"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 5, ചൊവ്വാഴ്ച

തൊണ്ണൂറാമാണ്ടു ലഹള - ദലിത്ബന്ധു എന്‍ കെ ജോസ്


കൊല്ലവര്‍ഷം 1090 ല്‍ (ഏ. ഡി. 1915ല്‍) നടന്ന സമരത്തെയാണ് 90-ാമാണ്ട് ലഹള എന്നുപറയുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലെ ഊരൂട്ടമ്പലം എന്ന സ്ഥലത്തുണ്ടായിരുന്ന സര്‍ക്കാര്‍ വക പള്ളിക്കൂടത്തില്‍ എട്ടുവയസ്സുള്ള പഞ്ചമി എന്നകുട്ടിയെ ചേര്‍ക്കാന്‍ അയ്യന്‍കാളി കൊണ്ടു ചെന്നപ്പോഴുണ്ടായ ഏറ്റുമുട്ട ലാണത്. പ്രസ്തുത സ്‌കൂളില്‍ പുലയകുട്ടികളെ ചേര്‍ക്കണം എന്ന് തലേവര്‍ഷവും വിദ്യാഭ്യാസ ഡയറക്ടര്‍ ഓര്‍ഡര്‍ അയച്ചിരുന്ന താണ്. അയ്യന്‍കാളിയുടെ അനേകം നാളത്തെ നിവേദനഫല മായിട്ടാണ് അങ്ങനെ ഒരു ഓര്‍ഡര്‍ ഉണ്ടായത്. അന്ന് നിയമ സഭാമെമ്പറായിരുന്ന അയ്യന്‍കാളി കൊണ്ടുചെന്ന ആ കുട്ടി പുലയ സമുദായത്തില്‍പ്പെട്ടതാണ് എന്ന കാരണത്താല്‍ തന്നെ ഹെഡ്മാസ്റ്റര്‍ സ്‌ക്കൂളില്‍ ചേര്‍ത്തില്ല. തിരുവിതാംകൂര്‍ നിയമസഭയിലെ ഒരംഗമായിരുന്ന അയ്യന്‍കാളിയും അയ്യന്‍കാളി കൊണ്ടുചെന്ന കുട്ടിയും തിരുവിതാംകൂര്‍ സര്‍ക്കാര്‍വക ആ സ്‌കൂള്‍ വരാന്തയില്‍ പ്രവേശിച്ചതിനാല്‍ സ്‌കൂള്‍ അയിത്തമായി. അയ്യന്‍കാളി അസംബ്ലിയില്‍ പ്രവേശിച്ചതിന്റെ പേരില്‍ അസംബ്ലിമന്ദിരം അയിത്തമായില്ല. സവര്‍ണ്ണരായ നാട്ടുകാര്‍ ഒത്തുകൂടി. അവരും അയ്യന്‍കാളിയുടെ ആള്‍ക്കാരും തമ്മില്‍ അവിടെവച്ച് ഏറ്റുമുട്ടലുണ്ടായി.

അയ്യന്‍കാളി എം. എല്‍. സി. എന്ന നിലയില്‍ തല്‍ക്കാലം പിന്‍വാങ്ങി. അയിത്തമാക്കപ്പെട്ട സ്‌കൂള്‍ അന്ന് രാത്രി സവര്‍ണ്ണര്‍ തീവച്ചു നശിപ്പിച്ചു. പുലയര്‍ സ്‌കൂളിനു തീ വച്ചു എന്ന് പരാതിപ്പെടുകയും ചെയ്തു. അയ്യന്‍കാളി ഇരുപത്തിരണ്ടുവര്‍ഷം കയറിയിരുന്നു അയിത്തമാക്കിയ വി.ജെ.ടി ഹാളിന് അവര്‍ തീവച്ചില്ല. വലിയ മല്‍സ്യങ്ങളെ കാണുമ്പോള്‍ ഏതു കൊക്കും കണ്ണടയ്ക്കും.

പിറ്റേ ദിവസം സവര്‍ണ്ണരുടെ ചട്ടമ്പികള്‍ എല്ലാ പുലയകുടിലു കളിലും കയറി കൈയ്യില്‍ കിട്ടിയവരെ മര്‍ദ്ദിക്കുകയും സ്ത്രീകളെ അപമാനിക്കുകയും മാനഭംഗപ്പെടുത്തുകയും വീട്ടുസാമാന ങ്ങളും ആടുമാടുകളെയും കോഴികളെയും മറ്റും അപഹരിക്കുകയും ചെയ്തു. അവിടെ കൂടുതലായി ഉണ്ടായിരുന്നത് അയ്യനവര്‍ വിഭാഗത്തില്‍പ്പെട്ട പുലയരായിരുന്നു. അന്ന് അവിടുത്തെ പുലയരെ മര്‍ദ്ദിക്കുവാന്‍ തിരുവനന്തപുരത്തെ പാങ്ങോട്ടു ക്യാമ്പുചെയ്തിരുന്ന പട്ടാളത്തില്‍ നിന്നും ചിലര്‍ ക്യാപ്റ്റനറി യാതെ രാത്രി മതില്‍ചാടി ലഹള സ്ഥലത്തുചെന്ന് സവര്‍ണ്ണരെ സഹായിച്ചു.7 വിവരം അറിഞ്ഞ അയ്യന്‍കാളി പട്ടാളത്തിന്റെ ക്യാപ്റ്റനെ സമീപിച്ചു. ക്യാപ്റ്റന്‍ ആദ്യം നിഷേധിച്ചുവെങ്കിലും അയ്യന്‍കാളിയുടെ നിര്‍ദ്ദേശാനുസരണം പട്ടാളക്കാരുടെ പുറം പരിശോധിച്ചപ്പോള്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ പലരെയും കണ്ടുപിടിക്കാന്‍ കഴിഞ്ഞു. അവരെല്ലാം നായന്‍മാരായിരുന്നു. അന്നും പട്ടാളക്കാരെല്ലാം നായന്മാരായിരുന്നുവല്ലോ.

നായര്‍ ചട്ടമ്പികളുടെ മര്‍ദ്ദനം ഒന്നോ രണ്ടോ ദിവസംകൊണ്ട് അവസാനിച്ചില്ല. അവര്‍ ഓരോ കരകളും കൊള്ളചെയ്തു മുന്നോട്ടുനീങ്ങി. ഇടയ്ക്ക് ചുള്ളിയൂര്‍ എന്ന സ്ഥലത്തുവച്ച് അയ്യനവര്‍ സമുദായത്തില്‍ പ്പെട്ട ഏതാനുംപേര്‍ കപ്യാരാശാന്‍ എന്നൊരാളുടെ നേതൃത്വത്തില്‍ അവരെ തടഞ്ഞു. ഏറ്റുമുട്ടല്‍ നടന്നു. പപ്പന്‍ ചട്ടമ്പി, ഗോവിന്ദന്‍ ചട്ടമ്പി, പൊന്നന്‍പിള്ള ചട്ടമ്പി തുടങ്ങിയവരുടെ നേത്രത്വത്തില്‍ ഇരുനൂറോളം സവര്‍ണ്ണരുണ്ടാ യിരുന്നു. അയിത്തജാതിക്കാര്‍ കേവലം 25 പേര്‍ മാത്രം. 1090 വൃശ്ചികം 14-ാം തീയതി (1915 നവംബര്‍ 30) നടന്ന ഏറ്റുമുട്ടലില്‍ സവര്‍ണ്ണര്‍ പരാജയപ്പെട്ടു. തിരിച്ചുവരാന്‍ കഴിയുകില്ല എന്ന പ്രതീക്ഷയോടെ പോയ അയിത്തജാതിക്കാര്‍ എല്ലാവരും യാതൊരു പരിക്കും കൂടാതെ തിരിച്ചെത്തി. സവര്‍ണ്ണരില്‍ അനേകര്‍ക്ക് മാരകമായ പരിക്കേറ്റു. പലരും രക്ഷപ്പെടാനായി ഓടിയതിനിടയ്ക്ക് വീണാണ് പരിക്കുപറ്റിയത്. അവര്‍ണ്ണര്‍ക്ക് ആത്മധൈര്യം ലഭിച്ചു. സവര്‍ണ്ണരുടെ ആത്മധൈര്യം നഷ്ടപ്പെട്ടു. അതായിരുന്നു അയ്യന്‍കാളി ആഗ്രഹിച്ചതും.

കപ്യാരാശാനെയും സംഘത്തെയും പ്രതികളാക്കി സവര്‍ണ്ണര്‍ കേസുകൊടുത്തു. അന്ന് അവിടെ ഉണ്ടായിരുന്ന മിഷനറി പാതിരിമാരുടെ സഹായത്തോടെ സവര്‍ണ്ണചട്ടമ്പിമാരുടെ പേരില്‍ ദലിതരും കേസുകൊടുത്തു. രണ്ട്കൂട്ടരെയും കോടതി ശിക്ഷിച്ചു; മൂന്നുവര്‍ഷത്തെ തടവ്. ഒരുവര്‍ഷം കഴിഞ്ഞു അവരെ വിട്ടയച്ചു. തിരിച്ചുവന്നാല്‍ പിന്നേയും അയിത്തക്കാരെ ആക്രമിക്കും എന്ന് സവര്‍ണ്ണര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.

ഈ സംഭവത്തെയാണ് ചരിത്രകാരന്‍മാര്‍ 'പുലയലഹള' എന്നു പറയുന്നത്. അതു സാമൂഹ്യ പരിഷക്ക്‌രണത്തിന്റെയും വിദ്യാഭ്യാസ പ്രക്ഷോഭത്തിന്റെയും ഭാഗമാണ്. അന്ന് സ്‌കൂള്‍ പ്രവേശനത്തിനുള്ള ശ്രമം ഊരൂട്ടമ്പലത്തുമാത്രമായിരുന്നെങ്കിലും ലഹള പല സ്ഥല ത്തേയ്ക്കും പടര്‍ന്നിരുന്നു. 'The so called Pulaya riots in Neyyattinkara Taluk and adjacent places, the riots at Thalayolaparambu at Vaikom and the riots at Cape Comerin were among the more serios'8 വൈക്കത്തു നടന്ന ആ ലഹളയുടെ ബാക്കിയാണ് വൈക്കം സത്യാഗ്രഹം.9