവരുടെ വിജയത്തോട് അതിനെ തുലനം ചെയ്യാനാവില്ല.

ഒരു പുലയനില്‍ രൂപംകൊള്ളുന്ന പുരോഗമന ചിന്താഗതി പ്രവര്‍ത്തിയില്‍ വരണമെങ്കില്‍ അവന്‍ പുലയ സമുദായത്തിലെ യാഥാസ്ഥിതിക നേതൃത്വത്തോടുമാത്രം പൊരുതിയാല്‍ പോരാ. അവനെതിരെ ആദ്യം വാളെടുക്കുന്നത് ഈഴവ യാഥാസ്ഥിതിക നേതൃത്വം, നായര്‍ യാഥാസ്ഥിതിക നേതൃത്വം, നമ്പൂതിരി യാഥാസ്ഥിതിക നേതൃത്വം, പിന്നെ ആ നാട്ടിലും രാജ്യത്തും മുസ്ലീം - ക്രൈസ്തവ മത ക്കാരുണ്ടെങ്കില്‍ അതിലെ യാഥാസ്ഥിതിക നേതൃത്വം തുടങ്ങിയവയെ ല്ലാമാണ്. എന്നാല്‍ വി.ടി ഭട്ടതിരിപ്പാ ടിന്റെ പുരോഗമന നടപടിക്കു എതിരായി, അദ്ദേഹം വിധവാ വിവാഹം നമ്പൂതിരി സമുദായത്തില്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഒരു പുലയനോ ഈഴവനോ നായരോ ആരും എതിര്‍ക്കുകയുണ്ടായില്ല. നമ്പൂതിരിമാരിലെ യാഥാസ്ഥിതികര്‍ മാത്രം എതിര്‍ത്തു. ജാതിശ്രേണിയില്‍ പുറകില്‍ നില്‍ക്കുന്ന സമുദായങ്ങളിലെ അംഗങ്ങളുടെ പുരോഗമന ചിന്താഗതിക്കുണ്ടാകുന്ന ദുരവസ്ഥ അതാണ്..

ജാതി ശ്രേണിയിലെ മുന്നണി സമുദായങ്ങളിലെയും പിന്നണി സമുദായങ്ങളിലെയും നേതാക്കന്മാരെ തമ്മില്‍ തുലനം ചെയ്യു മ്പോള്‍ പലരും ഈ ചരിത്രയാഥാര്‍ത്ഥ്യത്തിന്റെ നേരെ കണ്ണട യ്ക്കുന്നു. സാംസ്‌കാരികാധ:പതനത്തിന്റെയും അതുമൂലമു ണ്ടാകുന്ന മറ്റെല്ലാ അധ:പതനങ്ങളുടെയും അഗാധഗര്‍ത്തത്തില്‍ നിന്നും സ്വന്തം സമുദായത്തെ പിടിച്ചുിക്കൊണ്ടുവന്ന ധീരാത്മാവാണ് അയ്യന്‍കാളി. അദ്ദേഹം നവകേരള സൃഷ്ടാക്കളില്‍ പ്രഥമ ഗണനീയനാകുന്നത് അതുകൊണ്ടാണ്.

കേരളത്തിലെ പുലയരുടെ സമുദ്ധാരണത്തിനുവേണ്ടി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിലുമായി ജീവാര്‍പ്പണം ചെയ്ത മഹാത്മാവാണ് അയ്യന്‍കാളി എന്ന അടിസ്ഥാനത്തില്‍ ഈഴവര്‍ക്ക് നാരായണഗുരുവും നായര്‍ക്ക് മന്നത്തു പത്മനാഭനും അരയര്‍ക്ക് കെ.പി, കറുപ്പനും നമ്പൂതിരിക്ക് വി.ടി. ഭട്ടതിരിപ്പാടും പോലെ പുലയര്‍ക്ക് അയ്യന്‍കാളിയും ഒരു പുതിയ ജന്മം നല്‍കി എന്നു പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കാന്‍ സാധാരണ ശ്രമിക്കാറുണ്ട്. എന്നാല്‍ പുലയുരടെ മന്നമോ ഗുരുദേവനോ ആയിരുന്നില്ല അയ്യന്‍കാളി. കേരളത്തിന്റെ അംബേദ്ക്കറുമായിരുന്നില്ല അദ്ദേഹം. അടിച്ചമര്‍ത്തപ്പെട്ട, ഞെരിച്ചു തകര്‍ക്കപ്പെട്ട ജനതയെ മൊത്തമായാണ് അദ്ദേഹം വീക്ഷിച്ചത്. അന്ന് അദ്ദേഹം സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിലൂടെ ബീജാവാപം ചെയ്തത് ആ മനോഭാവമാണ്. ഒരു പുലയ മഹാസഭയല്ല അദ്ദേഹം സ്ഥാപിച്ചത്. വാവൂട്ടു സംഘമോ ശ്രീനാരായണ ധര്‍മ്മപരിപാലന സംഘമോ അദ്ദേഹം സ്ഥാപിച്ചില്ല. അവയെക്കാളെല്ലാം വിശാലമാണ് സാധുജന പരിപാലനസംഘം എന്നു വ്യക്തമാണ്. പക്ഷെ ഈഴവസമുദായത്തിന്റെ വഴിയിലൂടെത്തന്നെയാണ് പുലയ സമുദായവും നീങ്ങാന്‍ ശ്രമിക്കുന്നത്. നാരായണ ഗുരുവിനെ ഈഴവര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതുപോലെ അയ്യന്‍കാളിയെ പുലയരും സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഫലമായി പറയനും കുറവനും അയ്യന്‍കാളിയെ അറിയാതെ ആയി. സവര്‍ണ്ണരുടെയും പിന്നോക്കക്കാരുടെയും കാര്യം പറയാനുണ്ടാ. ആരാണ് അതിന്റെ കാരണക്കാര്‍? സാധുജനപരിപാലനസംഘം എങ്ങിനെ ഇല്ലാതായി? കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്) എങ്ങിനെ എന്തിനുവേണ്ടി ഉണ്ടായി? ടി.ടി.കേശവന്‍ ശാസ്ത്രിയെ അതിനൊരു നിമിത്തമായി പലരും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അത് എത്രമാത്രം ശരിയാണ്? ചരിത്രത്തെ എപ്പോഴും തല്‍പ്പരകക്ഷികള്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യം കൊണ്ടു മറയ്ക്കുന്നു.

ശ്രീനാരായണഗുരുവിനെ ഈഴവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോയതിനേക്കാളേറെ അയ്യാന്‍കാളിയെ മനസ്സിലാക്കുവാന്‍ പുലയസമുദായത്തിന് കഴിഞ്ഞില്ല. ഇന്ന് ഒരു നൂറ്റാണ്ടിനുശേഷം ദലിത് എന്നപദംകൊണ്ട് വിവരിക്കുന്നത് അന്ന് അയ്യന്‍കാളി പ്രവര്‍ത്തിയിലൂടെ കാണിച്ചുകൊടുക്കാന്‍ ശ്രമിച്ചതിന്റ ചരിത്രാവശിഷ്ടമാണ് സാധുജന പരിപാലനസംഘം. ചരിത്രവും ഭൂമിശാസ്ത്രവും നരവംശ ശാസ്ത്രവുംഒന്നുമറിഞ്ഞുകൂടാതിരുന്ന അയ്യന്‍കാളി ഇന്ത്യയിലെ അടിസ്ഥാന ജനവര്‍ഗ്ഗങ്ങളെ തിരിച്ചറിഞ്ഞ് അവര്‍ക്ക് സാധുക്കള്‍ എന്ന പേര് നല്‍കി.

ശ്രീനാരായണഗുരുവിന് കുമാരനാശാന്‍, ടി.കെ. മാധവന്‍, ഡോ: പല്‍പ്പു, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ അനുയായികള്‍ തന്റെ ലക്ഷ്യപ്രാപ്തിക്ക് വലിയൊരു സഹായമായിരുന്നു. നാരായണ ഗുരു വിനെ നാരായണഗുരു ആക്കിയത് ഒരു പരിധിവരെ അവരും കൂടിയാണ്. എന്നാല്‍ അതോടൊപ്പം അവര്‍ അദ്ദേഹത്തിന് ഒരു ബാധ്യതയും കൂടിയായിരുന്നു. വൈക്കം സത്യാഗ്രഹ കാലത്തും എസ്.എന്‍.ഡി.പി യോഗത്തിന്റെ മതപരിവര്‍ത്തന പ്രക്ഷോഭണകാലത്തും മറ്റും അത് വ്യക്തമാക്കി യിട്ടുണ്ട്. നാരായണഗുരുവിനോടൊപ്പം ചിന്തിക്കുവാനും നാരായണഗുരുവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാനും അവര്‍ക്കു കഴിയാതെ വന്നു. അന്നത്തെ ഈഴവജനത്തിന്റെെ തലവും നാരായണഗുരുവിന്റെ തലവും തമ്മില്‍ ഒരു പാലം തീര്‍ക്കുവാനുള്ള അവരുടെ ശ്രമം എത്രമാത്രം വിജയിച്ചു എന്നതിനെപ്പറ്റി ഇന്നും സന്ദേഹമുണ്ട്. അത് പൂര്‍ണ്ണമായും പരാജയത്തിലാണ് പര്യവസാനിച്ചത് എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. അദ്ദേഹത്തിന് അവസാനകാലത്ത് യോഗത്തെ തള്ളിപ്പറയേണ്ടിവന്നു. എന്നാല്‍ അയ്യന്‍കാളിക്ക് ആ വിധത്തിലുള്ള ഒരു അനുയായിവൃന്ദമുണ്ടായിരുന്നില്ല. അതുകൊണ്ടുള്ള ഗുണവും ദോഷവും അദ്ദേഹത്തിനുണ്ടായില്ല.

അയ്യന്‍കാളിയില്‍ നിന്നും ഇന്ത്യന്‍ജനത-ഇവിടുത്തെ അധ:സ്ഥി തവര്‍ഗ്ഗം-പ്രചോദനമുള്‍ക്കൊള്ളുവാന്‍ ആരംഭിച്ചതേ യുള്ളു. അയ്യന്‍കാളി ഇനിയും ഇന്ത്യയിലെ നവോത്ഥാന നായകന്മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല. അദ്ദേഹം കേരളത്തിന്റെ നാലതിരുകള്‍ ക്കുള്ളില്‍ ഇപ്പോഴും തളയ്ക്കപ്പെട്ടിരിക്കുകയാണ്. മായാവതി ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായതുമൂലം അവിടെയും അയ്യന്‍കാളി അറിയപ്പെട്ടു തുടങ്ങി. പക്ഷെ അന്ന് അദ്ദേഹം മുന്നോട്ടുവച്ച ആശയം തന്നെയാണ് ഇന്ന് ദലിത് എന്നപേരില്‍ ഇന്ത്യയുടെ മോചനത്തിന്റെ മാര്‍ഗ്ഗദര്‍ശക മായി നിലനില്‍ക്കു ന്നത്. അദ്ദേഹത്തിന്റെ ആശയത്തിന് ഭേഗദതി വരുത്തേണ്ട ആവശ്യം അദ്ദേഹത്തിന്റെ നിര്യാണത്തിന് അരനൂറ്റാ ണ്ടിനുശേഷം ഇന്നും ഉണ്ടായിട്ടില്ല എന്നുമാത്രമല്ല അതിന്റെ പ്രസക്തി ഏറിയേറി വരുകയുമാണ്.

നാട്ടിലാകെ പുരോഗമന ചിന്താഗതിയുടെ വേലിയേറ്റം കണ്ടുതുടങ്ങിയപ്പോള്‍ അതിനെ കാലേകൂട്ടി ഉള്‍ക്കെണ്ടു സ്വന്തം സമുദായത്തിലേയ്ക്ക് വിസര്‍ജിച്ച ദീര്‍ഘവീക്ഷണമുള്ള നേതാക്കന്മാരെ അയ്യന്‍കാളിയോടു താരതമ്യപ്പെടുത്തുന്നത് മിന്നാമിനുങ്ങനെകൊള്ളിമീനിനോട് താരതമ്യപ്പെടുത്തുന്നതു പോലെയാണ്. അക്ഷരാഭ്യാ സമില്ലാതെ വിദ്യാഭ്യാസയോഗ്യത യില്ലാതെ ആ രംഗത്തെ മറ്റുള്ളവ രോടു സാംസ്‌കാരിക ബന്ധംപോലുമില്ലാതെ ഗീതയോ ബൈബിളോ ഖുറാനോ മനുഷ്യവര്‍ഗ്ഗത്തിന്റെ അതുപോലുള്ള നേട്ടങ്ങള്‍ ഏതെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്യാതെ, സ്വന്തം മന:സാക്ഷി യുടെയും യുക്തിയുടെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ കരുപ്പിടിപ്പിച്ചെടുത്ത സിദ്ധാന്തങ്ങളുടെ സഹായത്താല്‍ മാത്രം ഒരു വലിയ മനസ്സിന്റെ ഉടമയായി മാറിയ മഹാനാണദ്ദേഹം. അംബേദ്ക്കറെ, മഹാനായ അംബേദ്ക്കറാക്കിയതിന്റെ പിന്നില്‍ അദ്ദേഹത്തിനു ലഭിച്ച ഉന്നത വിദ്യാഭ്യാസം നിര്‍വഹിച്ച പങ്ക് സീമാതീതമാണ്. എന്നാല്‍ തല്‍സ്ഥാനത്ത് അയ്യന്‍കാളിക്കു ലഭിച്ച വിദ്യാഭ്യാസം അനുഭവത്തിന്റെ പാഠശാലയിലെ ദുരിതങ്ങളുടെ അദ്ധ്യാപകര്‍ വായിച്ചുകേള്‍പ്പിച്ച ഇല്ലായ്മയുടെയും വല്ലായ്മയുടെയും അരുതുകളുടെയും വിലക്കുകളുടെയും ഗീതയും ബൈബിളും ഖുറാനുമായിരുന്നു. അതു വച്ചുകൊണ്ടാണ് അദ്ദേഹം ഒരു വലിയ തത്വശാസ്ത്രം മെനഞ്ഞെടുത്ത് പ്രയോഗത്തില്‍ കൊണ്ടുവന്നത്.

എന്നാല്‍ ഇന്ന് അയ്യന്‍കാളി വിലയിരുത്തപ്പെടുന്നത് ആ വിധത്തിലല്ല. 'സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കാലം ഓരോ വ്യക്തികളെ നിയോഗിക്കുന്നു. യജമാനന്‍ ഭൃത്യന് കൊടുക്കുന്ന നിയോഗത്തില്‍ നിന്നും ഒഴിഞ്ഞുമാറാനോ ഓടി രക്ഷപ്പെടാനോ ഭൃത്യന് കഴിഞ്ഞെന്നിരിക്കും. എന്നാല്‍ പ്രകൃതി അതിന്റെ സൃഷ്ടികള്‍ക്കു കൊടുക്കുന്ന നിയോഗങ്ങളില്‍ നിന്നും രക്ഷപ്പെടു വാന്‍ സൃഷ്ടികള്‍ക്കു കഴിയുന്നില്ല. അയ്യന്‍കാളി അധഃകൃത വര്‍ഗ്ഗക്കാരെ കരകയറ്റാനുള്ള നിയോഗവുമായിട്ടാണ് അവതരിച്ചത്. അതിനുവേണ്ടി കഠിനവേദനകള്‍ അനുഭവിക്കേണ്ടി വന്നു. വാള്‍മുനയിലൂടെ നടക്കുന്നതുപോലെ അപകടപൂര്‍ണ്ണമാ യിരുന്നു ഓരോ നിമിഷവും. എന്നിട്ടും അയ്യന്‍കാളിക്കു പിന്തിരിയാന്‍ കഴിയുമായിരുന്നില്ല. കാരണം നിയോഗം.'6

എന്താണ് ഇതിന്റെ അര്‍ത്ഥം? അയ്യന്‍കാളി വെറും ഉപകരണം മാത്രം. കാലത്തിന്റെ കയ്യിലെ വെറും ഉപകരണം. ഒന്നും അദ്ദേഹത്തിന്റെ കഴിവല്ല. അദ്ദേഹത്തെ പറഞ്ഞയച്ചവരുടെ കഴിവാണ്. അവര്‍ നിങ്ങളെ ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു അയ്യന്‍കാളിയോ നാരായണഗുരുവോ ഗാന്ധിയോ ആവാമായിരുന്നു. അതിനാല്‍ എല്ലാ ക്രെഡിറ്റും കാലത്തിനുള്ള താണ്. അതിന്റെ മറ്റൊരു രൂപമാണ് വിധി. ഒരു അയ്യന്‍കാളിക്കു വേണ്ടി സഹസ്രാബ്ദങ്ങളായി കോടികളെ അടിമകളാക്കിയതും വിധി. ആ അടിമകളെ മുച്ചൂടും ചൂഷണം ചെയ്തു സുഖിച്ച ബ്രാഹ്മണരും വിധി. ബ്രാഹ്മണരെ സുഖിമാന്മാരാക്കിയതും ദലിതരെ ചൂഷണവിധേയരാക്കിയതും കാലം. 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ.' പക്ഷെ ആയിരത്തിയഞ്ഞൂറു കൊല്ലങ്ങളായി ദലിതര്‍ ദുരിതം അനുഭവിക്കുന്നു. അന്നൊന്നും ആരെയും നിയോഗിക്കാന്‍ തോന്നാത്ത കാലത്തിന് ഇപ്പോള്‍ അങ്ങനെ തോന്നിയതില്‍ കാലത്തോട് കൃതജ്ഞത പ്രകടിപ്പിക്കാം. പക്ഷെ കാലത്തെ വെല്ലുവിളിച്ചുകൊണ്ട് കാലത്തിനതീതമായി നടന്ന ധീരയോദ്ധാ വാണ് എനിക്ക് അയ്യന്‍കാളി. എന്നെപ്പോലെ ആയിരങ്ങളെയല്ല, ലക്ഷങ്ങളെ കീഴടക്കിയ മഹാന്‍. മഹാനായ അയ്യന്‍കാളി.