"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 5, ചൊവ്വാഴ്ച

മുന്‍ നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങളും ഘര്‍വാപ്പസിയും തമ്മിലുള്ള വ്യത്യാസം - രാം പുനിയാനികഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ഉള്ള മുഖ്യ രാഷ്ട്രീയായുധ ങ്ങളിലൊന്നാണ് മതപരിവര്‍ത്തനങ്ങളെ കുറിച്ചുള്ള പ്രചരണം. 1950കളില്‍ ആദിവാസി മേഖലകളില്‍ നടന്ന മതപരിവര്‍ത്തന ങ്ങള്‍, പിന്നീട് മീനാക്ഷിപുരത്ത് ദളിതരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്, മത പരിവര്‍ത്തനപരിപാടികളില്‍ ഏര്‍പ്പെട്ടിരുന്ന ഗ്രഹാം സ്റ്റുവര്‍ട്ട് ഹെയിന്‍സ് ഭീകരമായി കൊല ചെയ്യപ്പെട്ടത് ഇവയൊക്കെ മതപരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ്. നിയോഗി കമ്മീഷന്‍ ഇക്കാര്യത്തില്‍ പഠനം നടത്തുകയുണ്ടായിട്ടുണ്ട്. മുസ്ലീം ഭരണാധികാരികള്‍ ഭീഷണിപ്പെടു ത്തിയാണ് മതപരിവര്‍ത്തനം നടത്തിയതെന്ന വിശ്വാസം സാധാരണക്കാരുടെ ഇടയില്‍ സാധാരണയായി തീര്‍ന്നിരിക്കുന്നു. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ക്രിസ്തുമസ്സ് നേരത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടന്നപ്പോള്‍ മത ന്യൂനപക്ഷ ങ്ങളെ സംരക്ഷിക്കുന്നതിന് പകരം വാജ്‌പേയ് സര്‍ക്കാര്‍ ചെയ്തത് മതപരിവര്‍ത്തനങ്ങളെ കുറിച്ച് ദേശീയതലത്തില്‍ സംവാദം സംഘടിപ്പിക്കുകയായിരുന്നു. 

ആഗ്രയില്‍ 350 പേരെ ഹിന്ദു മതത്തിലേക്ക് മതം മാറ്റിയത് അവര്‍ക്ക് റേഷന്‍ കാര്‍ഡും ബിപിഎല്‍ കാര്‍ഡും നല്‍കാമെന്ന് പറഞ്ഞു കൊണ്ടായിരുന്നു. ആര്‍എസ്എസിന്റെ പോഷക സംഘടനകളായ ബജ്രംഗ്ദളും ഹിന്ദു ജനജാഗ്രതാ സമിതിയുമാ യിരുന്നു ഈ പരിപാടി നിര്‍വഹിച്ചത്. ഇതിനെ മതപരിവര്‍ത്ത നമെന്ന് പറയുന്നതിന് പകരം ഘര്‍വാപ്പസി എന്നാക്കി. ആര്‍എസ്എസ് നേതാവ് യോഗി ആദിത്യ നേതാവ് ഇതിനെ മഹത്തായ നേട്ടമായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രാകാരന്മാര്‍ ഇത് വലിയൊരു നേട്ടമായി വിശേഷിപ്പിച്ചു. മതപരിവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടു ത്താന്‍ പോകുകയാണെന്ന് ഒരു ആര്‍എസ്എസ് വക്താവ് പറഞ്ഞു. ജനാധിപത്യ വിശ്വാസികളും ന്യൂനപക്ഷ വിഭാഗങ്ങളും ഈ നിലപാടിനെ എതിര്‍ക്കുന്നുണ്ട്. ഈ ഘര്‍ വാപ്പസി പരിപാടി മത പരിവര്‍ത്തനത്തിനെതിരെ കടുത്ത നിയമം കൊണ്ടുവരുന്ന വിഷയം മുന്നിലേക്ക് കൊണ്ടു വരും. 350 മുസ്ലീങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ആര്‍എസ്എസിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്ത്രപരമായ വളര്‍ച്ചയായിട്ട് കാണണമെന്ന് ആര്‍എസ്എസ് പ്രത്യയശാസ്ത്രകാരന്മാര്‍ അവകാശപ്പെടുന്നു. 

ഇത് ആര്‍എസ്എസിന്റെ മിടുക്കാണ് എന്നു കൂടി വാദിക്ക പ്പെടുന്നുണ്ട്. മതപരിവര്‍ത്തനങ്ങളെ കുറിച്ച് ദശാബ്ദങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതും ഇതിന്റെ വിമര്‍ശകര്‍ ഒഴിഞ്ഞുമാറുന്നതുമായ സംവാദത്തിലേയ്ക്ക് ശ്രദ്ധ തിരിച്ചു വിടാന്‍ ആര്‍എസ്എസിന് കഴിഞ്ഞു. മീനാക്ഷി പുരത്ത് പെട്രോഡോളറുകള്‍ ചെലവഴിച്ചു കൊണ്ടാണ് മതപരിവര്‍ത്തനം നടത്തിയതെന്നും ക്രിസ്ത്യന്‍ മിഷനറിമാര്‍ വിദേശപ്പണം നല്‍കിയാണ് മതം മാറ്റുന്നതെന്നും ആരോപണങ്ങള്‍ ഉന്നയിക്ക പ്പെട്ടിട്ടുണ്ടെങ്കിലും വാസ്തവം മറ്റൊരിടത്താണ്. ഉയര്‍ന്ന ജാതിയില്‍ പെട്ടിട്ടുള്ളവരുടെ കടുത്ത അപമാനങ്ങളില്‍ സഹികെട്ടാണ് ദളിത് യുവാക്കള്‍ മതപരിവര്‍ത്തനത്തിന് തയ്യാറായത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ നിര്‍ബന്ധപൂര്‍വ്വം മതം മാറ്റുന്നുവെന്നുള്ള പ്രചാരണത്തിന്റെ ഉച്ചസ്ഥായിയില്‍ പോലും അത്തരത്തിലുള്ള നിര്‍ബന്ധിക്കലുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. മതപരിവര്‍ത്തനം നടന്നിട്ടുള്ളത് അതിന് വേണ്ടിയുള്ള അപേക്ഷകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്. 

ക്രിസ്ത്യന്‍ മിഷനറിമാര്‍ വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന വാര്‍ത്ത ഒരു വശത്ത് നില്‍ക്കുമ്പോള്‍ കഴിഞ്ഞ ദശാബ്ദങ്ങളില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞതായിട്ടാണ് കാണാന്‍ കഴിയുക. (1971 - 2.60%, 1982 -—2.44%, 1991 - 2.34%, 2001 - 2.30%, 2011 - 2.20%). പാസ്റ്റര്‍ സ്റ്റെയിന്‍ കൊല്ലപ്പെട്ടതിന് ശേഷം അന്ന് എല്‍.കെ.അദ്വാനി ഇക്കാര്യം അന്വേഷിക്കാന്‍ നിയോഗിച്ച വാദ്ധ്വാ കമ്മീഷന്‍ സ്റ്റെയിന്‍സ് മതപരിവര്‍ത്തനങ്ങ ളിലേര്‍പ്പെട്ടിരുന്നില്ലെന്നും മതപരിവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ടിരുന്ന മേഖലകളില്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കാര്യമായിട്ടുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും കണ്ടെത്തി. 

എത്രത്തോളമാണ് ഇന്ത്യയില്‍ മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടു ള്ളത്? ഇക്കാര്യം രണ്ടു തലങ്ങളില്‍ പരിശോധിക്കാവുന്നതാണ്. മദ്ധ്യകാലഘട്ടങ്ങളില്‍ ഇസ്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനങ്ങ ളുണ്ടാവുന്നത് ജാതീയമായ അടിച്ചമര്‍ത്തലുകളെ തുടര്‍ന്നാണ്. വിവേകാനന്ദന്‍ ഇപ്രകാരം ചൂണ്ടിക്കാട്ടി: എന്തു കൊണ്ടാണ് ദരിദ്ര ഇന്ത്യയില്‍ ഇത്രയധികം മുഹമ്മദീയരുണ്ടായത്? ബലം പ്രയോഗിച്ചാണ് അവരെ മതം മാറ്റിയത് എന്നു പറയുന്നത് അസംബന്ധമാണ്. ജമീന്ദാര്‍മാരുടെയും പുരോഹിതന്മാരുടെയും പിടിയില്‍ നിന്ന് മോചനം നേടാനായിരുന്നു അവര്‍ പരിവര്‍ത്തനം തേടിയത്. (തെരഞ്ഞെടുത്ത കൃതികള്‍, വോളിയം 8, പേജ് 330). തീര്‍ച്ചയായും മുസ്ലീം രാജാക്കന്മാരുടെ പാരിതോഷികങ്ങള്‍ കൈപ്പറ്റാന്‍ വേണ്ടി ഒരു ചെറിയ വിഭാഗം മതം മാറിയിട്ടുണ്ട്. ഭയം കൊണ്ടും മതം മാറിയിട്ടുണ്ട്. മലബാര്‍ തീരപ്രദേശങ്ങളിലും മേവഡിലും ഉള്ള മുസ്ലീങ്ങളില്‍ കാണപ്പെടുന്നതു പോലെ സാമൂഹ്യ ഇടപെടലുകളിലൂടെയും പരിവര്‍ത്തനം നടന്നിട്ടുണ്ട്. മദ്ധ്യകാലഘട്ടത്തില്‍ വന്‍തോതില്‍ മുസ്ലീം മതപരിവര്‍ത്തനം ഉണ്ടായത് സൂഫി സന്ന്യാസികളുടെ സ്വാധീനം മൂലമായിരുന്നു. ഇവരുടെ അടുത്ത് തൊട്ടുകൂടാത്തവര്‍ക്കും പോകാമായിരുന്നു. ഇപ്പോള്‍ പോലും മൊത്തം ജനസംഖ്യയുടെ നാലിലൊന്നു പേര്‍ തൊട്ടുകൂടാത്തവരായി കഴിയുകയാണ്. അതു കൊണ്ടു തന്നെ ഇനിയും ആളുകള്‍ ഹിന്ദുത്വത്തില്‍ നിന്ന് മതം മാറിപ്പോയാല്‍ അത്ഭുതപ്പെടാനില്ല. അംബദ്ക്കര്‍ ഇപ്രകാരം പ്രഖ്യാപിച്ചു: ഞാന്‍ ഹിന്ദു ആയിട്ടാണ് ജനിച്ചത്. അതെനിയ്ക്ക് തടുക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. എന്നാല്‍ ഞാന്‍ ഒരു ഹിന്ദു ആയി മരിക്കുകയില്ല.

ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ ബ്രീട്ടീഷ് ഭരണകാലത്തല്ല ക്രിസ്ത്യന്‍ മതത്തിലേക്കുള്ള പരിവര്‍ത്തനം ആരംഭിച്ചത്. ഒന്നാം നൂറ്റാണ്ടില്‍ സെന്റ് തോമസ് ഇന്ത്യയിലേക്ക് വന്ന കാലം മുതല്‍ ഈ പരിവര്‍ത്തനം ആരംഭിച്ചതാണ്. ക്രിസ്തീയതയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അഞ്ചാം നൂറ്റാണ്ടു മുതലാണ് ക്രിസ്തീയത ഇന്ത്യയില്‍ പ്രവേശിക്കുന്നതെന്ന വ്യത്യസ്താഭി പ്രായവും ഉണ്ട്. ആദിവാസികള്‍ക്ക് വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ സഹായം നല്‍കിക്കൊണ്ട് അവഗണിക്കപ്പെട്ട മേഖലകളിലാണ് ക്രിസ്ത്യന്‍ മിഷിനറി പ്രവര്‍ത്തനം ഇവിടെ നടന്നത്. ഈ മിഷിനറിമാരുടെ അപേക്ഷ സ്വീകരിച്ചു കൊണ്ടാണ് നിരവധി പേര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക്മാറിയത്. ആദിവാസി-ദളിത് മേഖലകളില്‍ ഇത്തരത്തിലുള്ള മിഷിനറി പ്രവര്‍ത്തനത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കപ്പെടാന്‍ തുടങ്ങിയത് കഴിഞ്ഞ ആറു ദശാബ്ദക്കാലമായിട്ട് മാത്രമാണ്. ഇതിന്റെ പേരില്‍ ആക്രമണ ങ്ങളും ഈ മേഖലയില്‍ നടക്കുന്നത് ഈ കാലയളവില്‍ തന്നെ. നിരവധി ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സിറ്റികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവരും കുട്ടികളെ അവിടെ അയയ്ക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ ഈ സമയത്ത് ഓര്‍ക്കേണ്ടതുണ്ട്. ചില മതപരിവര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനകളിലൂടെയും രോഗശാന്തി പരിപാടികളിലൂടെയും ആണെന്ന കാര്യം അംഗീകരിക്കേണ്ടതാണ്. വഞ്ചനാപരമായ രീതികളിലൂടെ മതം മാറ്റുന്നത് ഉണ്ടെങ്കില്‍ തന്നെ അത് വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ്. ക്രിസ്ത്യന്‍ മിഷിനറിമാര്‍ നടത്തുന്ന പ്രാര്‍ത്ഥനാ വേളകളിലാണ് മിക്കവാറും ആക്രമണ ങ്ങളും ആക്ഷേപങ്ങളും ഉണ്ടായിട്ടുള്ളത്. വിദേശ കറന്‍സി റെഗുലേഷന്‍ ആക്ട് അനുസരിച്ചുള്ള ചാനലില്‍ കൂടി തന്നെയാണ് ഈ മിഷിനറിമാര്‍ക്ക് പണം ലഭിയ്ക്കുന്നത്. എന്‍ജിഓ മാര്‍ഗ്ഗത്തിലൂടെ കിട്ടുന്ന പണം ആര്‍എസ്എസിനും കിട്ടുന്ന തരത്തിലൂടെ തന്നെയാണ്. 

ഇപ്പോള്‍ ആര്‍എസ്എസ് സഖ്യം മതപരിവര്‍ത്തനം നടത്തുന്നതിന് അവര്‍ പറയുന്ന പേരാണ് ഘര്‍വാപ്പസി. അവര്‍ പലതും പറയുന്നുണ്ടെങ്കിലും ഇത് ശുദ്ധമായ രാഷ്ട്രീയ ഗൂഢാലോചന യാണ്. അനൗപചാരികമായി മതം മാറ്റപ്പെട്ടതൊക്കെ ജാതീയമായി അടിച്ചമര്‍ത്തപ്പെട്ട മേഖലകളിലായിരുന്നു. ജാതിയെന്ന രോഗാ ണുവില്‍ നിന്ന് ക്രിസ്തീയ മതമോ ഇസ്ലാം മതമോ രക്ഷപ്പെട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും ഉയര്‍ന്ന ജാതി അടിച്ചമര്‍ത്തലില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സാമൂഹ്യ നീതി ഈ മതങ്ങളില്‍ നിന്ന് ലഭിക്കുമെന്ന മോഹമാണ് മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. മതം മാറിയവരുടെ മുന്‍ഗാമികള്‍ ഹിന്ദുക്കളായിരുന്നുവെന്നും അതിനാല്‍ തര്‍ക്കത്തിനടിസ്ഥാനമില്ലെന്നും ആര്‍എസ്എസ് അവകാശപ്പെടുന്നു. ഒരാളുടെ വിശ്വാസത്തില്‍ പാരമ്പര്യത്തിനോ പൗരത്വത്തിനോ എന്തു സ്ഥാനമാണുള്ളത്? നമ്മുടെ ഇന്നത്തെ വിശ്വാസം തീരുമാനിക്കാന്‍ പാരമ്പര്യം പരതി നോക്കേണ്ട കാര്യമുണ്ടോ? നമ്മള്‍ എവിടെയാണ് എത്തിച്ചേരുന്നത്? ഒടുവിലത്തെ ഡിഎന്‍എ പഠനങ്ങള്‍ കാണിക്കുന്നത് മനുഷ്യന്റെ ആവിര്‍ഭാവം തെക്കേ ആഫ്രിക്കയില്‍ നിന്ന് ആയിരുന്നെന്നാണ്. ആര്‍ട്ടിക് മേഖലകളില്‍ നിന്നാണ് ആര്യന്മാര്‍ ഇന്ത്യയിലേക്ക് വന്നത് (ലോകമാന്യതിലക്) എന്ന വാദവും ആര്യന്മാര്‍ ഇന്ത്യയില്‍ തന്നെയുണ്ടായിരുന്നതാണ് എന്ന വാദവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്തു കൊണ്ടിരിക്കയാണ്. 

നോമാഡ്-പാഗന്‍ വിഭാഗങ്ങളുടെ മതമെന്താണ്? ചില ശാസ്ത്രജ്ഞര്‍ പറയുന്നത് അത് പരമ്പരാഗതമായ തനത് സംസ്‌കാരമാണെന്നാണ്. ഇത് മതമല്ല. അതേ സമയം തന്നെ ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെമ്പാടുമുള്ള ആദിവാസി കള്‍ ജീവിയ്ക്കുന്നത്. സമൂഹം എപ്പോഴും മാറിക്കൊണ്ടിരി ക്കയാണ്. ഇന്ത്യയില്‍ മതത്തിലെ മുഖ്യ ഭാഗം ജാതികളാണെ ന്നിരിക്കെ അടിച്ചമര്‍ത്തപ്പെട്ട ജാതികളില്‍ പെട്ടവര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ജൈനമതം, ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാംമതം, സിക്കുമതം എന്നിവയിലേക്ക് പോകുകയാണ് ചെയ്തു കൊണ്ടിരുന്നത്. ജനങ്ങള്‍ക്ക് സമത്വം ലഭിക്കാതിരുന്നതിനാലാണ് അവര്‍ മറ്റുള്ള മതങ്ങളെ അന്വേഷിച്ചു പോയത്. ബുദ്ധന്റെ പാഠങ്ങളില്‍ ആകൃഷ്ടരായി ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വലി യൊരു വിഭാഗം ബുദ്ധമതം സ്വീകരിച്ചു. എന്നാല്‍ ബ്രാഹ്മണ വിഭാഗം ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്ന് ബുദ്ധമതം ഇവിടെ നിന്ന് തുടച്ചു മാറ്റപ്പെട്ടു. തങ്ങളുടെ ജീവിതത്തിന് സഹായം ചെയ്യുന്നവരെന്ന് തോന്നിയവരുടെ കൂടെ ചിലര്‍ മതം മാറിപ്പോവുകയുണ്ടായി. 

ഭൂതകാലത്തെ പൗരോഹിത്യത്തിന്റെയും കാര്‍ഷിക-ഫ്യൂഡല്‍ ബന്ധങ്ങളുടെയും പിടിവള്ളിയില്‍ കുരുങ്ങിക്കിടക്കുകയാണ് ആര്‍എസ്എസ് ഇപ്പോഴും എന്നതാണ് അവരുടെ പ്രശ്‌നം. സാമൂഹ്യവ്യവസ്ഥിതിയിലുണ്ടാകുന്ന മാറ്റം ഉല്‍പ്പാദനത്തിലും വിദ്യാഭ്യാസത്തിലും മാറ്റങ്ങളുണ്ടാക്കും എന്ന കാര്യം അവരുടെ ലോകവീക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. മഹാത്മാഗാന്ധി എല്ലാ മതങ്ങളെയും ഒരു പോലെ പരിഗണിച്ചു കൊണ്ട് ജനങ്ങളെ ഐക്യപ്പെടുത്തിക്കൊണ്ട് സ്വാതന്ത്ര്യസമരത്തെ മുന്നോട്ടു കൊണ്ടു പോകുകയുണ്ടായി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്വദേശിയും വിദേശിയും ആയിട്ടുള്ള മതങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യ സമരകാലത്ത് മൂന്നു തരത്തിലുള്ള ദേശീയതകള്‍ പരസ്പരം മല്‍സരിച്ചിരുന്നു. ഇന്ത്യന്‍ ദേശീയതയും അതിനെ പിന്തുടരുന്ന ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണവും ആയിരുന്നു ഒരു വശത്ത്. ഇതായിരുന്നു ജനങ്ങളില്‍ കൂടുതലും പിന്തുണച്ചിരുന്നത്. മറ്റൊന്ന് എട്ടാം നൂറ്റാണ്ടില്‍ സിന്ധില്‍ മുഹമ്മദ് ബിന്‍ കാസിമിന്റെ വിജയ ത്തോടെ ഉണ്ടായ ഇസ്ലാമിക ദേശീയതയാണ് മറ്റൊരു ദേശീയത. മൂന്നാമത്തേതാണ് ഹിന്ദു ദേശീയത. ഹിന്ദു മഹാസഭയും ആര്‍എസ്എസും പറയുന്നത് അതിപ്രാചീനകാലം മുതല്‍ ഹിന്ദു രാഷ്ട്രമായിരുന്നെന്നാണ്. മതത്തിന്റെ അസ്തിത്വത്തെ അടിസ്ഥാ നപ്പെടുത്തി അതിന്റെ നിയമസാദ്ധ്യത അവകാശപ്പെടുന്നതിന് നിസ്സാരമായ ജനപിന്തുണയേ ലഭിച്ചിട്ടുള്ളൂ. 

നിര്‍ഭാഗ്യവശാല്‍ മതപരിവര്‍ത്തനത്തെ എതിര്‍ക്കാനായിട്ടാ യിരുന്നു വലതു ശക്തികള്‍ പലപ്പോഴും ഗാന്ധിജിയുടെ പേര് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുള്‍ വെട്ടിമുറിച്ച് ആശയം വികലീകരിച്ചാണ് ഇക്കാര്യത്തിന് വേണ്ടി ഉപയോഗിച്ചു കൊണ്ടിരുന്നത്. ഗാന്ധിജിയുടെ തെരഞ്ഞെടുത്ത കൃതികളില്‍ (Volume XLVI p. 2728.-ല്‍) ആണ് അദ്ദേഹം മതപരിവര്‍ത്തനത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സ്വയം ഭരണശേഷിയുള്ള ഇന്ത്യയില്‍ മിഷിനറിമാര്‍ വൈദ്യസഹായവും മറ്റും നല്‍കി മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയാണ്. അവരതില്‍ നിന്ന് പിന്‍വാങ്ങണം. ഓരോ രാജ്യത്തെയും മതങ്ങള്‍ മറ്റു രാജ്യങ്ങളിലെ പോലെ നല്ലതു തന്നെയാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇവിടത്തെ മതങ്ങള്‍ മതിയാവും. മതപരിവര്‍ത്തനം നടത്തുന്ന ആത്മീയത നമുക്കാവശ്യമില്ല. ഈ പറഞ്ഞ വരികള്‍ ആദ്യത്തെ ഭാഗമാണ്. തുടര്‍ന്നു വരുന്ന വരികള്‍ നേരേ വിപരീതമായ ആശയങ്ങളാണ് നല്‍കുന്നത്. ആ ആശയങ്ങള്‍ ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ചിരു ന്നവയായിരുന്നു. ഇതാണ് റിപ്പോര്‍ട്ടര്‍ എന്റെ വായില്‍ നിന്ന് പ്രതീക്ഷിച്ചത്.....എനിക്കൊന്നേ പറയാനുള്ളൂ. ഇതൊക്കെ ഞാന്‍ പറഞ്ഞതിന്റെയും ഉയര്‍ത്തിപ്പിടിച്ചതിന്റെയും വികൃതാനുക രണമാണ്. ഞാന്‍ മതപരിവര്‍ത്തനത്തിനെതിരല്ല എന്നാണ് പറഞ്ഞത്. എന്നാല്‍ അതിന്റെ ആധുനിക രീതികളെ ഞാന്‍ എതിര്‍ക്കുന്നു. മതപരിവര്‍ത്തനങ്ങള്‍ ഇക്കാലത്ത് മറ്റെന്തിനെയും പോലെ ബിസിനസ്സ് ആയി മാറിയിരിക്കുന്നു. ഓരോ രാജ്യങ്ങളും തങ്ങളുടെ വിശ്വാസങ്ങള്‍ മറ്റു രാജ്യങ്ങളിലേതു പോലെ നല്ലതാണെന്ന് വിശ്വസിക്കുന്നു. തീര്‍ച്ചയായും ജനങ്ങള്‍ക്കുള്ള വലിയ വിശ്വാസങ്ങള്‍ തന്നെ മതി ഈ രാജ്യത്ത്. ഇന്ത്യ ഒരു വിശ്വാസത്തില്‍ നിന്നും മറ്റൊരു വിശ്വാസത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. ക്രിസ്തീയമതവും യഹുദമതവും പോലെ തന്നെ ഹിന്ദുത്വവും അതിന്റെ താവഴികളും ഇസ്ലാം മതവും സൗരാഷ്ട്രിയന്‍ മതവും ഒക്കെ ജീവനുള്ള വിശ്വാസങ്ങളാണ്. അദ്ദേഹം വിശദീകരിച്ചു. 

രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ക്ക് നിയോഗിക്കപ്പെടുന്ന വര്‍ഗ്ഗീയ ശക്തികളുടെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ ഗാന്ധിജി എതിര്‍ത്തു. അതേ സമയം, മതങ്ങളുടെ സാന്മാര്‍ഗ്ഗിക ചിന്തകളെ പരിപോ ഷിപ്പിച്ചു കൊണ്ട് ജനങ്ങളെ ഐക്യപ്പെടുത്താന്‍ ശ്രമിച്ചു. ഗാന്ധിജി കൊളോണിയല്‍വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വേളയില്‍ വര്‍ഗ്ഗീയ ശക്തികള്‍ പരസ്പരം വിഷം തുപ്പുകയായിരുന്നു. ഹിന്ദു മതം ഒരു പ്രവാചകനെ അടിസ്ഥാന പ്പെടുത്തിയ മതമല്ല. അതു കൊണ്ട് ഹിന്ദുമതത്തില്‍ മതപരി വര്‍ത്തനം ഇല്ല. പ്രവാചകനെ അടിസ്ഥാനപ്പെടുത്തിയ മതങ്ങളില്‍ ദിവ്യവാക്ക് പ്രചരിപ്പിക്കുന്ന പതിവ് ഉണ്ട്. ആര്യസമാജം ശുദ്ധി എന്ന വാക്കുപയോഗിച്ചത് ബലം പ്രയോഗിച്ചുള്ള മതപരി വര്‍ത്തനം എന്നതിനായിരുന്നു. 

ആര്‍എസ്എസ് ഈ പദത്തെ കൂടുതല്‍ സമ്പുഷ്ടമാക്കുകയും ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനം എന്ന ആശയം തമസ്‌കരിച്ചു കൊണ്ട് ഘര്‍ വാപ്പസി എന്ന പരിപാടി മുന്നോട്ടു വെയ്ക്കുക യും ചെയ്തു. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരു ന്നതിനാണ് ഘര്‍ വാപ്പസി എന്നത് ശുദ്ധ തട്ടിപ്പാണ്. കാരണം, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ തുല്യ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ആര്‍എസ്എസ് ആകട്ടെ സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായി രുന്നു. ആദിവാസികള്‍ പ്രകൃതിയെയും പൂര്‍വ്വികരെയുമാണ് ആരാധിയ്ക്കുന്നത്. അതിനാല്‍ അവരെ ഹിന്ദുക്കളായി കാണാന്‍ സാധിക്കില്ല എന്നതു കൊണ്ട് ആദിവാസികള്‍ ഹിന്ദുക്കളാണ് എന്ന വാദം നിലനില്‍ക്കുന്നതല്ല. ലോകം മുഴുവനും ഇതിന് സമാനമായ വിശ്വാസങ്ങള്‍ ഇതു പോലുള്ള ജനങ്ങളില്‍ കാണുവാന്‍ കഴിയും. ഭഗവദ് ഗീതയെയും രാമനെയും ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വത്തെ പോലെയല്ല ഇതൊന്നും. 

ഇന്ത്യന്‍ ദേശീയതയെ ആര്‍എസ്എസ് തിരിച്ചറിയുന്നില്ല എന്നതാണ് കേന്ദ്രവിഷയം. അവര്‍ ഹിന്ദു ദേശീയതയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നിട്ട് ഘര്‍വാപ്പസി നടത്തുമ്പോള്‍ തന്നെ മറ്റു മതത്തില്‍ നടക്കുന്നവയെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് പറയുകയും ചെയ്യുന്നു. ദേശീയ ഭരണകൂടമായി മാറിയ ഇന്ത്യയുടെ ഗുണപരമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ ഫ്യൂഡല്‍, പൂര്‍വ്വ വ്യാവസായിക, പൗരോഹിത്യ സമൂഹമായി കണ്ടു കൊണ്ട് ലിംഗപരവും ജാതീയവുമായ കീഴ് വഴക്കങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. വന്‍തോതിലാണ് ഘര്‍വാപ്പസി പരിപാടി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. നിര്‍ബന്ധിതമായ മതപരിവര്‍ത്തനത്തിനായി ഭയാനകവും വഞ്ചനാപരവുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. ഇത് മതന്യൂനപക്ഷങ്ങളെ പേടിപ്പിക്കുന്ന തരത്തിലുള്ള നീക്കമാണ്. ഭരണഘടനയെ ലംഘിക്കാന്‍ സമര്‍ത്ഥമായ രാഷ്ട്രീയനീക്കങ്ങളാണ് നടക്കുന്നത്. 

അപ്പോള്‍ എങ്ങിനെയാണ് ബലം പ്രയോഗിച്ച് മതം മാറ്റുന്നതും സ്വമനസ്സാലെ മതം മാറുന്നതും തമ്മില്‍ തിരിച്ചറിയുക? ഹിന്ദുമതത്തില്‍ നിന്ന് ജൈന, ബുദ്ധ, സിഖ് മതത്തിലേക്ക് ഒരാള്‍ മാറിയാല്‍ അതിന് പ്രശ്‌നങ്ങളൊന്നുമില്ല. കാരണം, ഇവയെല്ലാം ഇന്ത്യയില്‍ തന്നെ ഉണ്ടായതെന്നവകാശപ്പെടുന്ന മതങ്ങളാണ്. വര്‍ഗ്ഗീയവാദികള്‍ക്ക് പ്രശ്‌നമായി തോന്നുന്നത് ക്രിസ്ത്യന്‍-മുസ്ലീം മതങ്ങളിലേക്ക് പരിവര്‍ത്തനം നടക്കുമ്പോള്‍ മാത്രമാണ്! മതങ്ങളുടെ തദ്ദേശീയവും വിദേശീയവും എന്നു തരം തിരിക്കു ന്നിടത്താണ് അവരുടെ കൗശലം വ്യക്തമാവുന്നത്. മതങ്ങള്‍ ദേശീയ അതിര്‍ത്തികളില്‍ ഒതുങ്ങാന്‍ ഉദ്ദേശിച്ചല്ലല്ലോ ഉണ്ടാവു ന്നത്. 

ഭരണഘടനാ നിര്‍മ്മാണസഭ ഇക്കാര്യം ഗൗരവകരമായി ചര്‍ച്ച ചെയ്യുകയും ഒരാള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ ജീവിയ്ക്കാനും പ്രചരിപ്പിക്കാനും അവകാശം നല്‍കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പരിവര്‍ത്തനംചെയ്യുന്നുവെന്ന വാദമാണ് ഉയരാറുള്ളത്. അംബദ്ക്കറെ പോലുള്ളവര്‍ മറ്റു മതങ്ങളി ലേയ്ക്ക് പോയതിന് എന്തു സ്ഥാനമായിരിക്കും ഇത്തരം വാദങ്ങളിലുണ്ടാവുക? മറ്റാരോ ആണ് ആളുകളെ മതം മാറ്റുന്നതെന്ന രീതിയില്‍ ഇത്തരത്തില്‍ മാറുന്നവരുടെ മനസ്സാക്ഷിയെ ചോദ്യം ചെയ്യുകയാണ് ഒരു തരത്തില്‍ ഇത്തരം വാദങ്ങളിലൂടെ ചെയ്യുന്നത്. മതസ്വാതന്ത്ര്യവും വിവേചനാധി കാരവും നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരാള്‍ക്ക് തനിക്കിഷ്ടമുള്ള മതം തെരഞ്ഞെടുക്കുന്ന കാര്യത്തെ കുറിച്ച് ഇത്തരമൊരു സംവാദത്തില്‍ എന്താണ് പ്രസക്തി? 

2014ലെ ക്രിസ്തുമസ്സിന് അലിഗഢില്‍ വന്‍ മതപരിവര്‍ത്തനത്തിന് നയ ഖര്‍ വാപ്പസി പരിപാടിയിട്ടു കൊണ്ട് ആര്‍എസ്എസ് സമൂഹത്തില്‍ വലിയൊരു ധ്രുവീകരണത്തിനായിരുന്നു പദ്ധതിയിട്ടത്. ഏത് ഗോത്രത്തില്‍ അഥവാ ജാതിയില്‍ നിന്നാണോ തങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടത് അതേ സ്ഥാനം തന്നെ പരിവര്‍ത്തന ശേഷം നല്‍കും എന്നാണ് ആര്‍എസ്എസ് നേതാവ് യോഗി ആദിത്യനാഥിനെ പോലുള്ളവര്‍ പറയുന്നത്! അതിന്നര്‍ത്ഥം ജാതിഘടനയും അതിന്റെ കാര്‍ക്കശ്യങ്ങളും തുടര്‍ന്നുമുണ്ടാവും എന്നര്‍ത്ഥം. ഇതാണ് ഹിന്ദുത്വത്തിന്റെ പേരിലുള്ള ദേശീയത കൊണ്ട് അവരുദ്ദേശിക്കുന്നതും!

നമുക്ക് മതപരിവര്‍ത്തനങ്ങള്‍ നിരോധിയ്ക്കാന്‍ നിയമങ്ങള്‍ ആവശ്യമുണ്ടോ? ബലപ്രയോഗം, ചതിപ്രയോഗം, വശീകരണം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ഇപ്പോഴും നമുക്ക് ശിക്ഷാ നിയമ ങ്ങളുണ്ട്. അപ്പോള്‍ പിന്നെ എന്തിനാണ് ബലപ്രയോഗത്തി ലൂടെയും അല്ലാതെയും ഉള്ള മതപരിവര്‍ത്തനങ്ങള്‍ തിരിച്ചറി യുന്നത്? അതിനാല്‍ മതസ്വാതന്ത്ര്യവും ബലം പ്രയോഗിച്ച് പരിവര്‍ത്തനം നടത്തുന്ന കുറ്റവാളികള്‍ക്ക് ശിക്ഷയും സാദ്ധ്യമാക്കുന്നതിന് വേണ്ട രാഷ്ട്രീയവും ധാര്‍മ്മികവുമായ ഇച്ഛാശക്തിയാണ് ഉണ്ടാവേണ്ടത്. മതസ്വാതന്ത്ര്യത്തിനായുള്ള ബില്ലുകള്‍ വാസ്തവത്തില്‍ അത്തരം സ്വാതന്ത്ര്യങ്ങളെ തടയുകയാണ് ചെയ്യുന്നത്.

* സഖാവ് മാസിക 2015 മാര്‍ച്ച് ലക്കം