"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 14, വ്യാഴാഴ്‌ച

എന്‍ ആര്‍ സന്തോഷ്




എന്‍ കെ രാജന്റേയും വി ആര്‍ സരളയുടേയും രണ്ടാമത്തെ പുത്രനായി വൈപ്പിന്‍കരയിലെ നായരമ്പലത്ത് 1970 മെയ് 25 നാണ് എന്‍ ആര്‍ സന്തോഷ് ജനിച്ചത്. അമ്മ സരള കൊച്ചി അയ്യന്‍കാളി എന്ന് അറിയപ്പെട്ട കെ പി വള്ളോന്‍ എംഎല്‍സി യുടെ താവഴിയില്‍ പെട്ടതാണ്. സുരേഷ് എന്ന ചേട്ടനും സുധീഷ് എന്ന അനിയനും സന്തോഷിനുണ്ട്.

മലയാറ്റൂര്‍ കൂട്ടുകൃഷി ഫാമിലേക്ക് വൈപ്പിന്‍കരയില്‍ നിന്നുള്ള കര്‍ഷകത്തൊഴിലെളികളെ വരുത്തിച്ചപ്പോള്‍ സന്തോഷിന്റെ കുടുംബവും അക്കൂട്ടത്തിലുണ്ടായിരുന്നു. അവിടെ സന്തോഷിന്റെ പ്രാഥമിക വിദ്യാഭ്യാസം ഇല്ലിത്തോട് ഗവ എല്‍പി സ്‌കൂളിലും, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കോടനാടുള്ള മാര്‍ ഔഗേല്‍ ഹൈസ്‌കൂളിലുമായിരുന്നു. അന്നു കൃഷിപ്പണിക്കുപോയ കുറച്ചു കുടുംബങ്ങള്‍ അവിടെത്തന്നെ താമസമാക്കി. തിരിച്ചുവന്നവരുടെ കൂട്ടത്തില്‍ സന്തോഷിന്റെ കുടുംബം വീണ്ടും വൈപ്പിന്‍കരയിലെത്തി.

മാല്യങ്കര ശ്രീനാരായണ മംഗലം കോളേജില്‍ നിന്നും പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും പൊളിറ്റിക്‌സില്‍ ബിരുദവും സന്തോഷ് നേടി. എം ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം കോഴ്‌സ് ഫസ്റ്റ്ക്ലാസില്‍ പാസായി. പ്രവറ്റായി പഠിച്ച് എം എ (മലയാളം) ഫസ്റ്റ് ക്ലാസില്‍ പാസായി. എറണാകുളം മഹാരാജാസ് ലോ കോളേജില്‍ നിയമപഠനത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാ ക്കിയില്ല....

2000 മുതല്‍ക്കുതന്നെ പ്രസിദ്ധീകരണ രംഗത്തു പ്രവര്‍ത്തിച്ചു. ദലിത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 'പിതൃഭൂമി' മാസിക യാണ് സന്തോഷിന്റെ നേതൃത്വത്തില്‍ ആദ്യം പ്രസിദ്ധീകരിച്ചു തുടങ്ങിയത്. അതിന്റെ പ്രസിദ്ധീകരണം നിലച്ചപ്പോള്‍ 'ജനഹിത ദേശീയ ശബ്ദം' ആരംഭിച്ചു. സാമ്പത്തിക ഞെരുക്കം അതിനേയും തളര്‍ത്തി. ഇപ്പോള്‍ 'നാഷനല്‍ വോയ്‌സ്' ആരംഭിച്ച് പ്രസിദ്ധീ കരണം തുടരുന്നു. നിരവധി ലേഖനങ്ങളും പഠന - ഗവേഷണ റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പട്ടികജാതി ഏകോപന സമിതി (ആദിയര്‍ മഹാസഭ) യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് ഇപ്പോള്‍. 400 ല്‍ ഏറെ യൂണിറ്റുകളിലായി സംഘടന പ്രവര്‍ത്തിക്കുന്നു.

ഓട്ടോറിക്ഷ ഓടിച്ചാണ് സ്വന്തം ചെലവിനും സംഘടനാ പ്രവര്‍ത്തനത്തിനുമുള്ള തുക സന്തോഷ് കണ്ടെത്തുന്നത്.

ജീവിത പങ്കാളി: പി എല്‍ ലതിക. ഗസറ്റഡ് റാങ്കില്‍ ഹയര്‍സെക്കന്ററി അധ്യാപികയാണ്. ഇവരുടേത് ഉപജാതി വിവാഹമായിരുന്നു. സന്തോഷും കുടുംബവും തൃശൂര് താമസമാക്കി സംഘടനാ പ്രവര്‍ത്തനവും മാസികയുടെ പ്രസിദ്ധീകരണവും മുന്നോട്ടു കൊണ്ടുപോകുന്നു.