"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 19, ചൊവ്വാഴ്ച

പി കെ റോസി


മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസി 1923 ല്‍ തിരുവനന്തപുരം ജില്ലയിലെ നന്തന്‍കോട് ആമത്തറ വയലിനു സമീപം ഒരു പുലയക്കുടിലില്‍ ജനിച്ചു. ഈ സ്ഥലം ഇപ്പോള്‍ കനകവയല്‍ എന്നാണ് അറിയപ്പെടുന്നത്.

അച്ഛന്‍ കോലപ്പന്‍. അമ്മ: കുഞ്ഞി. ഇവരുടെ രണ്ടാമത്തെ മകളാണ് റോസി. അച്ഛനും അമ്മയും നലികിയ പേര് രാജമ്മ എന്നായിരുന്നു.

രാജമ്മയുടെ മൂത്ത സഹോദരി സരോജിനിയും ഇളയ സഹോദരി റോസമ്മയും ഏറ്റവും ഇളയ സഹോദരന്‍ ഗോവിന്ദനുമാ യിരുന്നു. 

പുലയ സമുദായത്തില്‍ ജനിച്ച കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലം. ഇവര്‍ക്കുകൂടി പ്രവേശനം അനുവദിച്ചുകൊണ്ട് 1914 ല്‍ത്തന്നെ രാജകീയ വിളവരം ഉണ്ടായിരുന്നിട്ടും സ്‌കൂള്‍ പ്രവേശനം കീറാമുട്ടിയായി തുടര്‍ന്നു. ഈ സാഹചര്യത്തില്‍ രാജമ്മയെ എല്‍എംഎസ് പള്ളിയില്‍ ചേര്‍ക്കുകയും അതുവഴി അവരുടെ പള്ളിക്കൂടത്തില്‍ വിദ്യാഭ്യാസം ചെയ്യുവാന്‍ അവസരമുണ്ടാകുകയും ചെയ്തു. എന്നാല്‍ അച്ഛനമ്മമാര്‍ പള്ളിയില്‍ ചേര്‍ന്നിരുന്നില്ല! പിന്നീട് അച്ഛന്‍ കോലപ്പന്‍ ക്രിസ്തുമതത്തില്‍ ചേരുകയും പൗലോസ് എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അതോടെ പള്ളിവകാരി യായിരുന്ന പാര്‍ക്ക് സായിപ്പിന്റെ ബട്‌ലര്‍ ജോലി ലഭിക്കുകയും ചെയ്തു.

രാജമ്മ അവിടെ രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് അനിയത്തി പിറന്നത്. പള്ളിയുടെ സ്വാധീനം ഉള്ളതുകൊണ്ടാകാം ആ കുട്ടിക്ക് റോസമ്മ എന്ന് പേരുവന്നത്.

നന്ദന്‍കോട് ആമത്തറ കേന്ദ്രമാക്കി ദലിത് യുവാക്കള്‍ സംഘടി പ്പിച്ച ചേരമര്‍ കലാസംഘം കാക്കരശ്ശിനാടകം അവതരിപ്പിച്ചു വന്നിരുന്നു. രാജമ്മ യുവതിയായപ്പോള്‍, ആസംഘത്തില്‍ ചേര്‍ന്ന് കാക്കാത്തിയുടെ വേഷംകെട്ടുവാന്‍ തുടങ്ങി. അന്നുവരെ സ്ത്രീവേഷങ്ങള്‍ ചെയ്തിരുന്നത് പുരുഷന്മാര്‍ തന്നെയായിരുന്നു.

അക്കാലത്ത് നന്തന്‍കോട് വന്ന് തമ്പടിച്ചിരുന്ന തമിഴ്‌നാടക സംഘം രാജമ്മയുടെ കലാവിരുതുകണ്ട് മതിപ്പുവരികയും തങ്ങളുടെ സംഘത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇത് ചേരമര്‍ കലാസംഘത്തിന് തീരെ പിടിച്ചില്ല. അവര്‍ ഉയര്‍ത്തിയെ എതിര്‍പ്പ് രൂക്ഷമായി വളര്‍ന്ന് സംഘട്ടനത്തിലെത്തിയപ്പോള്‍ രാജമ്മക്കും കുടുംബത്തിനും വീടു വിടേണ്ടതായ അവസ്ഥ വന്നു. 

1926 ല്‍ നന്തന്‍കോട് വിട്ട് രാജമ്മയും കുടുംബവും ആറന്നൂരില്‍ പോയി താമസിച്ചു. അവിടെയും ശരിയല്ലെന്നു വന്നപ്പോള്‍ തൈക്കാട് ആശുപത്രിക്കു പടിഞ്ഞാറുഭാഗത്തെ പുറംപോക്കു ഭൂമിയില്‍ വീടുവെച്ച് അങ്ങോട്ടു മാറി താമസിച്ചു.

അവിടെ കുടുംബം കൂലിപ്പണിയും പണിയില്ലാത്ത അവസര ങ്ങളില്‍ പുല്ലു പറിച്ച് തലച്ചുമടായി കൊണ്ടുവന്ന് പുളിമൂട് ചന്തയില്‍ വിറ്റുമാണ് നാളുകള്‍ പോക്കിയിരുന്നത്. എന്നാല്‍ പുലയസ്ത്രീകള്‍ ചന്തയില്‍ കയറിയതോടെ മറ്റ് കച്ചവടക്കാര്‍ക്ക് അത് പ്രശ്‌നമായി! അത് സംഘട്ടനമായി വളരാതിരിക്കാന്‍ പുലയസ്ത്രീകള്‍ ശ്രദ്ധചെലുത്തിയതിന്റെ അനന്തരഫലമായി പുല്ലുചന്തയുടെ പ്രവര്‍ത്തനം അവസാനിച്ചു!

1928 ല്‍ ജെ സി ഡാനിയേല്‍ സംവിധാനം ചെയ്തു നിര്‍മിക്കുന്ന മലയാളത്തിലെ ആദ്യ സിനിമയില്‍ നായികയെ അവതരിപ്പിക്കാന്‍ രാജമ്മക്ക് ക്ഷണം ലഭിച്ചു. രാജമ്മയുടെ വീടിനടുത്ത് താമസിച്ചി രുന്ന ജോണ്‍സനാണ് ജെ സി ഡാനിയേലിനു രാജമ്മയെ പരിചയപ്പെടുത്തി ക്കൊടുത്തത്. 'വിഗതകുമാരന്‍' എന്നായിരുന്നു സിനിമയുടെ പേര്. ഇതില്‍ നായികയായ സരോജിനി എന്ന സവര്‍ണ സ്ത്രീയെയാണ് രാജമ്മ അവതരിപ്പിച്ചത്.

സിനിമയുടെ ആദ്യ പ്രദര്‍ശനം നവംബര്‍ 7 ന് ക്യാപ്പിറ്റോള്‍ ടെന്റ് തിയേറ്ററില്‍ നടന്നു. സിനിമ കണ്ടു തുടങ്ങിയപ്പോള്‍ സവര്‍ണ രോഷം ആളിക്കത്തി. ദലിത് സ്ത്രീ സവര്‍ണ സ്ത്രീയെ അവതരിപ്പിച്ചതിലാണ് അവര്‍ രോഷം കൊണ്ടത്. തിയേറ്ററിന് അന്നുതന്നെ സവര്‍ണ മാടമ്പിമാര്‍ നാശം വരുത്തി. രാജമ്മയുടെ വീട് ആക്രമിച്ചു. എങ്ങും ഭീതി വിതച്ചുകൊണ്ട് സവര്‍ണ മാടമ്പിമാര്‍ അഴിഞ്ഞാടി. വിവരം ഡാനിയേല്‍ കൊട്ടാരത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് രണ്ടു പൊലീസുകരെ രാജമ്മയുടെ വീടിനു കാവല്‍ നില്‍ക്കുന്നതിനായി നിയോഗിക്കപ്പെട്ടു!

ഇതുകൊണ്ടൊന്നും സവര്‍ണ ഭീകരതയെ നിയന്ത്രിക്കാനായില്ല. 1928 നവംബര്‍ പത്തിന് രാത്രി, രാജമ്മയും കുടുംബവും താമസിച്ചിരുന്ന ഓലപ്പുരക്ക് സവര്‍ണ മാടമ്പിമാര്‍ തീയിട്ടു. കുടുംബാംഗങ്ങള്‍ പലവഴിക്ക് ചിതറിയോടി. രാമജമ്മ ചെന്തിട്ടയിലെ ഊടുവഴി ഓടി കിള്ളിപ്പാലത്തേക്കും അവിടെനിന്ന് ഓടി കരമന പാലത്തിന് അടുത്തും എത്തി. ഒരു ലോറി വരുന്നതുകണ്ട് പ്രാണ രക്ഷാര്‍ത്ഥം അതിന് കൈകാണിച്ചു. ലോറി ഓടിച്ചിരുന്നത് കേശവ പിള്ളയായിരുന്നു. അദ്ദേഹം രാജമ്മയെ രക്ഷിച്ച് നാഗര്‍കോവിലിലേക്ക് കൊണ്ടുപോയി.

നാഗര്‍കോവിലിലെ ത്തിയെങ്കിലും തുടര്‍ന്ന് റോസിയെ രക്ഷി ക്കാന്‍ വീണ്ടും ത്യാഗങ്ങളേറെ കേശവപിള്ളക്ക് സഹിക്കേണ്ട തായി വന്നു. സവര്‍ണനായ കേശവപിള്ള വീട്ടുകാരുടേയും സമൂഹത്തിന്റേയും എതിര്‍പ്പുകളെ മറികടന്ന് ദലിതായ റോസിയെ തന്നെ വിാഹം കഴിച്ചു. അതോടെ ഒറ്റപ്പെട്ട ഇവര്‍ വടപാളയത്തുള്ള ഓട്ടുപുരത്തെരുവില്‍ വന്ന് വാടകക്ക് വീടെടുത്ത് താമസം തുടങ്ങി.

രാജമ്മ അതോടെ തന്റെ പേര് രാജമ്മാള്‍ എന്നാക്കുകയും തമിഴ് സ്ത്രീകളെ പോലെ ചേലചുറ്റി നടക്കുവാനും തുടങ്ങി. ഇവര്‍ക്ക് 5 മക്കള്‍ പിറന്നുവെങ്കിലും മൂന്നു പേര്‍ മരണമടഞ്ഞു. ശേഷിച്ചത് നാഗപ്പന്‍ പിള്ളയും പത്മയുമാണ്. 

1971 മരുമകന്‍ കൃഷ്ണന്റെ വിവാഹത്തില്‍ പങ്കടുക്കുന്നതിനായി 43 വര്‍ഷത്തിനു ശേഷം ആദ്യമായി റോസി ജന്മനാട്ടിലെത്തി. വാഴക്കുല വ്യാപാരത്തിനായി ലോറിയില്‍ തിരുവനന്തപുരത്തെ ത്തുമായിരുന്ന കേശവ പിള്ള തന്നെയാണ് റോസിയുടെ ആളുകളെ കണ്ടെത്തിയതും വിവാഹത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരമാരുക്കിയതും. 

1975 ല്‍ ജെ സി ഡാനിയേല്‍ അന്തരിച്ചു. 1928 നു ശേഷം ഒരിക്കല്‍ പോലും റോസി ഡാനിയേലിനെ കണ്ടിട്ടില്ല.

1928 നു ശേഷം മദ്രാസിലേക്കു പോയ ജോണ്‍സണ്‍ തിരിച്ചുവ ന്നില്ല. അവിടെവെച്ച് അന്തരിച്ചതായി കണക്കാക്കുന്നു.

1987 ല്‍ മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസി വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം തന്റെ 64 ആം വയസില്‍ ഓട്ടുപുരത്തെരുവിലെ വീട്ടില്‍വെച്ച് അന്തരിച്ചു.

1997 ല്‍ കേശവപിള്ള അന്തരിച്ചു.


ഏതുവേഷം കെട്ടിയതു കൊണ്ടാണോ നാടുവിടേണ്ടിവന്നത്, തുടര്‍ന്ന് ജീവിക്കണമെങ്കില്‍ ആ വേഷം തന്നെ ജീവിതത്തിലുടനീളം കെട്ടേണ്ടവന്നു മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിക്ക്!
-------------------------------------------
*അവലംബം: കുന്നുകുഴി എസ് മണി. 'പി കെ റോസി'
*സ്‌കെച്ച്: ഇ വി അനില്‍