"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 28, വ്യാഴാഴ്‌ച

സ്വര്‍ണം സൂക്ഷിക്കുന്നത് അഭികാമ്യമോ? - ശശിക്കുട്ടന്‍ വാകത്താനം


സ്വര്‍ണം പഴകുംതോറും നല്ലതാണെന്ന വിശ്വാസക്കാരാണധികവും. എത്രപഴകിയാലും സ്വര്‍ണത്തിന് മാറ്റിലോ അളവിലോ കുറവു വരുന്നില്ലെന്നതും അതിന്റെ പ്രത്യേകതയാണ്. സ്വര്‍ണം ഇരിക്കുന്നിടത്ത് ഐശ്വര്യം ഉണ്ടാകും എന്ന വിശ്വാസവും സ്വര്‍ണം സൂക്ഷിച്ചുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നു. ഇങ്ങനെ സൂക്ഷിക്കുന്ന സ്വര്‍ണം ഉപയോഗിച്ചു പഴകിയത ല്ലെന്നതാണ് വസ്തുത. പെട്ടിക്കുള്ളില്‍ നിധിപോലെ നൂറ്റാണ്ടുകളായി സൂക്ഷിക്കുകയും തലമുറകളിലൂടെ കൈമാറിപ്പോരുകയും ചെയ്ത സ്വര്‍ണമാണിത്. പാരമ്പര്യമായി കിട്ടുന്ന ഈ ആഭരണങ്ങള്‍ ഒരിക്കലും 'ഔട്ടോഫ് ഫാഷന്‍'ആകുന്നുമില്ല. ഇത് ഏത് പുതിയ ഫാഷനെയും വെല്ലുന്നതുമായിരിക്കും.

വളരെ വേഗം കൈമാറ്റംചെയ്യാം എന്നതാണ് സ്വര്‍ണ നിക്ഷേപത്തിന്റെ ഏക ആകര്‍ഷണം. വിലകൂടുമ്പോള്‍ വാങ്ങാനും വിലകൂടുമ്പോള്‍ വില്‍ക്കാനും കഴിയും എന്നതും മറ്റൊരാകര്‍ഷണമാണ്. സ്വര്‍ണത്തിനു വിലകൂടുന്നത് രാജ്യാന്തര കാരണങ്ങളാലാണ്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഡോളര്‍ ചാഞ്ചാടിക്കളിച്ചുകൊണ്ടിരുന്നു. ഡോളറില്‍ പണം നിക്ഷേപിക്കുന്നത് അഭികാമ്യമല്ലെന്നു കണ്ട് പണം കയ്യിലുണ്ടായിരുന്നവരെല്ലാം ഡോളര്‍ വിറ്റൊഴിച്ച് സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. അങ്ങനെയാണ് പവന് 23,000രൂപവരെ വില വന്നത്.

1 പ്രത്യുല്‍പാദനപരമല്ലെങ്കില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് അഭികാമ്യമല്ല. കയ്യില്‍ അധികമുള്ള പണം കൃഷിക്കോ വ്യവസായത്തിനോ മുടക്കിയാല്‍ രാജ്യത്തിന് അതിനനുസരണമായ പുരോഗതി ഉണ്ടാകും.
2 സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന സ്വര്‍ണം വില്‍ക്കാന്‍ ചെല്ലുമ്പോള്‍ വന്‍ നഷ്ടം സംഭവിക്കുന്നു. 2011 സെപ്തംബറില്‍ 21,000 രൂപയില്‍ എത്തിയ സ്വര്‍ണവില ഒക്‌ടോബറില്‍ 19,800 ലേക്കു താഴ്ന്നു. 2016ല്‍ 20,000 ത്തിലേക്കു താഴുമ്പോഴും നഷ്ടംതന്നെ.
3 കള്ളക്കടത്തായി സ്വര്‍ണം വരുന്നതിനാല്‍ സര്‍ക്കാരിനു ഭീമമായനഷ്ടം ഉണ്ടാകുന്നു.
4 സ്വര്‍ണ വ്യവസായ രംഗത്തു 90 ശതമാനവും നടക്കുന്നത് ബില്ലില്ലാതെയുള്ള കച്ചവടമാണ്. ഇതുമൂലം വന്‍തോതില്‍ നികുതിവെട്ടിപ്പു നടക്കുന്നു



സ്വര്‍ണം കണക്കില്‍ പെടുത്താതെ വരുന്നതുകൊണ്ട് ലഡ്ജറില്‍ കറാതെ വരുന്നു. വാങ്ങുന്ന സ്വര്‍ണത്തിന് ബില്ലു കൊടുക്കാതിരിക്കുമ്പോഴും കണക്കില്‍ വരുന്നില്ല. ഇരട്ട ലഡ്ജര്‍ വച്ച് പരിശോധകരെ കബളിപ്പിക്കുന്നതു മൂലം പരിശോധനക്കു വരുമ്പോള്‍ സ്റ്റോക്കുംകണക്കും കൃത്യമായിരിക്കും. 9 കാരറ്റു സ്വര്‍ണത്തിന്റെ സ്റ്റോക്കില്‍ തന്നെ 22 കാരറ്റും ഉള്‍പ്പെടുത്തി നികുതി വകുപ്പിനെ കബളിപ്പിക്കുന്നു. ഇത്തരം കബളിപ്പിക്കപ്പെടലിന്റെ ഇരയാകുന്നത് ഉപഭോക്താവാണ്. ലാഭം കച്ചവടക്കാരനും. അതിനുവേണ്ടി യാണല്ലോ കച്ചവടം തുടങ്ങുന്നതുതന്നെ. എന്നാല്‍ മറ്റുകച്ചവടത്തില്‍ ഇത്രയും നെറികേടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. 100 കിലോ സ്വര്‍ണം വിറ്റാല്‍ 80 കിലോയും കണക്കില്‍ കാണില്ല.